Monday, August 03, 2009

വീണാവാദിനി.

വീണാവാദിനീ, നിന്‍‌തിരുമുന്നിലെന്‍
ജീവന്റെ വീണ വയ്ക്കുന്നു
സ്വരമൊന്നു പാടാന്‍ കൊതിക്കുമെന്‍ തന്ത്രികള്‍
ശ്രുതിചേര്‍ത്തു നീ തരില്ലെ
ജീവനില്‍ സ്വരമായ് നിറയുകില്ലെ.

(വീണാവാദിനീ..

പടുതിരികത്തുമീ ചെറുദീപമെത്രനാള്‍
അണയാതെ കാത്തിടും ഞാന്‍
ദേവീ, അണയാതെ കാത്തിടും ഞാന്‍
ഒരു സൂര്യപ്രഭചൊരിഞ്ഞെന്നില്‍ നീ നിത്യവും
അറിവിന്റെ ദീപമാകൂ
ജീവനില്‍ അമരത്വമേകിടു നീ

(വീണാവാദിനീ

കരളില്‍ കളങ്കമില്ലാതെയായ് തീരുവാന്‍
കനിവെനിക്കേകേണമെ
അമ്മെ കനിവെനിക്കേകേണമെ
ഇരുള്‍ വന്നുമൂടിയെന്‍ ഇരുകണ്ണുമടയവെ
അകക്കണ്ണു നീ തുറക്കൂ
എന്നുടെ അകക്കണ്ണു നീ തുറക്കൂ.

(വീണാവാദിനീ..

[വിജയദശമി നാളില്‍ സരസ്വതിയെ സ്തുതിച്ചുകൊണ്ട് ഒരു ഗാനമെഴുതി തരാമൊ എന്ന് ചോദിച്ച സുഹൃത്തിനുവേണ്ടി എഴുതിക്കൊടുത്തത്.. ആകാശവാണിയില്‍ എന്തൊ പരിപാടിക്ക് വേണ്ടിയായിരുന്നു സുഹൃത്ത് അന്നത് ചോദിച്ചിരുന്നത്. പിന്നീട് ഇതിനെന്തുപറ്റി എന്നെനിക്കറിയില്ല..പൊടിപിടിച്ചുകിടക്കുന്ന ബ്ലോഗില്‍ ഒരു പോസ്റ്റായിക്കോട്ടെ എന്ന് കരുതി പോസ്റ്റുന്നു.]

Tuesday, April 21, 2009

ഒരു വാക്കും പല അര്‍ത്ഥങ്ങളും.

കുട്ടിക്കാലത്ത്‌ ആരോ പറഞ്ഞുകേട്ട ഒരു കഥയുണ്ട്‌.

രോഗശയ്യയിലായ ഒരു പിതാവ്‌ തന്റെ രണ്ട്‌ ആണ്മക്കളെയും ഒന്ന്‌ പരീക്ഷിക്കുവാൻ തീരുമാനിക്കുന്നു.തന്റെ കാലശേഷം അവരിരുവരും എങ്ങനെ ജീവിതത്തെ നോക്കിക്കണും അതിനവർ എത്രമാത്രം പ്രാപ്തരാണ്‌ എന്നൊക്കെ ഒന്ന്‌ പരീക്ഷിച്ചറിയുവാൻ അദ്ദേഹം തീരുമാനിച്ചു. അവരുടെ ബുദ്ധി, ജീവിതാവബോധം എന്നിവയൊക്കെ ബോധ്യപ്പെടുവാനുതകുന്ന ഒരു പരീക്ഷണത്തിനായി അദ്ദേഹം തന്റെ രണ്ടാണ്മക്കളേയും വിളിപ്പിച്ചു. രണ്ട്പേർക്കും ഓരോ നിശ്ചിതതുക കൊടുത്തു. അവരവർക്ക്‌ കിട്ടിയ തുകമാത്രം ഉപയോഗിച്ച്‌ ഓരോരുത്തരും അവരവരുടെ മുറികൾ നിറക്കുക.ഒരുദിവസമാണ്‌ പരീക്ഷണകാലാവധി. കുറഞ്ഞതുകകൊണ്ട്‌ തന്റെ മുറി കൂടുതൽ നിറക്കാൻ കഴിഞ്ഞ ആൾ വിജയി. അവനാകും തന്റെ സ്വത്തുക്കൾക്കവകാശി! മുറിനിറക്കുന്നതിനായി എന്ത്‌ വസ്തുവും ഉപയോഗിക്കാം. അതിനായി ആവശ്യമായതെന്തും സംഘടിപ്പിക്കുവാൻ താൻ കൊടുത്ത കാശ്‌ മാത്രമെ ഉപയോഗിക്കുവാൻ പടുള്ളൂ എന്നവ്യവസ്ഥ, പക്ഷെ നിർബന്ധം.

രണ്ട്‌ മക്കളും അച്ഛനേൽപ്പിച്ച കാശും വാങ്ങി അന്യോന്യമൊന്നും പറയാതെ യാത്രയായി. രണ്ടുപേരുടേയും മനസ്സുകളിൽ അച്ഛൻ നടത്താൻ പോകുന്ന വിചിത്രമായ പരീക്ഷണത്തെപ്പറ്റിയായിരുന്നു ചിന്ത. തങ്ങളുടെ കൈകളിലേൽപ്പിച്ച തുശ്ചമായ തുകകൊണ്ട്‌ എങ്ങനെ ഒരു മുറിനിറക്കും? എന്ത്‌ വിലകുറഞ്ഞ വസ്തു അതിനായി ലഭ്യമാകും? അതെവിടെ ലഭിക്കും തുടങ്ങി പലവിധചിന്തകളാൽ അവർ കുഴങ്ങി. ചിന്തിക്കുവാൻ സമയം അധികമില്ല. ഒരുദിവസം മാത്രമാണിനി അവശേഷിക്കുന്നത്‌. അതാകട്ടെ പരീക്ഷണത്തിനുള്ള കാശ്‌ സ്വീകരിച്ച നിമിഷം തൊട്ട്‌ തുടങ്ങുകയും ചെയ്തിരിക്കുന്നു.

രണ്ട്പേരും രണ്ട്‌ വഴിക്ക്‌ തിരിഞ്ഞു. ഒരാൾ ഒരു മരഛായയിൽ ചിന്തയിലാണ്ടിരുന്നു.യാതൊരു തിടുക്കവും തന്റെ പ്രവർത്തിയിൽ കാണിക്കാതെ, തെളിഞ്ഞ ചിന്തകൾക്കായി അവൻ കണ്ണടച്ച്‌ മരച്ചുവട്ടിലിരുന്നു. മറ്റെയാൾ മരച്ചുവട്ടിലിരുന്ന്‌ വൃഥാ സമയം പാഴാക്കുന്ന തന്റെ സഹോദരനെക്കുറിച്ചോർത്ത്‌ ഒരു ഗൂഢമന്ദസ്മിതവുമായി വേഗം നടന്നു. താൻ തന്നെ പരീക്ഷണത്തിൽ വിജയിക്കുമെന്നവന്‌ ദൃഢനിശ്ചയമുണ്ടായിരുന്നു. അപരൻ പ്രവർത്തിക്കാതെ മരഛായയിൽ വിശ്രമം കൊള്ളുന്നത്‌ അവനിൽ ആത്മവിശ്വാസം കൂട്ടി. ഏറ്റവും ചിലവുകുറഞ്ഞ വസ്തു തിരയുന്നതിൽ, അത്‌ സമ്പാദിക്കുന്നതിൽ ഒക്കെ മറ്റെയാൾ ഒരു തടസ്സമാകില്ലല്ലോ എന്ന ചിന്ത അവനെ കൂടുതൽ കൂടുതൽ സന്തോഷവാനാക്കി.

പരീക്ഷണം അവസാനിപ്പിക്കാനുള്ള സമയമായി. രണ്ടുപേരുടേയും മുറികൾ പരിശോധിക്കുവാനായി അച്ഛനെത്തി. ആദ്യത്തെയാൾ അപ്പോഴും ജോലിചെയ്ത്‌ വിയർത്തൊലിച്ചവശനായി കിതച്ചുകൊണ്ട്‌ തന്റെ മുറി അച്ഛനുമുന്നിൽ തുറന്നു. അതീവദുർഗന്ധപൂരിതമെങ്കിലും അച്ഛൻ നിർദ്ദേശിച്ചതുപോലെ തന്നെ മുറി അവൻ "നിറ"ച്ചിട്ടുണ്ട്‌. പട്ടണത്തിൽനിന്നും ലഭ്യമായ എല്ലാ എച്ചിലിലകളും മറ്റ്‌ പാഴ്‌വസ്തുക്കളും ഒരുന്തുവണ്ടിയിൽ കഴിഞ്ഞ ഒരുദിവസമായി അവൻ തന്റെ മുറിയിലെത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. തന്റെ മുറി പരമാവധി"നിറക്കാൻ" അവനു സാധിച്ചിരിക്കുന്നു. അച്ഛൻ കൊടുത്ത കാശ്‌ പൂർണ്ണമായും അവൻ ചിലവാക്കിയിട്ടുമില്ല. അതിലിനിയും മിച്ചമുണ്ട്താനും. തെല്ലൊരഭിമാനത്തോടെ അവൻ അച്ഛനുമുന്നിൽ നിന്നു. അച്ഛൻ രണ്ടാമത്തെ മുറിയുടെ വാതിൽക്കലെത്തി.അച്ഛന്റെ സന്ദർശനത്തിനു രണ്ട്‌ മണിക്കൂറുകൾക്ക്‌ മുന്നെവരെ ഒന്നും ചെയ്യാതെ, നടക്കാൻ പോകുന്ന പരീക്ഷണത്തെക്കുറിച്ച്‌ ആശങ്കപ്പെടാതെ മരഛായയിൽ വിശ്രമിച്ചുകൊണ്ടിരുന്ന രണ്ടാമത്തെ മകന്റെ ഊഴമായിരുന്നു അടുത്തത്‌. ആദ്യത്തേതിൽനിന്നും വ്യത്യസ്തമായി സുഗന്ധം അദ്ദേഹത്തെയെതിരേറ്റു. മുറിതുറന്ന്‌ രണ്ടാമത്തെമകൻ ഒതുങ്ങിമാറിനിന്നു. . പൂക്കൾകൊണ്ട്‌ മനോഹരമായി അലങ്കരിച്ച മുറിയിൽ ഏഴുതിരികളെരിയുന്ന ഒരു നിലവിളക്ക്‌ പ്രകാശം പരത്തി നിന്നു. മുറിനിറഞ്ഞുനിൽക്കുന്ന ധൂമസുഗന്ധം!! മറ്റൊന്നും ആ മുറിയിലുണ്ടായിരുന്നില്ല. പ്രകാശം പരത്തി ധൂമസുഗന്ധം നിറഞ്ഞ്‌ നിൽക്കുന്ന മുറിയിൽ "നിറക്കുക" എന്ന അച്ഛന്റെ നിർദ്ദേശം ആലങ്കാരികമായി മാത്രം രണ്ടാമൻ നിർവഹിച്ചിരിക്കുന്നു.

കഥാന്ത്യവും, ആരുവിജയിയായി അച്ഛന്റെ സ്വത്തുക്കൾക്കവകാശിയായി എന്നതും നമുക്കിവിടെ ഉപേക്ഷിക്കാം.മറിച്ച്‌ തങ്ങളിലേൽപ്പിക്കപ്പെട്ട പരീക്ഷണത്തിൽ വിജയിക്കുവാൻ വ്യത്യസ്തമായ രണ്ടൂ മാർഗ്ഗങ്ങളവതരിപ്പിച്ച ആ ആണ്മക്കളെക്കുറിച്ച്‌ ചിന്തിക്കാം. എന്തുകൊണ്ടവർ പരസ്പരവിരുദ്ധമായ രണ്ട്‌ മാർഗ്ഗങ്ങൾ തിരഞ്ഞെടുത്തു? ഒരേ ജീവിതസാഹചര്യങ്ങളിൽ വളരുകയും വളർത്തപ്പെടുകയും ചെയ്തവരാണെങ്കിലും ഒരേ ജീവിതപ്രശ്നത്തെ തരണം ചെയ്യുവാൻ അവരുപയോഗിച്ച മാർഗ്ഗങ്ങളിൽ യാതൊരു സാമീപ്യവും ദർശിക്കാൻ കഴിയാത്തതെന്തുകൊണ്ട്‌? ഒരാൾ ഊർജ്ജസ്വലതയുടെയും സദാ കർമ്മനിരതനാകുന്നതിന്റെയും ഉത്തമോദാഹരണം. അവൻ തന്നിലേൽപ്പിക്കപ്പെട്ട ദൗത്യം അതേറ്റെടുത്ത നിമിഷം മുതൽ അതിനുവേണ്ടി തന്നെതന്നെ അർപ്പിക്കുകയും തന്റേതായ മാർഗ്ഗത്തിലൂടെ നിറവേറ്റുകയും ചെയ്തവൻ. പ്രവർത്തിയിൽ വിശ്വസിക്കുന്നവൻ.ജീവിതം പ്രായോഗികമായി മാത്രം കാണുന്നവൻ! മറ്റെയാൾ, എന്താണ്‌ പ്രവർത്തിക്കേണ്ടത്‌, ആ പ്രവർത്തിക്ക്‌ എത്രസമയം ആവശ്യമുണ്ട്‌ എന്നൊക്കെ മനസ്സിലാക്കി ആ സമയം മാത്രം പ്രവർത്തി ചെയ്ത്‌, സർഗ്ഗാത്മകമായ ഒരു പ്രവർത്തിയുടെ പിന്നിൽ അത്രയുംതന്നെ സജീവമായ ചിന്തക്കും സ്ഥാനമുണ്ടെന്ന്‌ വിശ്വസിക്കുന്നവൻ.അതുകൊണ്ടുതന്നെ ആശയങ്ങൾക്ക്‌ പ്രാധാന്യം കൊടുക്കുന്നവൻ. ജീവിതം പ്രവൃത്തി മാത്രമല്ലെന്നും പ്രവൃത്തി ജീവിതത്തെ സുഗന്ധപൂർണ്ണമാക്കുവാനുള്ളതാണെന്നും കാണുന്നവൻ!!

നാമോരൊരുത്തരും സദാജാഗരൂകരായി നിരന്തരം പ്രവൃത്തിചെയ്തുകൊണ്ടേയിരിക്കുന്നു. ഓരോനിമിഷവും നിർണ്ണായകമാണെന്ന്‌ വിശ്വസിക്കുന്നു. നിമിഷങ്ങളെ മണിക്കൂറുകളായി വിഭജിച്ച്‌ കർത്തവ്യങ്ങളുമായി ബന്ധിപ്പിച്ച്‌ സദാ കർമ്മനിരതരാകുന്നു.കർത്തവ്യങ്ങൾ നിറവേറ്റുവാൻ സമയം തികയുന്നില്ലെന്ന്‌ സദാ വിലപിച്ചുകൊണ്ടിരിക്കുന്നു. ജീവിതം പ്രവൃത്തിമാത്രമാക്കി സദാ ഉന്തുവണ്ടി തള്ളിമുന്നേറുന്നു. പക്ഷെ, മനസ്സിലെ ഓരൊമുറിയും ദുർഗന്ധപൂരിതമായ്‌ കുമിഞ്ഞുകൂടുകയല്ലേ?.മലിനമായ പാഴ്‌വസ്തുക്കളാണ്‌ സ്വരൂപിച്ചുകൂട്ടുന്നതെന്ന്‌ തിരിച്ചറിയുന്നേയില്ല!തൊട്ടടുത്ത നിമിഷത്തിൽ നമ്മെ കാത്തിരിക്കുന്ന പരീക്ഷണമെത്രയും വേഗം ജയിക്കുവാനുള്ള ഉത്ക്കടമായ വ്യഗ്രതയൊന്നു മാത്രമേയുള്ളൂ. അപ്പോൾ തള്ളിമുന്നേറുന്ന ഉന്തുവണ്ടിയിൽ എന്താണ്‌ കുത്തിനിറച്ചിരിക്കുന്നതെന്നതുപോലും ഒരു നിമിഷം പരിശോധിക്കുവാൻ മറന്നുപോകുന്നു. ജയം മാത്രമാണ്‌ മനസ്സിൽ!.വെട്ടിപ്പിടിക്കുവാനും ജയിക്കാനുമുള്ള മത്സരമായിരിക്കുന്നു ജീവിതം. ആ മത്സരത്തിൽ ലക്ഷ്യം, ഒന്നാമതെത്തുക എന്നതുമാത്രമായി ചുരുങ്ങിപോകുന്നില്ലേ? മത്സരത്തിനായല്ലാതെയുള്ള ഒരു പരിശോധന ആവശ്യമാണ്‌.ഇതുവരെ വാരിവലിച്ചുകൂട്ടി സമ്പാദിച്ചുവച്ചിരിക്കുന്ന എല്ലാ ചപ്പുചവറുകളും പുറത്തെടുത്തിട്ട്‌ മനസ്സിൽ നിന്നും ദുർഗന്ധമൊഴിപ്പിക്കുക എന്ന ഭാരിച്ച ദൗത്യമാണുവേണ്ടത്‌. അതിന്‌ ഉൾക്കാഴ്ചയും തിരിച്ചറിവും കൂടിയേ തീരു.

കണ്ണിനുമുന്നിൽ വെളിപ്പെടുന്ന വസ്തുവിനെ കാട്ടിത്തരുന്നത്‌ കാഴ്ച. കണ്ണിനു കാട്ടാൻ കഴിയാത്ത വശങ്ങളും വെളിപ്പെടുന്നത്‌ ഉൾക്കാഴ്ചയിലും.ജീവിതം ഒരു മത്സരമായും അല്ലാതെയും വെല്ലുവിളിയായി മുന്നിൽ നിൽക്കുമ്പോൾ ആയുധങ്ങളായി കൂടെനിന്ന്‌ പൊരുതാൻ സഹായിക്കുന്നത്‌,ബുദ്ധി, അറിവ്‌. പക്ഷെ ആ ബുദ്ധിയെ, അറിവുകളെ സർഗ്ഗാത്മകമായി പരിശോധിക്കുകയും, സാഹചര്യങ്ങൾ ആവശ്യപ്പെടുമ്പോൾ വ്യത്യസ്തവും നൂതനവുമായി ഉപയോഗിക്കുകയും ചെയ്യുവാൻ ഉൾക്കാഴ്ചയിലൂടെ വെളിപ്പെട്ടുകിട്ടിയ "തിരിച്ചറിവ്‌" കൂടിയേ തീരു. ഇന്ന് പ്രവൃത്തിയുടെ തിരക്കുകളില്‍പ്പെട്ടുഴലുന്ന നമുക്ക് നഷ്ടപ്പെടുന്നതും ഈ “തിരിച്ചറിവ”ല്ലെ?

ഈ ഉൾക്കാഴ്ചയും തിരിച്ചറിവും വ്യത്യസ്തമാകയാലാകാം "നിറക്കുക" എന്ന ഒരുവാക്കിന്‌ രണ്ടർത്ഥവും അതുവഴി രണ്ട്‌ പ്രവൃത്തിയും കഥയിലെ സഹോദരന്മാർ നൽകിയതും രണ്ടുപേരും രണ്ടുരീതിയിൽ തങ്ങളുടെ പരീക്ഷണത്തെ സമീപിച്ചതും.

Monday, January 19, 2009

രാത്രി.



ശാരദശശിലേഖ മയങ്ങുവാനോ, നീല-
ക്കാർമുകിൽ കമ്പളം വിരിച്ചുനൽകി?
താഴെ,തൻപ്രിയതമയുറങ്ങുവാനോ
രാക്കിളി പാടുന്നു മധുരമായി..
യേതോ രാക്കിളി പാടുന്നു മധുരമായി?

(ശാരദ...

താരകൾ ചിറകുവച്ചിറങ്ങിവന്നൂ, രാവിൻ
ചാരുത അടുത്തുവന്നറിയുവാനോ?
വാസനചിമിഴൊന്നു തുറന്നുനോക്കി,പൂവ്‌
രാവിന്നൊരിത്തിരി സുഗന്ധമേകാൻ
പ്രേമസുഗന്ധമേകാൻ...!

(ശാരദ...

പിരിയുവാനിനിനേരമധികമില്ല, എങ്ങോ
അവസാനയാമത്തിൻ വിളി മുഴങ്ങി
വിരഹത്തിൻ ചുടുകണ്ണീർ പൊഴിഞ്ഞുവീണു
ഒരുമഞ്ഞുതുള്ളിയായതുനിറഞ്ഞൂ
മണ്ണിൽ, ഒരുമഞ്ഞുതുള്ളിയായതുനിറഞ്ഞൂ.

(ശാരദ......