Friday, November 24, 2006

ഒഴുകുന്ന പുഴ

പുഴ ഒഴുകിക്കൊണ്ടേയിരിക്കുന്നു.

തടിച്ചും മെലിഞ്ഞും, കൊണ്ടും കൊടുത്തും, ജീവനെടുത്തും ജീവന്‍ കൊടുത്തും, നിലയ്കാതെ ഒഴുകിക്കൊണ്ടേയിരിക്കുന്നു. പുഴയിലൂടെ എന്തെല്ലാം കടന്നുപോയിട്ടുണ്ടാകാം? പുഴ എന്തെല്ലാം ഉള്‍ക്കൊണ്ടിട്ടുണ്ടാകാം? ഉള്‍ക്കൊള്ളാതെയും എന്തെല്ലാം വഹിച്ചിട്ടുണ്ടാകാം? എങ്ങോട്ടാണീ പുഴ ഒഴുകിക്കൊണ്ടിരിക്കുന്നത്‌? എന്തിനു വേണ്ടി?

പുഴയുടെ ഒഴുക്ക്‌ ഒരു പ്രായശ്ചിത്തമല്ലേ? സ്വയം ശുദ്ധിയാകലല്ലേ? മോക്ഷത്തിനായ്‌ തന്നിലര്‍പ്പിതമാകുന്നതെല്ലാം ഒഴുക്കിക്കളഞ്ഞു, ശുദ്ധമായി, സ്വയം മോക്ഷം തേടിപ്പോകുകയല്ലേ പുഴ?

സമൃദ്ധിയുടെ മഴക്കാലങ്ങളില്‍, ലഹരിയുടെ നുരയും പതയുമായി അഹങ്കാരത്തോടെ തീരത്തേക്ക്‌ ആഞ്ഞടിച്ച്‌, സുരക്ഷയുടെ തിട്ടകളെല്ലാം കവര്‍ന്നെടുത്തമ്മാനമാടി നാശം വിതച്ചൊഴുകിയ ഇന്നലെകളെ, ഒഴുക്കിക്കളഞ്ഞ്‌ പ്രായശ്ചിത്തം ചെയ്യുകയല്ലേ പുഴ?

ഓരോ തുള്ളിയില്‍നിന്നും ഇന്നലെകളെ പുറംതള്ളി ഇന്നിനെമാത്രം പുണര്‍ന്നുകൊണ്ടൊഴുകുന്ന പുഴ, പക്ഷെ, ഒഴുകിവന്നെത്തുന്നതെല്ലാം തടഞ്ഞുനിര്‍ത്തി ശേഖരിച്ചുവെയ്ക്കുന്ന, അതുവഴി മലീമസമാകുന്ന, നമ്മുടെ ജീവിതത്തെ നിസ്സാരമാക്കിക്കളയുന്നില്ലേ?

പുഴയുടെ ഒഴുക്കുതന്നെയല്ലേ അതിന്റെ ജീവന്‍? ഒഴുക്കില്ലായ്മയല്ലേ മനുഷ്യന്റെ ശാപവും?

Wednesday, November 22, 2006

വാക്കുകള്‍

ആവനാഴിയില്‍ ഊഴം കാത്തിരിക്കുന്ന
അമ്പുകളെപ്പോലെയാണ്‌ വാക്കുകള്‍

‍സഞ്ചരിക്കുന്ന വേഗതയില്‍
അമ്പിനോളവും
കൊള്ളുന്ന ലക്ഷ്യത്തിലും
നശീകരണ ക്ഷമതയിലും
അമ്പിനേക്കാളും
കൃത്യത വാക്കുകള്‍ക്കുണ്ട്‌.

പ്രയോജനപരതയുടെ
വര്‍ത്തമാന കാലത്തില്‍
‍വാക്കുകള്‍ക്കുള്ളത്ര സാധ്യത
അമ്പുകള്‍ക്കില്ല.

വാക്കുകളെ
ഊന്നുവടികളാക്കാം
നേര്‍വഴി തെളിക്കാന്‍
‍ചെറുനാളമാക്കാം
സുഗന്ധം പരത്താന്‍
പുകയ്കാനെടുക്കാം
നീറി നീറിയെരിയുന്ന
കനല്‍ക്കട്ടയാക്കാം
മുറിവിന്റെ പുറം കാഴ്ചകളവശേഷിപ്പിക്കാതെ
ശത്രുവിനെ (മിത്രത്തെയും)
എയ്തു വീഴ്‌ത്താം.
നിര്‍ത്താതെ പൊരുതേണ്ടപ്പോള്‍
‍ലഭ്യതയുടെ ഒഴിയാത്ത
അക്ഷയപാത്രമാക്കാം.

വാക്കുകള്‍
‍ചിലവേതുമില്ലാത്ത
ആയുധങ്ങളാകുന്നു.

Tuesday, November 14, 2006

'ശിശുദിനാശംസകള്‍..!

ഇന്ന് ഞങ്ങള്‍ 'ശിശു'ക്കളുടെ ദിനം, ബ്ലോഗുലകത്തിലെ എല്ലാ ശിശുക്കള്‍ക്കും ശിശുവിന്റെ 'ശിശുദിനാശംസകള്‍..!

Wednesday, November 01, 2006

ദുഷ്ടഹൃദയം

കഷ്ട,മിത്രകുരുന്നിലേ നിന്നുടല്‍
തച്ചുടക്കുവാന്‍ പൊങ്ങിയിന്നെന്‍കരം!
ദുഷ്ടമൂര്‍ത്തി വസിക്കുന്ന ഹൃത്തിതില്‍
ശിഷ്ടചിന്തകള്‍ വന്നുദിക്കായ്‌കിലോ?

ഇങ്കുനൊട്ടിക്കുടിച്ചു,മിടയ്‌കിടെ-
ക്കണ്ണുപൂട്ടി ചിരിച്ചും,ജഗത്തിലെ
യെണ്ണമറ്റ നിയമങ്ങളൊക്കെയും,
കണ്ടു പേടിച്ചും വാവിട്ടുകേഴവെ

വന്നുപോയീ,മനസ്സിലന്നോളവും
വന്നിടാത്തത്ര കോപവുംതാപവും
പിന്നെമാലതീ മൊട്ടുപോലുള്ളൊരാ-
പൊന്നുമേനിയില്‍ വീണുപോയ്‌ കയ്യുകള്‍!.

പത്തിതാണൂ-ക്ഷണത്താല്‍, വിറയ്‌കുമീ
ഹൃത്തിനുള്ളില്‍ നീ പുഞ്ചിരിച്ചെത്തുന്നു
കഷ്ട, മീച്ചിരി കാണ്‍കിലിന്നേതൊരു
ദുഷ്ടനാകിലും ഹൃത്തടം പൊള്ളിടും

മുഷ്ടിരണ്ടുമറുത്തെടുത്തിന്നു നിന്‍
തുഷ്ടിയോലുന്ന കാല്‍ക്കല്‍ വെച്ചീടിലും.
നൊന്തുവേദനിച്ചുച്ചം കരഞ്ഞനിന്‍
പിഞ്ചുമാനസം മാപ്പുനല്‍കീടുമോ?

ദുഷ്ടനാണു ഞാന്‍ തന്‍ ജീവരക്തത്തെ-
മുഷ്ടിയാലെ മെരുക്കാന്‍ ശ്രമിപ്പവന്‍
ശിഷ്ടരായുള്ള തോഴരേ നിങ്ങളീ
ദുഷ്ടജന്മത്തിനേകുവിന്‍ ശിക്ഷകള്‍ !