Thursday, August 24, 2006

ആത്മഹത്യാമുനമ്പില്‍



'വരിക,വരികെ'ന്നു ഹൃദയത്തിലാരോ
തരള മധുരമായ്‌ മന്ത്രണം ചെയ്യവെ-
'പെരിയ സത്യങ്ങ'ളിത്തിരി നേരമെന്‍-
കരളില്‍നിന്നും മറഞ്ഞുപോകുന്നു.

മരണമെത്രമനോജ്ഞമാണെങ്കിലും
ഒടുവിലെത്രകൊതിക്കണം കാണുവാന്‍.
പടികള്‍ കേറിവരുന്നതിന്‍മുന്‍പെനി-
ക്കവിടെ ചെല്ലുവാനേറ്റം തിടുക്കമായ്‌!

ഇവിടെയീ ശവക്കോട്ടയിലെന്നുടെ
കരളിലായിരംമുള്ളുകളേല്‍ക്കവെ-
അരുതരുതെന്നു വാവിട്ടപേക്ഷിപ്പാന്‍
ഇവനിനിയില്ല കൂടപ്പിറപ്പുകള്‍.

മധുരസായാഹ്നമിത്തിരി നേരമീ-
പ്പരിഷയോടൊപ്പമാര്‍ത്തുല്ലസിക്കുവാന്‍-
പുലരിയോളംവൃഥാകൂട്ടിരുന്ന നല്‍-
സഹജരില്ലിനി കൂടെയെത്തീടുവാന്‍!!.

മിഴികള്‍രണ്ടും തുടച്ചൊപ്പമെത്തിയിട്ടൊ
ടുവില്‍ ജീവിതകയ്പുനീര്‍ പങ്കിടാന്‍
മധുരസുന്ദര സ്വപ്നങ്ങള്‍ പങ്കിട്ട സഖി-
യവള്‍ പണ്ടേ കൂട്ടുപിരിഞ്ഞുപോയ്‌.

മതി,മനസ്സിന്റെ കോണിലുണ്ടിപ്പൊഴും
ചിതലരിക്കാത്ത പഴയകാലങ്ങള്‍,
ഇവിടെ ജീവിതംവച്ചൊഴിഞ്ഞീടിലും
പഴിമനസ്സിലുണ്ടാകില്ല നിശ്ചയം!!.

വിടപറഞ്ഞു ഞാന്‍പോകട്ടെ നിങ്ങള്‍തന്‍-
കനിവുപേറും മനസ്സിന്നു നന്ദി.
ക്ഷണികമെങ്കിലും ജീവിതംനിങ്ങളില്‍-
നറുനിലാവുപോല്‍ പൂത്തുനിന്നീടട്ടെ!!!.

16 comments:

വല്യമ്മായി said...

നല്ല കവിത

കണ്ണൂസ്‌ said...

കൊള്ളാം ശിശൂ.. ( ഈ ശിശു എന്നു കേട്ടപ്പോള്‍ ഒരു ചെറിയ നൊവാള്‍ജിയ. കോളേജില്‍ ഞാന്‍ അറിയപ്പെട്ടിരുന്നത്‌ അങ്ങിനെയാണ്‌.)

സു | Su said...

വിടപറഞ്ഞു ഞാന്‍പോകട്ടെ നിങ്ങള്‍തന്‍-
കനിവുപേറും മനസ്സിന്നു നന്ദി.

ശിശുവേ, നല്ല കവിതയാ കേട്ടോ.

ശിശൂന്റെ ഫോട്ടോയും നല്ല ഭംഗീണ്ട്. :)

ലാലേട്ടന്‍... said...

ഇതാ... ഈ ബ്ലൊഗനാര്‍കാവിലേക്കു മറ്റൊരു മുത്തുകൂടി. നീ ശിശു വല്ല മോനേ... വലുത്താണെടാ.. വലുത്...

നന്നയിട്ടുണ്ട്.

ലാലേട്ടന്‍...

ശിശു said...

ബൂലോഗത്തിന്റെ കാരണവര്‍ക്ക്‌,

ശിശുവിന്റെ ഒരു request ബൂലോഗത്തില്‍ post ചെയ്യണമെന്നുണ്ട്‌, എന്താണ്‌ ചെയ്യേണ്ടത്‌?

ഉമേഷ്::Umesh said...

നല്ല കവിത, ശിശൂ.

സു | Su said...

ശിശൂ :)
ഒരു കമന്റ് ടൈപ്പ് ചെയ്തിട്ട് വേണ്ടാന്ന് വെച്ച് മായ്ച്ച് പോയതാണ്.
ഈ ബൂലോഗത്തിന് ഒരു കാരണവര്‍ ഒന്നുമില്ല.

ശിശുവിന്റെ റിക്വസ്റ്റ് ഒന്നുകില്‍ ശിശുവിന്റെ ബ്ലോഗില്‍ത്തന്നെ പോസ്റ്റ് ആയിട്ട് ഇടുക. അല്ലെങ്കില്‍, ഇനി, ബൂലോഗക്ലബ്ബിലാണ് വേണ്ടതെങ്കില്‍ അവിടെ ഇടുക. ബൂലോഗക്ലബില്‍ അംഗം അല്ലെങ്കില്‍ ശ്രീജിത്തിനോട് പറഞ്ഞാല്‍ മതി. അംഗമാക്കും.
ശ്രീജിത്ത് സഹായിക്കും.

Sreejith K. said...

ശിശു ബൂലോകക്ലബ്ബില്‍ അംഗം ആണല്ലോ. എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല.

അഭയാര്‍ത്ഥി said...

ഉമേശന്‍ സാറിന്റെ കമന്റ്‌ കണ്ടിരുന്നില്ലെങ്കില്‍ കാണതെ പോകുമായിരുന്ന കവിത.
കവിത എഴുതിയത്‌ ശിശുവാണെങ്കിലും പരിപക്വമായ കവിത.
ഒരു വാക്കുപോലും കൂടുതലില്ലാത്ത മനോഹര കവിത.
എഴുതി തെളിഞ്ഞൊരു കൈത്തഴക്കം ഈ ശിശുവിന്റെ കുഞ്ഞിളം കൈകള്‍ക്കുണ്ടേ.

സുന്ദരം സുന്ദരം എന്നൊഴികെ മറ്റൊരു വാക്കും വരുന്നില്ലാ ആന്ദാതിരേകത്താല്‍.

മുല്ലപ്പൂ said...

നല്ല കവിത.
മാറി നില്‍ക്കൂ ആ മുനമ്പില്‍ നിന്നു.
ഇവിടെ നീളുന്ന കൈകള്‍ കാണുന്നില്ലേ. അതില്‍ ഒന്നില്‍ പിടിച്ചു ഇങ്ങു കയറിക്കോളൂ.

ബാബു said...

ശിശു, കവിത നന്നായിരിക്കുന്നു!

ശിശു said...

വല്ല്യമ്മായി:
കണ്ണൂസ്‌:
ലാലേട്ടന്‍:
ഉമേഷ്ജി:
ശ്രീജിത്‌
സു:su:
താര:
ബാബു:
എല്ലാവര്‍ക്കും നന്ദി.ആത്മഹത്യാമുനമ്പിലെത്തി, ശിശുവിന്റെ കവിത കേട്ടതിനു,പ്രശംസിച്ചതിനും, ഇതുവരെ ആരും കമന്റാഞ്ഞപ്പോള്‍, സത്യം പറഞ്ഞാല്‍ post deleteചെയ്യാന്‍ വരെ ആലോചിച്ചു പോയി,ഒരിക്കല്‍ക്കൂടി എല്ലാവര്‍ക്കും നന്ദി.
മുല്ലപ്പൂ: സമാശ്വാസത്തിന്റെ ഒരു ചെറു കൈ ശിശുവിനു നേര്‍ക്കുനീട്ടിയതിനു,ഒത്തിരി നന്ദി, ശിശു ആ കയ്യില്‍ പിടിച്ചു കയറി കേട്ടോ..
ഗന്ധര്‍വരെ: ഉമേഷ്ജിയുടെയും,താങ്കളുടെയും കമന്റാല്‍ ശിശു ധന്യരില്‍ ധന്യനായി,ആനന്ദാതിരേകത്താല്‍ മതിമറന്നു നിന്നുപോയി. താങ്കള്‍ പറഞ്ഞതുപോലെ, എഴുതി തെളിഞ്ഞ കയ്യല്ല ശിശുവിന്റേതു,,വെളിച്ചം കാണുന്ന രണ്ടാമത്തെ സൃഷ്ടിയെന്നു പറയാം. താങ്കളുടെ നിര്‍ലോഭമായ പ്രശംസക്കു ഒത്തിരി നന്ദി. ഇതെന്നെ വീണ്ടും എഴുതാന്‍ പ്രേരിപ്പിക്കുന്നു..

Rasheed Chalil said...

ശിശൂ നാന്നായിരിക്കു. മനോഹരമായ കവിത.

Peelikkutty!!!!! said...

നല്ല കവിത.അടുത്ത കവിതയ്കായി കാത്തിരിക്കുന്നു. മിഴികൾ ര ണ്ടും തുടച്ചൊപ്പമെത്താൻ എല്ലാരുമുണ്ട്

Sudhir KK said...

ശിശുവിന്റെ മീശപുരാണം വായിച്ച് ധാരാളം ചിരിച്ചു. ഈടുറ്റ ഈ കവിത കാണാനും വൈകി. അഭിനന്ദനങ്ങള്‍

മരണമെത്രമനോജ്ഞമാണെങ്കിലുമൊ-
ടുവിലെത്രകൊതിക്കണം കാണുവാന്‍
പടികള്‍ കേറിവരുന്നതിന്‍മുന്‍പെനി-
ക്കവിടെ ചെല്ലുവാനേറ്റം തിടുക്കമായ്‌!

ഈ വരികള്‍ വളരെ നന്ന്. ഈ ഫോണ്ട് സൈസ് ഇത്രയില്ലെങ്കില്‍ കൂടുതല്‍ നന്നായേനെ. (എല്ലാരും കൂടി ഫോണ്ട്/ടെമ്പ്ലേറ്റ്/ആമ്പ്ലേറ്റ് എന്നൊക്കെ പറഞ്ഞിറങ്ങിയിരിക്കുകയാണല്ലോ ദൈവമേ)

പോസ്റ്റില്‍ കമന്റു കണ്ടാലും ഇല്ലെങ്കിലും പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നതെന്തിന്? വേണ്ടവര്‍ വായിക്കട്ടെ, കമന്റിടണ്ടവര്‍ ഇടട്ടെ.

ജ്യോതിര്‍മയി /ज्योतिर्मयी said...

ശിശുജീ,

വിഷാദാത്മകമാണെങ്കിലും ഈ കവിത വളരെ നന്നായിട്ടുണ്ട്‌.(പറയാന്‍ ഞാനാളല്ല).

ആത്മഹത്യാമുനമ്പില്‍ നില്‍ക്കുന്ന കവിയോട്‌ എന്താ പറയാ...?

വാക്കുകള്‍ കടമെടുക്കട്ടെ-

"വിടപറഞ്ഞു നീ പോകൊല്ല, നിങ്ങള്‍ തന്‍-
കവിതപേറും മനസ്സിന്നു നന്ദി!
ക്ഷണികമെങ്കിലും നിങ്ങള്‍തന്‍ ജീവിതം
നറുനിലാവായ്‌ പ്രകാശം പരത്തണേ"


ശിശുജീ,

താങ്കള്‍ 'വാഗ്ജ്യോതി'യില്‍ വന്നു ക്ഷണിച്ചതിനു നന്ദി. അല്ലെങ്കില്‍ ഇതു കാണാതെപോകുമായിരുന്നു. (കുറേ ദിവസം ഞാന്‍ ബൂലോഗത്തില്ലായിരുന്നു).

ഇതു താങ്കളുടെ രണ്ടാമത്തെ കവിതയാണെന്നല്ലേ പറഞ്ഞത്‌? തീര്‍ച്ചയായും നല്ലൊരു കവി ഇവി
ടെ എഴുതിത്തെളിഞ്ഞുവരും എന്നുറപ്പ്‌. ഞാന്‍ വിരലിലെണ്ണാവുന്ന കവിതകളേ(അങ്ങനെ വിളിയ്ക്കാമോ ആവോ) എഴുതിയിട്ടുള്ളൂ. പറഞ്ഞുവന്നതെന്താച്ചാല്‍... ഞാന്‍ കവിത വിലയിരുത്താനൊന്നും ആളല്ല എന്നു തന്നെ. എന്നാലും ഒരു ശിശു അപേക്ഷിച്ചതല്ലേ എന്നു വിചാരിച്ച്‌ ഇത്രയും ചെയ്യാം-

രണ്ടാമത്തെ സ്റ്റാന്‍സാ
"മരണമെത്ര മനോജ്ഞമാണെങ്കിലും
ഒടുവിലെത്ര കൊതിയ്ക്കണം കാണുവാന്‍" എന്ന് വരികളിലെ അക്ഷരം ക്രമീകരിയ്ക്കാം.

പിന്നെ-

6ആം സ്റ്റാന്‍സാ-

മിഴികള്‍ രണ്ടും തുടച്ചൊപ്പമെത്തിയി-
ട്ടൊടുവില്‍ ജീവിതക്കയ്പ്പുനീര്‍ പങ്കിടാന്‍
മധുരസ്വപ്നങ്ങള്‍ പങ്കിട്ടുവെങ്കിലും
ഇല്ല...വരില്ലവള്‍ പണ്ടേ പിരിഞ്ഞുപോയ്‌


നാലാം വരി "പണ്ടേ പിരിഞ്ഞുപോയല്ലോ മമ സഖി" എന്നുമാവാം.

ശിശുവിന്റെ അപേക്ഷയൊന്നു മാത്രമാണ്‌ എന്നെ ഈ സാഹസം ചെയ്യിക്കുന്നത്‌. കവിയും കവിതയും എന്നോടു ക്ഷമിയ്ക്കട്ടെ.