Tuesday, November 13, 2007

സുഹൃത്തിനൊരു കത്ത്‌.

നിഴലുപോലുമകന്നൊരീ സന്ധ്യയി-
ലെരിയുമെന്‍മനം നീയറിയുന്നുവോ?
ഹൃദയരക്തംകുടിച്ചു പുളക്കുവാനൊ-
ഴുകിയെത്തുന്നൊരായിരം നോവുകള്‍!

പലരുമോടിവന്നീടുമെന്‍ ചുണ്ടിലെ
ചിരിപകുത്തെടുത്തൊപ്പമിരിക്കുവാന്‍
കനലുപോലെരിഞ്ഞുള്ളുപൊള്ളിക്കുമീ
കദനഭാരമതൊറ്റക്ക്‌ പേറണം!
പകരുമോവൊരു വാക്കെനിക്കിന്നു നീ
പകരമെങ്കില്‍ ഞാനെന്നെ പകുത്തിടാം
മരണമാകുന്നൊരീ മൗനമെത്രനാള്‍
വ്രണിതചിത്തനായ്‌ കോരിക്കുടിക്കണം?

അറിയുകില്ലേ നിനക്കെന്റെ നൊമ്പര
ക്കടല്‍ തിളക്കുന്നൊരുള്ളിലെ ചിന്തയെ?
ഹൃദയഭിത്തികള്‍ക്കുള്ളില്‍ കടന്നുനിന്‍
മിഴികള്‍വായിച്ചെടുത്ത ചിത്രങ്ങളെ!.
ചിതറിവീണൊരെന്‍ ഹൃത്തടംവാക്കിനാല്‍
തിരികെനല്‍കി നീ ജീവനേകീടവെ
ചിരപരിചിതമേതോ സ്മരണകള്‍
ജനിമൃതികളുംതാണ്ടിവന്നെത്തിടാം.

ഉലകില്‍വാഴ്‌വെത്രസങ്കീര്‍ണ്ണപൂര്‍ണ്ണമാണു-
യിരുതാങ്ങലൊന്നല്ലതിന്‍ സാര,മന്നി-
തുനിനക്കെത്ര ബോധമുണ്ടാകണ,മതു-
നിമിത്തമോ നാംപിരിഞ്ഞീവിധം?
അകലെയെങ്കിലും കാണാത്തതെന്തുനീ
അലറിയെത്തുമീ പടയൊരുക്കങ്ങളെ?
പലവശങ്ങളില്‍ നിന്നവരൊന്നുപോല്‍
പൊരുതിയെത്തവെ എന്നൊപ്പമെത്തുമോ?
അനുജനാണിവന്‍,നീകൈപിടിക്കുകില്‍
ചുവടുറപ്പിച്ചു ഞാന്‍ നടന്നെത്തിടും
കുടിലതന്ത്രങ്ങള്‍ മുള്ളുകള്‍ പാകുമീ
കഠിനയാത്രയില്‍ കൂട്ടില്ലവേറൊരാള്‍.
ചപലമാകുമെന്‍ മാനസത്തേര്‍തെളിച്ച-
രനിമിഷമെന്‍ സാരഥിയാകുമോ?
വഴിയില്‍ ഞാന്‍പകച്ചൊന്നുനിന്നീടുകില്‍
ഒരുസ്മിതത്തിനാല്‍ ഗീതചൊല്ലീടുമൊ?

പരിചയംകൊണ്ടുനീ വിരിയിക്കുമാ
പരമസത്യപ്രകാശസ്മിതത്തിനാല്‍
തഴുകിമുഗ്ദം മുകര്‍ന്നുനിന്നീടുകില്‍
കനലിനുള്ളിലും നീരൂറിനിന്നിടും!

[എന്നിലെ എന്നെക്കാട്ടിത്തന്ന നല്ലവനായ സുഹൃത്തിന്‌ സ്നേഹപൂര്‍വ്വം..]