Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Thursday, October 23, 2008

ചന്ദ്രയാൻ!



പാലുപോലെയൊഴുകിപ്പരക്കുമീ
തൂവെളിച്ചവുമായി വന്നെത്തിടും
ശാരദേന്ദു, നിന്മാറില്‍ മയങ്ങുവാന്‍
കോടിദൂരങ്ങള്‍ താണ്ടി ഞാനെത്തിടും!


മുത്തശ്ശിക്കഥയായി നീ ബാല്യത്തി-
ലെത്തിയെന്നുടെ ചിത്തം നിറച്ചതും
ഇങ്കുചോദിച്ചന്നു വാവിട്ടുകേഴുകില്‍
"അമ്പിളിക്കിണ്ണം ഉണ്ണിക്കെ"ന്നമ്മയും
യെത്രവശ്യം പ്രശോഭിതം നിന്നുടെ
മുഗ്ദഹാസത്തിലാരും മയങ്ങിടും!
പൂനിലാവ്‌ പൊഴിച്ചുനീ നില്‍ക്കുകില്‍
ഭൂമിയെത്ര നിസ്സാരമെന്നോര്‍ത്തിടും!!

അന്നു ചങ്കില്‍ക്കുറിച്ചിട്ടു വാക്കുകള്‍
"ചാന്ദ്രശോഭതന്‍ ചാരെവന്നെത്തിടും"
പേര്‍ത്തുമാശ്വസിപ്പിച്ചാലടങ്ങില്ല
മൂര്‍ത്തമാമൊരു ചോദനയെന്നുമേ.
കാത്തിരുന്നു ഞാനേറ്റം വിവശനായ്‌
നേര്‍ത്തതില്ലൊട്ടു കൂടിയെന്മോഹങ്ങള്‍
പാട്ടുപാടിയും വര്‍ണ്ണിച്ചുമിത്ര നാളാശ
തീര്‍ക്കാന്‍ ശ്രമിച്ചതുമായ്‌ വൃഥാ!

ഇന്നു ഞാനത്ര നിസ്സാരനല്ല, യെന്‍
ചിന്തകള്‍ക്കൊത്തതെന്തും നടത്തിടും
ഒന്നുരണ്ടു നിമിഷങ്ങള്‍കൊണ്ടെനി-
ക്കിന്നു നിന്നടുത്തെത്തുവാനായിടും
കോടിവര്‍ഷങ്ങള്‍കൊണ്ടുനീ കാട്ടാതെ
മൂടിവച്ചൊരു സത്യങ്ങളൊക്കെയും
നേടി, മര്‍ത്യന്റെ വെന്നിക്കൊടിക്കൂറ
കോടിവട്ടം പറത്തുവാനായിടും!!.

തോന്നിടല്ലേ അഹങ്കാര വാക്കുപോല്‍
മാപ്പുനല്‍കിയനുഗ്രഹിച്ചീടണെ!
കാത്തിരുന്നോരു കുഞ്ഞുവരുന്നേരം
ചേര്‍ത്തു മൂര്‍ദ്ധാവില്‍ചുംബിച്ചിടുംവിധം

കാതമിത്രയും താണ്ടി ഞാനെത്തവെ
ദാഹനീരിറ്റു നല്‍കുവാനാകുമോ?
കാലമിത്രയും നെഞ്ചില്‍ചുമന്നതാം
മാതൃവാല്‍സല്യ തേനില്‍നിന്നിത്തിരി?

അത്തെളിനീരൊരിത്തിരി കിട്ടുകില്‍
വിട്ടുപോകില്ലനിന്നെ ഞാനേകയായ്‌
മണ്ണിതില്‍നിന്നു കൊണ്ടു ഞാന്‍നട്ടിടും
ജീവിതത്തിന്റെ ചെമ്പനീര്‍പ്പൂവുകള്‍!!

Tuesday, November 13, 2007

സുഹൃത്തിനൊരു കത്ത്‌.

നിഴലുപോലുമകന്നൊരീ സന്ധ്യയി-
ലെരിയുമെന്‍മനം നീയറിയുന്നുവോ?
ഹൃദയരക്തംകുടിച്ചു പുളക്കുവാനൊ-
ഴുകിയെത്തുന്നൊരായിരം നോവുകള്‍!

പലരുമോടിവന്നീടുമെന്‍ ചുണ്ടിലെ
ചിരിപകുത്തെടുത്തൊപ്പമിരിക്കുവാന്‍
കനലുപോലെരിഞ്ഞുള്ളുപൊള്ളിക്കുമീ
കദനഭാരമതൊറ്റക്ക്‌ പേറണം!
പകരുമോവൊരു വാക്കെനിക്കിന്നു നീ
പകരമെങ്കില്‍ ഞാനെന്നെ പകുത്തിടാം
മരണമാകുന്നൊരീ മൗനമെത്രനാള്‍
വ്രണിതചിത്തനായ്‌ കോരിക്കുടിക്കണം?

അറിയുകില്ലേ നിനക്കെന്റെ നൊമ്പര
ക്കടല്‍ തിളക്കുന്നൊരുള്ളിലെ ചിന്തയെ?
ഹൃദയഭിത്തികള്‍ക്കുള്ളില്‍ കടന്നുനിന്‍
മിഴികള്‍വായിച്ചെടുത്ത ചിത്രങ്ങളെ!.
ചിതറിവീണൊരെന്‍ ഹൃത്തടംവാക്കിനാല്‍
തിരികെനല്‍കി നീ ജീവനേകീടവെ
ചിരപരിചിതമേതോ സ്മരണകള്‍
ജനിമൃതികളുംതാണ്ടിവന്നെത്തിടാം.

ഉലകില്‍വാഴ്‌വെത്രസങ്കീര്‍ണ്ണപൂര്‍ണ്ണമാണു-
യിരുതാങ്ങലൊന്നല്ലതിന്‍ സാര,മന്നി-
തുനിനക്കെത്ര ബോധമുണ്ടാകണ,മതു-
നിമിത്തമോ നാംപിരിഞ്ഞീവിധം?
അകലെയെങ്കിലും കാണാത്തതെന്തുനീ
അലറിയെത്തുമീ പടയൊരുക്കങ്ങളെ?
പലവശങ്ങളില്‍ നിന്നവരൊന്നുപോല്‍
പൊരുതിയെത്തവെ എന്നൊപ്പമെത്തുമോ?
അനുജനാണിവന്‍,നീകൈപിടിക്കുകില്‍
ചുവടുറപ്പിച്ചു ഞാന്‍ നടന്നെത്തിടും
കുടിലതന്ത്രങ്ങള്‍ മുള്ളുകള്‍ പാകുമീ
കഠിനയാത്രയില്‍ കൂട്ടില്ലവേറൊരാള്‍.
ചപലമാകുമെന്‍ മാനസത്തേര്‍തെളിച്ച-
രനിമിഷമെന്‍ സാരഥിയാകുമോ?
വഴിയില്‍ ഞാന്‍പകച്ചൊന്നുനിന്നീടുകില്‍
ഒരുസ്മിതത്തിനാല്‍ ഗീതചൊല്ലീടുമൊ?

പരിചയംകൊണ്ടുനീ വിരിയിക്കുമാ
പരമസത്യപ്രകാശസ്മിതത്തിനാല്‍
തഴുകിമുഗ്ദം മുകര്‍ന്നുനിന്നീടുകില്‍
കനലിനുള്ളിലും നീരൂറിനിന്നിടും!

[എന്നിലെ എന്നെക്കാട്ടിത്തന്ന നല്ലവനായ സുഹൃത്തിന്‌ സ്നേഹപൂര്‍വ്വം..]

Thursday, June 21, 2007

വാടിക്കരിഞ്ഞൊരു ചെമ്പനീര്‍പ്പൂവ് (ഗാനം)



ഒരു ഗായികയെ, സംഗീ‍ത സംവിധായികയെ ബൂലോകത്തിനു പരിചയപ്പെടുത്തുന്നു, സംഗീത വര്‍മ്മ. നിരവധി ആല്‍ബങ്ങള്‍ക്കും ടെലിഫിലിമുകള്‍ക്കും സംഗീതമൊരുക്കിയ സംഗീത വര്‍മ്മ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചുരുക്കം വനിതകളിലൊരാളാണ്.
കൂടുതല്‍ വിവരങ്ങള്‍ ഇവിടെക്കാണാം.

ശിശുഎഴുതിയ ഒരു ഗാനത്തിന് ഈണംനല്‍കേണ്ട ദുര്യോഗം സംഗീത വര്‍മ്മക്കുണ്ടായി. ഒരാഗ്രഹത്തിനതിവിടെ പോസ്റ്റ് ചെയ്യുന്നു, നമ്മുടെ വരികള്‍ ആരെങ്കിലും ഈണം നല്‍കുകയെന്നതൊക്കെ അഭിമാനിക്കേണ്ട കാര്യമാണല്ലൊ?

വാടിക്കരിഞ്ഞൊരു ചെമ്പനീര്‍ പൂവിതില്‍...








കേള്‍ക്കാന്‍ കഴിയാത്തവര്‍
ഇവിടെ നിന്നും
ഡൌണ്‍ലോഡ് ചെയ്യുക

(Please right click and select save target as to play this song)

വാടിക്കരിഞ്ഞൊരു ചെമ്പനീര്‍ പൂവിതില്‍
ബാക്കിയുണ്ടിന്നും വസന്ത കാലം
അതിഗൂഢമുള്ളിലെ ചിപ്പിയില്‍ സൂക്ഷിപ്പൂ
മണമെന്നും മായാത്ത പുണ്യകാലം
മണമെന്നും മായാത്ത പുണ്യകാലം

ചിരികൊണ്ട് കദനങ്ങള്‍ മൂടിവയ്ക്കാനൊരു
സുരലോക മന്ത്രമുണ്ടെന്നില്‍
അഴലിന്റെ കയ്പുനീര്‍ ഞാന്‍ കുടിക്കുമ്പൊഴും
അറിയാതിരിക്കാന്‍ ശ്രമിച്ചിരുന്നു
നിങ്ങളറിയാതിരിക്കാന്‍ ശ്രമിച്ചിരുന്നു

ഇനിയെന്ന് കൂടണഞ്ഞീടും കിനാവുകള്‍ക്കൊരു-
മാത്രയെങ്കിലും പൂത്തുനില്‍ക്കാന്‍?
മണമുള്ള പൂക്കളില്‍ വന്നെത്തുമോയെന്റെ-
ചിരകാല സ്വപ്നത്തിന്‍ കളിവണ്ടുകള്‍
എന്റെ ചിരകാല സ്വപ്നത്തിന്‍ കളിവണ്ടുകള്‍!

Monday, June 04, 2007

തോരാത്തതെന്തീ മഴ!

തോരാത്തതെന്തീ മഴ?

പുകവിങ്ങി നിറയുന്നൊരമ്മതന്‍ കണ്ണുപോല്‍

‍തോരാത്തതെന്തീ മഴ?

അറിക നീ, ഇന്നു ഞാനച്ഛന്റെ

കൈപിടിച്ചകലേക്ക്‌ പോകുന്ന നേരം

വഴിവക്കില്‍ നിന്നെനിക്കിന്നലെ തുന്നിച്ച

പുതുവസ്‌ത്രമണിയുന്ന നേരം

'പരദേവത വന്നുതഴുകട്ടെ'യെന്നമ്മ

നെറുകയില്‍ മുകരുന്ന നേരം

നെടുകെപിളര്‍ന്നു മണക്കുകില്‍

പുതുഗന്ധ,മൊഴുകുന്ന പുസ്‌തകത്താളും

അരികില്‍ കിലുങ്ങും പളുങ്കുകള്‍

ചേര്‍ത്തൊരു പിടിയുള്ളൊരുടയുന്ന സ്ലെയിറ്റും

നിധിപോലെ നെഞ്ചോട്‌ ചേര്‍ത്തു ഞാന്‍ നില്‍ക്കെ

മുത്തശ്ശിതന്‍ മിഴികളും ജലതീര്‍ത്ഥമാകെ

പഴമകള്‍ കൈമാറി വന്ന കാല്‍പ്പെട്ടിതന്‍

‍ചെറിയൊരു കള്ളിതുറന്ന്

അതിനുള്ളിലെവിടെയൊ ഭദ്രമായ്‌ സൂക്ഷിച്ച

ചെറിയ പഞ്ചാംഗമെടുത്ത്‌

ശുഭയാത്ര ചെയ്യുവാന്‍ നേരമിതില്‍പ്പര

മിനിയില്ലയെന്നു ഗണിക്കെ

എവിടെനിന്നെത്തിനീ,നനയിക്കുവാനെന്റെ

മൃദുല മോഹങ്ങളെ കരയിക്കുവാന്‍?

അരുത്‌..ഇറ്റു നേരം നിലക്ക-

വന്നിട്ടു ഞാന്‍ ഒരുമാത്ര നിന്നൊപ്പമെത്താം

ഒരുപാടു ഞാന്‍കൊതിക്കുന്നൊരെന്‍

‍ഭോജ്യങ്ങളൊക്കെയും കാഴ്ചവെച്ചീടാം

ഒരുപാട്‌ കെട്ടിമറിഞ്ഞതല്ലെ, നമ്മളൊ-

രുപാട്‌ ചേര്‍ന്നു നനഞ്ഞതല്ലെ

കടലാസു വഞ്ചി തുഴഞ്ഞു നിന്നൊപ്പ

മന്നൊരുപാടു നേരമിരുന്നതല്ലെ.

അറിയുക നീ നിലക്കാതെ പെയ്തീടുകിലൊ

രുമാത്രയച്ഛനും തേങ്ങും

ഒരുവേള നനയാതെയെന്നൊപ്പമെത്തുവാന-

വനില്ല ഒരുകുടക്കീഴ്‌

കുടവാങ്ങിനല്‍കുവാന്‍ കരുതിയതൊക്കെയും

അരി വാങ്ങുവാനായെടുത്തു

ഒരു വാഴയിലകൊണ്ടു കുടപിടിച്ചീടുവാന-

വനെത്ര ശീലമുണ്ടെന്നൊ!

കരയില്ല, ഇനിയെത്ര കലിതുള്ളിയാലും നീ

നനയുവാന്‍ ഞങ്ങള്‍ നിനച്ചൂ

തളരില്ല, വഴിനീ മുടക്കിയെന്നീടിലും

തളരുവാനാകില്ല തന്നെ!.

[സ്‌കൂളുകള്‍ തുറക്കുമ്പോള്‍ എന്നും മഴയെത്തും!, ആരൊ പറഞ്ഞേല്‍പ്പിച്ചതുപോലെ, കടമനിര്‍വ്വഹിക്കാനായി മഴ തോരാതെ പെയ്തുനില്‍ക്കും, ഇങ്ങനെ ഒരുമഴക്കാലത്തായിരുന്നല്ലൊ ഞാനും ആദ്യമായി അച്ഛന്റെ കൈപിടിച്ച്‌ സ്‌കൂളിലേക്ക്‌ പോയിരുന്നതെന്നോര്‍ത്തു പോകുന്നു,കുടചൂടി അന്നൊന്നും സ്‌കൂളില്‍ പോയിരുന്നില്ല, ഒന്നുകില്‍ വാഴയില കൊണ്ട്‌ കുടപിടിച്ചും അല്ലെങ്കില്‍ ചേമ്പില കൊണ്ട്‌ നനയാന്‍ വേണ്ടി മറപിടിച്ചും ആയിരുന്നു പോയിരുന്നത്‌, അതൊക്കെ ഒരു കൗതുകത്തിനോര്‍ത്തുപോകുന്നു]

Monday, May 14, 2007

മനസ്സ്

ഒഴിഞ്ഞ
പത്തായങ്ങളില്‍
ചുണ്ടെലികള്‍
ചുരണ്ടിവന്നെത്തും
നിറഞ്ഞ അടിത്തട്ടുകളില്‍
ഉപ്പിന്റെ നനവൊട്ടിനില്‍ക്കും
ഇരുണ്ട നിഗൂഢതകളില്‍
കാറ്റിന്റെ മണം
തേടിവന്നെത്തും

അതുകൊണ്ട്‌..
എല്ലാം ഒളിപ്പിച്ചു വയ്കാന്‍
എനിക്കൊരിടമുണ്ട്‌.

ബാപ്പുവിനു കൊടുത്ത
ഉണ്ടയും
ബുദ്ധന്റെ ചിരിയും
അതിരില്‍ തീര്‍ത്ത
വേലിയും
തെക്കേലെ
സുഭദ്രചേച്ചിയുടെ
വീട്ടുമുറ്റത്ത്‌
കുഴിച്ചിട്ട
കോഴിമുട്ടയും
ഇവിടെ വച്ചാണ്‌
ഞാന്‍
‍വിരിയിച്ചെടുത്തത്‌

എന്റെ നേര്‍ക്ക്‌
കൈ നീട്ടരുത്‌
ചിരിക്കുകയുമരുത്‌

ഒരു ഹസ്തദാനത്തിലും
ഒരു പുഞ്ചിരിയിലും
യുദ്ധങ്ങളൊഴിഞ്ഞു
പോയേക്കും.

Thursday, May 03, 2007

വെറുതെ ചില ചോദ്യങ്ങള്‍

വിരിയുന്നതെന്തിനീ പൂവുകള്‍-അവസാന,
കരുണതന്‍ കണികയും വറ്റിയെങ്കില്‍?

അടരുന്നതെന്തിനീ കായുകള്‍, മണ്ണിതി
ലൊരു ജീവമന്ത്രമില്ലെങ്കില്‍ ?

പുലരുന്നതെന്തിനീ രാവുകള്‍
ജീവിത മിരുള്‍മാത്രമായിരുന്നെങ്കില്‍?

തിള ച്ചുരുകുന്നതെന്തിനീ സൂര്യന്‍,
ജീവനണയാതെ കാക്കുവാനല്ലയെങ്കില്‍?

തഴുകുന്നതെന്തിനീ തെന്നല്‍?, ഉണങ്ങാത്ത
മുറിവൊക്കെ മാറ്റുവാനല്ലയെങ്കില്‍?

കുയില്‍ വന്നു പാടുന്നതെന്തിനായ്‌
കുഞ്ഞിന്ന് സ്വരശുദ്ധി നല്‍കുവാനല്ലയെങ്കില്‍?

മയില്‍ പീലി നീര്‍ത്തുന്നതെന്തിനായ്‌
മാനത്തു മഴവില്ലു വിരിയിക്കാനല്ലയെങ്കില്‍?

പുതു മഴപെയ്തു നിറയുന്നതെന്തിനായ്‌
ഭൂമിതന്‍ കറയൊക്കെ കഴുകുവാനല്ലയെങ്കില്‍?

പുഴ പാടിയൊഴുകുന്നതെന്തിനായ്‌-
അനര്‍ഗ്ഗളം-, സ്വയശുദ്ധി ചെയ്യുവാനല്ലയെങ്കില്‍?

കടലേറ്റുവാങ്ങുന്നതെന്തിനീ കൈവഴികള്‍
ഒരുമിച്ചു ശക്തിയായ്‌ തീര്‍ന്നീടുവാന്‍?

തിരയോടിയെത്തുന്നതെന്തിനായ്‌, തീരത്തിന്‍
ചുടു ചുംബനങ്ങളില്‍ മധുരമില്ലേല്‍?

Monday, March 26, 2007

പാഴ്‌ മരസ്വപ്നങ്ങള്‍

ചെറുകാറ്റലപോലും താങ്ങുവാനാകാത്ത
കിഴവനാം പാഴ്മരമാകുന്നു ഞാന്‍
തടിപുഴുത്തിലകൊഴിഞ്ഞടവിയില്‍ ഞാന്‍വെറും
പഴയകാലങ്ങളുമോര്‍ത്ത്‌ നില്‍പ്പൂ.

പരിഹാസമേറെസ്സഹിച്ചു ഞാന്‍ നില്‍ക്കവെ
യൊരു മോചകന്നായ്‌ കൊതിച്ചുപോയി.
അവനേതുനാട്ടില്‍ പിറന്നുവോയെന്നുടെ
തരുശിഖരങ്ങളെ പൊന്നുചാര്‍ത്താന്‍!.

വരുമോനീ ഗായകാവൊരു പുല്ലാങ്കുഴലുമാ
യൊരുമാത്രയൊന്നെന്റെ നാട്ടിലേക്കും
ഒരു വേണുഗാനത്തിലെന്നുടെ സ്വപ്നങ്ങ-
ളറിയാതെ പൂത്തുവിടര്‍ന്നുപോകാം!!.

അറിയില്ലയൊരുപക്ഷെ,യന്നെന്റെ ചില്ലക-
ളൊരുമാത്ര കൂടി തളിര്‍ത്തിരിക്കാം!!
വിടചൊല്ലിപോയോരു പറവകള്‍ വീണ്ടു-
മെന്‍ശിഖരങ്ങളാകവേ കയ്യടക്കാം!!.

കിളിപാടും പാട്ടുകേട്ടറിയാതെ ചില്ലകള്‍
മുറതെറ്റി മൊട്ടുകള്‍ തീര്‍ത്തിരിക്കാം!!
അവയൊക്കെ പൂത്തുമധുചൂടിനില്‍ക്കില്ലേ
ഹൃദയം മറന്നു ഞാന്‍ നിന്നിടുമ്പോള്‍.

എവിടെ നിന്നറിയതെ മധുതേടി വണ്ടുകള്‍
‍കൊതിയരായാര്‍ത്തലച്ചെത്തിടുമ്പോള്‍
നവ യൌവ്വനത്തിന്റെ തേനിറ്റുനല്‍കുവാന്‍
ഒരുവേള ഞാന്‍ ചിലതോര്‍ത്തുപോകാം.

(ഓര്‍ത്തുപോകുന്നു ഞാന്‍, തേനറതേടുവോ-
രെന്നുടെ സ്വപ്നങ്ങളൂറ്റിക്കുടിക്കയാണാ-
യിരമായിരം പൂവുകള്‍ക്കുള്ളിലെ
പൊന്നും വിശുദ്ധിയുമൂറ്റുകയാണവര്‍)

അവര്‍ മൂളിപാട്ടുമായ്‌ സ്വപ്നങ്ങള്‍കവരവെ
ഗതിമുട്ടി കൈകൂപ്പി കേണുപോകാം.
ഒരുനിര്‍വൃതിപോലും നുകരുവാനാകാതെ
അവര്‍നല്‍കും ബീജങ്ങളേറ്റുവാങ്ങാം

പാപത്തിന്‍ വിത്തുകളുള്ളിലെ തീയില്‍ വെ-
ച്ചുരുകി സ്ഫുടംചെയ്തു ശുദ്ധമാക്കും
അവ പിന്നെ ഗര്‍ഭപാത്രത്തില്‍ തപസ്സുചെ
യ്തറിവുംവെളിച്ചവും സ്വന്തമാക്കും.

അവയെ ഞാന്‍ നോവും കിനാവും നിവേദിച്ച്‌
തല മുറ പോറ്റുവാന്‍ പാകമാക്കും
ഒടുവിലെന്‍ പിടിവിട്ടു താഴേക്കു നിപതിച്ചു
പുനര്‍ജ്ജനിയായി ഞാന്‍ മുക്തിനേടും

ആഹാ! വെറുതെ കിനാവു കാണുന്നു ഞാ-
നൊന്നുമൊരിക്കലുമാകില്ലയെങ്കിലും.
ഇന്നുമെന്‍ തായ്‌ വേരു ജീര്‍ ണ്ണിച്ചിരിക്കുന്നു-
യെന്‍ തരുശിഖരങ്ങള്‍ നഗ്നങ്ങളും.

എങ്കിലുംഗായകാ നിന്മന്ത്രവേണുവിന്‍
നാദമെന്‍ ചില്ലയില്‍ പൂക്കളാകാം!!
ചിതല്‍തിന്നുതീര്‍ത്തൊരെന്‍ സ്വപ്നങ്ങളൊക്കെയു
മൊരുമാത്രകൂടി തളിര്‍ത്തിരിക്കാം!!.

Thursday, August 24, 2006

ആത്മഹത്യാമുനമ്പില്‍



'വരിക,വരികെ'ന്നു ഹൃദയത്തിലാരോ
തരള മധുരമായ്‌ മന്ത്രണം ചെയ്യവെ-
'പെരിയ സത്യങ്ങ'ളിത്തിരി നേരമെന്‍-
കരളില്‍നിന്നും മറഞ്ഞുപോകുന്നു.

മരണമെത്രമനോജ്ഞമാണെങ്കിലും
ഒടുവിലെത്രകൊതിക്കണം കാണുവാന്‍.
പടികള്‍ കേറിവരുന്നതിന്‍മുന്‍പെനി-
ക്കവിടെ ചെല്ലുവാനേറ്റം തിടുക്കമായ്‌!

ഇവിടെയീ ശവക്കോട്ടയിലെന്നുടെ
കരളിലായിരംമുള്ളുകളേല്‍ക്കവെ-
അരുതരുതെന്നു വാവിട്ടപേക്ഷിപ്പാന്‍
ഇവനിനിയില്ല കൂടപ്പിറപ്പുകള്‍.

മധുരസായാഹ്നമിത്തിരി നേരമീ-
പ്പരിഷയോടൊപ്പമാര്‍ത്തുല്ലസിക്കുവാന്‍-
പുലരിയോളംവൃഥാകൂട്ടിരുന്ന നല്‍-
സഹജരില്ലിനി കൂടെയെത്തീടുവാന്‍!!.

മിഴികള്‍രണ്ടും തുടച്ചൊപ്പമെത്തിയിട്ടൊ
ടുവില്‍ ജീവിതകയ്പുനീര്‍ പങ്കിടാന്‍
മധുരസുന്ദര സ്വപ്നങ്ങള്‍ പങ്കിട്ട സഖി-
യവള്‍ പണ്ടേ കൂട്ടുപിരിഞ്ഞുപോയ്‌.

മതി,മനസ്സിന്റെ കോണിലുണ്ടിപ്പൊഴും
ചിതലരിക്കാത്ത പഴയകാലങ്ങള്‍,
ഇവിടെ ജീവിതംവച്ചൊഴിഞ്ഞീടിലും
പഴിമനസ്സിലുണ്ടാകില്ല നിശ്ചയം!!.

വിടപറഞ്ഞു ഞാന്‍പോകട്ടെ നിങ്ങള്‍തന്‍-
കനിവുപേറും മനസ്സിന്നു നന്ദി.
ക്ഷണികമെങ്കിലും ജീവിതംനിങ്ങളില്‍-
നറുനിലാവുപോല്‍ പൂത്തുനിന്നീടട്ടെ!!!.