Tuesday, December 12, 2006

വെളിപാട്‌ (കവിത)

ബോധമാണെനിക്കേറ്റവും ശാപമീ-
ബോധചിന്തകള്‍ ചോദ്യങ്ങളായിടും
ജ്ഞാനമെത്ര പകര്‍ന്നു നല്‍കീടിലു-
മാത്മശാന്തിക്കതിത്തിരി പോരുമോ?

ആരൊരാളെനിക്കേകിടും, ശാന്തിതന്‍
പൂവുപോലുള്ളൊരിത്തിരിച്ചീളുകള്‍?
ആര്‌ കാഴ്ചവെച്ചീടും മനസ്സിനെ
ചൂഴ്ന്നുനില്‍ക്കുമീ നോവിന്നൊരുത്തരം?

ആര്‌ വെട്ടിത്തെളിക്കുമെന്നുള്ളിലെ
പാമ്പിഴയും വഴിത്താരയൊക്കെയും?
ആര്‌ നാട്ടുമിരുട്ടിന്റെ കോലായിലാ
ദ്യമായൊരു കൈത്തിരിനാളവും?

ആര്‌ ചൊല്ലിപ്പഠിപ്പിക്കുമെന്നിലെ
നേരുകാണാന്മടിക്കും കുരുന്നിനെ?
നൂറ്‌ ജന്മങ്ങള്‍ തേടിവന്നെത്തുമെന്‍
ജീവിതത്തിന്റെ നേരറിവൊക്കെയും!

മൂടിയുള്ളൊരാ സത്യത്തിന്‍ മുന്നില്‍ ഞാന്‍
‍വീണുപോകില്‍, പിടിച്ചുണര്‍ത്തീടുവാന്‍-
ആര്‌ കൂട്ടുമായെത്തും, വെളിച്ചത്തിന്‍
രാജവീഥികള്‍ തേടുമെന്‍ യാത്രയില്‍...?

ആരിരുന്നു ചിരിക്കുന്നതീവിധം
ആഴമില്ലാത്ത ചോദ്യങ്ങള്‍ കേള്‍ക്കിലോ?
വേറൊരാളെ നിനച്ചിരിക്കുന്നൊരെന്‍
മൂഢചിന്തയെ ശാസിപ്പതിങ്ങനെ.

"ഭോഷനാണു നീ,സത്യംഗ്രഹിക്കുവാന്‍
‍വേണ്ടതില്ലയപരന്റെ യാശ്രയം
നീ നിനക്കുകില്‍ നീ തന്നെ സര്‍വ്വവും
നീറിനിന്നനിന്‍ നോവിന്നുപായവും

കോടിചിന്തകള്‍ കൂടിക്കുഴഞ്ഞതിന്‍
‍മോഹനിദ്രയില്‍ നിന്നുണര്‍ന്നീടുവാന്‍
‍കോടി സൂര്യന്‍ ജ്വലിച്ചുനിന്നീടിലും
നീ നിനക്കിലേ സാധ്യമായ്‌ തീര്‍ന്നിടൂ.

നിന്റെ ഹൃത്തതില്‍ നീ വിളക്കാവുക
നിന്റെ ചിന്തക്ക്‌ നീ കാവലാവുക-
വേറൊരാളില്ല കൂടെയെത്തീടുവാന്‍
നിന്റെയാത്രയില്‍ നീ തന്നെ സാരഥി"

രൂപമില്ലാത്ത ശബ്ദമേ, നിന്നിലൂടാ-
ദ്യമായറിയുന്നു ഞാന്‍ സാന്നിദ്ധ്യം
ആദിതൊട്ടു തിരഞ്ഞു നടന്നതീ-
നേരറിയുവാന്‍, നീ തന്നെയെന്‍ ഗുരു.