Monday, October 15, 2007

കൊതുകുകള്‍.


പ്രതിരോധിക്കാന്‍
കഴിവില്ലാത്തവരെ മാത്രമല്ല
പുലഭ്യം പറഞ്ഞ്‌,
കയ്യോങ്ങി ആട്ടിയോടിക്കാന്‍
കഴിവുള്ളവരെയും
പതുങ്ങിവന്ന് കുത്തും
ചെവിയിലൊരു
മുരളുന്ന മുദ്രാവാക്യം.
മയങ്ങിയില്ലെങ്കില്‍,
ഇരുട്ടിലൂടെ പതുങ്ങിവന്ന്
വിഷം മുക്കിയ സൂചികളാല്‍
പരാഗരേണുക്കള്‍
കുത്തിയിറക്കി കടന്നുപോകും.
അറിയുകയേയില്ല,
ഇന്ദ്രിയങ്ങള്‍ കണ്ണ്‍ പൂട്ടി
ഉറക്കമായിരിക്കുമപ്പോള്‍.

പിന്നെയെപ്പോഴോ
ഞരമ്പുകള്‍ പിടയും
പ്രത്യയശാസ്ത്രം ചൊറിയുന്നുവെന്ന്
ത്വക്ക്‌ മുന്നറിയിപ്പ്‌ തരും
തെളിമയുള്ള കാഴ്ചകളില്‍
പതിയെ ഇരുട്ടുവന്നുമൂടും.
തെളിമമാഞ്ഞ്‌
മലിനമാക്കപ്പെട്ട ചോരയുമായി
പിന്നെയെക്കാലവും
വിറച്ച്‌ പനിപിടിച്ച്‌
കിടക്കേണ്ടിവരും.

പലപ്പോഴും ഒന്നില്‍ക്കൂടുതല്‍
പേരുണ്ടാകും
വെറുതേ നിന്നുകൊടുക്കാനേ
കഴിയുകയുള്ളൂ
ദയനീയമായി കേണുനോക്കിയാലും
ഫലിക്കില്ല,
മതിയാകുവോളം ഊറ്റിക്കുടിച്ചേ
മടങ്ങുകയുള്ളൂ,
അപൂര്‍വ്വമായി കുടിച്ചു
വീര്‍ത്ത്‌ വഴിമറന്ന്
മയങ്ങിയിരിക്കുമ്പോള്‍
കണ്ണില്‍പ്പെട്ടിട്ടുണ്ട്‌.
പകല്‍വെളിച്ചത്തില്‍
പിടിക്കപ്പെട്ടവന്റെ ജാള്യതയോടെ
മുഖംമൂടിയണിയാന്‍
ശ്രമിക്കുന്നതിന്നിടയില്‍
വേണമെങ്കില്‍ ഞെരിച്ചുകൊല്ലാം
കരഞ്ഞുകാലുപിടിക്കുമപ്പോള്‍
പരിഹാസപ്പാട്ടും തോറ്റകളും
എവിടെപ്പോയെന്ന്
അതിശയിച്ചുപോകും
കരഞ്ഞുകൈകൂപ്പുന്നവരെ
കൊല്ലരുതെന്ന പാഴ്‌
വേദാന്തം ഒഴുകിവരുമപ്പോഴും!

ഉദരം പിളര്‍ന്ന് നോക്കിയാല്‍
ചോരയുടെ നിറമുള്ള
തെളിഞ്ഞ സ്വപ്നങ്ങള്‍
ഒരിക്കല്‍ക്കൂടി പിടയുന്നത്‌
കാണാന്‍ കഴിയും,അന്നേരവും!