Wednesday, October 25, 2006

രോഗത്തിന്റെ പിടിയില്‍

സാന്ത്വന വാക്കുകള്‍ കണ്ണുനീര്‍തുള്ളികളായ്‌ മാറുന്ന രാസപരിണാമ പ്രക്രിയകളില്‍, എന്റെ ഹൃദയം പതിവു പെരുമ്പറമുഴക്കങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. പക്ഷെ, എന്നെ സ്‌നേഹിക്കുന്നവര്‍ക്ക്‌ മഞ്ഞുനീര്‍ത്തുള്ളികളോളം നനുത്ത കൈവിരലുകളുണ്ട്‌. അതുകൊണ്ടാണ്‌ അവരെന്റെ പൊള്ളിവിയര്‍ത്തുകൊണ്ടിരുന്ന നെറ്റിത്തടവും,മിടിച്ചുകേഴുന്ന നെഞ്ചും തലോടിക്കൊണ്ടിരുന്നത്‌. ഞാനാ ചന്ദനസ്‌പര്‍ശത്താല്‍,സഹധര്‍മ്മിണിയുടെ കണ്ണീരുവീണുകുതിര്‍ന്ന തലയിണയില്‍, വേച്ചുവേച്ചുപോകുന്ന ശിരസമര്‍ത്തി ഒരല്‍പം മയങ്ങാന്‍ ശ്രമിക്കും. 'ഒന്നും ചിന്തിക്കാതെ കണ്ണടച്ചുറങ്ങണം' എന്ന സ്‌നേഹത്തില്‍ പൊതിഞ്ഞ ശാസനകള്‍ക്കുമുന്നില്‍ ഞാന്‍ കണ്ണുകളിറുക്കിയടക്കും,പിന്നെ മടിച്ചു മടിച്ചു കടന്നുവരുന്ന നിദ്രയില്‍ ഞാന്‍ കുന്നും മലകളും കയറിയിറങ്ങും, കുട്ടിക്കാലത്ത്‌ തെച്ചിപ്പഴങ്ങള്‍ പറിച്ചുതിന്ന കുറ്റിക്കാടുകള്‍ നിറയെ വിഷക്കായ്കള്‍ പഴുത്തുനില്‍ക്കുന്നു,ഒരെണ്ണം കയ്യെത്തിപ്പറിക്കാനൊരുങ്ങുമ്പോള്‍ അദൃശ്യതയില്‍നിന്നും വിലക്കാനായ്‌ നീണ്ടുവരുന്ന ഒരു കൈ, അതു അമ്മയുടെ കൈവിരലുകള്‍പോലെ നീണ്ടു മെലിഞ്ഞിരുന്നു.

എന്റെ പുറംലോകം തുറന്നിട്ട ജനാലക്കുമുന്നില്‍ ചുരുങ്ങിനിന്നു. അകലെ ആകാശത്തേക്ക്‌ തലയുയര്‍ത്തിനില്‍ക്കുന്ന മലനിരകള്‍, എന്റെ സ്വപ്നങ്ങളോളം ഉയരമുള്ളവ! ഒരു ചാറ്റല്‍മഴക്കു പിന്നാലെ വന്നെത്തിയ മൂടല്‍മഞ്ഞ്‌, അഹങ്കാരത്തോടെ തലയുയര്‍ത്തിനിന്ന മലനിരകളെ ക്ഷണനേരത്തേക്ക്‌ എന്നില്‍നിന്നും മറച്ചുപിടിക്കുന്നതില്‍ വിജയിച്ചു. ചിന്തകള്‍ കൊണ്ടൊരോട്ട പ്രദക്ഷിണംനടത്തി തിരിച്ചുവന്നപ്പോഴേക്കും മൂടല്‍മഞ്ഞപ്രത്യക്ഷമായിരിക്കുന്നു, ഇപ്പോള്‍ വീണ്ടുമെല്ലാം പഴയതുപോലെ!!.കാഴ്ചയെ കാഴ്ചക്കാരനില്‍നിന്നും മറച്ചുപിടിക്കുന്ന മൂടല്‍മഞ്ഞെന്ന 'അറിവ്‌'!. എല്ലാം ക്ഷണികമായ വെളിപ്പെടലുകളാണ്‌! എന്റെ ഭാവന,അറിവ്‌,അഹങ്കാരം,എന്നിലെ നന്മ,സുഖം,ദു:ഖം,വേദന,വിഷാദം..എല്ലാം ക്ഷണനേരത്തേക്കു വിരുന്നുവന്നെത്തുന്ന പുറംലോകവാസികള്‍,അവര്‍ വരുന്നു,വേഷംകെട്ടിയാടുന്നു, അനിവാര്യമായ തിരിച്ചുപോക്കിലേക്ക്‌ കൂപ്പുകുത്തുന്നു,പിന്നെ അവശേഷിക്കുന്നത്‌ വേറെയേതോ ഒരാള്‍.അയാളെ കുപ്പായമിടീച്ചുകൊണ്ട്‌ ഞാന്‍ ഇറങ്ങിനടക്കുന്നു,'കുറിപ്പുകളില്‍' തോന്ന്യാക്ഷരങ്ങള്‍ കുത്തിനിറക്കുന്നു.

എന്റെ 'കുറിപ്പുകള്‍' ജീവനോടെ ബ്ലോഗുലകത്തില വശേഷിക്കുന്നുണ്ടാവുമൊ?, ബൂലോഗത്തിന്റെ ഭിത്തിയില്‍ ആരെങ്കിലും ഈയിടെയായി നോട്ടീസൊട്ടിക്കുന്നുണ്ടാകുമൊ?, ഇപ്പോഴത്തെ കലഹം എന്തിനെപറ്റിയാകും?, ആരെങ്കിലും പുതിയ ക്ലബ്ബിനു രൂപംകൊടുത്തുകാണുമോ?, ശിശുവിന്റെയസാന്നിദ്ധ്യം ശ്രദ്ധിച്ചിട്ടുണ്ടാകുമോ? രോഗത്തിനു ഞാനെന്നെവിട്ടുകൊടുത്തിരുന്നെങ്കിലും മനസ്സിലൂടെക്കടന്നുപൊയ്കൊണ്ടിരുന്ന ചിന്തകളിതൊക്കെയാണ്‌, എല്ലാം ഞാനെന്റെ സുഹൃത്തിനോടന്വേഷിച്ചുകൊണ്ടേയിരുന്നു, സുഹൃത്തെന്നെ ആശുപത്രികളില്‍നിന്നും ആശുപത്രികളിലേക്ക്‌ കൊണ്ടുപോയിക്കൊണ്ടിരുന്നു, പരീക്ഷണനിരീക്ഷണങ്ങള്‍ക്ക്‌ ഞാന്‍ ചാഞ്ഞുംചരിഞ്ഞുമിരുന്നു, ഒടുവില്‍, 'ഒന്നുംകണ്ടെത്തുവാന്‍ കഴിയുന്നില്ല' എന്ന പതിവുപല്ലവികളില്‍ റിപ്പോര്‍ട്ടുകള്‍ ഒപ്പിട്ടവസാനിച്ചുകൊണ്ടിരുന്നു.

മകന്റെ അസുഖം ദു:സ്വപ്നമായ്‌ വെളിപ്പെട്ടുകിട്ടിയ അമ്മവിളിച്ചു.എനിക്കുപറയുവാന്‍ അസുഖത്തിനൊരുപേരില്ല,പെറ്റവയറിന്റെ വേദന പകര്‍ന്നുനല്‍കിയ ജ്ഞാനത്തില്‍ അമ്മ അസുഖത്തിനു പേരിട്ടു, 'കേതു',കേതുര്‍ ദശയുടെ അന്ത്യത്തില്‍ വീര്യം കൂടുമത്രെ,ആക്രമണവും.. അതിനു വൈദ്യശാസ്ത്രത്തില്‍ മരുന്നില്ല, മന്ത്രമാണ്‌ വേണ്ടതത്രെ!.അവിശ്വാസിയായ എനിക്കുവേണ്ടി സുഹൃത്ത്‌ സുനിലും കുടുംബവും ഉഗ്രമൂര്‍ത്തിക്ക്‌ വിളക്‌ക്‍കൊളുത്തിപ്രാര്‍ത്ഥിച്ചു.തോമസ്‌ അള്‍ത്താരയില്‍ മെഴുകുതിരികത്തിച്ചുവെച്ച്‌ മുട്ടുകുത്തി അപേക്ഷിച്ചു.അമ്മ അറിയാവുന്നയെല്ലാ അമ്പലങ്ങളിലും വഴിപാടുകള്‍ നേര്‍ന്നു.ഭാര്യ കരഞ്ഞുവീര്‍ത്ത കണ്ണുകളോടെ മകനെ നെഞ്ചോട്ചേര്‍ത്ത്‌ എനിക്ക്‌ കൂട്ടിരുന്നു.

എന്റെ നിശ്ചയദാര്‍ഢ്യംകൊണ്ടോ,മന്ത്രങ്ങളുടെ ശക്തികൊണ്ടോ,അസുഖം എന്നെവിട്ടൊഴിഞ്ഞു പൊയ്‌കൊണ്ടിരിക്കുന്നു,ഞാന്‍ പഴയതിലും ഊര്‍ജ്ജസ്വലനായ്‌ ജീവിതത്തെ നോക്കിക്കാണുന്നു.കേതു എനിക്കുമുന്നില്‍ തോല്‍വി സമ്മതിച്ചിരിക്കാം!!എനിക്കുവേണ്ടിയാകാം പുനത്തില്‍ കുഞ്ഞബ്ദുള്ള ഇങ്ങനെപറഞ്ഞത്‌ "ഇന്ന് വളരെയധികം രോഗങ്ങള്‍ ചികിത്സിച്ചുഭേദപ്പെടുത്തുന്നു; അര നൂറ്റാണ്ടിനുമുമ്പ്‌ കഴിഞ്ഞതിനുമധികം. എന്നാല്‍ ചികിത്സയ്കും ഒരു മറുപുറമുണ്ട്‌. അത്‌ ഡോക്ടര്‍മാരുടെ രഹസ്യമാണ്‌;അവരുടെ ഭാര്യമാര്‍ക്കുകൂടി അറിയാത്ത രഹസ്യം.പിന്നെ പൊതുജനങ്ങളുടെകാര്യം എന്തുപറയാന്‍! രോഗങ്ങളില്‍ മിക്കവയും തനിയെ ഭേദമാകുന്നു എന്നതാണ്‌ ആ രഹസ്യം"

Friday, October 06, 2006

റേഡിയൊ (കവിത)

കാറ്റിനെ തടഞ്ഞുനിര്‍ത്തരുതു..!

ശബ്ദിച്ചു കൊണ്ടിരിക്കുന്ന എന്റെ റേഡിയൊ
പ്രാണവായു കിട്ടാതെ..
ജീവ ഞരമ്പുകള്‍ കോച്ചിവലിച്ചു
അകാലത്തില്‍ മൃതിയടഞ്ഞു പോകും.!

കാറ്റില്‍നിന്നും വിലാപങ്ങളെ
അരിച്ചു വേര്‍തിരിച്ചെടുക്കുവാന്‍,
വിഷാദ നെടുവീര്‍പ്പുകള്‍ ഘനീഭവിച്ചുപെയ്യുന്ന
വര്‍ഷകാലങ്ങളെപ്പറ്റി
എനിക്കുമുന്നറിയിപ്പു നല്‍കുവാന്‍,
എന്റെ കുണ്ടുകിണറിന്റെ ശബ്ദാതിര്‍ത്തിക്കപ്പുറത്തെ
മൂളലുകളും ഞരക്കങ്ങളും, അട്ടഹാസങ്ങളും
മരുഭൂമിയില്‍ നിന്നുംകൊണ്ടുവന്ന
മഴനീര്‍ത്തുള്ളി പോലെ
എന്റെ കാതുകളില്‍ ഇറ്റിച്ചു നല്‍കുവാന്‍...
എനിക്കെന്റെയീ പഴയ റേഡിയൊവിശ്രമമില്ലാതെ
പ്രവര്‍ത്തിപ്പിക്കേണ്ടതുണ്ടു

അതുകൊണ്ടു ദയവായികാറ്റിനെ തടഞ്ഞു നിര്‍ത്തരുതു..!

മരിച്ചു മണ്ണടിഞ്ഞു പോയ ആത്മാവുകള്‍
എനിക്കായി ശീതീകരിച്ചുവെച്ച
സന്ദേശങ്ങള്‍ഈ കാറ്റിലുണ്ടാകും..
നാളിതുവരെ വിക്ഷേപിക്കപ്പെട്ട
കോടിക്കണക്കിനു ശബ്ദങ്ങള്‍അലിഞ്ഞുചേര്‍ന്നു
വിശ്രമിക്കുന്നഈ കാറ്റില്‍ നിന്നും
വിഷധൂളികളേറ്റു ശ്വാസം മുട്ടുന്ന
എനിക്കും എന്റെ തലമുറക്കും
ഇനി എന്നെന്നുമാശ്രയിക്കേണ്ട
സ്‌നേഹ മന്ത്രാക്ഷരങ്ങല്‍
തിരഞ്ഞുപിടിച്ചു തിരിച്ചേല്‍പ്പിക്കുവാന്‍..
അക്കങ്ങള്‍ക്കുള്ളില്‍ ശബ്ദാതിര്‍ത്തികള്‍ലംഘിച്ചു
സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നതേഞ്ഞുപോയ
സൂചികാതോര്‍ത്തിരിക്കുന്നു..

അതുകൊണ്ടു ദയവായികാറ്റിനെ തടഞ്ഞു നിര്‍ത്തരുതു..!

ഒരുകുമ്പിള്‍ കാറ്റിനുള്ളില്‍
ഒരുകോടി വിലാപങ്ങള്‍ ഒളിച്ചിരിപ്പുണ്ടാകാം..!