Friday, October 06, 2006

റേഡിയൊ (കവിത)

കാറ്റിനെ തടഞ്ഞുനിര്‍ത്തരുതു..!

ശബ്ദിച്ചു കൊണ്ടിരിക്കുന്ന എന്റെ റേഡിയൊ
പ്രാണവായു കിട്ടാതെ..
ജീവ ഞരമ്പുകള്‍ കോച്ചിവലിച്ചു
അകാലത്തില്‍ മൃതിയടഞ്ഞു പോകും.!

കാറ്റില്‍നിന്നും വിലാപങ്ങളെ
അരിച്ചു വേര്‍തിരിച്ചെടുക്കുവാന്‍,
വിഷാദ നെടുവീര്‍പ്പുകള്‍ ഘനീഭവിച്ചുപെയ്യുന്ന
വര്‍ഷകാലങ്ങളെപ്പറ്റി
എനിക്കുമുന്നറിയിപ്പു നല്‍കുവാന്‍,
എന്റെ കുണ്ടുകിണറിന്റെ ശബ്ദാതിര്‍ത്തിക്കപ്പുറത്തെ
മൂളലുകളും ഞരക്കങ്ങളും, അട്ടഹാസങ്ങളും
മരുഭൂമിയില്‍ നിന്നുംകൊണ്ടുവന്ന
മഴനീര്‍ത്തുള്ളി പോലെ
എന്റെ കാതുകളില്‍ ഇറ്റിച്ചു നല്‍കുവാന്‍...
എനിക്കെന്റെയീ പഴയ റേഡിയൊവിശ്രമമില്ലാതെ
പ്രവര്‍ത്തിപ്പിക്കേണ്ടതുണ്ടു

അതുകൊണ്ടു ദയവായികാറ്റിനെ തടഞ്ഞു നിര്‍ത്തരുതു..!

മരിച്ചു മണ്ണടിഞ്ഞു പോയ ആത്മാവുകള്‍
എനിക്കായി ശീതീകരിച്ചുവെച്ച
സന്ദേശങ്ങള്‍ഈ കാറ്റിലുണ്ടാകും..
നാളിതുവരെ വിക്ഷേപിക്കപ്പെട്ട
കോടിക്കണക്കിനു ശബ്ദങ്ങള്‍അലിഞ്ഞുചേര്‍ന്നു
വിശ്രമിക്കുന്നഈ കാറ്റില്‍ നിന്നും
വിഷധൂളികളേറ്റു ശ്വാസം മുട്ടുന്ന
എനിക്കും എന്റെ തലമുറക്കും
ഇനി എന്നെന്നുമാശ്രയിക്കേണ്ട
സ്‌നേഹ മന്ത്രാക്ഷരങ്ങല്‍
തിരഞ്ഞുപിടിച്ചു തിരിച്ചേല്‍പ്പിക്കുവാന്‍..
അക്കങ്ങള്‍ക്കുള്ളില്‍ ശബ്ദാതിര്‍ത്തികള്‍ലംഘിച്ചു
സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നതേഞ്ഞുപോയ
സൂചികാതോര്‍ത്തിരിക്കുന്നു..

അതുകൊണ്ടു ദയവായികാറ്റിനെ തടഞ്ഞു നിര്‍ത്തരുതു..!

ഒരുകുമ്പിള്‍ കാറ്റിനുള്ളില്‍
ഒരുകോടി വിലാപങ്ങള്‍ ഒളിച്ചിരിപ്പുണ്ടാകാം..!

8 comments:

ശിശു said...

ഒരു കൊച്ചു കവിത പോസ്റ്റു ചെയ്യുന്നു.
ലാപുട യുടെ സ്‌നേഹ നിര്‍ദ്ദേശങ്ങളില്ലായിരുന്നെങ്കില്‍,
ഒരുപക്ഷെ വെളിച്ചം കാണില്ലായിരുന്ന സൃഷ്ടി. ഇതു തീര്‍ച്ചയായും പോസ്റ്റ്‌ ചെയ്തു കാണണമെന്ന
ആഗ്രഹം ശിശുവിനാത്മ ധൈര്യം തരുന്നു.
അതുകൊണ്ടുതന്നെ ഇതു 'ലാപുട'
ക്കു സമര്‍പ്പിച്ചുകൊള്ളുന്നു.

Aravishiva said...

അതുകൊണ്ടു ദയവായികാറ്റിനെ തടഞ്ഞു നിര്‍ത്തരുതു..!

ഒരുകുമ്പിള്‍ കാറ്റിനുള്ളില്‍
ഒരുകോടി വിലാപങ്ങള്‍ ഒളിച്ചിരിപ്പുണ്ടാകാം..!

ശിശു വളരെ നല്ല കവിത...ഇനിയുമെഴുതൂ...

മുസ്തഫ|musthapha said...

ഒരുകുമ്പിള്‍ കാറ്റിനുള്ളില്‍
ഒരുകോടി വിലാപങ്ങള്‍ ഒളിച്ചിരിപ്പുണ്ടാകാം..!

നല്ല കവിത ശിശു...

ശിശുവിനോട്,
ഒരു സൃഷ്ടിയേയും തടഞ്ഞു നിറുത്തരുതേ...

Rasheed Chalil said...

ശുശൂ മനോഹരം.

ശിശു said...

റേഡിയൊ അന്തരീക്ഷത്തില്‍നിന്നും ശബ്ദങ്ങള്‍ വലിച്ചെടുത്തു തന്നിലൂടെ കേള്‍പ്പിക്കുന്നു. ബഹളമയമായ ഈ ലോകത്തു നാം വിക്ഷേപിക്കപ്പെടുന്ന ശബ്ദങ്ങളെല്ലാം എവിടെയാണ്‌ ഉദ്ദേശലക്ഷ്യം തെറ്റി വിശ്രമിക്കുന്നതു? വേണ്ടതും വേണ്ടാത്തതുമായ കോടിക്കണക്കിനു ശബ്ദങ്ങള്‍ ഈ കാറ്റിന്റെ കയ്യിലുണ്ടാകുമോ? എങ്കില്‍ അവയില്‍നിന്നും നമുക്കാവശ്യമുള്ളയൊരു ശബ്ദം വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുമായിരിക്കുമോ? എങ്കില്‍ എത്ര രസകരമായിരിക്കുമത്‌ ഇല്ലേ?
ഇതൊരു കൗതുകകരമായ വിഷയാം തന്നെയണു, ഇല്ലേ?.

Santhosh said...

കവിത ഇഷ്ടപ്പെട്ടു. “ഒരുകുമ്പിള്‍ കാറ്റിനുള്ളില്‍ ഒരുകോടി വിലാപങ്ങള്‍ ഒളിച്ചിരിപ്പുണ്ടാകാം” എന്നത് പ്രത്യേകിച്ചും.

‘പ്രവര്‍ത്തിപ്പിക്കേണ്ടതുണ്ടു’, ‘തടഞ്ഞുനിര്‍ത്തരുതു’ എന്നിവ മനഃപൂര്‍വമുള്ള പ്രയോഗങ്ങളാണോ (പ്രവര്‍ത്തിപ്പിക്കേണ്ടതുണ്ട്, തടഞ്ഞുനിര്‍ത്തരുത് എന്നിവയ്ക്ക് പകരം?)

ടി.പി.വിനോദ് said...

ശിശൂ,
റേഡിയോ എന്ന ബിംബമാണ് എന്നെ ആകര്‍ഷിച്ചത്...വേദനകളൂടെ, വിമൂകതകളുടെ, വിജനതകളുടെ പറയാതെ പോയ വാക്കുകള്‍ സമയത്തിന്റെ മറവിക്കൂമ്പാരങ്ങള്‍ ഭേദിച്ച് അതിലേക്ക് വന്നു ചേരുന്നുവെന്ന് സൂചിപ്പിക്കുന്നതുകൊണ്ട് പ്രത്യേകിച്ചും...
നന്ദി...
അഭിനന്ദനങ്ങള്‍...

ശിശു said...

ഒരു കുമ്പിള്‍ കാറ്റിനുള്ളിന്‍
ഒരുകോടിവിലാപങ്ങള്‍
ഒളിഞ്ഞിരിപ്പുണ്ടാകാം...

നന്ദി, ഇതുവഴി വന്നെത്തിയ
അരവിശിവ,അഗ്രജന്‍,ഇത്തിരിവെട്ടം,സന്തോഷ്‌,ലാപുട
എന്നിവര്‍ക്ക്‌ വളരെ നന്ദി, വീണ്ടും ഇതുവഴി വരുമല്ലോ..