Sunday, September 03, 2006

വെന്തുനീറുന്ന ഓണവും ആശംസകളും.

എന്നിട്ടും..
എന്നിട്ടും നാം ഓണം ആഘോഷിക്കാനൊരുങ്ങുകയാണ്‌..ഇല്ലേ?

ആകാശം നിറയെ ആണവ മേഘങ്ങള്‍ പെയ്യാന്‍കാത്ത്‌ അനുവാദത്തിനായ്‌ പടിഞ്ഞാറോട്ടും നോക്കി നില്‍ക്കുന്നു.
എണ്ണക്കുപകരം ഭക്ഷണം മുറ്റംനിറയെ കൊയ്ത്‌കുന്നുകൂട്ടിയിട്ടിരിക്കുന്നു.

വീട്ടില്‍,സ്വാശ്രയരാകാന്‍വേണ്ടി പട നയിച്ചെത്തുന്ന "അതി-രൂപ-താ" കളുടെ കുളമ്പടിയൊച്ചകള്‍..
'എല്ലാവര്‍ക്കും പൂക്കളം' ഒരുക്കാന്‍ 'ബില്ലു'ണ്ടാക്കി ജയവുംതോല്‍വിയുമറിയാതെ, ഇരുട്ടില്‍തപ്പുന്ന ബേബികുഞ്ഞുങ്ങളുടെ, ഇരുതലമൂര്‍ച്ചയുള്ള ഗോഗ്വാ വിളികള്‍..
ജയില്‍മുറികളിലും കായല്‍പ്പരപ്പുകളിലും തനിയെ ചത്ത്‌മലച്ച്‌ തുമ്പിതുള്ളിക്കിടക്കുന്ന കരടിക്കുഞ്ഞുങ്ങള്‍..
മാവേലി വന്നടുക്കേണ്ട 'വിഴിഞ്ഞത്തില്‍' ആരോചരടുപിടിച്ചുവലിച്ചു നില്‍ക്കുന്നു എന്ന സംശയങ്ങള്‍..
കായവറുക്കാന്‍ വാഴകൃഷി ചെയ്ത്‌, ജപ്തി ഒഴിവാക്കാന്‍ സ്വന്തംതൂക്കംനോക്കി കാറ്റത്താടിക്കളിക്കുന്ന വയനാടന്‍ ചേകവന്മാര്‍..
ഓണത്തല്ല് വിളഞ്ഞുപഴുത്തു നില്‍ക്കുന്ന മാറട്ടിലെ ഓണനിലാവുകള്‍..
എന്നിട്ടും..
എന്നിട്ടും..നാം ഓണം ആഘോഷിക്കാന്‍ തീരുമാനിച്ചുറച്ചുകഴിഞ്ഞു..ഇല്ലേ?..

കോണകം വിറ്റും ഓണം വാങ്ങാന്‍ ക്വൊട്ടേഷന്‍ ഓഫറുകളുമായെത്തുന്ന വാണിഭക്കാര്‍..
എയ്ഡ്‌സിന്റെ പരാഗരേണുക്കള്‍ നിറച്ച പലിശവട്ടകയുമായ്‌ ചുരം താണ്ടിയെത്തുന്ന എ.ഡി.ബി. പാണ്ടികള്‍...
പ്രതീക്ഷയുടെ ഇത്തിരിപ്പോന്ന ഹരിതാഭകളും തൂറിനിറക്കാനെത്തുന്ന ടൂറിസം വാരാഘോഷങ്ങള്‍..
മണ്ണിലെ മിന്നാമിനുങ്ങുകളെ, കോരിയെടുക്കാന്‍, ഭീമന്‍മണ്‍കോരികകളുമായ്‌ തക്കംപാര്‍ത്തിരിക്കുന്ന കരിമണല്‍ രാജവെമ്പാലകള്‍..
ഭൂഗര്‍ഭത്തിലെ കുഞ്ഞുങ്ങളെ ഊറ്റിയെടുക്കുവാന്‍ പ്ലാച്ചി'മട' തീര്‍ത്ത്‌ കാത്തിരിക്കുന്ന ബഹുരാഷ്ട്ര കോമളന്മാര്‍..
എന്നിട്ടും...
എന്നിട്ടും.ഓണം അടിച്ചുപൊളിച്ചേ അടങ്ങൂ എന്ന വാശിയിലാണോ?..

എന്നാല്‍...
എന്നാല്‍പ്പിന്നെ..കവിയൂര്‍,കിളിരൂര്‍,വിതുര,കുമളി പെണ്‍കുട്ടികള്‍ വന്ന് മഹാബലിത്തമ്പുരാനെ ആദരിച്ചാനയിക്കട്ടെ..
ഇനിയും പൊക്കിള്‍ക്കൊടി അറ്റ്പോകാത്ത, അമ്മമാരുപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങള്‍ മതൃത്വത്തിന്റെ മുലപ്പാല്‍ നല്‍കി തിരുമനസ്സിന്റെ ദാഹം ശമിപ്പിക്കട്ടെ..
മുത്തങ്ങയില്‍,മരുന്നിനുമാത്രം അവശേഷിക്കുന്ന ആദിവാസിയുടെ ചോരയും, മുത്തങ്ങാക്കിഴങ്ങും,നറുനീണ്ടിയും സമൂലംചേര്‍ത്ത്‌ വാറ്റിയെടുത്ത തൈലത്താല്‍ തമ്പുരാനെ ലഹരിയിലാറാടിക്കാം.
കോഴിക്കോട്‌ ഐസ്ക്രീം പാര്‍ലറിന്റെ ശീതളിമയില്‍ തമ്പുരാന്‍ വിശ്രമിക്കട്ടെ..
അപ്പോള്‍..
അപ്പോള്‍പ്പിന്നെ..ഔപചാരികത മാത്രമേയിനിബാക്കിയുള്ളൂ..
എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുകയെന്ന ചടങ്ങുമാത്രം ബാക്കി..
ആരവിടെ..
ചടങ്ങിനുള്ള ചിട്ടവട്ട നീളങ്ങള്‍ പൂര്‍ത്തിയാക്കൂ..
ആര്‍ക്‌ക്‍ഒക്കെയാണ്‌ ഓണം ആശംസിക്കേണ്ടത്‌?..
ആദ്യമായ്‌ നന്മയുടെ പ്രതീകമായിരുന്ന മഹാബലി തമ്പുരാനെ ചവിട്ടിത്താഴ്‌ത്തിയ വാമനപുരം വാമനനവര്‍കള്‍ക്ക്‌..
പിന്നെ..നല്ലവനും ശക്ത്തനുമായിരുന്ന മഹാബലിയെ കുടവയറനും,കോമാളിയുമാക്കി ചിത്രീകരിച്ച ആദ്യത്തെ ചിത്രകാരന്‌..
മഹാബലി എന്നു കേള്‍ക്കുമ്പോള്‍ തന്നെ ചുണ്ടില്‍ ചിരി ആട്ടിതെളിച്ച്‌ കൊണ്ടെത്തിക്കുന്ന എല്ലാ കലാകാരന്മാര്‍ക്കും..
ഓണം എന്ന വിശാലമായ ക്യാന്‍വാസിനെ എല്ലാ മായങ്ങളും വില്‍കാനുള്ള ട്രേഡ്‌മാര്‍ക്കാക്കി വളര്‍ത്തിയെടുത്ത പരസ്യ അംബാനിമാര്‍ക്ക്‌..
'വര്‍ഷത്തിലൊരോണം മാത്രമേയുള്ളൂ' എന്നു വിലപിക്കുന്ന എല്ല T.V. channel-കള്‍ക്കും..
പിന്നെ..
പിന്നെ..ഓണം മതപരമാണെന്ന പുത്തന്‍ കണ്ടുപിടുത്തം നടത്തി 'നളെയുടെ പ്രതീക്ഷ'കളെ പുതിയ മതബോധം അഭ്യസിപ്പിക്കുന്ന അഭിനവ 'വിദ്യ-അഭ്യാസ അതി-രൂപ-താ' കള്‍ക്ക്‌..
ഇവിടെ പരാമര്‍ശിക്കാത്ത എല്ലാ സദ്ഗുണ സമ്പന്നന്മാര്‍ക്കും..
ശിശുവിന്റെ
ഓണാശംസകള്‍
ഓണാശംസകള്‍

കുറിപ്പ്‌: ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ സദയം ക്ഷമിക്കുക..

8 comments:

ശിശു said...

ശിശുവിന്റെ ഓണാശംകളും...
ഒപ്പം നീറുന്ന ചില യാഥാര്‍ത്ഥ്യങ്ങളും..
നിങ്ങള്‍ക്കുമുന്‍പില്‍

കമന്റുമല്ലോ..

വല്യമ്മായി said...

നന്നായി ശിശൂ.
ഓണാശംസകള്‍

ഇത്തിരിവെട്ടം|Ithiri said...

നന്നായിരിക്കുന്നു. ഓണാശംസകള്‍.

വക്കാരിമഷ്‌ടാ said...

പ്രശ്‌നങ്ങളൊക്കെയും പ്രശ്‌നങ്ങളാണല്ലോ, അതുകൊണ്ടാണല്ലോ പ്രശ്‌നമെന്ന വാക്കു തന്നെയുണ്ടായത് എന്ന് ബോബി കൊട്ടാരക്കര മഴവില്‍ക്കാവടിയില്‍ പറഞ്ഞതുപോലെ, പ്രശ്‌നങ്ങള്‍ എക്കാലത്തും എല്ലായിടത്തും ഉണ്ട്. പക്ഷേ നമുക്ക് വേണ്ടത് ശുഭാപ്തി വിശ്വാസമാണ്. ലോകത്ത് നമുക്ക് സന്തോഷം തരുന്ന നല്ല കാര്യങ്ങളും നടക്കുന്നുണ്ടല്ലോ. അതിനെപ്പറ്റിയും നമുക്ക് ഓര്‍മ്മിക്കാം. ലോകത്തിലെ പ്രശ്‌നങ്ങളെല്ലാം തീര്‍ന്നിട്ട് ഓണം ആഘോഷിക്കാമെന്ന് വെച്ചാല്‍ അത് ഒരിക്കലും നടക്കില്ല എന്ന് തോന്നുന്നു.ലോകത്തിന്റെ പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതിനു മുന്‍പ് വീട്ടിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കുക, വീട്ടുകാരെ പരിചരിക്കുക, അവരെ സന്തോഷിപ്പിക്കുക. ആഘോഷിക്കേണ്ട സമയത്ത് നമ്മുടേതായ രീതിയില്‍ ആഘോഷിക്കേണ്ടവയൊക്കെ ആഘോഷിക്കുക. പ്രശ്‌നങ്ങള്‍ക്കൊക്കെ നമ്മളാല്‍ കഴിയുന്ന പരിഹാരങ്ങള്‍ കാണാന്‍ ശ്രമിക്കുക.

ശിശുവിനും കുടുംബത്തിനും ഓണാശംസകള്‍.

കൈത്തിരി said...

ഓണാശംസകള്‍

ശിശു said...

വക്കാരിമഷ്ടാ..
ഒരു വാദഗതിക്ക്‌ വേണ്ടിചോദിച്ചാല്‍, മനസ്സില്‍ ഒത്തിരി വേദനയുള്ളപ്പോള്‍, നമുക്കെങ്ങനെ ഒരു ആഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിയും?

വക്കാരിമഷ്‌ടാ said...

കഴിയില്ല ശിശൂ.

പക്ഷേ ആ വേദനയുടെ കാരണങ്ങള്‍ വ്യക്തിപരമാണോ ആഗോളമാണോ എന്നുള്ള സംശയം മാത്രം. താങ്കള്‍ ചൂണ്ടിക്കാണിച്ച പ്രശ്‌നങ്ങള്‍ ലോകത്ത് എപ്പോഴുമുള്ള പ്രശ്‌നങ്ങളാണല്ലോ. അവയ്ക്ക് നമ്മളാല്‍ കഴിയാവുന്ന പരിഹാരങ്ങള്‍ ചെയ്യാന്‍ പറ്റുമ്പോളൊക്കെ ചെയ്യേണ്ട രീതിയില്‍ ചെയ്യുക. അതേ സമയം നമ്മള്‍ സന്തോഷിച്ചാല്‍ നമ്മോടൊപ്പം സന്തോഷിക്കുന്ന നമ്മുടെ കുടുംബാംഗങ്ങളുടെ സന്തോഷങ്ങളിലും (പ്രശ്‌നങ്ങള്‍ വ്യക്തിപരമല്ലെങ്കില്‍) പങ്കെടുക്കുക.

ഇനി അതല്ല, നമുക്ക് മനസ്സിന് സന്തോഷം തരുന്നത് ഓണക്കാലത്ത് നമ്മള്‍ ചിലവാക്കുന്ന പൈസയും മറ്റും പാവങ്ങള്‍ക്ക് ദാനം ചെയ്‌താണെങ്കില്‍ അത് വളരെ നല്ലത്. പക്ഷേ നമ്മുടെ കുടുംബാംഗങ്ങളേയും കൂടി വിശ്വാസത്തിലെടുത്തായിരുന്നാല്‍ അതിന്റെ മാറ്റ് കൂടും. നമ്മള്‍ നല്ല കാര്യം ചെയ്യുകയും അത് മൂലം നമ്മുടെ കുടുംബം കണ്ണീരിലാവുകയും ചെയ്യുന്ന പ്രവര്‍ത്തി സല്‍‌ക്കര്‍മ്മമാണെങ്കില്‍ തന്നെ മാറ്റു കുറയുമെന്നാണ് തോന്നുന്നത് (ചിന്താവിഷ്ടയായ ശ്യാമള, സന്ദേശം സിനിമകള്‍ ഉദാഹരണം).

സന്തോഷിക്കുക എന്നു പറഞ്ഞാല്‍ ധൂര്‍ത്തടിക്കുക എന്നല്ലല്ലോ. ഉള്ളതുകൊണ്ട് ഓണം. അത്രതന്നെ. നേരത്തെ പറഞ്ഞതുപോലെ നമുക്ക് സന്തോഷം തരുന്ന വളരെയധികം നല്ല കാര്യങ്ങള്‍ ഈ ലോകത്ത് ഇപ്പോഴുമുണ്ട്.

ശിശു said...

വക്കാരിമഷ്ടാ..
താങ്കളുടെ ആത്മാര്‍ത്ഥതയെ ഞാന്‍ ചോദ്യം ചെയ്യുകയല്ല..മറിച്ചു, (വാദഗതിക്ക്‌ എന്നുവേണമെങ്കില്‍ പറയാം)നാം സന്തോഷിക്കുമ്പ്പോള്‍, നേടുമ്പോള്‍ അര്‍ക്കൊക്കെയോ നഷ്ടപ്പെടുന്നില്ലേ..
"വീട്ടില്‍ സ്വാശ്രയരാകാന്‍ വേണ്ടി പടനയിച്ചെത്തുന്ന "അതി-രൂപ-താ" എന്നതില്‍ വീട്‌ എന്നുദ്ദേശിച്ചത്‌ 'കേരളം' എന്നുമാത്രമാണ്‌. പറഞ്ഞ വേദനകള്‍ ഒന്നും വ്യക്തിപരമല്ല..

നാം ആഘോഷങ്ങളില്‍ ആമഗ്നരാകുമ്പോള്‍,മറന്നുപോകുന്ന ചില പൊള്ളുന്ന യാഥര്‍ത്ഥ്യങ്ങളെ ഓര്‍മ്മിപ്പിച്ചെന്നു മാത്രം..
താങ്കള്‍ പറഞ്ഞതുപോലെ, സന്തോഷിക്കാനും ഇവിടെ പലതുമുണ്ടു, പക്ഷെ അതൊക്കെ വ്യക്തിപരമല്ലെ?