Tuesday, November 13, 2007

സുഹൃത്തിനൊരു കത്ത്‌.

നിഴലുപോലുമകന്നൊരീ സന്ധ്യയി-
ലെരിയുമെന്‍മനം നീയറിയുന്നുവോ?
ഹൃദയരക്തംകുടിച്ചു പുളക്കുവാനൊ-
ഴുകിയെത്തുന്നൊരായിരം നോവുകള്‍!

പലരുമോടിവന്നീടുമെന്‍ ചുണ്ടിലെ
ചിരിപകുത്തെടുത്തൊപ്പമിരിക്കുവാന്‍
കനലുപോലെരിഞ്ഞുള്ളുപൊള്ളിക്കുമീ
കദനഭാരമതൊറ്റക്ക്‌ പേറണം!
പകരുമോവൊരു വാക്കെനിക്കിന്നു നീ
പകരമെങ്കില്‍ ഞാനെന്നെ പകുത്തിടാം
മരണമാകുന്നൊരീ മൗനമെത്രനാള്‍
വ്രണിതചിത്തനായ്‌ കോരിക്കുടിക്കണം?

അറിയുകില്ലേ നിനക്കെന്റെ നൊമ്പര
ക്കടല്‍ തിളക്കുന്നൊരുള്ളിലെ ചിന്തയെ?
ഹൃദയഭിത്തികള്‍ക്കുള്ളില്‍ കടന്നുനിന്‍
മിഴികള്‍വായിച്ചെടുത്ത ചിത്രങ്ങളെ!.
ചിതറിവീണൊരെന്‍ ഹൃത്തടംവാക്കിനാല്‍
തിരികെനല്‍കി നീ ജീവനേകീടവെ
ചിരപരിചിതമേതോ സ്മരണകള്‍
ജനിമൃതികളുംതാണ്ടിവന്നെത്തിടാം.

ഉലകില്‍വാഴ്‌വെത്രസങ്കീര്‍ണ്ണപൂര്‍ണ്ണമാണു-
യിരുതാങ്ങലൊന്നല്ലതിന്‍ സാര,മന്നി-
തുനിനക്കെത്ര ബോധമുണ്ടാകണ,മതു-
നിമിത്തമോ നാംപിരിഞ്ഞീവിധം?
അകലെയെങ്കിലും കാണാത്തതെന്തുനീ
അലറിയെത്തുമീ പടയൊരുക്കങ്ങളെ?
പലവശങ്ങളില്‍ നിന്നവരൊന്നുപോല്‍
പൊരുതിയെത്തവെ എന്നൊപ്പമെത്തുമോ?
അനുജനാണിവന്‍,നീകൈപിടിക്കുകില്‍
ചുവടുറപ്പിച്ചു ഞാന്‍ നടന്നെത്തിടും
കുടിലതന്ത്രങ്ങള്‍ മുള്ളുകള്‍ പാകുമീ
കഠിനയാത്രയില്‍ കൂട്ടില്ലവേറൊരാള്‍.
ചപലമാകുമെന്‍ മാനസത്തേര്‍തെളിച്ച-
രനിമിഷമെന്‍ സാരഥിയാകുമോ?
വഴിയില്‍ ഞാന്‍പകച്ചൊന്നുനിന്നീടുകില്‍
ഒരുസ്മിതത്തിനാല്‍ ഗീതചൊല്ലീടുമൊ?

പരിചയംകൊണ്ടുനീ വിരിയിക്കുമാ
പരമസത്യപ്രകാശസ്മിതത്തിനാല്‍
തഴുകിമുഗ്ദം മുകര്‍ന്നുനിന്നീടുകില്‍
കനലിനുള്ളിലും നീരൂറിനിന്നിടും!

[എന്നിലെ എന്നെക്കാട്ടിത്തന്ന നല്ലവനായ സുഹൃത്തിന്‌ സ്നേഹപൂര്‍വ്വം..]

Monday, October 15, 2007

കൊതുകുകള്‍.


പ്രതിരോധിക്കാന്‍
കഴിവില്ലാത്തവരെ മാത്രമല്ല
പുലഭ്യം പറഞ്ഞ്‌,
കയ്യോങ്ങി ആട്ടിയോടിക്കാന്‍
കഴിവുള്ളവരെയും
പതുങ്ങിവന്ന് കുത്തും
ചെവിയിലൊരു
മുരളുന്ന മുദ്രാവാക്യം.
മയങ്ങിയില്ലെങ്കില്‍,
ഇരുട്ടിലൂടെ പതുങ്ങിവന്ന്
വിഷം മുക്കിയ സൂചികളാല്‍
പരാഗരേണുക്കള്‍
കുത്തിയിറക്കി കടന്നുപോകും.
അറിയുകയേയില്ല,
ഇന്ദ്രിയങ്ങള്‍ കണ്ണ്‍ പൂട്ടി
ഉറക്കമായിരിക്കുമപ്പോള്‍.

പിന്നെയെപ്പോഴോ
ഞരമ്പുകള്‍ പിടയും
പ്രത്യയശാസ്ത്രം ചൊറിയുന്നുവെന്ന്
ത്വക്ക്‌ മുന്നറിയിപ്പ്‌ തരും
തെളിമയുള്ള കാഴ്ചകളില്‍
പതിയെ ഇരുട്ടുവന്നുമൂടും.
തെളിമമാഞ്ഞ്‌
മലിനമാക്കപ്പെട്ട ചോരയുമായി
പിന്നെയെക്കാലവും
വിറച്ച്‌ പനിപിടിച്ച്‌
കിടക്കേണ്ടിവരും.

പലപ്പോഴും ഒന്നില്‍ക്കൂടുതല്‍
പേരുണ്ടാകും
വെറുതേ നിന്നുകൊടുക്കാനേ
കഴിയുകയുള്ളൂ
ദയനീയമായി കേണുനോക്കിയാലും
ഫലിക്കില്ല,
മതിയാകുവോളം ഊറ്റിക്കുടിച്ചേ
മടങ്ങുകയുള്ളൂ,
അപൂര്‍വ്വമായി കുടിച്ചു
വീര്‍ത്ത്‌ വഴിമറന്ന്
മയങ്ങിയിരിക്കുമ്പോള്‍
കണ്ണില്‍പ്പെട്ടിട്ടുണ്ട്‌.
പകല്‍വെളിച്ചത്തില്‍
പിടിക്കപ്പെട്ടവന്റെ ജാള്യതയോടെ
മുഖംമൂടിയണിയാന്‍
ശ്രമിക്കുന്നതിന്നിടയില്‍
വേണമെങ്കില്‍ ഞെരിച്ചുകൊല്ലാം
കരഞ്ഞുകാലുപിടിക്കുമപ്പോള്‍
പരിഹാസപ്പാട്ടും തോറ്റകളും
എവിടെപ്പോയെന്ന്
അതിശയിച്ചുപോകും
കരഞ്ഞുകൈകൂപ്പുന്നവരെ
കൊല്ലരുതെന്ന പാഴ്‌
വേദാന്തം ഒഴുകിവരുമപ്പോഴും!

ഉദരം പിളര്‍ന്ന് നോക്കിയാല്‍
ചോരയുടെ നിറമുള്ള
തെളിഞ്ഞ സ്വപ്നങ്ങള്‍
ഒരിക്കല്‍ക്കൂടി പിടയുന്നത്‌
കാണാന്‍ കഴിയും,അന്നേരവും!

Thursday, June 21, 2007

വാടിക്കരിഞ്ഞൊരു ചെമ്പനീര്‍പ്പൂവ് (ഗാനം)



ഒരു ഗായികയെ, സംഗീ‍ത സംവിധായികയെ ബൂലോകത്തിനു പരിചയപ്പെടുത്തുന്നു, സംഗീത വര്‍മ്മ. നിരവധി ആല്‍ബങ്ങള്‍ക്കും ടെലിഫിലിമുകള്‍ക്കും സംഗീതമൊരുക്കിയ സംഗീത വര്‍മ്മ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചുരുക്കം വനിതകളിലൊരാളാണ്.
കൂടുതല്‍ വിവരങ്ങള്‍ ഇവിടെക്കാണാം.

ശിശുഎഴുതിയ ഒരു ഗാനത്തിന് ഈണംനല്‍കേണ്ട ദുര്യോഗം സംഗീത വര്‍മ്മക്കുണ്ടായി. ഒരാഗ്രഹത്തിനതിവിടെ പോസ്റ്റ് ചെയ്യുന്നു, നമ്മുടെ വരികള്‍ ആരെങ്കിലും ഈണം നല്‍കുകയെന്നതൊക്കെ അഭിമാനിക്കേണ്ട കാര്യമാണല്ലൊ?

വാടിക്കരിഞ്ഞൊരു ചെമ്പനീര്‍ പൂവിതില്‍...








കേള്‍ക്കാന്‍ കഴിയാത്തവര്‍
ഇവിടെ നിന്നും
ഡൌണ്‍ലോഡ് ചെയ്യുക

(Please right click and select save target as to play this song)

വാടിക്കരിഞ്ഞൊരു ചെമ്പനീര്‍ പൂവിതില്‍
ബാക്കിയുണ്ടിന്നും വസന്ത കാലം
അതിഗൂഢമുള്ളിലെ ചിപ്പിയില്‍ സൂക്ഷിപ്പൂ
മണമെന്നും മായാത്ത പുണ്യകാലം
മണമെന്നും മായാത്ത പുണ്യകാലം

ചിരികൊണ്ട് കദനങ്ങള്‍ മൂടിവയ്ക്കാനൊരു
സുരലോക മന്ത്രമുണ്ടെന്നില്‍
അഴലിന്റെ കയ്പുനീര്‍ ഞാന്‍ കുടിക്കുമ്പൊഴും
അറിയാതിരിക്കാന്‍ ശ്രമിച്ചിരുന്നു
നിങ്ങളറിയാതിരിക്കാന്‍ ശ്രമിച്ചിരുന്നു

ഇനിയെന്ന് കൂടണഞ്ഞീടും കിനാവുകള്‍ക്കൊരു-
മാത്രയെങ്കിലും പൂത്തുനില്‍ക്കാന്‍?
മണമുള്ള പൂക്കളില്‍ വന്നെത്തുമോയെന്റെ-
ചിരകാല സ്വപ്നത്തിന്‍ കളിവണ്ടുകള്‍
എന്റെ ചിരകാല സ്വപ്നത്തിന്‍ കളിവണ്ടുകള്‍!

Monday, June 04, 2007

തോരാത്തതെന്തീ മഴ!

തോരാത്തതെന്തീ മഴ?

പുകവിങ്ങി നിറയുന്നൊരമ്മതന്‍ കണ്ണുപോല്‍

‍തോരാത്തതെന്തീ മഴ?

അറിക നീ, ഇന്നു ഞാനച്ഛന്റെ

കൈപിടിച്ചകലേക്ക്‌ പോകുന്ന നേരം

വഴിവക്കില്‍ നിന്നെനിക്കിന്നലെ തുന്നിച്ച

പുതുവസ്‌ത്രമണിയുന്ന നേരം

'പരദേവത വന്നുതഴുകട്ടെ'യെന്നമ്മ

നെറുകയില്‍ മുകരുന്ന നേരം

നെടുകെപിളര്‍ന്നു മണക്കുകില്‍

പുതുഗന്ധ,മൊഴുകുന്ന പുസ്‌തകത്താളും

അരികില്‍ കിലുങ്ങും പളുങ്കുകള്‍

ചേര്‍ത്തൊരു പിടിയുള്ളൊരുടയുന്ന സ്ലെയിറ്റും

നിധിപോലെ നെഞ്ചോട്‌ ചേര്‍ത്തു ഞാന്‍ നില്‍ക്കെ

മുത്തശ്ശിതന്‍ മിഴികളും ജലതീര്‍ത്ഥമാകെ

പഴമകള്‍ കൈമാറി വന്ന കാല്‍പ്പെട്ടിതന്‍

‍ചെറിയൊരു കള്ളിതുറന്ന്

അതിനുള്ളിലെവിടെയൊ ഭദ്രമായ്‌ സൂക്ഷിച്ച

ചെറിയ പഞ്ചാംഗമെടുത്ത്‌

ശുഭയാത്ര ചെയ്യുവാന്‍ നേരമിതില്‍പ്പര

മിനിയില്ലയെന്നു ഗണിക്കെ

എവിടെനിന്നെത്തിനീ,നനയിക്കുവാനെന്റെ

മൃദുല മോഹങ്ങളെ കരയിക്കുവാന്‍?

അരുത്‌..ഇറ്റു നേരം നിലക്ക-

വന്നിട്ടു ഞാന്‍ ഒരുമാത്ര നിന്നൊപ്പമെത്താം

ഒരുപാടു ഞാന്‍കൊതിക്കുന്നൊരെന്‍

‍ഭോജ്യങ്ങളൊക്കെയും കാഴ്ചവെച്ചീടാം

ഒരുപാട്‌ കെട്ടിമറിഞ്ഞതല്ലെ, നമ്മളൊ-

രുപാട്‌ ചേര്‍ന്നു നനഞ്ഞതല്ലെ

കടലാസു വഞ്ചി തുഴഞ്ഞു നിന്നൊപ്പ

മന്നൊരുപാടു നേരമിരുന്നതല്ലെ.

അറിയുക നീ നിലക്കാതെ പെയ്തീടുകിലൊ

രുമാത്രയച്ഛനും തേങ്ങും

ഒരുവേള നനയാതെയെന്നൊപ്പമെത്തുവാന-

വനില്ല ഒരുകുടക്കീഴ്‌

കുടവാങ്ങിനല്‍കുവാന്‍ കരുതിയതൊക്കെയും

അരി വാങ്ങുവാനായെടുത്തു

ഒരു വാഴയിലകൊണ്ടു കുടപിടിച്ചീടുവാന-

വനെത്ര ശീലമുണ്ടെന്നൊ!

കരയില്ല, ഇനിയെത്ര കലിതുള്ളിയാലും നീ

നനയുവാന്‍ ഞങ്ങള്‍ നിനച്ചൂ

തളരില്ല, വഴിനീ മുടക്കിയെന്നീടിലും

തളരുവാനാകില്ല തന്നെ!.

[സ്‌കൂളുകള്‍ തുറക്കുമ്പോള്‍ എന്നും മഴയെത്തും!, ആരൊ പറഞ്ഞേല്‍പ്പിച്ചതുപോലെ, കടമനിര്‍വ്വഹിക്കാനായി മഴ തോരാതെ പെയ്തുനില്‍ക്കും, ഇങ്ങനെ ഒരുമഴക്കാലത്തായിരുന്നല്ലൊ ഞാനും ആദ്യമായി അച്ഛന്റെ കൈപിടിച്ച്‌ സ്‌കൂളിലേക്ക്‌ പോയിരുന്നതെന്നോര്‍ത്തു പോകുന്നു,കുടചൂടി അന്നൊന്നും സ്‌കൂളില്‍ പോയിരുന്നില്ല, ഒന്നുകില്‍ വാഴയില കൊണ്ട്‌ കുടപിടിച്ചും അല്ലെങ്കില്‍ ചേമ്പില കൊണ്ട്‌ നനയാന്‍ വേണ്ടി മറപിടിച്ചും ആയിരുന്നു പോയിരുന്നത്‌, അതൊക്കെ ഒരു കൗതുകത്തിനോര്‍ത്തുപോകുന്നു]

Monday, May 21, 2007

ഹര്‍ഷ ബാഷ്പം തൂകി (ഒരു പാട്ട്)

കലികാലത്തിലാരും കവിതയെഴുതുമെന്നായിരുന്നു അശരീരി. അതുകൊണ്ട്‌ ഞാനും കവിതയെഴുതി അശരീരികള്‍ സത്യമാണെന്നു തെളിയിച്ചു. കഴുതപോലും പടുപാട്ടുപാടുമെന്ന പുതിയ അശരീരിയില്‍ എനിക്ക്‌ വെറുതെയിരിക്ക വയ്യ!. അങ്ങനെയെങ്കിലും അശരീരികള്‍ സത്യമാണെന്ന തിരിച്ചറിവെല്ലാവര്‍ക്കുമുണ്ടാകട്ടെ!.

ഹര്‍ഷ ബാഷ്പം തൂകി,
വര്‍ഷ പഞ്ചമി വന്നു..

രചന:-?
സംഗീതം:-ദ്ക്ഷിണാമൂര്‍ത്തി സ്വാമി
പാടിയത്‌:- ജയചന്ദ്രന്‍









പ്ലെയര്‍ കേള്‍ക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇവിടെ നിന്നും ഡൌണ്‍ലോഡാം.
(Please right click and save target as to download this song)



കിരണെന്ന പാട്ടുകാരനെ പരിചയപ്പെട്ടിരുന്നില്ലെങ്കില്‍ ഞാനൊരിക്കലും ഈ അവിവേകത്തിനു മുതിരില്ലായിരുന്നു, . ഒരു വര്‍ഷത്തോളമായി “കൂള്‍ എഡിറ്റ് പ്രൊ“ എന്ന സോഫ്റ്റ്വെയര്‍ എനിക്ക് തന്നിട്ട്. തനിയെ നിരന്തരം ശ്രമിച്ചിട്ടും അതില്‍ കരൊക്കെ ലോഡ് ചെയ്യാന്‍ സാധിക്കാതെ ഉപേക്ഷിക്കാന്‍ തുനിയവെ വീണ്ടും കിരണിനെ വിളിച്ചു. ഉടനെ വന്നു ചില പൊടിക്കൈകള്‍. സംസാരമധ്യേ എന്നെപ്പോലെയുള്ള ശിശുക്കള്‍ക്കായി റിക്കോഡിംഗും അതിനുശേഷമുള്ള അപ്‌ലോഡിംഗും എങ്ങനെ ചെയ്യാം എന്നു പ്രതിപാദിക്കുന്ന ഒരു പോസ്റ്റിടുന്നതിനെപ്പറ്റി കിരണ്‍ എന്നോട് പറഞ്ഞിരുന്നു. ഇതെല്ലാം വളരെ സരളമായി വെബെക്സ് സോഫ്റ്റ്വെയര്‍ വഴി സ്ക്രീന്‍ ക്യാപ്ച്ചര്‍ ചെയ്തു കൊണ്ട് തയ്യാറാക്കിയ ഒരു വീഡിയോ പാഠം തന്നെ റെക്കോഡിംഗ്-മ്യൂസിക്ക് ബ്ലോഗിംഗ്-ചെറുസഹായം എന്ന പോസ്റ്റില്‍ കിര‍ണ്‍ സാധ്യമാക്കി. എനിക്കുറപ്പുണ്ട്, ഇത് പലര്‍ക്കും പ്രചോദനമാകും എന്ന്.

എന്റെ ഈ പരീക്ഷണം പോസ്റ്റുചെയ്തുകാണണമെന്നു കിരണിനാഗ്രഹമുണ്ടായതുകൊണ്ടാണ് ഞാനിതുപോസ്റ്റ് ചെയ്തത്. എന്നോട് കാട്ടിയ സൌമനസ്യത്തിന്റെ കാല്‍ക്കല്‍ ഈ ഗാനം ഗുരുദക്ഷിണയായി സമര്‍പ്പിച്ചുകൊള്ളുന്നു. ഗുരുദക്ഷിണ അവഹേളനമായി അധ:പതിച്ചെങ്കില്‍ എന്റെ കണ്ഠനാളം തന്നെ ദക്ഷിണയായി സ്വീകരിച്ചുകൊള്ളുക.

Monday, May 14, 2007

മനസ്സ്

ഒഴിഞ്ഞ
പത്തായങ്ങളില്‍
ചുണ്ടെലികള്‍
ചുരണ്ടിവന്നെത്തും
നിറഞ്ഞ അടിത്തട്ടുകളില്‍
ഉപ്പിന്റെ നനവൊട്ടിനില്‍ക്കും
ഇരുണ്ട നിഗൂഢതകളില്‍
കാറ്റിന്റെ മണം
തേടിവന്നെത്തും

അതുകൊണ്ട്‌..
എല്ലാം ഒളിപ്പിച്ചു വയ്കാന്‍
എനിക്കൊരിടമുണ്ട്‌.

ബാപ്പുവിനു കൊടുത്ത
ഉണ്ടയും
ബുദ്ധന്റെ ചിരിയും
അതിരില്‍ തീര്‍ത്ത
വേലിയും
തെക്കേലെ
സുഭദ്രചേച്ചിയുടെ
വീട്ടുമുറ്റത്ത്‌
കുഴിച്ചിട്ട
കോഴിമുട്ടയും
ഇവിടെ വച്ചാണ്‌
ഞാന്‍
‍വിരിയിച്ചെടുത്തത്‌

എന്റെ നേര്‍ക്ക്‌
കൈ നീട്ടരുത്‌
ചിരിക്കുകയുമരുത്‌

ഒരു ഹസ്തദാനത്തിലും
ഒരു പുഞ്ചിരിയിലും
യുദ്ധങ്ങളൊഴിഞ്ഞു
പോയേക്കും.

Thursday, May 03, 2007

വെറുതെ ചില ചോദ്യങ്ങള്‍

വിരിയുന്നതെന്തിനീ പൂവുകള്‍-അവസാന,
കരുണതന്‍ കണികയും വറ്റിയെങ്കില്‍?

അടരുന്നതെന്തിനീ കായുകള്‍, മണ്ണിതി
ലൊരു ജീവമന്ത്രമില്ലെങ്കില്‍ ?

പുലരുന്നതെന്തിനീ രാവുകള്‍
ജീവിത മിരുള്‍മാത്രമായിരുന്നെങ്കില്‍?

തിള ച്ചുരുകുന്നതെന്തിനീ സൂര്യന്‍,
ജീവനണയാതെ കാക്കുവാനല്ലയെങ്കില്‍?

തഴുകുന്നതെന്തിനീ തെന്നല്‍?, ഉണങ്ങാത്ത
മുറിവൊക്കെ മാറ്റുവാനല്ലയെങ്കില്‍?

കുയില്‍ വന്നു പാടുന്നതെന്തിനായ്‌
കുഞ്ഞിന്ന് സ്വരശുദ്ധി നല്‍കുവാനല്ലയെങ്കില്‍?

മയില്‍ പീലി നീര്‍ത്തുന്നതെന്തിനായ്‌
മാനത്തു മഴവില്ലു വിരിയിക്കാനല്ലയെങ്കില്‍?

പുതു മഴപെയ്തു നിറയുന്നതെന്തിനായ്‌
ഭൂമിതന്‍ കറയൊക്കെ കഴുകുവാനല്ലയെങ്കില്‍?

പുഴ പാടിയൊഴുകുന്നതെന്തിനായ്‌-
അനര്‍ഗ്ഗളം-, സ്വയശുദ്ധി ചെയ്യുവാനല്ലയെങ്കില്‍?

കടലേറ്റുവാങ്ങുന്നതെന്തിനീ കൈവഴികള്‍
ഒരുമിച്ചു ശക്തിയായ്‌ തീര്‍ന്നീടുവാന്‍?

തിരയോടിയെത്തുന്നതെന്തിനായ്‌, തീരത്തിന്‍
ചുടു ചുംബനങ്ങളില്‍ മധുരമില്ലേല്‍?

Wednesday, April 18, 2007

എളുപ്പമുള്ളതും പ്രയാസമുള്ളതും.

എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന പത്തു കാര്യങ്ങള്‍.

1. ആദര്‍ശങ്ങള്‍ പ്രസംഗിക്കുക.

2. സ്വയം മറന്നുകൊണ്ട്‌ ആരെയെങ്കിലും ഉപദേശിക്കുക.

3. എന്തിനും ഏതിനും സ്വയം ന്യായീകരണം കണ്ടെത്തുക.

4. നാം ആരാണെന്നും എന്താണെന്നും മറന്നുകൊണ്ട്‌ ആരെയെങ്കിലും വിമര്‍ശിക്കുക.

5. ആരുടേയും നന്മ ലവലേശവും കാണാതെ കുറ്റം മാത്രം കാണുക/പറയുക.

6. ആരോഗ്യത്തിനു ഹാനികരവും സദാചാരവിരുദ്ധവുമാണെന്ന്‌ പൂര്‍ണ്ണമായും അറിഞ്ഞുകൊണ്ടുതന്നെ കേവലം കൌതുകത്തിനായോ, ആരെയെങ്കിലും അനുകരിക്കാന്‍ വേണ്ടിയോ എന്തെങ്കിലും ശീലങ്ങള്‍ തുടങ്ങിവെക്കുക.

7. പൂര്‍ണ്ണമായും നിറവേറ്റുവാന്‍ കഴിയില്ലെന്നറിഞ്ഞുകൊണ്ടു തന്നെ എന്തും വാഗ്ദാനം ചെയ്യുക.

8. അജ്ഞത മറച്ചുവെക്കുവാന്‍വേണ്ടി ഏതുവിഷയത്തെപ്പറ്റിയും ആര്‍ക്കുമുന്നിലും അഭിപ്രായപ്രകടനം നടത്തുക.

9.സചേതനമോ അചേതനമോ ആയ എന്തിനെയും അതിന്റെ വിലയൊ മൂല്യമൊ മനസ്സിലാക്കാതെ നശിപ്പിക്കുക.

10. ഓരോ ദിവസവും ഒരു പുതിയ ആളാകുവാന്‍ തീരുമാനമെടുക്കുകയും അടുത്ത നിമിഷം തന്നെ അതുമറന്നുപോകുകയും ചെയ്യുക.

ചെയ്യുവാന്‍ പ്രയാസമുള്ള പത്ത്‌ കാര്യങ്ങള്‍.

1. ശരിയെന്നു തോന്നുന്ന ആദര്‍ശങ്ങള്‍ക്കനുസരിച്ച്‌ ഒരുദിവസമെങ്കിലും ജീവിക്കുക.

2. വാക്കും പ്രവര്‍ത്തിയും ഒന്നായിരിക്കുക.

3. കര്യമാത്രപ്രസക്തമായി അഭിപ്രായപ്രകടനം നടത്തുക.

4. സ്വന്തം തെറ്റുകുറ്റങ്ങള്‍ വേറൊരാള്‍ ചൂണ്ടിക്കാട്ടുന്നതിനു മുമ്പുതന്നെ തിരിച്ചറിയുക.

5. ആരുടെയും നല്ല വശം മാത്രം കാണുക/പറയുക.

6. കൌതുകത്തിനു വേണ്ടിയൊ, പ്രലോഭനങ്ങള്‍ക്കുവഴങ്ങിയൊ തുടങ്ങിവെച്ച ശീലങ്ങള്‍ സ്വയം തിരിച്ചറിഞ്ഞു നിര്‍ത്തുക.

7. ഒരു നല്ല കേള്‍വിക്കാരനായിരിക്കുക.

8. ജീവിതത്തില്‍ നാമേത്‌ മേഖലയില്‍ ശോഭിക്കുമെന്ന് സ്വന്തം വാസനകളെ മുന്‍ നിര്‍ത്തി സ്വയം തിരിച്ചറിയുക/അതിനനുസരിച്ച്‌ പ്രവര്‍ത്തിക്കുക.

9. ഓരോനിമിഷവും മനസ്സിലൂടെ കടന്നുപോയ്കൊണ്ടിരിക്കുന്ന ചിന്തകളെ സസൂക്ഷ്മം നോക്കിക്കാണുക.
10. സമൂഹത്തിലെ മിക്ക കൊള്ളരുതായ്മകള്‍ക്കും, അറിഞ്ഞൊ അറിയാതെയൊ, ഞാന്‍ കൂടി ഉത്തരവാദിയാണെന്ന സത്യം സമ്മതിക്കുക.

Monday, March 26, 2007

പാഴ്‌ മരസ്വപ്നങ്ങള്‍

ചെറുകാറ്റലപോലും താങ്ങുവാനാകാത്ത
കിഴവനാം പാഴ്മരമാകുന്നു ഞാന്‍
തടിപുഴുത്തിലകൊഴിഞ്ഞടവിയില്‍ ഞാന്‍വെറും
പഴയകാലങ്ങളുമോര്‍ത്ത്‌ നില്‍പ്പൂ.

പരിഹാസമേറെസ്സഹിച്ചു ഞാന്‍ നില്‍ക്കവെ
യൊരു മോചകന്നായ്‌ കൊതിച്ചുപോയി.
അവനേതുനാട്ടില്‍ പിറന്നുവോയെന്നുടെ
തരുശിഖരങ്ങളെ പൊന്നുചാര്‍ത്താന്‍!.

വരുമോനീ ഗായകാവൊരു പുല്ലാങ്കുഴലുമാ
യൊരുമാത്രയൊന്നെന്റെ നാട്ടിലേക്കും
ഒരു വേണുഗാനത്തിലെന്നുടെ സ്വപ്നങ്ങ-
ളറിയാതെ പൂത്തുവിടര്‍ന്നുപോകാം!!.

അറിയില്ലയൊരുപക്ഷെ,യന്നെന്റെ ചില്ലക-
ളൊരുമാത്ര കൂടി തളിര്‍ത്തിരിക്കാം!!
വിടചൊല്ലിപോയോരു പറവകള്‍ വീണ്ടു-
മെന്‍ശിഖരങ്ങളാകവേ കയ്യടക്കാം!!.

കിളിപാടും പാട്ടുകേട്ടറിയാതെ ചില്ലകള്‍
മുറതെറ്റി മൊട്ടുകള്‍ തീര്‍ത്തിരിക്കാം!!
അവയൊക്കെ പൂത്തുമധുചൂടിനില്‍ക്കില്ലേ
ഹൃദയം മറന്നു ഞാന്‍ നിന്നിടുമ്പോള്‍.

എവിടെ നിന്നറിയതെ മധുതേടി വണ്ടുകള്‍
‍കൊതിയരായാര്‍ത്തലച്ചെത്തിടുമ്പോള്‍
നവ യൌവ്വനത്തിന്റെ തേനിറ്റുനല്‍കുവാന്‍
ഒരുവേള ഞാന്‍ ചിലതോര്‍ത്തുപോകാം.

(ഓര്‍ത്തുപോകുന്നു ഞാന്‍, തേനറതേടുവോ-
രെന്നുടെ സ്വപ്നങ്ങളൂറ്റിക്കുടിക്കയാണാ-
യിരമായിരം പൂവുകള്‍ക്കുള്ളിലെ
പൊന്നും വിശുദ്ധിയുമൂറ്റുകയാണവര്‍)

അവര്‍ മൂളിപാട്ടുമായ്‌ സ്വപ്നങ്ങള്‍കവരവെ
ഗതിമുട്ടി കൈകൂപ്പി കേണുപോകാം.
ഒരുനിര്‍വൃതിപോലും നുകരുവാനാകാതെ
അവര്‍നല്‍കും ബീജങ്ങളേറ്റുവാങ്ങാം

പാപത്തിന്‍ വിത്തുകളുള്ളിലെ തീയില്‍ വെ-
ച്ചുരുകി സ്ഫുടംചെയ്തു ശുദ്ധമാക്കും
അവ പിന്നെ ഗര്‍ഭപാത്രത്തില്‍ തപസ്സുചെ
യ്തറിവുംവെളിച്ചവും സ്വന്തമാക്കും.

അവയെ ഞാന്‍ നോവും കിനാവും നിവേദിച്ച്‌
തല മുറ പോറ്റുവാന്‍ പാകമാക്കും
ഒടുവിലെന്‍ പിടിവിട്ടു താഴേക്കു നിപതിച്ചു
പുനര്‍ജ്ജനിയായി ഞാന്‍ മുക്തിനേടും

ആഹാ! വെറുതെ കിനാവു കാണുന്നു ഞാ-
നൊന്നുമൊരിക്കലുമാകില്ലയെങ്കിലും.
ഇന്നുമെന്‍ തായ്‌ വേരു ജീര്‍ ണ്ണിച്ചിരിക്കുന്നു-
യെന്‍ തരുശിഖരങ്ങള്‍ നഗ്നങ്ങളും.

എങ്കിലുംഗായകാ നിന്മന്ത്രവേണുവിന്‍
നാദമെന്‍ ചില്ലയില്‍ പൂക്കളാകാം!!
ചിതല്‍തിന്നുതീര്‍ത്തൊരെന്‍ സ്വപ്നങ്ങളൊക്കെയു
മൊരുമാത്രകൂടി തളിര്‍ത്തിരിക്കാം!!.

Monday, March 05, 2007

yahoo-വിനെതിരെ പ്രതിഷേധിക്കുന്നു


yahoo വിന്റെ മോഷണത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. March-5 yahoo വിനെതിരെയുള്ള ബൂലോഗ കൂട്ടായ്മയില്‍ ശിശുവും അണിചേരുന്നു


(Logo courtesy: Haree)

Yahoo!India (Malayalam), please do not lift contents from Malayalam blogs without prior consent. We protest against the content lifting by Yahoo!India Malayalam Portal from many malayalam individual blogs.----
Links:
1. ബ്ലോഗ് കോപ്പിയടിവിരുദ്ധദിനം
2. കറിവേപ്പില - സൂര്യഗായത്രി
3. ഇഞ്ചിമാങ്ങ - ഇഞ്ചിപ്പെണ്ണ്
4. Bloggers protest on March 5th 2007 against Yahoo!
5. Indian Bloggers Enraged at Yahoo! India’s Plagiarism
6. If it were… - സിബു
7. ഞങ്ങള്‍ പ്രതിഷേധിക്കുന്നു (Bloggers Protest)

Monday, January 01, 2007

ഞങ്ങളുടെ പ്രിയന്‍.



ഇത്‌ ശിശുവിന്റെ ശിശുവായ പ്രിയനന്ദന്‍. ജനുവരി മൂന്നിന്‌ ഒന്നാം പിറന്നാള്‍ ആഘോഷിക്കാനൊരുങ്ങുന്ന ഞങ്ങളുടെ പ്രിയന്‍.

ബൂലോകത്തെ എല്ലാവര്‍ക്കും ശിശുവിന്റെ നവവത്സരാശംസകള്‍..