Tuesday, December 12, 2006

വെളിപാട്‌ (കവിത)

ബോധമാണെനിക്കേറ്റവും ശാപമീ-
ബോധചിന്തകള്‍ ചോദ്യങ്ങളായിടും
ജ്ഞാനമെത്ര പകര്‍ന്നു നല്‍കീടിലു-
മാത്മശാന്തിക്കതിത്തിരി പോരുമോ?

ആരൊരാളെനിക്കേകിടും, ശാന്തിതന്‍
പൂവുപോലുള്ളൊരിത്തിരിച്ചീളുകള്‍?
ആര്‌ കാഴ്ചവെച്ചീടും മനസ്സിനെ
ചൂഴ്ന്നുനില്‍ക്കുമീ നോവിന്നൊരുത്തരം?

ആര്‌ വെട്ടിത്തെളിക്കുമെന്നുള്ളിലെ
പാമ്പിഴയും വഴിത്താരയൊക്കെയും?
ആര്‌ നാട്ടുമിരുട്ടിന്റെ കോലായിലാ
ദ്യമായൊരു കൈത്തിരിനാളവും?

ആര്‌ ചൊല്ലിപ്പഠിപ്പിക്കുമെന്നിലെ
നേരുകാണാന്മടിക്കും കുരുന്നിനെ?
നൂറ്‌ ജന്മങ്ങള്‍ തേടിവന്നെത്തുമെന്‍
ജീവിതത്തിന്റെ നേരറിവൊക്കെയും!

മൂടിയുള്ളൊരാ സത്യത്തിന്‍ മുന്നില്‍ ഞാന്‍
‍വീണുപോകില്‍, പിടിച്ചുണര്‍ത്തീടുവാന്‍-
ആര്‌ കൂട്ടുമായെത്തും, വെളിച്ചത്തിന്‍
രാജവീഥികള്‍ തേടുമെന്‍ യാത്രയില്‍...?

ആരിരുന്നു ചിരിക്കുന്നതീവിധം
ആഴമില്ലാത്ത ചോദ്യങ്ങള്‍ കേള്‍ക്കിലോ?
വേറൊരാളെ നിനച്ചിരിക്കുന്നൊരെന്‍
മൂഢചിന്തയെ ശാസിപ്പതിങ്ങനെ.

"ഭോഷനാണു നീ,സത്യംഗ്രഹിക്കുവാന്‍
‍വേണ്ടതില്ലയപരന്റെ യാശ്രയം
നീ നിനക്കുകില്‍ നീ തന്നെ സര്‍വ്വവും
നീറിനിന്നനിന്‍ നോവിന്നുപായവും

കോടിചിന്തകള്‍ കൂടിക്കുഴഞ്ഞതിന്‍
‍മോഹനിദ്രയില്‍ നിന്നുണര്‍ന്നീടുവാന്‍
‍കോടി സൂര്യന്‍ ജ്വലിച്ചുനിന്നീടിലും
നീ നിനക്കിലേ സാധ്യമായ്‌ തീര്‍ന്നിടൂ.

നിന്റെ ഹൃത്തതില്‍ നീ വിളക്കാവുക
നിന്റെ ചിന്തക്ക്‌ നീ കാവലാവുക-
വേറൊരാളില്ല കൂടെയെത്തീടുവാന്‍
നിന്റെയാത്രയില്‍ നീ തന്നെ സാരഥി"

രൂപമില്ലാത്ത ശബ്ദമേ, നിന്നിലൂടാ-
ദ്യമായറിയുന്നു ഞാന്‍ സാന്നിദ്ധ്യം
ആദിതൊട്ടു തിരഞ്ഞു നടന്നതീ-
നേരറിയുവാന്‍, നീ തന്നെയെന്‍ ഗുരു.

Friday, November 24, 2006

ഒഴുകുന്ന പുഴ

പുഴ ഒഴുകിക്കൊണ്ടേയിരിക്കുന്നു.

തടിച്ചും മെലിഞ്ഞും, കൊണ്ടും കൊടുത്തും, ജീവനെടുത്തും ജീവന്‍ കൊടുത്തും, നിലയ്കാതെ ഒഴുകിക്കൊണ്ടേയിരിക്കുന്നു. പുഴയിലൂടെ എന്തെല്ലാം കടന്നുപോയിട്ടുണ്ടാകാം? പുഴ എന്തെല്ലാം ഉള്‍ക്കൊണ്ടിട്ടുണ്ടാകാം? ഉള്‍ക്കൊള്ളാതെയും എന്തെല്ലാം വഹിച്ചിട്ടുണ്ടാകാം? എങ്ങോട്ടാണീ പുഴ ഒഴുകിക്കൊണ്ടിരിക്കുന്നത്‌? എന്തിനു വേണ്ടി?

പുഴയുടെ ഒഴുക്ക്‌ ഒരു പ്രായശ്ചിത്തമല്ലേ? സ്വയം ശുദ്ധിയാകലല്ലേ? മോക്ഷത്തിനായ്‌ തന്നിലര്‍പ്പിതമാകുന്നതെല്ലാം ഒഴുക്കിക്കളഞ്ഞു, ശുദ്ധമായി, സ്വയം മോക്ഷം തേടിപ്പോകുകയല്ലേ പുഴ?

സമൃദ്ധിയുടെ മഴക്കാലങ്ങളില്‍, ലഹരിയുടെ നുരയും പതയുമായി അഹങ്കാരത്തോടെ തീരത്തേക്ക്‌ ആഞ്ഞടിച്ച്‌, സുരക്ഷയുടെ തിട്ടകളെല്ലാം കവര്‍ന്നെടുത്തമ്മാനമാടി നാശം വിതച്ചൊഴുകിയ ഇന്നലെകളെ, ഒഴുക്കിക്കളഞ്ഞ്‌ പ്രായശ്ചിത്തം ചെയ്യുകയല്ലേ പുഴ?

ഓരോ തുള്ളിയില്‍നിന്നും ഇന്നലെകളെ പുറംതള്ളി ഇന്നിനെമാത്രം പുണര്‍ന്നുകൊണ്ടൊഴുകുന്ന പുഴ, പക്ഷെ, ഒഴുകിവന്നെത്തുന്നതെല്ലാം തടഞ്ഞുനിര്‍ത്തി ശേഖരിച്ചുവെയ്ക്കുന്ന, അതുവഴി മലീമസമാകുന്ന, നമ്മുടെ ജീവിതത്തെ നിസ്സാരമാക്കിക്കളയുന്നില്ലേ?

പുഴയുടെ ഒഴുക്കുതന്നെയല്ലേ അതിന്റെ ജീവന്‍? ഒഴുക്കില്ലായ്മയല്ലേ മനുഷ്യന്റെ ശാപവും?

Wednesday, November 22, 2006

വാക്കുകള്‍

ആവനാഴിയില്‍ ഊഴം കാത്തിരിക്കുന്ന
അമ്പുകളെപ്പോലെയാണ്‌ വാക്കുകള്‍

‍സഞ്ചരിക്കുന്ന വേഗതയില്‍
അമ്പിനോളവും
കൊള്ളുന്ന ലക്ഷ്യത്തിലും
നശീകരണ ക്ഷമതയിലും
അമ്പിനേക്കാളും
കൃത്യത വാക്കുകള്‍ക്കുണ്ട്‌.

പ്രയോജനപരതയുടെ
വര്‍ത്തമാന കാലത്തില്‍
‍വാക്കുകള്‍ക്കുള്ളത്ര സാധ്യത
അമ്പുകള്‍ക്കില്ല.

വാക്കുകളെ
ഊന്നുവടികളാക്കാം
നേര്‍വഴി തെളിക്കാന്‍
‍ചെറുനാളമാക്കാം
സുഗന്ധം പരത്താന്‍
പുകയ്കാനെടുക്കാം
നീറി നീറിയെരിയുന്ന
കനല്‍ക്കട്ടയാക്കാം
മുറിവിന്റെ പുറം കാഴ്ചകളവശേഷിപ്പിക്കാതെ
ശത്രുവിനെ (മിത്രത്തെയും)
എയ്തു വീഴ്‌ത്താം.
നിര്‍ത്താതെ പൊരുതേണ്ടപ്പോള്‍
‍ലഭ്യതയുടെ ഒഴിയാത്ത
അക്ഷയപാത്രമാക്കാം.

വാക്കുകള്‍
‍ചിലവേതുമില്ലാത്ത
ആയുധങ്ങളാകുന്നു.

Tuesday, November 14, 2006

'ശിശുദിനാശംസകള്‍..!

ഇന്ന് ഞങ്ങള്‍ 'ശിശു'ക്കളുടെ ദിനം, ബ്ലോഗുലകത്തിലെ എല്ലാ ശിശുക്കള്‍ക്കും ശിശുവിന്റെ 'ശിശുദിനാശംസകള്‍..!

Wednesday, November 01, 2006

ദുഷ്ടഹൃദയം

കഷ്ട,മിത്രകുരുന്നിലേ നിന്നുടല്‍
തച്ചുടക്കുവാന്‍ പൊങ്ങിയിന്നെന്‍കരം!
ദുഷ്ടമൂര്‍ത്തി വസിക്കുന്ന ഹൃത്തിതില്‍
ശിഷ്ടചിന്തകള്‍ വന്നുദിക്കായ്‌കിലോ?

ഇങ്കുനൊട്ടിക്കുടിച്ചു,മിടയ്‌കിടെ-
ക്കണ്ണുപൂട്ടി ചിരിച്ചും,ജഗത്തിലെ
യെണ്ണമറ്റ നിയമങ്ങളൊക്കെയും,
കണ്ടു പേടിച്ചും വാവിട്ടുകേഴവെ

വന്നുപോയീ,മനസ്സിലന്നോളവും
വന്നിടാത്തത്ര കോപവുംതാപവും
പിന്നെമാലതീ മൊട്ടുപോലുള്ളൊരാ-
പൊന്നുമേനിയില്‍ വീണുപോയ്‌ കയ്യുകള്‍!.

പത്തിതാണൂ-ക്ഷണത്താല്‍, വിറയ്‌കുമീ
ഹൃത്തിനുള്ളില്‍ നീ പുഞ്ചിരിച്ചെത്തുന്നു
കഷ്ട, മീച്ചിരി കാണ്‍കിലിന്നേതൊരു
ദുഷ്ടനാകിലും ഹൃത്തടം പൊള്ളിടും

മുഷ്ടിരണ്ടുമറുത്തെടുത്തിന്നു നിന്‍
തുഷ്ടിയോലുന്ന കാല്‍ക്കല്‍ വെച്ചീടിലും.
നൊന്തുവേദനിച്ചുച്ചം കരഞ്ഞനിന്‍
പിഞ്ചുമാനസം മാപ്പുനല്‍കീടുമോ?

ദുഷ്ടനാണു ഞാന്‍ തന്‍ ജീവരക്തത്തെ-
മുഷ്ടിയാലെ മെരുക്കാന്‍ ശ്രമിപ്പവന്‍
ശിഷ്ടരായുള്ള തോഴരേ നിങ്ങളീ
ദുഷ്ടജന്മത്തിനേകുവിന്‍ ശിക്ഷകള്‍ !

Wednesday, October 25, 2006

രോഗത്തിന്റെ പിടിയില്‍

സാന്ത്വന വാക്കുകള്‍ കണ്ണുനീര്‍തുള്ളികളായ്‌ മാറുന്ന രാസപരിണാമ പ്രക്രിയകളില്‍, എന്റെ ഹൃദയം പതിവു പെരുമ്പറമുഴക്കങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. പക്ഷെ, എന്നെ സ്‌നേഹിക്കുന്നവര്‍ക്ക്‌ മഞ്ഞുനീര്‍ത്തുള്ളികളോളം നനുത്ത കൈവിരലുകളുണ്ട്‌. അതുകൊണ്ടാണ്‌ അവരെന്റെ പൊള്ളിവിയര്‍ത്തുകൊണ്ടിരുന്ന നെറ്റിത്തടവും,മിടിച്ചുകേഴുന്ന നെഞ്ചും തലോടിക്കൊണ്ടിരുന്നത്‌. ഞാനാ ചന്ദനസ്‌പര്‍ശത്താല്‍,സഹധര്‍മ്മിണിയുടെ കണ്ണീരുവീണുകുതിര്‍ന്ന തലയിണയില്‍, വേച്ചുവേച്ചുപോകുന്ന ശിരസമര്‍ത്തി ഒരല്‍പം മയങ്ങാന്‍ ശ്രമിക്കും. 'ഒന്നും ചിന്തിക്കാതെ കണ്ണടച്ചുറങ്ങണം' എന്ന സ്‌നേഹത്തില്‍ പൊതിഞ്ഞ ശാസനകള്‍ക്കുമുന്നില്‍ ഞാന്‍ കണ്ണുകളിറുക്കിയടക്കും,പിന്നെ മടിച്ചു മടിച്ചു കടന്നുവരുന്ന നിദ്രയില്‍ ഞാന്‍ കുന്നും മലകളും കയറിയിറങ്ങും, കുട്ടിക്കാലത്ത്‌ തെച്ചിപ്പഴങ്ങള്‍ പറിച്ചുതിന്ന കുറ്റിക്കാടുകള്‍ നിറയെ വിഷക്കായ്കള്‍ പഴുത്തുനില്‍ക്കുന്നു,ഒരെണ്ണം കയ്യെത്തിപ്പറിക്കാനൊരുങ്ങുമ്പോള്‍ അദൃശ്യതയില്‍നിന്നും വിലക്കാനായ്‌ നീണ്ടുവരുന്ന ഒരു കൈ, അതു അമ്മയുടെ കൈവിരലുകള്‍പോലെ നീണ്ടു മെലിഞ്ഞിരുന്നു.

എന്റെ പുറംലോകം തുറന്നിട്ട ജനാലക്കുമുന്നില്‍ ചുരുങ്ങിനിന്നു. അകലെ ആകാശത്തേക്ക്‌ തലയുയര്‍ത്തിനില്‍ക്കുന്ന മലനിരകള്‍, എന്റെ സ്വപ്നങ്ങളോളം ഉയരമുള്ളവ! ഒരു ചാറ്റല്‍മഴക്കു പിന്നാലെ വന്നെത്തിയ മൂടല്‍മഞ്ഞ്‌, അഹങ്കാരത്തോടെ തലയുയര്‍ത്തിനിന്ന മലനിരകളെ ക്ഷണനേരത്തേക്ക്‌ എന്നില്‍നിന്നും മറച്ചുപിടിക്കുന്നതില്‍ വിജയിച്ചു. ചിന്തകള്‍ കൊണ്ടൊരോട്ട പ്രദക്ഷിണംനടത്തി തിരിച്ചുവന്നപ്പോഴേക്കും മൂടല്‍മഞ്ഞപ്രത്യക്ഷമായിരിക്കുന്നു, ഇപ്പോള്‍ വീണ്ടുമെല്ലാം പഴയതുപോലെ!!.കാഴ്ചയെ കാഴ്ചക്കാരനില്‍നിന്നും മറച്ചുപിടിക്കുന്ന മൂടല്‍മഞ്ഞെന്ന 'അറിവ്‌'!. എല്ലാം ക്ഷണികമായ വെളിപ്പെടലുകളാണ്‌! എന്റെ ഭാവന,അറിവ്‌,അഹങ്കാരം,എന്നിലെ നന്മ,സുഖം,ദു:ഖം,വേദന,വിഷാദം..എല്ലാം ക്ഷണനേരത്തേക്കു വിരുന്നുവന്നെത്തുന്ന പുറംലോകവാസികള്‍,അവര്‍ വരുന്നു,വേഷംകെട്ടിയാടുന്നു, അനിവാര്യമായ തിരിച്ചുപോക്കിലേക്ക്‌ കൂപ്പുകുത്തുന്നു,പിന്നെ അവശേഷിക്കുന്നത്‌ വേറെയേതോ ഒരാള്‍.അയാളെ കുപ്പായമിടീച്ചുകൊണ്ട്‌ ഞാന്‍ ഇറങ്ങിനടക്കുന്നു,'കുറിപ്പുകളില്‍' തോന്ന്യാക്ഷരങ്ങള്‍ കുത്തിനിറക്കുന്നു.

എന്റെ 'കുറിപ്പുകള്‍' ജീവനോടെ ബ്ലോഗുലകത്തില വശേഷിക്കുന്നുണ്ടാവുമൊ?, ബൂലോഗത്തിന്റെ ഭിത്തിയില്‍ ആരെങ്കിലും ഈയിടെയായി നോട്ടീസൊട്ടിക്കുന്നുണ്ടാകുമൊ?, ഇപ്പോഴത്തെ കലഹം എന്തിനെപറ്റിയാകും?, ആരെങ്കിലും പുതിയ ക്ലബ്ബിനു രൂപംകൊടുത്തുകാണുമോ?, ശിശുവിന്റെയസാന്നിദ്ധ്യം ശ്രദ്ധിച്ചിട്ടുണ്ടാകുമോ? രോഗത്തിനു ഞാനെന്നെവിട്ടുകൊടുത്തിരുന്നെങ്കിലും മനസ്സിലൂടെക്കടന്നുപൊയ്കൊണ്ടിരുന്ന ചിന്തകളിതൊക്കെയാണ്‌, എല്ലാം ഞാനെന്റെ സുഹൃത്തിനോടന്വേഷിച്ചുകൊണ്ടേയിരുന്നു, സുഹൃത്തെന്നെ ആശുപത്രികളില്‍നിന്നും ആശുപത്രികളിലേക്ക്‌ കൊണ്ടുപോയിക്കൊണ്ടിരുന്നു, പരീക്ഷണനിരീക്ഷണങ്ങള്‍ക്ക്‌ ഞാന്‍ ചാഞ്ഞുംചരിഞ്ഞുമിരുന്നു, ഒടുവില്‍, 'ഒന്നുംകണ്ടെത്തുവാന്‍ കഴിയുന്നില്ല' എന്ന പതിവുപല്ലവികളില്‍ റിപ്പോര്‍ട്ടുകള്‍ ഒപ്പിട്ടവസാനിച്ചുകൊണ്ടിരുന്നു.

മകന്റെ അസുഖം ദു:സ്വപ്നമായ്‌ വെളിപ്പെട്ടുകിട്ടിയ അമ്മവിളിച്ചു.എനിക്കുപറയുവാന്‍ അസുഖത്തിനൊരുപേരില്ല,പെറ്റവയറിന്റെ വേദന പകര്‍ന്നുനല്‍കിയ ജ്ഞാനത്തില്‍ അമ്മ അസുഖത്തിനു പേരിട്ടു, 'കേതു',കേതുര്‍ ദശയുടെ അന്ത്യത്തില്‍ വീര്യം കൂടുമത്രെ,ആക്രമണവും.. അതിനു വൈദ്യശാസ്ത്രത്തില്‍ മരുന്നില്ല, മന്ത്രമാണ്‌ വേണ്ടതത്രെ!.അവിശ്വാസിയായ എനിക്കുവേണ്ടി സുഹൃത്ത്‌ സുനിലും കുടുംബവും ഉഗ്രമൂര്‍ത്തിക്ക്‌ വിളക്‌ക്‍കൊളുത്തിപ്രാര്‍ത്ഥിച്ചു.തോമസ്‌ അള്‍ത്താരയില്‍ മെഴുകുതിരികത്തിച്ചുവെച്ച്‌ മുട്ടുകുത്തി അപേക്ഷിച്ചു.അമ്മ അറിയാവുന്നയെല്ലാ അമ്പലങ്ങളിലും വഴിപാടുകള്‍ നേര്‍ന്നു.ഭാര്യ കരഞ്ഞുവീര്‍ത്ത കണ്ണുകളോടെ മകനെ നെഞ്ചോട്ചേര്‍ത്ത്‌ എനിക്ക്‌ കൂട്ടിരുന്നു.

എന്റെ നിശ്ചയദാര്‍ഢ്യംകൊണ്ടോ,മന്ത്രങ്ങളുടെ ശക്തികൊണ്ടോ,അസുഖം എന്നെവിട്ടൊഴിഞ്ഞു പൊയ്‌കൊണ്ടിരിക്കുന്നു,ഞാന്‍ പഴയതിലും ഊര്‍ജ്ജസ്വലനായ്‌ ജീവിതത്തെ നോക്കിക്കാണുന്നു.കേതു എനിക്കുമുന്നില്‍ തോല്‍വി സമ്മതിച്ചിരിക്കാം!!എനിക്കുവേണ്ടിയാകാം പുനത്തില്‍ കുഞ്ഞബ്ദുള്ള ഇങ്ങനെപറഞ്ഞത്‌ "ഇന്ന് വളരെയധികം രോഗങ്ങള്‍ ചികിത്സിച്ചുഭേദപ്പെടുത്തുന്നു; അര നൂറ്റാണ്ടിനുമുമ്പ്‌ കഴിഞ്ഞതിനുമധികം. എന്നാല്‍ ചികിത്സയ്കും ഒരു മറുപുറമുണ്ട്‌. അത്‌ ഡോക്ടര്‍മാരുടെ രഹസ്യമാണ്‌;അവരുടെ ഭാര്യമാര്‍ക്കുകൂടി അറിയാത്ത രഹസ്യം.പിന്നെ പൊതുജനങ്ങളുടെകാര്യം എന്തുപറയാന്‍! രോഗങ്ങളില്‍ മിക്കവയും തനിയെ ഭേദമാകുന്നു എന്നതാണ്‌ ആ രഹസ്യം"

Friday, October 06, 2006

റേഡിയൊ (കവിത)

കാറ്റിനെ തടഞ്ഞുനിര്‍ത്തരുതു..!

ശബ്ദിച്ചു കൊണ്ടിരിക്കുന്ന എന്റെ റേഡിയൊ
പ്രാണവായു കിട്ടാതെ..
ജീവ ഞരമ്പുകള്‍ കോച്ചിവലിച്ചു
അകാലത്തില്‍ മൃതിയടഞ്ഞു പോകും.!

കാറ്റില്‍നിന്നും വിലാപങ്ങളെ
അരിച്ചു വേര്‍തിരിച്ചെടുക്കുവാന്‍,
വിഷാദ നെടുവീര്‍പ്പുകള്‍ ഘനീഭവിച്ചുപെയ്യുന്ന
വര്‍ഷകാലങ്ങളെപ്പറ്റി
എനിക്കുമുന്നറിയിപ്പു നല്‍കുവാന്‍,
എന്റെ കുണ്ടുകിണറിന്റെ ശബ്ദാതിര്‍ത്തിക്കപ്പുറത്തെ
മൂളലുകളും ഞരക്കങ്ങളും, അട്ടഹാസങ്ങളും
മരുഭൂമിയില്‍ നിന്നുംകൊണ്ടുവന്ന
മഴനീര്‍ത്തുള്ളി പോലെ
എന്റെ കാതുകളില്‍ ഇറ്റിച്ചു നല്‍കുവാന്‍...
എനിക്കെന്റെയീ പഴയ റേഡിയൊവിശ്രമമില്ലാതെ
പ്രവര്‍ത്തിപ്പിക്കേണ്ടതുണ്ടു

അതുകൊണ്ടു ദയവായികാറ്റിനെ തടഞ്ഞു നിര്‍ത്തരുതു..!

മരിച്ചു മണ്ണടിഞ്ഞു പോയ ആത്മാവുകള്‍
എനിക്കായി ശീതീകരിച്ചുവെച്ച
സന്ദേശങ്ങള്‍ഈ കാറ്റിലുണ്ടാകും..
നാളിതുവരെ വിക്ഷേപിക്കപ്പെട്ട
കോടിക്കണക്കിനു ശബ്ദങ്ങള്‍അലിഞ്ഞുചേര്‍ന്നു
വിശ്രമിക്കുന്നഈ കാറ്റില്‍ നിന്നും
വിഷധൂളികളേറ്റു ശ്വാസം മുട്ടുന്ന
എനിക്കും എന്റെ തലമുറക്കും
ഇനി എന്നെന്നുമാശ്രയിക്കേണ്ട
സ്‌നേഹ മന്ത്രാക്ഷരങ്ങല്‍
തിരഞ്ഞുപിടിച്ചു തിരിച്ചേല്‍പ്പിക്കുവാന്‍..
അക്കങ്ങള്‍ക്കുള്ളില്‍ ശബ്ദാതിര്‍ത്തികള്‍ലംഘിച്ചു
സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നതേഞ്ഞുപോയ
സൂചികാതോര്‍ത്തിരിക്കുന്നു..

അതുകൊണ്ടു ദയവായികാറ്റിനെ തടഞ്ഞു നിര്‍ത്തരുതു..!

ഒരുകുമ്പിള്‍ കാറ്റിനുള്ളില്‍
ഒരുകോടി വിലാപങ്ങള്‍ ഒളിച്ചിരിപ്പുണ്ടാകാം..!

Wednesday, September 20, 2006

കളിക്കൂട്ടുകാരിക്ക്‌ സ്‌നേഹപൂര്‍വ്വം.


വെറുതെയീ ജാലകവാതില്‍കല്‍ നില്‍ക്കവെ
അറിയാതെ നിന്നെ ഞാനോര്‍ത്തുപോയി
ഒരുവേളപഴയൊരാ ചിത്രങ്ങളൊക്കെയെന്‍
മനതാരില്‍ മിന്നിത്തെളിഞ്ഞു നിന്നു.

ബലമുള്ള തത്വശാസ്ത്രത്താല്‍ കുരുക്കിലും
കനമുള്ള താഴിനാല്‍ കൂടടച്ചീടിലും-
മിഴിയൊന്നടച്ചിറ്റു വിശ്രമിച്ചീടുകില്‍
വരികയായോര്‍മ്മ കിളികുഞ്ഞു പാടുവാന്‍.

മഴപെയ്തുതോരാന്‍ കൊതിക്കുന്നബാല്യത്തില്‍-
കടലാസു തോണിക്കു കൂട്ടായി നിന്നവള്‍
മഴയില്‍ കുതിര്‍ന്നെന്റെ തോണിപോയീടിലും
നനയാതെന്നോര്‍മ്മയില്‍ കൂട്ടിരിപ്പൂ.

തൊടിയിലെ കുഴമണ്ണിലോടിത്തളര്‍ന്നു നാം
ഒരു മഷിത്തണ്ടിനായ്‌ കലഹിച്ചുനില്‍ക്കവെ-
കനിവോലുമൊരു കൊച്ചുകാറ്റന്നുവീഴ്‌ത്തിയ
ചെറുമാമ്പഴത്തില്‍ നാമെല്ലാം മറന്നതും.

ഒരു മുളംതണ്ടിനാല്‍ കളിവീട്‌തീര്‍ത്തു ഞാ-
നൊരു കൊച്ചു'നാഥ'നായ്‌ നിന്നിടുമ്പോള്‍-
ഇലയിട്ടു പശമണ്ണിന്‍ ചോറിറ്റുനല്‍കുവാന്‍
തൊടിയിലെ പൂവിനാല്‍ കറിവെച്ചതും.

വിതകൊയ്യാനെത്തുന്ന പറവക്കു കാവലായ്‌
വെറുതെ നീയെന്നൊപ്പമെത്തിടുമ്പോള്‍-
വയല്‍വരമ്പത്തന്നു കേഴും കിളിക്കുഞ്ഞി-
നരികില്‍ നീ മിഴിവാര്‍ത്തു നിന്ന നാളും.

ഒരുമിച്ചു നട്ടൊരാ തൈമുല്ല പൂത്തനാള്‍
അരികില്‍നീയോടി വന്നറിയിച്ചതും
അതില്‍ നിന്നൊരഞ്ചാറു പൂവിറുത്തന്നു നിന്‍
ചുരുള്‍മുടിക്കെട്ടില്‍ ഞാനണിയിച്ചതും.

അറിയുന്നു, നിന്മുഗ്‌ദ്ധസൌരഭ്യസാമീപ്യ
മനുഭവിച്ചീടാത്ത ശിഷ്ടകാലം
വെറുതെ വലിച്ചെറിഞ്ഞൂഴിയില്‍ ചേര്‍ന്നുപോം
വിലയറ്റ കടലാസു തുണ്ടുപോലെ

പ്രിയസഖീ, തീര്‍ത്തു ഞാനൊരു കൊച്ചു-
കൊട്ടാര,മതിലിന്നു രാജാവായ്‌ വാണീടിലും
വിലയറ്റ 'കളിവീടി'നുള്ളില്‍ തുളുമ്പിയ
നറുനിലാപുഞ്ചിരിക്കെന്തു ചെയ്‌വൂ?

Sunday, September 03, 2006

വെന്തുനീറുന്ന ഓണവും ആശംസകളും.

എന്നിട്ടും..
എന്നിട്ടും നാം ഓണം ആഘോഷിക്കാനൊരുങ്ങുകയാണ്‌..ഇല്ലേ?

ആകാശം നിറയെ ആണവ മേഘങ്ങള്‍ പെയ്യാന്‍കാത്ത്‌ അനുവാദത്തിനായ്‌ പടിഞ്ഞാറോട്ടും നോക്കി നില്‍ക്കുന്നു.
എണ്ണക്കുപകരം ഭക്ഷണം മുറ്റംനിറയെ കൊയ്ത്‌കുന്നുകൂട്ടിയിട്ടിരിക്കുന്നു.

വീട്ടില്‍,സ്വാശ്രയരാകാന്‍വേണ്ടി പട നയിച്ചെത്തുന്ന "അതി-രൂപ-താ" കളുടെ കുളമ്പടിയൊച്ചകള്‍..
'എല്ലാവര്‍ക്കും പൂക്കളം' ഒരുക്കാന്‍ 'ബില്ലു'ണ്ടാക്കി ജയവുംതോല്‍വിയുമറിയാതെ, ഇരുട്ടില്‍തപ്പുന്ന ബേബികുഞ്ഞുങ്ങളുടെ, ഇരുതലമൂര്‍ച്ചയുള്ള ഗോഗ്വാ വിളികള്‍..
ജയില്‍മുറികളിലും കായല്‍പ്പരപ്പുകളിലും തനിയെ ചത്ത്‌മലച്ച്‌ തുമ്പിതുള്ളിക്കിടക്കുന്ന കരടിക്കുഞ്ഞുങ്ങള്‍..
മാവേലി വന്നടുക്കേണ്ട 'വിഴിഞ്ഞത്തില്‍' ആരോചരടുപിടിച്ചുവലിച്ചു നില്‍ക്കുന്നു എന്ന സംശയങ്ങള്‍..
കായവറുക്കാന്‍ വാഴകൃഷി ചെയ്ത്‌, ജപ്തി ഒഴിവാക്കാന്‍ സ്വന്തംതൂക്കംനോക്കി കാറ്റത്താടിക്കളിക്കുന്ന വയനാടന്‍ ചേകവന്മാര്‍..
ഓണത്തല്ല് വിളഞ്ഞുപഴുത്തു നില്‍ക്കുന്ന മാറട്ടിലെ ഓണനിലാവുകള്‍..
എന്നിട്ടും..
എന്നിട്ടും..നാം ഓണം ആഘോഷിക്കാന്‍ തീരുമാനിച്ചുറച്ചുകഴിഞ്ഞു..ഇല്ലേ?..

കോണകം വിറ്റും ഓണം വാങ്ങാന്‍ ക്വൊട്ടേഷന്‍ ഓഫറുകളുമായെത്തുന്ന വാണിഭക്കാര്‍..
എയ്ഡ്‌സിന്റെ പരാഗരേണുക്കള്‍ നിറച്ച പലിശവട്ടകയുമായ്‌ ചുരം താണ്ടിയെത്തുന്ന എ.ഡി.ബി. പാണ്ടികള്‍...
പ്രതീക്ഷയുടെ ഇത്തിരിപ്പോന്ന ഹരിതാഭകളും തൂറിനിറക്കാനെത്തുന്ന ടൂറിസം വാരാഘോഷങ്ങള്‍..
മണ്ണിലെ മിന്നാമിനുങ്ങുകളെ, കോരിയെടുക്കാന്‍, ഭീമന്‍മണ്‍കോരികകളുമായ്‌ തക്കംപാര്‍ത്തിരിക്കുന്ന കരിമണല്‍ രാജവെമ്പാലകള്‍..
ഭൂഗര്‍ഭത്തിലെ കുഞ്ഞുങ്ങളെ ഊറ്റിയെടുക്കുവാന്‍ പ്ലാച്ചി'മട' തീര്‍ത്ത്‌ കാത്തിരിക്കുന്ന ബഹുരാഷ്ട്ര കോമളന്മാര്‍..
എന്നിട്ടും...
എന്നിട്ടും.ഓണം അടിച്ചുപൊളിച്ചേ അടങ്ങൂ എന്ന വാശിയിലാണോ?..

എന്നാല്‍...
എന്നാല്‍പ്പിന്നെ..കവിയൂര്‍,കിളിരൂര്‍,വിതുര,കുമളി പെണ്‍കുട്ടികള്‍ വന്ന് മഹാബലിത്തമ്പുരാനെ ആദരിച്ചാനയിക്കട്ടെ..
ഇനിയും പൊക്കിള്‍ക്കൊടി അറ്റ്പോകാത്ത, അമ്മമാരുപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങള്‍ മതൃത്വത്തിന്റെ മുലപ്പാല്‍ നല്‍കി തിരുമനസ്സിന്റെ ദാഹം ശമിപ്പിക്കട്ടെ..
മുത്തങ്ങയില്‍,മരുന്നിനുമാത്രം അവശേഷിക്കുന്ന ആദിവാസിയുടെ ചോരയും, മുത്തങ്ങാക്കിഴങ്ങും,നറുനീണ്ടിയും സമൂലംചേര്‍ത്ത്‌ വാറ്റിയെടുത്ത തൈലത്താല്‍ തമ്പുരാനെ ലഹരിയിലാറാടിക്കാം.
കോഴിക്കോട്‌ ഐസ്ക്രീം പാര്‍ലറിന്റെ ശീതളിമയില്‍ തമ്പുരാന്‍ വിശ്രമിക്കട്ടെ..
അപ്പോള്‍..
അപ്പോള്‍പ്പിന്നെ..ഔപചാരികത മാത്രമേയിനിബാക്കിയുള്ളൂ..
എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുകയെന്ന ചടങ്ങുമാത്രം ബാക്കി..
ആരവിടെ..
ചടങ്ങിനുള്ള ചിട്ടവട്ട നീളങ്ങള്‍ പൂര്‍ത്തിയാക്കൂ..
ആര്‍ക്‌ക്‍ഒക്കെയാണ്‌ ഓണം ആശംസിക്കേണ്ടത്‌?..
ആദ്യമായ്‌ നന്മയുടെ പ്രതീകമായിരുന്ന മഹാബലി തമ്പുരാനെ ചവിട്ടിത്താഴ്‌ത്തിയ വാമനപുരം വാമനനവര്‍കള്‍ക്ക്‌..
പിന്നെ..നല്ലവനും ശക്ത്തനുമായിരുന്ന മഹാബലിയെ കുടവയറനും,കോമാളിയുമാക്കി ചിത്രീകരിച്ച ആദ്യത്തെ ചിത്രകാരന്‌..
മഹാബലി എന്നു കേള്‍ക്കുമ്പോള്‍ തന്നെ ചുണ്ടില്‍ ചിരി ആട്ടിതെളിച്ച്‌ കൊണ്ടെത്തിക്കുന്ന എല്ലാ കലാകാരന്മാര്‍ക്കും..
ഓണം എന്ന വിശാലമായ ക്യാന്‍വാസിനെ എല്ലാ മായങ്ങളും വില്‍കാനുള്ള ട്രേഡ്‌മാര്‍ക്കാക്കി വളര്‍ത്തിയെടുത്ത പരസ്യ അംബാനിമാര്‍ക്ക്‌..
'വര്‍ഷത്തിലൊരോണം മാത്രമേയുള്ളൂ' എന്നു വിലപിക്കുന്ന എല്ല T.V. channel-കള്‍ക്കും..
പിന്നെ..
പിന്നെ..ഓണം മതപരമാണെന്ന പുത്തന്‍ കണ്ടുപിടുത്തം നടത്തി 'നളെയുടെ പ്രതീക്ഷ'കളെ പുതിയ മതബോധം അഭ്യസിപ്പിക്കുന്ന അഭിനവ 'വിദ്യ-അഭ്യാസ അതി-രൂപ-താ' കള്‍ക്ക്‌..
ഇവിടെ പരാമര്‍ശിക്കാത്ത എല്ലാ സദ്ഗുണ സമ്പന്നന്മാര്‍ക്കും..
ശിശുവിന്റെ
ഓണാശംസകള്‍
ഓണാശംസകള്‍

കുറിപ്പ്‌: ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ സദയം ക്ഷമിക്കുക..

Friday, September 01, 2006

വിനാശ കാലേ...

വായില്‍നിന്നും തെറിച്ചുപുറത്തേക്കുപോയ അവസാനവാക്കും, തെറ്റിദ്ധാരണപറത്തിപ്പറത്തി അപ്പൂപ്പന്താടിപോലെ അകലേക്കു പറന്നുപോയപ്പോള്‍, അയാള്‍ ഒന്നു തീരുമാനിച്ചു, ഇനിരക്ഷയില്ല, ഒന്നുകില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍പ്പോയി തലയില്‍ നെല്ലിക്കത്തളം വെച്ചു,ശിഷ്ടകാലം കഴിച്ചുകൂട്ടുക, അല്ലെങ്കില്‍....അല്ലെങ്കില്‍ ഇനിയെന്താണൊരു വഴി.. ചിന്തിച്ചു,ചിന്തിച്ച്‌ അയ്യാളുടെ തലയില്‍നിന്നും, ലാവാപ്രവാഹത്തിന്റെ മുന്നറിയിപ്പെന്നോണം ചൂട്‌നീരാവിപുറത്തേക്കൊഴുകി.അയാള്‍ നെല്ലിക്കയെ മനസ്സില്‍ ധ്യാനിച്ചു, ഒരുദീര്‍ഘനിശ്വാസം വിട്ടുനടന്നുകൊണ്ടിരുന്നു.

പെട്ടെന്നയ്യാള്‍ക്കൊരുള്‍വിളിയുണ്ടായി. പിന്നെ അമാന്തിച്ചില്ല, നേരെവെച്ചുപിടിച്ചു.കൊടുംകാട്ടിലെത്തി,കൂട്ടുവിളിക്കാനാരുമില്ലാത്തതിനാല്‍ ഒറ്റയ്‌ക്‍തന്നെ അടുപ്പുകൂട്ടി,തപസ്സിനുള്ളചിട്ടവട്ടങ്ങള്‍ പൂര്‍ത്തിയാക്കി,തപസ്സുതുടങ്ങി.

ദിവസങ്ങള്‍ അയാളെപരീക്ഷിച്ചുകൊണ്ടു കടന്നുപോയി, പറശ്ശിനിക്കടവു മുത്തപ്പന്‍ മറഞ്ഞുതന്നെ നിന്നു. തീയുംപുകയുമേറ്റ്‌ അയാള്‍ കറുത്തുതുടങ്ങി,വിശപ്പും ദാഹവും കൊണ്ട്‌ ക്ഷീണിച്ചുതുടങ്ങി, മുത്തപ്പനെത്താത്തതില്‍ ദേഷ്യവും വന്നുതുടങ്ങി..പക്ഷെ, പകുതിയാക്കിയിട്ട്‌ ഉപേക്ഷിച്ചു പോകാനും മനസ്സു വരുന്നില്ല.. എല്ലാ നഷ്ടങ്ങളെയുംകാള്‍ വലുതല്ലെ, തെറ്റിദ്ധാരണയുണ്ടാക്കതെ സംസരിക്കുവാന്‍ കഴിയുക എന്നതു. അയാള്‍ അതോര്‍ത്തു കോരിത്തരിച്ചുകൊണ്ടിരുന്നു. രോമങ്ങളൊന്നൊന്നായി എഴുന്നേറ്റുവന്ന് അയാളോട്‌ തങ്ങളുടെ സന്തോഷം രേഖപ്പെടുത്തി കടന്നുപോയി, അതില്‍ ചിലര്‍ക്കു മടങ്ങിപ്പോകുംവഴി പൊള്ളലേല്‍ക്കേണ്ടിയും വന്നു. കണ്ണടച്ചു ധ്യാനിച്ചു നില്‍ക്കിലും അയാള്‍ അവരെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു ."ഒന്നങ്ങടു ക്ഷമിച്ചോളൂ, ഒക്കെ തീരാന്‍പോകുവല്ലെ.."

എത്രദിവസങ്ങള്‍ കടന്നുപോയെന്നറിയില്ല..ഒടുവിലതു സംഭവിച്ചു..മുത്തപ്പനെത്തി,ആളും ആരവവുമില്ലാതെ,വേറെയാരെങ്കിലും പറ്റിക്കാനെത്തിയതാകാമെന്നു കരുതി അയാള്‍ വീണ്ടും തപസ്സു തുടര്‍ന്നു..മുത്തപ്പനു ദേഷ്യം വന്നിട്ട്‌ സഹിച്ചില്ല, "കണ്ണുതുറക്കെടാ കൂവേ" എന്ന ആക്രോശം കേട്ടപ്പോള്‍ അയാള്‍ക്കു വിശ്വസിക്കാന്‍ പ്രയാസം തോന്നിയില്ല.. അയാള്‍ ആദ്യം ഒളികണ്ണിട്ട്‌ ഒന്നു നോക്കി.. വീണ്ടും വിശ്വാസം വരാതെ "മുത്തപ്പന്‍? " എന്നു അര്‍ദ്ധോക്തിയില്‍ നിര്‍ത്തി. പെട്ടെന്നയാള്‍ക്കു ബുദ്ധി വീണ്ടുമുദിച്ചു പൊങ്ങി, അതിങ്ങനെ ഉപദേശിച്ചുകൊടുത്തു.. "വന്നിരിക്കുന്നയാള്‍ മുത്തപ്പന്‍ തന്നെയാണെങ്കില്‍, അദ്ദേഹത്തെ അവിശ്വസിക്കുന്നതു പാപമല്ലെ.."
അയാള്‍ ആകെ ചിന്താക്കുഴപ്പത്തിലായി.. ഈതപസ്സ്‌ ചെയ്യുന്നവരുടെ ഒരു ബുദ്ധിമുട്ടുകള്‍..ഇതൊക്കെ ആരോട്‌ പറയാന്‍..
മൌനം മുത്തപ്പന്‍ തന്നെ വലിച്ചുപൊട്ടിച്ചു..എന്നിട്ടിങ്ങനെ ചോദിച്ചു..
"മുട്ടാളാ നീയെന്തിനാണെന്നെ വിളിച്ചുവരുത്തിയത്‌, ഓരോ കാര്യങ്ങളോര്‍ത്തു നാം ടെന്‍ഷനടിച്ചിരിക്കുമ്പോഷാണവന്റെയൊരു തപസ്സ്‌,,നിനക്കെന്താണ്‌ വേണ്ടതെന്നു പറഞ്ഞു തുലക്കൂ"

പിന്നെ അയാള്‍ ഒന്നും ആലോചിക്കാന്‍ നിക്കാതെ മണിമണിയായിട്ട്‌ ഉള്ളകാര്യങ്ങള്‍ അവതരിപ്പിച്ചു.
മുത്തപ്പനതു കേട്ടപ്പോള്‍ ചിരിയാണു വന്നതു, ഒത്തിരിചിരിച്ചു ശ്വാസം കിട്ടാതെ വന്നപ്പോള്‍ മുത്തപ്പനിങ്ങനെ പറഞ്ഞു,
"പൊന്നു മോനെ, നിനക്കീ വരം മാത്രമേ കിട്ടിയൊള്ളൂ ചോദിക്കാനായി..വേറെവല്ലതും വേണമെങ്കില്‍.."
അയാള്‍ക്ക്‌ പക്ഷെ മറ്റൊരു വരവും വേണ്ടിയിരുന്നില്ല, ഒടുവില്‍ മുത്തപ്പന്‍ തോറ്റു..ഒരു മുന്നറിയിപ്പോടുകൂടി വരം നല്‍കാമെന്നേറ്റു..

"ഒരു വരം കൂടിയെന്നൊടു ചോദിക്കരുത്‌"
അയാള്‍ സമ്മതിച്ചു..അയാള്‍ അപ്പോള്‍ എന്തും സമ്മതിച്ചു പോകുമായിരുന്നു..
മുത്തപ്പന്‍ വരം ഇങ്ങനെ നല്‍കി
"ഇനി മേല്‍ നീ പറയുന്നതൊന്നും ആര്‍ക്കും തെറ്റിദ്ധാരണയുണ്ടാക്കാതിരിക്കട്ടെ!"

ആയാള്‍ സന്തോഷം കൊണ്ടു തുള്ളിച്ചാടി..
സന്തോഷം പാട്ടുപാടി പ്രകടിപ്പിക്കാന്‍ നോക്കി,

ശബ്ദം പുറത്തുവരുന്നില്ല, എത്ര ശ്രമിച്ചിട്ടും അയാള്‍ക്ക്‌ ശബ്ദിക്കാന്‍ കഴിഞ്ഞില്ല,, വികൃതമായ ഒച്ചയില്‍ ആ കാട്ടിലാകെ അയാള്‍ കരഞ്ഞു നടന്നു..

Thursday, August 24, 2006

ആത്മഹത്യാമുനമ്പില്‍'വരിക,വരികെ'ന്നു ഹൃദയത്തിലാരോ
തരള മധുരമായ്‌ മന്ത്രണം ചെയ്യവെ-
'പെരിയ സത്യങ്ങ'ളിത്തിരി നേരമെന്‍-
കരളില്‍നിന്നും മറഞ്ഞുപോകുന്നു.

മരണമെത്രമനോജ്ഞമാണെങ്കിലും
ഒടുവിലെത്രകൊതിക്കണം കാണുവാന്‍.
പടികള്‍ കേറിവരുന്നതിന്‍മുന്‍പെനി-
ക്കവിടെ ചെല്ലുവാനേറ്റം തിടുക്കമായ്‌!

ഇവിടെയീ ശവക്കോട്ടയിലെന്നുടെ
കരളിലായിരംമുള്ളുകളേല്‍ക്കവെ-
അരുതരുതെന്നു വാവിട്ടപേക്ഷിപ്പാന്‍
ഇവനിനിയില്ല കൂടപ്പിറപ്പുകള്‍.

മധുരസായാഹ്നമിത്തിരി നേരമീ-
പ്പരിഷയോടൊപ്പമാര്‍ത്തുല്ലസിക്കുവാന്‍-
പുലരിയോളംവൃഥാകൂട്ടിരുന്ന നല്‍-
സഹജരില്ലിനി കൂടെയെത്തീടുവാന്‍!!.

മിഴികള്‍രണ്ടും തുടച്ചൊപ്പമെത്തിയിട്ടൊ
ടുവില്‍ ജീവിതകയ്പുനീര്‍ പങ്കിടാന്‍
മധുരസുന്ദര സ്വപ്നങ്ങള്‍ പങ്കിട്ട സഖി-
യവള്‍ പണ്ടേ കൂട്ടുപിരിഞ്ഞുപോയ്‌.

മതി,മനസ്സിന്റെ കോണിലുണ്ടിപ്പൊഴും
ചിതലരിക്കാത്ത പഴയകാലങ്ങള്‍,
ഇവിടെ ജീവിതംവച്ചൊഴിഞ്ഞീടിലും
പഴിമനസ്സിലുണ്ടാകില്ല നിശ്ചയം!!.

വിടപറഞ്ഞു ഞാന്‍പോകട്ടെ നിങ്ങള്‍തന്‍-
കനിവുപേറും മനസ്സിന്നു നന്ദി.
ക്ഷണികമെങ്കിലും ജീവിതംനിങ്ങളില്‍-
നറുനിലാവുപോല്‍ പൂത്തുനിന്നീടട്ടെ!!!.

മീശപുരാണം.

വ്യക്തിത്വ വികസനത്തിന്‌ കുറുക്കുവഴികള്‍ എന്ന പുസ്തകം വായിച്ചുകൊണ്ടിരുന്നപ്പോഴാണ്‌ എനിക്ക്‌ മീശ കിളിച്ചു വന്നുകൊണ്ടിരുന്നത്‌. മീശ എന്റെ മൂക്കിനു താഴത്തെ ചര്‍മ്മം തുളച്ചു പുറത്തു വരുന്നതിന്റെ 'കിരുകിരു' ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും പുതിയ പ്രതിഭാസത്തെപ്പറ്റി എനിക്ക്‌ ഒരു പിടിയും ഉണ്ടായിരുന്നില്ല. മുളച്ചുവന്നുകൊണ്ടിരുന്ന മീശ എന്റെ വായും കവിഞ്ഞ്‌ താഴേക്ക്‌ വളരാന്‍ തുടങ്ങിയപ്പോള്‍ ആരെല്ലാമോ എന്നെ താങ്ങിയെടുത്ത്‌ സ്ഥലത്തെ കേള്‍വികേട്ടയൊരാശ്രമത്തിലാക്കി, പടിയിറങ്ങിപ്പോയി. ആശ്രമ ഗുരുവെന്റെ മീശ നല്ലവണ്ണം വെട്ടിയൊതുക്കി ചിന്തേരിട്ടുതന്നു. മീശ സംരക്ഷിക്കുന്നതിനായി ഗുരുവെനിക്ക്‌ ഒരു കത്രികയും ചീപ്പും കണ്ണാടിയും,പിന്നെ ഇടമറുകിന്റെ യുക്തിവാദ ലേഖനങ്ങളുടെ ഒരു കോപ്പിയും തന്ന് പടിയടച്ച്‌ പിണ്ഡം വെച്ചു

അതില്‍പിന്നീടാണെന്റെ സ്വഭാവം ഉജാലയുടെ വെണ്മപോലെ വെട്ടിത്തിളങ്ങാന്‍ തുടങ്ങിയത്‌. ഗുരുവിന്റെയുപദേശങ്ങളില്‍ എന്റെമീശ തഴച്ചുവളരാന്‍ തുടങ്ങി.ഞാനതിനു ചീപ്പും,കത്രികയും, യുക്തിവാദവുംകൊണ്ട്‌ ധാരകോരി. മീശവെട്ടുകാരുടെ വിളറിപിടിച്ച നോട്ടങ്ങളില്‍നിന്ന് എന്റെ കൂട്ടുകാരെന്നെരക്ഷപ്പെടുത്തികൊണ്ടിരുന്നു.വളരെപ്പെട്ടന്നു തന്നെ മീശയുടെകാര്യത്തില്‍ ഞാനെന്റെ കുടുംബത്തിലെ എല്ലാവരേയും കടത്തിവെട്ടി അടുക്കിക്കൊണ്ടിരുന്നു.എന്റെ അച്ഛന്‍പൊന്നുതമ്പുരാന്‍ തിരുമനസ്സുപോലും എന്റെമുന്നില്‍ മീശവെക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചപ്പോള്‍, ഇനിയെന്താണൊരുകുറവെനിക്കെന്നു ഞാന്‍ തലങ്ങുംവിലങ്ങും വണ്ടിയോടിച്ചു നോക്കി, ഫലം നിരാശയായിരുന്നു.

അങ്ങനെയിരിക്കുമ്പോഴാണ്‌ എന്റെ മീശ സ്ഥലവാസികളുടെ ഉറക്കംകെടുത്തുന്ന കാര്യം ഏതോ തല്‍പരകക്ഷികള്‍ ഗുരുവിന്റെയടുക്കലുണര്‍ത്തിച്ചു പട്ടുംവളയും വാങ്ങി സ്ഥലംവിട്ടത്‌.ഗുരു കമാണ്ടലോയും,രുദ്രാക്ഷിയും പുത്രകളത്രാദികളാറുപേരുമായി പാഞ്ഞുപറിച്ചെത്തി പോരുവിളിച്ചു തമ്പടിച്ചു.മന്ത്രിപുംഗവനെത്തി പോരുവിവരം ചെണ്ടകൊട്ടി നാടുംനാട്ടുകാരെയുമിളക്കി, നാണംകെടുത്തി മടങ്ങിപ്പോയി ഞാന്‍ ഗുരുവിനെ തോല്‍പ്പിക്കാനുറക്കമൊഴിഞ്ഞിരുന്ന് മീശപിരിച്ചു.

പിറ്റേന്നുനേരംവെളുത്തുവെളുത്തു വല്ലാതെ വിളറിത്തുടങ്ങിയപ്പോള്‍ പോരുകാണാനെല്ലാവരും തടിച്ചുമെലിഞ്ഞുകൂടി. ഞാനും ഗുരുവും തപ്പടിച്ചു തുടക്കടിച്ചു ഇടംവലംതിരിഞ്ഞു റെഡി വണ്‍, ടൂ,ത്രീ പറഞ്ഞു പേടിച്ചുമാറിനിന്നു. ഗുരുവിന്റെ കണ്ണില്‍നോക്കാന്‍ എനിക്ക്‌ പേടിയായിരുന്നു. എന്റെമീശ പിരിക്കാന്‍പോലും മറന്നു ഞാന്‍ നില്‍ക്കവെ, എവിടെനിന്നോ ഒരു ധൈര്യം (എന്റെ ജന്മവാസനയാകണം)എന്റെതുട വഴിമുകളിലേക്കിഴഞ്ഞുകയറിപ്പോകുന്നത്‌ ഞാന്‍കയ്യും കെട്ടി നോക്കിനിന്നു.മുഴുവന്‍ ശക്തിയുമാവാഹിച്ച്‌,ഉണങ്ങിവീഴാറായ ഗുരുവിന്റെ മുഖത്തേക്ക്‌ ഞാനൊരാട്ട്‌ വെച്ചുകൊടുത്തു .

ശേഷം കഥാന്ത്യം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌പ്രകാരം വായ്‌നാറ്റം സഹിക്കാന്‍ വയ്യാതെയാണത്രെ ഗുരുമരണമടഞ്ഞത്‌!!. പിന്നീടൊരു ശുഭദിനത്തില്‍ ഗുരുവിന്റെ കബറിടത്തില്‍ അഞ്ചാറുപിടി മണ്ണുവാരിയിട്ട്‌ ദര്‍ബാര്‍ രാഗത്തില്‍ പത്തുതെറിയും വിളിച്ചു,ഊരുതെണ്ടാതെ ഞാന്‍ നടുവിട്ടുപോയി.ഇപ്പോള്‍ വീരസ്മരണനിലനിര്‍ത്താന്‍ ഖബറിടത്തിന്റെ ഛായാചിത്രംകഴുത്തില്‍ തൂക്കി ഏകാധിപതിയായ്‌ സസുഖം നാടുവാഴുന്നു. ശുഭം.!!