
പാലുപോലെയൊഴുകിപ്പരക്കുമീ
തൂവെളിച്ചവുമായി വന്നെത്തിടും
ശാരദേന്ദു, നിന്മാറില് മയങ്ങുവാന്‍
കോടിദൂരങ്ങള്‍ താണ്ടി ഞാനെത്തിടും!
മുത്തശ്ശിക്കഥയായി നീ ബാല്യത്തി-
ലെത്തിയെന്നുടെ ചിത്തം നിറച്ചതും
ഇങ്കുചോദിച്ചന്നു വാവിട്ടുകേഴുകില്‍
"അമ്പിളിക്കിണ്ണം ഉണ്ണിക്കെ"ന്നമ്മയും
യെത്രവശ്യം പ്രശോഭിതം നിന്നുടെ
മുഗ്ദഹാസത്തിലാരും മയങ്ങിടും!
പൂനിലാവ് പൊഴിച്ചുനീ നില്ക്കുകില്
ഭൂമിയെത്ര നിസ്സാരമെന്നോര്‍ത്തിടും!!
അന്നു ചങ്കില്‍ക്കുറിച്ചിട്ടു വാക്കുകള്‍
"ചാന്ദ്രശോഭതന്‍ ചാരെവന്നെത്തിടും"
പേര്‍ത്തുമാശ്വസിപ്പിച്ചാലടങ്ങില്ല
മൂര്‍ത്തമാമൊരു ചോദനയെന്നുമേ.
കാത്തിരുന്നു ഞാനേറ്റം വിവശനായ്
നേര്‍ത്തതില്ലൊട്ടു കൂടിയെന്മോഹങ്ങള്‍
പാട്ടുപാടിയും വര്‍ണ്ണിച്ചുമിത്ര നാളാശ
തീര്‍ക്കാന്‍ ശ്രമിച്ചതുമായ് വൃഥാ!
ഇന്നു ഞാനത്ര നിസ്സാരനല്ല, യെന്‍
ചിന്തകള്‍ക്കൊത്തതെന്തും നടത്തിടും
ഒന്നുരണ്ടു നിമിഷങ്ങള്‍കൊണ്ടെനി-
ക്കിന്നു നിന്നടുത്തെത്തുവാനായിടും
കോടിവര്‍ഷങ്ങള്‍കൊണ്ടുനീ കാട്ടാതെ
മൂടിവച്ചൊരു സത്യങ്ങളൊക്കെയും
നേടി, മര്‍ത്യന്റെ വെന്നിക്കൊടിക്കൂറ
കോടിവട്ടം പറത്തുവാനായിടും!!.
തോന്നിടല്ലേ അഹങ്കാര വാക്കുപോല്‍
മാപ്പുനല്‍കിയനുഗ്രഹിച്ചീടണെ!
കാത്തിരുന്നോരു കുഞ്ഞുവരുന്നേരം
ചേര്‍ത്തു മൂര്‍ദ്ധാവില്‍ചുംബിച്ചിടുംവിധം
കാതമിത്രയും താണ്ടി ഞാനെത്തവെ
ദാഹനീരിറ്റു നല്കുവാനാകുമോ?
കാലമിത്രയും നെഞ്ചില്‍ചുമന്നതാം
മാതൃവാല്സല്യ തേനില്‍നിന്നിത്തിരി?
അത്തെളിനീരൊരിത്തിരി കിട്ടുകില്‍
വിട്ടുപോകില്ലനിന്നെ ഞാനേകയായ്
മണ്ണിതില്‍നിന്നു കൊണ്ടു ഞാന്‍നട്ടിടും
ജീവിതത്തിന്റെ ചെമ്പനീര്‍പ്പൂവുകള്‍!!