Thursday, June 21, 2007

വാടിക്കരിഞ്ഞൊരു ചെമ്പനീര്‍പ്പൂവ് (ഗാനം)



ഒരു ഗായികയെ, സംഗീ‍ത സംവിധായികയെ ബൂലോകത്തിനു പരിചയപ്പെടുത്തുന്നു, സംഗീത വര്‍മ്മ. നിരവധി ആല്‍ബങ്ങള്‍ക്കും ടെലിഫിലിമുകള്‍ക്കും സംഗീതമൊരുക്കിയ സംഗീത വര്‍മ്മ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചുരുക്കം വനിതകളിലൊരാളാണ്.
കൂടുതല്‍ വിവരങ്ങള്‍ ഇവിടെക്കാണാം.

ശിശുഎഴുതിയ ഒരു ഗാനത്തിന് ഈണംനല്‍കേണ്ട ദുര്യോഗം സംഗീത വര്‍മ്മക്കുണ്ടായി. ഒരാഗ്രഹത്തിനതിവിടെ പോസ്റ്റ് ചെയ്യുന്നു, നമ്മുടെ വരികള്‍ ആരെങ്കിലും ഈണം നല്‍കുകയെന്നതൊക്കെ അഭിമാനിക്കേണ്ട കാര്യമാണല്ലൊ?

വാടിക്കരിഞ്ഞൊരു ചെമ്പനീര്‍ പൂവിതില്‍...








കേള്‍ക്കാന്‍ കഴിയാത്തവര്‍
ഇവിടെ നിന്നും
ഡൌണ്‍ലോഡ് ചെയ്യുക

(Please right click and select save target as to play this song)

വാടിക്കരിഞ്ഞൊരു ചെമ്പനീര്‍ പൂവിതില്‍
ബാക്കിയുണ്ടിന്നും വസന്ത കാലം
അതിഗൂഢമുള്ളിലെ ചിപ്പിയില്‍ സൂക്ഷിപ്പൂ
മണമെന്നും മായാത്ത പുണ്യകാലം
മണമെന്നും മായാത്ത പുണ്യകാലം

ചിരികൊണ്ട് കദനങ്ങള്‍ മൂടിവയ്ക്കാനൊരു
സുരലോക മന്ത്രമുണ്ടെന്നില്‍
അഴലിന്റെ കയ്പുനീര്‍ ഞാന്‍ കുടിക്കുമ്പൊഴും
അറിയാതിരിക്കാന്‍ ശ്രമിച്ചിരുന്നു
നിങ്ങളറിയാതിരിക്കാന്‍ ശ്രമിച്ചിരുന്നു

ഇനിയെന്ന് കൂടണഞ്ഞീടും കിനാവുകള്‍ക്കൊരു-
മാത്രയെങ്കിലും പൂത്തുനില്‍ക്കാന്‍?
മണമുള്ള പൂക്കളില്‍ വന്നെത്തുമോയെന്റെ-
ചിരകാല സ്വപ്നത്തിന്‍ കളിവണ്ടുകള്‍
എന്റെ ചിരകാല സ്വപ്നത്തിന്‍ കളിവണ്ടുകള്‍!

Monday, June 04, 2007

തോരാത്തതെന്തീ മഴ!

തോരാത്തതെന്തീ മഴ?

പുകവിങ്ങി നിറയുന്നൊരമ്മതന്‍ കണ്ണുപോല്‍

‍തോരാത്തതെന്തീ മഴ?

അറിക നീ, ഇന്നു ഞാനച്ഛന്റെ

കൈപിടിച്ചകലേക്ക്‌ പോകുന്ന നേരം

വഴിവക്കില്‍ നിന്നെനിക്കിന്നലെ തുന്നിച്ച

പുതുവസ്‌ത്രമണിയുന്ന നേരം

'പരദേവത വന്നുതഴുകട്ടെ'യെന്നമ്മ

നെറുകയില്‍ മുകരുന്ന നേരം

നെടുകെപിളര്‍ന്നു മണക്കുകില്‍

പുതുഗന്ധ,മൊഴുകുന്ന പുസ്‌തകത്താളും

അരികില്‍ കിലുങ്ങും പളുങ്കുകള്‍

ചേര്‍ത്തൊരു പിടിയുള്ളൊരുടയുന്ന സ്ലെയിറ്റും

നിധിപോലെ നെഞ്ചോട്‌ ചേര്‍ത്തു ഞാന്‍ നില്‍ക്കെ

മുത്തശ്ശിതന്‍ മിഴികളും ജലതീര്‍ത്ഥമാകെ

പഴമകള്‍ കൈമാറി വന്ന കാല്‍പ്പെട്ടിതന്‍

‍ചെറിയൊരു കള്ളിതുറന്ന്

അതിനുള്ളിലെവിടെയൊ ഭദ്രമായ്‌ സൂക്ഷിച്ച

ചെറിയ പഞ്ചാംഗമെടുത്ത്‌

ശുഭയാത്ര ചെയ്യുവാന്‍ നേരമിതില്‍പ്പര

മിനിയില്ലയെന്നു ഗണിക്കെ

എവിടെനിന്നെത്തിനീ,നനയിക്കുവാനെന്റെ

മൃദുല മോഹങ്ങളെ കരയിക്കുവാന്‍?

അരുത്‌..ഇറ്റു നേരം നിലക്ക-

വന്നിട്ടു ഞാന്‍ ഒരുമാത്ര നിന്നൊപ്പമെത്താം

ഒരുപാടു ഞാന്‍കൊതിക്കുന്നൊരെന്‍

‍ഭോജ്യങ്ങളൊക്കെയും കാഴ്ചവെച്ചീടാം

ഒരുപാട്‌ കെട്ടിമറിഞ്ഞതല്ലെ, നമ്മളൊ-

രുപാട്‌ ചേര്‍ന്നു നനഞ്ഞതല്ലെ

കടലാസു വഞ്ചി തുഴഞ്ഞു നിന്നൊപ്പ

മന്നൊരുപാടു നേരമിരുന്നതല്ലെ.

അറിയുക നീ നിലക്കാതെ പെയ്തീടുകിലൊ

രുമാത്രയച്ഛനും തേങ്ങും

ഒരുവേള നനയാതെയെന്നൊപ്പമെത്തുവാന-

വനില്ല ഒരുകുടക്കീഴ്‌

കുടവാങ്ങിനല്‍കുവാന്‍ കരുതിയതൊക്കെയും

അരി വാങ്ങുവാനായെടുത്തു

ഒരു വാഴയിലകൊണ്ടു കുടപിടിച്ചീടുവാന-

വനെത്ര ശീലമുണ്ടെന്നൊ!

കരയില്ല, ഇനിയെത്ര കലിതുള്ളിയാലും നീ

നനയുവാന്‍ ഞങ്ങള്‍ നിനച്ചൂ

തളരില്ല, വഴിനീ മുടക്കിയെന്നീടിലും

തളരുവാനാകില്ല തന്നെ!.

[സ്‌കൂളുകള്‍ തുറക്കുമ്പോള്‍ എന്നും മഴയെത്തും!, ആരൊ പറഞ്ഞേല്‍പ്പിച്ചതുപോലെ, കടമനിര്‍വ്വഹിക്കാനായി മഴ തോരാതെ പെയ്തുനില്‍ക്കും, ഇങ്ങനെ ഒരുമഴക്കാലത്തായിരുന്നല്ലൊ ഞാനും ആദ്യമായി അച്ഛന്റെ കൈപിടിച്ച്‌ സ്‌കൂളിലേക്ക്‌ പോയിരുന്നതെന്നോര്‍ത്തു പോകുന്നു,കുടചൂടി അന്നൊന്നും സ്‌കൂളില്‍ പോയിരുന്നില്ല, ഒന്നുകില്‍ വാഴയില കൊണ്ട്‌ കുടപിടിച്ചും അല്ലെങ്കില്‍ ചേമ്പില കൊണ്ട്‌ നനയാന്‍ വേണ്ടി മറപിടിച്ചും ആയിരുന്നു പോയിരുന്നത്‌, അതൊക്കെ ഒരു കൗതുകത്തിനോര്‍ത്തുപോകുന്നു]