Monday, May 21, 2007

ഹര്‍ഷ ബാഷ്പം തൂകി (ഒരു പാട്ട്)

കലികാലത്തിലാരും കവിതയെഴുതുമെന്നായിരുന്നു അശരീരി. അതുകൊണ്ട്‌ ഞാനും കവിതയെഴുതി അശരീരികള്‍ സത്യമാണെന്നു തെളിയിച്ചു. കഴുതപോലും പടുപാട്ടുപാടുമെന്ന പുതിയ അശരീരിയില്‍ എനിക്ക്‌ വെറുതെയിരിക്ക വയ്യ!. അങ്ങനെയെങ്കിലും അശരീരികള്‍ സത്യമാണെന്ന തിരിച്ചറിവെല്ലാവര്‍ക്കുമുണ്ടാകട്ടെ!.

ഹര്‍ഷ ബാഷ്പം തൂകി,
വര്‍ഷ പഞ്ചമി വന്നു..

രചന:-?
സംഗീതം:-ദ്ക്ഷിണാമൂര്‍ത്തി സ്വാമി
പാടിയത്‌:- ജയചന്ദ്രന്‍









പ്ലെയര്‍ കേള്‍ക്കാന്‍ സാധിക്കാത്തവര്‍ക്ക് ഇവിടെ നിന്നും ഡൌണ്‍ലോഡാം.
(Please right click and save target as to download this song)



കിരണെന്ന പാട്ടുകാരനെ പരിചയപ്പെട്ടിരുന്നില്ലെങ്കില്‍ ഞാനൊരിക്കലും ഈ അവിവേകത്തിനു മുതിരില്ലായിരുന്നു, . ഒരു വര്‍ഷത്തോളമായി “കൂള്‍ എഡിറ്റ് പ്രൊ“ എന്ന സോഫ്റ്റ്വെയര്‍ എനിക്ക് തന്നിട്ട്. തനിയെ നിരന്തരം ശ്രമിച്ചിട്ടും അതില്‍ കരൊക്കെ ലോഡ് ചെയ്യാന്‍ സാധിക്കാതെ ഉപേക്ഷിക്കാന്‍ തുനിയവെ വീണ്ടും കിരണിനെ വിളിച്ചു. ഉടനെ വന്നു ചില പൊടിക്കൈകള്‍. സംസാരമധ്യേ എന്നെപ്പോലെയുള്ള ശിശുക്കള്‍ക്കായി റിക്കോഡിംഗും അതിനുശേഷമുള്ള അപ്‌ലോഡിംഗും എങ്ങനെ ചെയ്യാം എന്നു പ്രതിപാദിക്കുന്ന ഒരു പോസ്റ്റിടുന്നതിനെപ്പറ്റി കിരണ്‍ എന്നോട് പറഞ്ഞിരുന്നു. ഇതെല്ലാം വളരെ സരളമായി വെബെക്സ് സോഫ്റ്റ്വെയര്‍ വഴി സ്ക്രീന്‍ ക്യാപ്ച്ചര്‍ ചെയ്തു കൊണ്ട് തയ്യാറാക്കിയ ഒരു വീഡിയോ പാഠം തന്നെ റെക്കോഡിംഗ്-മ്യൂസിക്ക് ബ്ലോഗിംഗ്-ചെറുസഹായം എന്ന പോസ്റ്റില്‍ കിര‍ണ്‍ സാധ്യമാക്കി. എനിക്കുറപ്പുണ്ട്, ഇത് പലര്‍ക്കും പ്രചോദനമാകും എന്ന്.

എന്റെ ഈ പരീക്ഷണം പോസ്റ്റുചെയ്തുകാണണമെന്നു കിരണിനാഗ്രഹമുണ്ടായതുകൊണ്ടാണ് ഞാനിതുപോസ്റ്റ് ചെയ്തത്. എന്നോട് കാട്ടിയ സൌമനസ്യത്തിന്റെ കാല്‍ക്കല്‍ ഈ ഗാനം ഗുരുദക്ഷിണയായി സമര്‍പ്പിച്ചുകൊള്ളുന്നു. ഗുരുദക്ഷിണ അവഹേളനമായി അധ:പതിച്ചെങ്കില്‍ എന്റെ കണ്ഠനാളം തന്നെ ദക്ഷിണയായി സ്വീകരിച്ചുകൊള്ളുക.

Monday, May 14, 2007

മനസ്സ്

ഒഴിഞ്ഞ
പത്തായങ്ങളില്‍
ചുണ്ടെലികള്‍
ചുരണ്ടിവന്നെത്തും
നിറഞ്ഞ അടിത്തട്ടുകളില്‍
ഉപ്പിന്റെ നനവൊട്ടിനില്‍ക്കും
ഇരുണ്ട നിഗൂഢതകളില്‍
കാറ്റിന്റെ മണം
തേടിവന്നെത്തും

അതുകൊണ്ട്‌..
എല്ലാം ഒളിപ്പിച്ചു വയ്കാന്‍
എനിക്കൊരിടമുണ്ട്‌.

ബാപ്പുവിനു കൊടുത്ത
ഉണ്ടയും
ബുദ്ധന്റെ ചിരിയും
അതിരില്‍ തീര്‍ത്ത
വേലിയും
തെക്കേലെ
സുഭദ്രചേച്ചിയുടെ
വീട്ടുമുറ്റത്ത്‌
കുഴിച്ചിട്ട
കോഴിമുട്ടയും
ഇവിടെ വച്ചാണ്‌
ഞാന്‍
‍വിരിയിച്ചെടുത്തത്‌

എന്റെ നേര്‍ക്ക്‌
കൈ നീട്ടരുത്‌
ചിരിക്കുകയുമരുത്‌

ഒരു ഹസ്തദാനത്തിലും
ഒരു പുഞ്ചിരിയിലും
യുദ്ധങ്ങളൊഴിഞ്ഞു
പോയേക്കും.

Thursday, May 03, 2007

വെറുതെ ചില ചോദ്യങ്ങള്‍

വിരിയുന്നതെന്തിനീ പൂവുകള്‍-അവസാന,
കരുണതന്‍ കണികയും വറ്റിയെങ്കില്‍?

അടരുന്നതെന്തിനീ കായുകള്‍, മണ്ണിതി
ലൊരു ജീവമന്ത്രമില്ലെങ്കില്‍ ?

പുലരുന്നതെന്തിനീ രാവുകള്‍
ജീവിത മിരുള്‍മാത്രമായിരുന്നെങ്കില്‍?

തിള ച്ചുരുകുന്നതെന്തിനീ സൂര്യന്‍,
ജീവനണയാതെ കാക്കുവാനല്ലയെങ്കില്‍?

തഴുകുന്നതെന്തിനീ തെന്നല്‍?, ഉണങ്ങാത്ത
മുറിവൊക്കെ മാറ്റുവാനല്ലയെങ്കില്‍?

കുയില്‍ വന്നു പാടുന്നതെന്തിനായ്‌
കുഞ്ഞിന്ന് സ്വരശുദ്ധി നല്‍കുവാനല്ലയെങ്കില്‍?

മയില്‍ പീലി നീര്‍ത്തുന്നതെന്തിനായ്‌
മാനത്തു മഴവില്ലു വിരിയിക്കാനല്ലയെങ്കില്‍?

പുതു മഴപെയ്തു നിറയുന്നതെന്തിനായ്‌
ഭൂമിതന്‍ കറയൊക്കെ കഴുകുവാനല്ലയെങ്കില്‍?

പുഴ പാടിയൊഴുകുന്നതെന്തിനായ്‌-
അനര്‍ഗ്ഗളം-, സ്വയശുദ്ധി ചെയ്യുവാനല്ലയെങ്കില്‍?

കടലേറ്റുവാങ്ങുന്നതെന്തിനീ കൈവഴികള്‍
ഒരുമിച്ചു ശക്തിയായ്‌ തീര്‍ന്നീടുവാന്‍?

തിരയോടിയെത്തുന്നതെന്തിനായ്‌, തീരത്തിന്‍
ചുടു ചുംബനങ്ങളില്‍ മധുരമില്ലേല്‍?