Wednesday, September 20, 2006

കളിക്കൂട്ടുകാരിക്ക്‌ സ്‌നേഹപൂര്‍വ്വം.


വെറുതെയീ ജാലകവാതില്‍കല്‍ നില്‍ക്കവെ
അറിയാതെ നിന്നെ ഞാനോര്‍ത്തുപോയി
ഒരുവേളപഴയൊരാ ചിത്രങ്ങളൊക്കെയെന്‍
മനതാരില്‍ മിന്നിത്തെളിഞ്ഞു നിന്നു.

ബലമുള്ള തത്വശാസ്ത്രത്താല്‍ കുരുക്കിലും
കനമുള്ള താഴിനാല്‍ കൂടടച്ചീടിലും-
മിഴിയൊന്നടച്ചിറ്റു വിശ്രമിച്ചീടുകില്‍
വരികയായോര്‍മ്മ കിളികുഞ്ഞു പാടുവാന്‍.

മഴപെയ്തുതോരാന്‍ കൊതിക്കുന്നബാല്യത്തില്‍-
കടലാസു തോണിക്കു കൂട്ടായി നിന്നവള്‍
മഴയില്‍ കുതിര്‍ന്നെന്റെ തോണിപോയീടിലും
നനയാതെന്നോര്‍മ്മയില്‍ കൂട്ടിരിപ്പൂ.

തൊടിയിലെ കുഴമണ്ണിലോടിത്തളര്‍ന്നു നാം
ഒരു മഷിത്തണ്ടിനായ്‌ കലഹിച്ചുനില്‍ക്കവെ-
കനിവോലുമൊരു കൊച്ചുകാറ്റന്നുവീഴ്‌ത്തിയ
ചെറുമാമ്പഴത്തില്‍ നാമെല്ലാം മറന്നതും.

ഒരു മുളംതണ്ടിനാല്‍ കളിവീട്‌തീര്‍ത്തു ഞാ-
നൊരു കൊച്ചു'നാഥ'നായ്‌ നിന്നിടുമ്പോള്‍-
ഇലയിട്ടു പശമണ്ണിന്‍ ചോറിറ്റുനല്‍കുവാന്‍
തൊടിയിലെ പൂവിനാല്‍ കറിവെച്ചതും.

വിതകൊയ്യാനെത്തുന്ന പറവക്കു കാവലായ്‌
വെറുതെ നീയെന്നൊപ്പമെത്തിടുമ്പോള്‍-
വയല്‍വരമ്പത്തന്നു കേഴും കിളിക്കുഞ്ഞി-
നരികില്‍ നീ മിഴിവാര്‍ത്തു നിന്ന നാളും.

ഒരുമിച്ചു നട്ടൊരാ തൈമുല്ല പൂത്തനാള്‍
അരികില്‍നീയോടി വന്നറിയിച്ചതും
അതില്‍ നിന്നൊരഞ്ചാറു പൂവിറുത്തന്നു നിന്‍
ചുരുള്‍മുടിക്കെട്ടില്‍ ഞാനണിയിച്ചതും.

അറിയുന്നു, നിന്മുഗ്‌ദ്ധസൌരഭ്യസാമീപ്യ
മനുഭവിച്ചീടാത്ത ശിഷ്ടകാലം
വെറുതെ വലിച്ചെറിഞ്ഞൂഴിയില്‍ ചേര്‍ന്നുപോം
വിലയറ്റ കടലാസു തുണ്ടുപോലെ

പ്രിയസഖീ, തീര്‍ത്തു ഞാനൊരു കൊച്ചു-
കൊട്ടാര,മതിലിന്നു രാജാവായ്‌ വാണീടിലും
വിലയറ്റ 'കളിവീടി'നുള്ളില്‍ തുളുമ്പിയ
നറുനിലാപുഞ്ചിരിക്കെന്തു ചെയ്‌വൂ?

Sunday, September 03, 2006

വെന്തുനീറുന്ന ഓണവും ആശംസകളും.

എന്നിട്ടും..
എന്നിട്ടും നാം ഓണം ആഘോഷിക്കാനൊരുങ്ങുകയാണ്‌..ഇല്ലേ?

ആകാശം നിറയെ ആണവ മേഘങ്ങള്‍ പെയ്യാന്‍കാത്ത്‌ അനുവാദത്തിനായ്‌ പടിഞ്ഞാറോട്ടും നോക്കി നില്‍ക്കുന്നു.
എണ്ണക്കുപകരം ഭക്ഷണം മുറ്റംനിറയെ കൊയ്ത്‌കുന്നുകൂട്ടിയിട്ടിരിക്കുന്നു.

വീട്ടില്‍,സ്വാശ്രയരാകാന്‍വേണ്ടി പട നയിച്ചെത്തുന്ന "അതി-രൂപ-താ" കളുടെ കുളമ്പടിയൊച്ചകള്‍..
'എല്ലാവര്‍ക്കും പൂക്കളം' ഒരുക്കാന്‍ 'ബില്ലു'ണ്ടാക്കി ജയവുംതോല്‍വിയുമറിയാതെ, ഇരുട്ടില്‍തപ്പുന്ന ബേബികുഞ്ഞുങ്ങളുടെ, ഇരുതലമൂര്‍ച്ചയുള്ള ഗോഗ്വാ വിളികള്‍..
ജയില്‍മുറികളിലും കായല്‍പ്പരപ്പുകളിലും തനിയെ ചത്ത്‌മലച്ച്‌ തുമ്പിതുള്ളിക്കിടക്കുന്ന കരടിക്കുഞ്ഞുങ്ങള്‍..
മാവേലി വന്നടുക്കേണ്ട 'വിഴിഞ്ഞത്തില്‍' ആരോചരടുപിടിച്ചുവലിച്ചു നില്‍ക്കുന്നു എന്ന സംശയങ്ങള്‍..
കായവറുക്കാന്‍ വാഴകൃഷി ചെയ്ത്‌, ജപ്തി ഒഴിവാക്കാന്‍ സ്വന്തംതൂക്കംനോക്കി കാറ്റത്താടിക്കളിക്കുന്ന വയനാടന്‍ ചേകവന്മാര്‍..
ഓണത്തല്ല് വിളഞ്ഞുപഴുത്തു നില്‍ക്കുന്ന മാറട്ടിലെ ഓണനിലാവുകള്‍..
എന്നിട്ടും..
എന്നിട്ടും..നാം ഓണം ആഘോഷിക്കാന്‍ തീരുമാനിച്ചുറച്ചുകഴിഞ്ഞു..ഇല്ലേ?..

കോണകം വിറ്റും ഓണം വാങ്ങാന്‍ ക്വൊട്ടേഷന്‍ ഓഫറുകളുമായെത്തുന്ന വാണിഭക്കാര്‍..
എയ്ഡ്‌സിന്റെ പരാഗരേണുക്കള്‍ നിറച്ച പലിശവട്ടകയുമായ്‌ ചുരം താണ്ടിയെത്തുന്ന എ.ഡി.ബി. പാണ്ടികള്‍...
പ്രതീക്ഷയുടെ ഇത്തിരിപ്പോന്ന ഹരിതാഭകളും തൂറിനിറക്കാനെത്തുന്ന ടൂറിസം വാരാഘോഷങ്ങള്‍..
മണ്ണിലെ മിന്നാമിനുങ്ങുകളെ, കോരിയെടുക്കാന്‍, ഭീമന്‍മണ്‍കോരികകളുമായ്‌ തക്കംപാര്‍ത്തിരിക്കുന്ന കരിമണല്‍ രാജവെമ്പാലകള്‍..
ഭൂഗര്‍ഭത്തിലെ കുഞ്ഞുങ്ങളെ ഊറ്റിയെടുക്കുവാന്‍ പ്ലാച്ചി'മട' തീര്‍ത്ത്‌ കാത്തിരിക്കുന്ന ബഹുരാഷ്ട്ര കോമളന്മാര്‍..
എന്നിട്ടും...
എന്നിട്ടും.ഓണം അടിച്ചുപൊളിച്ചേ അടങ്ങൂ എന്ന വാശിയിലാണോ?..

എന്നാല്‍...
എന്നാല്‍പ്പിന്നെ..കവിയൂര്‍,കിളിരൂര്‍,വിതുര,കുമളി പെണ്‍കുട്ടികള്‍ വന്ന് മഹാബലിത്തമ്പുരാനെ ആദരിച്ചാനയിക്കട്ടെ..
ഇനിയും പൊക്കിള്‍ക്കൊടി അറ്റ്പോകാത്ത, അമ്മമാരുപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങള്‍ മതൃത്വത്തിന്റെ മുലപ്പാല്‍ നല്‍കി തിരുമനസ്സിന്റെ ദാഹം ശമിപ്പിക്കട്ടെ..
മുത്തങ്ങയില്‍,മരുന്നിനുമാത്രം അവശേഷിക്കുന്ന ആദിവാസിയുടെ ചോരയും, മുത്തങ്ങാക്കിഴങ്ങും,നറുനീണ്ടിയും സമൂലംചേര്‍ത്ത്‌ വാറ്റിയെടുത്ത തൈലത്താല്‍ തമ്പുരാനെ ലഹരിയിലാറാടിക്കാം.
കോഴിക്കോട്‌ ഐസ്ക്രീം പാര്‍ലറിന്റെ ശീതളിമയില്‍ തമ്പുരാന്‍ വിശ്രമിക്കട്ടെ..
അപ്പോള്‍..
അപ്പോള്‍പ്പിന്നെ..ഔപചാരികത മാത്രമേയിനിബാക്കിയുള്ളൂ..
എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുകയെന്ന ചടങ്ങുമാത്രം ബാക്കി..
ആരവിടെ..
ചടങ്ങിനുള്ള ചിട്ടവട്ട നീളങ്ങള്‍ പൂര്‍ത്തിയാക്കൂ..
ആര്‍ക്‌ക്‍ഒക്കെയാണ്‌ ഓണം ആശംസിക്കേണ്ടത്‌?..
ആദ്യമായ്‌ നന്മയുടെ പ്രതീകമായിരുന്ന മഹാബലി തമ്പുരാനെ ചവിട്ടിത്താഴ്‌ത്തിയ വാമനപുരം വാമനനവര്‍കള്‍ക്ക്‌..
പിന്നെ..നല്ലവനും ശക്ത്തനുമായിരുന്ന മഹാബലിയെ കുടവയറനും,കോമാളിയുമാക്കി ചിത്രീകരിച്ച ആദ്യത്തെ ചിത്രകാരന്‌..
മഹാബലി എന്നു കേള്‍ക്കുമ്പോള്‍ തന്നെ ചുണ്ടില്‍ ചിരി ആട്ടിതെളിച്ച്‌ കൊണ്ടെത്തിക്കുന്ന എല്ലാ കലാകാരന്മാര്‍ക്കും..
ഓണം എന്ന വിശാലമായ ക്യാന്‍വാസിനെ എല്ലാ മായങ്ങളും വില്‍കാനുള്ള ട്രേഡ്‌മാര്‍ക്കാക്കി വളര്‍ത്തിയെടുത്ത പരസ്യ അംബാനിമാര്‍ക്ക്‌..
'വര്‍ഷത്തിലൊരോണം മാത്രമേയുള്ളൂ' എന്നു വിലപിക്കുന്ന എല്ല T.V. channel-കള്‍ക്കും..
പിന്നെ..
പിന്നെ..ഓണം മതപരമാണെന്ന പുത്തന്‍ കണ്ടുപിടുത്തം നടത്തി 'നളെയുടെ പ്രതീക്ഷ'കളെ പുതിയ മതബോധം അഭ്യസിപ്പിക്കുന്ന അഭിനവ 'വിദ്യ-അഭ്യാസ അതി-രൂപ-താ' കള്‍ക്ക്‌..
ഇവിടെ പരാമര്‍ശിക്കാത്ത എല്ലാ സദ്ഗുണ സമ്പന്നന്മാര്‍ക്കും..
ശിശുവിന്റെ
ഓണാശംസകള്‍
ഓണാശംസകള്‍

കുറിപ്പ്‌: ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ സദയം ക്ഷമിക്കുക..

Friday, September 01, 2006

വിനാശ കാലേ...

വായില്‍നിന്നും തെറിച്ചുപുറത്തേക്കുപോയ അവസാനവാക്കും, തെറ്റിദ്ധാരണപറത്തിപ്പറത്തി അപ്പൂപ്പന്താടിപോലെ അകലേക്കു പറന്നുപോയപ്പോള്‍, അയാള്‍ ഒന്നു തീരുമാനിച്ചു, ഇനിരക്ഷയില്ല, ഒന്നുകില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍പ്പോയി തലയില്‍ നെല്ലിക്കത്തളം വെച്ചു,ശിഷ്ടകാലം കഴിച്ചുകൂട്ടുക, അല്ലെങ്കില്‍....അല്ലെങ്കില്‍ ഇനിയെന്താണൊരു വഴി.. ചിന്തിച്ചു,ചിന്തിച്ച്‌ അയ്യാളുടെ തലയില്‍നിന്നും, ലാവാപ്രവാഹത്തിന്റെ മുന്നറിയിപ്പെന്നോണം ചൂട്‌നീരാവിപുറത്തേക്കൊഴുകി.അയാള്‍ നെല്ലിക്കയെ മനസ്സില്‍ ധ്യാനിച്ചു, ഒരുദീര്‍ഘനിശ്വാസം വിട്ടുനടന്നുകൊണ്ടിരുന്നു.

പെട്ടെന്നയ്യാള്‍ക്കൊരുള്‍വിളിയുണ്ടായി. പിന്നെ അമാന്തിച്ചില്ല, നേരെവെച്ചുപിടിച്ചു.കൊടുംകാട്ടിലെത്തി,കൂട്ടുവിളിക്കാനാരുമില്ലാത്തതിനാല്‍ ഒറ്റയ്‌ക്‍തന്നെ അടുപ്പുകൂട്ടി,തപസ്സിനുള്ളചിട്ടവട്ടങ്ങള്‍ പൂര്‍ത്തിയാക്കി,തപസ്സുതുടങ്ങി.

ദിവസങ്ങള്‍ അയാളെപരീക്ഷിച്ചുകൊണ്ടു കടന്നുപോയി, പറശ്ശിനിക്കടവു മുത്തപ്പന്‍ മറഞ്ഞുതന്നെ നിന്നു. തീയുംപുകയുമേറ്റ്‌ അയാള്‍ കറുത്തുതുടങ്ങി,വിശപ്പും ദാഹവും കൊണ്ട്‌ ക്ഷീണിച്ചുതുടങ്ങി, മുത്തപ്പനെത്താത്തതില്‍ ദേഷ്യവും വന്നുതുടങ്ങി..പക്ഷെ, പകുതിയാക്കിയിട്ട്‌ ഉപേക്ഷിച്ചു പോകാനും മനസ്സു വരുന്നില്ല.. എല്ലാ നഷ്ടങ്ങളെയുംകാള്‍ വലുതല്ലെ, തെറ്റിദ്ധാരണയുണ്ടാക്കതെ സംസരിക്കുവാന്‍ കഴിയുക എന്നതു. അയാള്‍ അതോര്‍ത്തു കോരിത്തരിച്ചുകൊണ്ടിരുന്നു. രോമങ്ങളൊന്നൊന്നായി എഴുന്നേറ്റുവന്ന് അയാളോട്‌ തങ്ങളുടെ സന്തോഷം രേഖപ്പെടുത്തി കടന്നുപോയി, അതില്‍ ചിലര്‍ക്കു മടങ്ങിപ്പോകുംവഴി പൊള്ളലേല്‍ക്കേണ്ടിയും വന്നു. കണ്ണടച്ചു ധ്യാനിച്ചു നില്‍ക്കിലും അയാള്‍ അവരെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു ."ഒന്നങ്ങടു ക്ഷമിച്ചോളൂ, ഒക്കെ തീരാന്‍പോകുവല്ലെ.."

എത്രദിവസങ്ങള്‍ കടന്നുപോയെന്നറിയില്ല..ഒടുവിലതു സംഭവിച്ചു..മുത്തപ്പനെത്തി,ആളും ആരവവുമില്ലാതെ,വേറെയാരെങ്കിലും പറ്റിക്കാനെത്തിയതാകാമെന്നു കരുതി അയാള്‍ വീണ്ടും തപസ്സു തുടര്‍ന്നു..മുത്തപ്പനു ദേഷ്യം വന്നിട്ട്‌ സഹിച്ചില്ല, "കണ്ണുതുറക്കെടാ കൂവേ" എന്ന ആക്രോശം കേട്ടപ്പോള്‍ അയാള്‍ക്കു വിശ്വസിക്കാന്‍ പ്രയാസം തോന്നിയില്ല.. അയാള്‍ ആദ്യം ഒളികണ്ണിട്ട്‌ ഒന്നു നോക്കി.. വീണ്ടും വിശ്വാസം വരാതെ "മുത്തപ്പന്‍? " എന്നു അര്‍ദ്ധോക്തിയില്‍ നിര്‍ത്തി. പെട്ടെന്നയാള്‍ക്കു ബുദ്ധി വീണ്ടുമുദിച്ചു പൊങ്ങി, അതിങ്ങനെ ഉപദേശിച്ചുകൊടുത്തു.. "വന്നിരിക്കുന്നയാള്‍ മുത്തപ്പന്‍ തന്നെയാണെങ്കില്‍, അദ്ദേഹത്തെ അവിശ്വസിക്കുന്നതു പാപമല്ലെ.."
അയാള്‍ ആകെ ചിന്താക്കുഴപ്പത്തിലായി.. ഈതപസ്സ്‌ ചെയ്യുന്നവരുടെ ഒരു ബുദ്ധിമുട്ടുകള്‍..ഇതൊക്കെ ആരോട്‌ പറയാന്‍..
മൌനം മുത്തപ്പന്‍ തന്നെ വലിച്ചുപൊട്ടിച്ചു..എന്നിട്ടിങ്ങനെ ചോദിച്ചു..
"മുട്ടാളാ നീയെന്തിനാണെന്നെ വിളിച്ചുവരുത്തിയത്‌, ഓരോ കാര്യങ്ങളോര്‍ത്തു നാം ടെന്‍ഷനടിച്ചിരിക്കുമ്പോഷാണവന്റെയൊരു തപസ്സ്‌,,നിനക്കെന്താണ്‌ വേണ്ടതെന്നു പറഞ്ഞു തുലക്കൂ"

പിന്നെ അയാള്‍ ഒന്നും ആലോചിക്കാന്‍ നിക്കാതെ മണിമണിയായിട്ട്‌ ഉള്ളകാര്യങ്ങള്‍ അവതരിപ്പിച്ചു.
മുത്തപ്പനതു കേട്ടപ്പോള്‍ ചിരിയാണു വന്നതു, ഒത്തിരിചിരിച്ചു ശ്വാസം കിട്ടാതെ വന്നപ്പോള്‍ മുത്തപ്പനിങ്ങനെ പറഞ്ഞു,
"പൊന്നു മോനെ, നിനക്കീ വരം മാത്രമേ കിട്ടിയൊള്ളൂ ചോദിക്കാനായി..വേറെവല്ലതും വേണമെങ്കില്‍.."
അയാള്‍ക്ക്‌ പക്ഷെ മറ്റൊരു വരവും വേണ്ടിയിരുന്നില്ല, ഒടുവില്‍ മുത്തപ്പന്‍ തോറ്റു..ഒരു മുന്നറിയിപ്പോടുകൂടി വരം നല്‍കാമെന്നേറ്റു..

"ഒരു വരം കൂടിയെന്നൊടു ചോദിക്കരുത്‌"
അയാള്‍ സമ്മതിച്ചു..അയാള്‍ അപ്പോള്‍ എന്തും സമ്മതിച്ചു പോകുമായിരുന്നു..
മുത്തപ്പന്‍ വരം ഇങ്ങനെ നല്‍കി
"ഇനി മേല്‍ നീ പറയുന്നതൊന്നും ആര്‍ക്കും തെറ്റിദ്ധാരണയുണ്ടാക്കാതിരിക്കട്ടെ!"

ആയാള്‍ സന്തോഷം കൊണ്ടു തുള്ളിച്ചാടി..
സന്തോഷം പാട്ടുപാടി പ്രകടിപ്പിക്കാന്‍ നോക്കി,

ശബ്ദം പുറത്തുവരുന്നില്ല, എത്ര ശ്രമിച്ചിട്ടും അയാള്‍ക്ക്‌ ശബ്ദിക്കാന്‍ കഴിഞ്ഞില്ല,, വികൃതമായ ഒച്ചയില്‍ ആ കാട്ടിലാകെ അയാള്‍ കരഞ്ഞു നടന്നു..