Tuesday, December 12, 2006

വെളിപാട്‌ (കവിത)

ബോധമാണെനിക്കേറ്റവും ശാപമീ-
ബോധചിന്തകള്‍ ചോദ്യങ്ങളായിടും
ജ്ഞാനമെത്ര പകര്‍ന്നു നല്‍കീടിലു-
മാത്മശാന്തിക്കതിത്തിരി പോരുമോ?

ആരൊരാളെനിക്കേകിടും, ശാന്തിതന്‍
പൂവുപോലുള്ളൊരിത്തിരിച്ചീളുകള്‍?
ആര്‌ കാഴ്ചവെച്ചീടും മനസ്സിനെ
ചൂഴ്ന്നുനില്‍ക്കുമീ നോവിന്നൊരുത്തരം?

ആര്‌ വെട്ടിത്തെളിക്കുമെന്നുള്ളിലെ
പാമ്പിഴയും വഴിത്താരയൊക്കെയും?
ആര്‌ നാട്ടുമിരുട്ടിന്റെ കോലായിലാ
ദ്യമായൊരു കൈത്തിരിനാളവും?

ആര്‌ ചൊല്ലിപ്പഠിപ്പിക്കുമെന്നിലെ
നേരുകാണാന്മടിക്കും കുരുന്നിനെ?
നൂറ്‌ ജന്മങ്ങള്‍ തേടിവന്നെത്തുമെന്‍
ജീവിതത്തിന്റെ നേരറിവൊക്കെയും!

മൂടിയുള്ളൊരാ സത്യത്തിന്‍ മുന്നില്‍ ഞാന്‍
‍വീണുപോകില്‍, പിടിച്ചുണര്‍ത്തീടുവാന്‍-
ആര്‌ കൂട്ടുമായെത്തും, വെളിച്ചത്തിന്‍
രാജവീഥികള്‍ തേടുമെന്‍ യാത്രയില്‍...?

ആരിരുന്നു ചിരിക്കുന്നതീവിധം
ആഴമില്ലാത്ത ചോദ്യങ്ങള്‍ കേള്‍ക്കിലോ?
വേറൊരാളെ നിനച്ചിരിക്കുന്നൊരെന്‍
മൂഢചിന്തയെ ശാസിപ്പതിങ്ങനെ.

"ഭോഷനാണു നീ,സത്യംഗ്രഹിക്കുവാന്‍
‍വേണ്ടതില്ലയപരന്റെ യാശ്രയം
നീ നിനക്കുകില്‍ നീ തന്നെ സര്‍വ്വവും
നീറിനിന്നനിന്‍ നോവിന്നുപായവും

കോടിചിന്തകള്‍ കൂടിക്കുഴഞ്ഞതിന്‍
‍മോഹനിദ്രയില്‍ നിന്നുണര്‍ന്നീടുവാന്‍
‍കോടി സൂര്യന്‍ ജ്വലിച്ചുനിന്നീടിലും
നീ നിനക്കിലേ സാധ്യമായ്‌ തീര്‍ന്നിടൂ.

നിന്റെ ഹൃത്തതില്‍ നീ വിളക്കാവുക
നിന്റെ ചിന്തക്ക്‌ നീ കാവലാവുക-
വേറൊരാളില്ല കൂടെയെത്തീടുവാന്‍
നിന്റെയാത്രയില്‍ നീ തന്നെ സാരഥി"

രൂപമില്ലാത്ത ശബ്ദമേ, നിന്നിലൂടാ-
ദ്യമായറിയുന്നു ഞാന്‍ സാന്നിദ്ധ്യം
ആദിതൊട്ടു തിരഞ്ഞു നടന്നതീ-
നേരറിയുവാന്‍, നീ തന്നെയെന്‍ ഗുരു.

26 comments:

ശിശു said...

വെളിപാട്‌ (കവിത)
വളരെ നാളുകള്‍ക്ക്‌ ശേഷം ഒരുകവിത പോസ്റ്റുചെയ്യുന്നു, ഓഫീസിന്റെ തിരക്കുകള്‍ക്കിടയിലെഴുതിയതാണ്‌, കുറെക്കൂടി നന്നാക്കാന്‍ കഴിയുമായിരുന്നു എന്നു തോന്നുന്നു, പക്ഷെ ക്ഷമ നശിച്ചു, കവിത എന്നു കേള്‍ക്കുമ്പോള്‍ തന്നെ ചിരിയ്കുള്ള വകയായി മാറിയിരിക്കുന്ന പുതിയ സാഹചര്യത്തില്‍ ഒട്ടു പേടിയില്ലാതെയുമില്ല, എങ്കിലും പോസ്റ്റു ചെയ്യുകയാണ്‌, വായനക്കാരുടെ അഭിപ്രായമറിയാന്‍ താല്‍പര്യമുണ്ട്‌, അറിയിക്കുമല്ലോ?

സു | Su said...

"നിന്റെ ഹൃത്തതില്‍ നീ വിളക്കാവുക
നിന്റെ ചിന്തക്ക്‌ നീ കാവലാവുക-
വേറൊരാളില്ല കൂടെയെത്തീടുവാന്‍
നിന്റെയാത്രയില്‍ നീ തന്നെ സാരഥി"

കവിത നന്നായിട്ടുണ്ട്. എനിക്ക് ചില വരികളൊക്കെ വളരെ ഇഷ്ടമായി.

ഇടിവാള്‍ said...

ശിശുവേ.. കവിത കൊള്ളാം..സൂ പറഞ്ഞ പോലെ ചില വരികളൊക്കെ ഹൃദ്യം

ഓടോ: അപ്പോ ഇങ്ങനേയാണല്ലേ കവിത എഴുതുക? അയ്‌ ശെരി ;)

മുസ്തഫ|musthapha said...

"ഭോഷനാണു നീ,സത്യംഗ്രഹിക്കുവാന്‍
‍വേണ്ടതില്ലയപരന്റെ യാശ്രയം
നീ നിനക്കുകില്‍ നീ തന്നെ സര്‍വ്വവും
നീറിനിന്നനിന്‍ നോവിന്നുപായവും"

നന്നായിരിക്കുന്നു.


ഇടിവാളേ :)

വേണു venu said...

നന്നായിട്ടുണ്ടു്.
നിന്റെയാത്രയില്‍ നീ തന്നെ സാരഥി.
ഈ വരി കൂടുതല്‍ ഇഷ്ടമായി.

mydailypassiveincome said...

ശിശു, കവിത വളരെയിഷ്ടപ്പെട്ടു. ഇത് ഓഫീ‍സിലെ തിരക്കിനിടയില്‍ എഴുതിയതാണെന്നത് വിശ്വസിക്കുവാന്‍ പ്രയാസം.‍ അത്ര നന്നായിരിക്കുന്നു. ആശംസകള്‍ :)

വിഷ്ണു പ്രസാദ് said...

വീണ്ടും വീണ്ടും ഈ കവിത വായിക്കാന്‍ ഞാനീവഴി വരും.അത്രയ്ക്ക് മോഹിപ്പിക്കുന്നുണ്ട് അതിന്റെ ചാരുത. ശിശൂ നന്ദി.

Peelikkutty!!!!! said...

ശിശു എന്നോട്:നിന്റെയാത്രയില്‍ നീ തന്നെ സാരഥി.
ഞാന്‍:മ്‌മ്‌..ശരിയാ.

ശിശു said...

സു:) പതിവുപോലെ ആദ്യ്മെത്തിയതിന്‍, പ്രോത്സാഹിപ്പിച്ചതിന്‍, ചില വരികള്‍ ഇഷ്ടമായി എന്നറിയിച്ചതിന്‌ നന്ദി.
ഇടിവാളെ:) ബൂലോഗത്തിലെ പുതിയ കവിത്വത്തിന്റെ വെളിപാടെ, നന്ദിയുണ്ട്‌, ചോദിച്ചത്‌ പോലെ ഇങ്ങനെയും കവിതയെഴുതാം.))
അഗ്രജന്‍:ാ‍മാഷെ ഇഷ്ടായി എന്നറിയുന്നതില്‍ സന്തോഷിക്കുന്നു. വീണ്ടും വരിക.
വേണു:) ബൂലൂഗത്ത്‌ ചോക്ലേറ്റുമായെത്തുന്ന ഞങ്ങടെ മാമാ)), അങ്ങേക്ക്‌ ഇഷ്ടമ്പകരുവാന്‍ ഒരുവരിയെങ്കിലും എഴുതുവാന്‍ കഴിഞ്ഞല്ലോ, നന്ദി.

മഴത്തുള്ളി)) അതെ, ഓഫീസിലിരുന്നെഴുതിയതാണ്‌, അതിന്റെ ചില പോരായ്മകള്‍ ഉണ്ടെന്നു തിരിച്ചറിയുന്നു. ആളൊഴിഞ്ഞ പറമ്പായി കുരിപ്പുകള്‍ കിടക്കാന്‍ തുടങ്ങിയിട്ട്‌ നാളു കുറെയായി, അതിനാല്‍ തിരക്കിട്ടെഴുതിയതാണ്‌, പ്രശംസിച്ചതിനു വളരെ നന്ദി.

വിഷ്ണുമാഷെ)) ഒടുവില്‍ താങ്കളെയും കുറിപ്പുകളിലെത്തിക്കുവാന്‍ ശിശുവിനായി, ഇവനിനിയെന്തുവേണം, ഇന്നാര്‍മാദിക്കാനായി മാറ്റി വെക്കുന്നു. വീണ്ടും വീണ്ടും ഈ കവിത വായിക്കാനെത്തുമെന്നു കൂടി പറയുമ്പോള്‍ ഞാന്‍ ധന്യരില്‍ ധന്യനായി പോകുന്നു. വളരെ വളരെ നന്ദി.

പീലിക്കുട്ടി)) നന്ദി, അതെ നമ്മുടെ യാത്രയില്‍ നാം തന്നെ നമ്മുടെ സാരഥി. സന്തോഷം കുറിപ്പുകളിലെത്തിയതിന്‌

മുസാഫിര്‍ said...

ശിശു,
ഇതില്‍ ഒരു പോസിറ്റീവ് ചിന്താഗതിയുണ്ട്.ഇത്തിരി ദര്‍ശനവും.ഇഷ്ടമായി.

വിഷ്ണു പ്രസാദ് said...

ശിശൂ,ക്ഷമിക്കണം.താങ്കളുടെ കവിതകള്‍ക്ക് ഞാനാദ്യമായാണ് കമന്റിടുന്നതെന്ന് താങ്കളുടെ കമന്റുവായിച്ചിട്ടും എനിക്ക് വിശ്വാസമായില്ല.വായിച്ച എല്ലാ പോസ്റ്റിന്റെയും ചുവട്ടില്‍ പരതിനോക്കി.ഇല്ല,ഒരു കമന്റുപോലും വെക്കാതെയാണ് ഞാനിത്രനാളും ഈ കവിതകള്‍ വായിച്ചതെന്ന് അറിവ് എന്നെ ഖേദിപ്പിക്കുന്നു.എന്തു ന്യായീകരണം പറഞ്ഞാലും താങ്കള്‍ വിശ്വസിക്കാനിടയില്ല.മനഃപൂര്‍വമല്ല,ചങ്ങാതീ.എങ്ങനെയാണ് ഇത് മറന്നുപോയതെന്ന് എനിക്കുതന്നെ അറിയില്ല.തീര്‍ച്ചയായും നിങ്ങളുടെ രചനകള്‍ അര്‍ഹിക്കുന്നുണ്ട് എല്ലാ നല്ല വായനക്കാരുടെയും കമന്റുകള്‍.

സുല്‍ |Sul said...

നിന്റെ ഹൃത്തതില്‍ നീ വിളക്കാവുക
നിന്റെ ചിന്തക്ക്‌ നീ കാവലാവുക-
വേറൊരാളില്ല കൂടെയെത്തീടുവാന്‍
നിന്റെയാത്രയില്‍ നീ തന്നെ സാരഥി"

Inspirational കവിത. നന്നായിരിക്കുന്നു

-സുല്‍

Anonymous said...

ജീവനുള്ള കവിത.

ശിശു said...

മുസാഫിര്‍:) കുറിപ്പുകളിലെത്തിയതിന്‌ നന്ദി. വെളിപാടില്‍ ഇത്തിരി ദര്‍ശനമുണ്ടെന്ന് കണ്ടറിഞ്ഞതിനും നന്ദി. അത്‌ ശിശുവിലെ കവിയുടെ തിരിച്ചറിവായി കരുതട്ടെ!. നമ്മുടെ എല്ലാപ്രശ്നങ്ങള്‍ക്കും നാം തന്നെയാണ്‌ കാരണവും പരിഹാരവും എന്ന കൃഷ്ണമൂര്‍ത്തിയന്‍ ഫിലൊസഫിയാണ്‌ കവിതക്കാധാരം. വളരെ വിലമതിക്കുന്ന ഒരു ഗുരുവാണെനിക്ക്‌ ജിദ്ദു എന്ന കൃഷ്ണമൂര്‍ത്തി. ശിശുവിലെ കവിക്ക്‌ തീരെ വഴങ്ങുന്നതായിരുന്നില്ല ഫിലൊസഫിയെന്ന വിഷയം. അതൊരു വെള്ളുവിളിയുമായിരുന്നു, കവിത നന്നായിയെന്ന് എല്ലാവരും പറയുമ്പോള്‍ ഉദ്യമം പരാജയപ്പെട്ടില്ലെന്നു സമാശ്വസിക്കുന്നു.
വീണ്ടുമീവഴി വരിക.

വിഷ്ണുമാഷെ:))ക്ഷമാപണം ശിശുവിനോടോ?, ശിശുവിനെപ്പറ്റിയുള്ള വളരെ വിലപ്പെട്ട ഒരു കമന്റ്‌ താങ്കളുടെ പോസ്റ്റില്‍ തന്നെ ഉണ്ടല്ലോ? അത്‌ ശിശുവിനെ ശരിക്കും അത്ഭുതപ്പെടുത്തിയിരുന്നു. ശിശുവിന്റെ പോസ്റ്റില്‍ 100 കമന്റിട്ടത്‌ പോലെ ശിശു അതിനെ കരുതുന്നു. വായനയെയും എഴുത്തിനെയും വളരെ സീരിയസ്സായി കാണുന്ന താങ്കളെപ്പോലുള്ളവരുടെ വിലയിരുത്തലുകള്‍ എഴുതിത്തുടങ്ങുന്ന ശിശുവിനെപ്പോലുള്ളവരെ ശരിക്കും പ്രോത്സാഹിപ്പിക്കുന്നു. വളരെ നന്ദി.

സുല്‍)) ശരിക്കും inspiration ആയോ? നന്ദിയുണ്ട്‌..

നവന്‍:)) ആദ്യമായ്‌ കുറിപ്പുകളിലെത്തിയതിനൊത്തിരി നന്ദി. കവിതയില്‍ ജീവനുണ്ടെന്നു പറഞ്ഞതിനും.

krish | കൃഷ് said...

ശിശു.. നല്ല കവിത..

"...വേറൊരാളില്ല കൂടെയെത്തീടുവാന്‍
നിന്റെയാത്രയില്‍ നീ തന്നെ സാരഥി"
ഈ വരികള്‍ വായിച്ചപ്പോള്‍ എനിക്ക്‌ ഓര്‍മ്മ വന്നത്‌ ഒരു മലയാള സിനിമാ ഗാനമാണ്‌..
ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍ ആയിരം പേര്‍ വരും.. കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം....

കൃഷ്‌ | krish

അനംഗാരി said...

ശിശുവേ..ഇതാണ് കവിത. ഇതു തന്നെയാണ് കവിത.
മനോഹരം.അഭിനന്ദനങ്ങള്‍.

ശിശു said...

കൃഷ്‌) സന്തോഷം, നന്ദി.
കവിത ഒരു സിനിമാ ഗാനം 'പോലെ' എന്നതുകൊണ്ട്‌ അനുകരണം എന്നര്‍ത്ഥമുണ്ടോ?,

അനംഗാരി:) ഇതാണോ കവിത, ഇതുമാത്രം,?

വല്ലാതെ പൊങ്ങിപ്പോകുന്നു, ആരെങ്കിലും ഒന്നു പിടിക്കുമൊ?, പൊങ്ങി പൊങ്ങി പറന്ന് പറന്ന്.. പട്ടം പോലെ.. നല്ല രസം..
(വേറെ ആരും ഈ കമന്റ്‌ വായിച്ചിട്ടില്ലേ?, )

ശിശു said...

ഇരിങ്ങല്‍ മാഷെ, താങ്കള്‍ ഏതുതരം കവിതകളെയാണ്‌ വിമര്‍ശിക്കാറുള്ളത്‌, മോഡേണ്‍?,

ഇതില്‍ കവിതയുണ്ടോ എന്നുചോദിച്ചുകൊണ്ടൊരു കവിത ഇവിടെ നീണ്ടു നിവര്‍ന്നു കിടക്കുന്നു, താങ്കളുടെ കൈകള്‍ക്ക്‌ കീറാനായി

ഓഫ്‌:) ഇപ്പോള്‍ താങ്കള്‍ പറഞ്ഞാലെ സത്യത്തില്‍ കവിത ആണോയെന്നു തീര്‍ച്ചപ്പെടുത്താന്‍ കഴിയൂ, (തമാശയാണെ മാഷെ)

Santhosh said...

ശിശൂ, കവിത ഇഷ്ടപ്പെട്ടു.

ഏതെങ്കിലും പോരായ്മ എടുത്തുകാണിക്കാനായി ഇല്ലെങ്കിലും താങ്കളുടെ നിരീക്ഷണം ശരിയാണ് എന്നാണ് എനിക്കും തോന്നുന്നത്: ഒന്നുകൂടി നന്നാക്കാന്‍ താങ്കള്‍ക്കാവും.

ആശംസകള്‍.

Anonymous said...

ശിശു (ശിശു അല്ലെന്ന് എനിക്കറിയാം).
വെളിപാട് ഞാന്‍ മനസ്സിരുത്തി വായിക്കാന്‍ സമയം കിട്ടിയില്ല കൂട്ടുകാരാ. കുറച്ച് ബിസ്സി യാ‍ണ്. എന്തായാലും എന്നെ നല്ലതിനായാലും ചീത്തയ്ക്കായാലും ഓര്‍ക്കുന്നുവെന്നുള്ളതു തന്നെ സന്തോഷം.
എനിക്കുള്ള അഭിപ്രായം ഞാന്‍ വാ‍യിച്ചിട്ട് പറയാം. കുറച്ച് ക്ഷമിക്കുമല്ലൊ.
പലരും പറയും പോലെ വല്യ വിവരമൊന്നുമില്ല. എന്നാല്‍ എനിക്ക് തോന്നിയത് ഞാന്‍ പറയും ഗ്രൂപ്പ് നോക്കാതെ, മുഖം നോക്കാതെ.
സ്നേഹത്തോടെ
രാജു

ശിശു said...

സന്തോഷ്‌) മാഷെ കവിത ഇഷ്ടമായി എന്നറിയുന്നതില്‍ സന്തോഷിക്കുന്നു.
ഇക്കുറി ചൂണ്ടിക്കാണിക്കുവാന്‍ തക്ക പോരായ്മയില്ലെന്നും താങ്കളെഴുതുമ്പോള്‍ അതിലേറെ സന്തോഷം.

ഇരിങ്ങല്‍ മാഷെ)) സ്വാഗതം,
വിമര്‍ശനങ്ങള്‍ക്കായി കാത്തിരിക്കുന്നു.

വല്യമ്മായി said...

ആദ്യമേ വായിച്ചെങ്കിലും കമന്റിടാന്‍ കഴിഞ്ഞില്ല,നലല്‍ ചിന്ത,നല്ല വരികള്‍,എന്നും എപ്പോഴും മനസ്സിലുണ്ടാകട്ടെ

(കുഞ്ഞിന്‌ സുഖമായോ)

ശിശു said...

വല്യമ്മായി) വളരെ സന്തോഷം, കവിത ഇഷ്ടമായി എന്നറിയുന്നതില്‍, ഓര്‍ത്തൊരു കമന്റിട്ടല്ലോ, സന്തോഷം, നന്ദി.

ഓഫ്‌) മകന്‌ സുഖമായില്ല, അതുകൊണ്ടുതന്നെ 20ന്‌ നാട്ടില്‍ പോകേണ്ടിവരുന്നു. ബൂലോകത്തുനിന്നും ഒരുമാസത്തെ അവധി. കഴിയുമെങ്കില്‍ ഇടക്കിതുവഴി വരണമെന്നുണ്ട്‌, എല്ലം സമയം പോലെ, അന്വേഷണത്തിനു ഒത്തിരി നന്ദി).

വിഷ്ണു പ്രസാദ് said...

ആര്‌ വെട്ടിത്തെളിക്കുമെന്നുള്ളിലെ
പാമ്പിഴയും വഴിത്താരയൊക്കെയും?
ആര്‌ നാട്ടുമിരുട്ടിന്റെ കോലായിലാ
ദ്യമായൊരു കൈത്തിരിനാളവും?

Vish..| ആലപ്പുഴക്കാരന്‍ said...

ശിശൂ... അഭിനന്ദനങള്‍..
U've made it

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...


ശ്രീ ശിശു എഴുതിയ "ബോധമാണ്‌" എന്നു തുടങ്ങുന്ന കവിത ഇത്രനാളും ഞാന്‍ കാണാഞ്ഞത്‌ വളരെ കഷ്ടമായി പോയി. വളരെ അര്‍ത്ഥവത്തായ ഈ കവിത എഴുതിയത്‌ "ശിശു"വാണോ "വന്ദ്യവയോധികന്‍" ആണോ (പ്രായത്തിലല്ല കേട്ടോ) എന്നു സംശയം തോന്നിപ്പോകും.
ഏതായാലും ആ കവിത ഒന്നു ചൊല്ലി പോസ്റ്റ്‌ ചെയ്യുന്നു.