Monday, May 14, 2007

മനസ്സ്

ഒഴിഞ്ഞ
പത്തായങ്ങളില്‍
ചുണ്ടെലികള്‍
ചുരണ്ടിവന്നെത്തും
നിറഞ്ഞ അടിത്തട്ടുകളില്‍
ഉപ്പിന്റെ നനവൊട്ടിനില്‍ക്കും
ഇരുണ്ട നിഗൂഢതകളില്‍
കാറ്റിന്റെ മണം
തേടിവന്നെത്തും

അതുകൊണ്ട്‌..
എല്ലാം ഒളിപ്പിച്ചു വയ്കാന്‍
എനിക്കൊരിടമുണ്ട്‌.

ബാപ്പുവിനു കൊടുത്ത
ഉണ്ടയും
ബുദ്ധന്റെ ചിരിയും
അതിരില്‍ തീര്‍ത്ത
വേലിയും
തെക്കേലെ
സുഭദ്രചേച്ചിയുടെ
വീട്ടുമുറ്റത്ത്‌
കുഴിച്ചിട്ട
കോഴിമുട്ടയും
ഇവിടെ വച്ചാണ്‌
ഞാന്‍
‍വിരിയിച്ചെടുത്തത്‌

എന്റെ നേര്‍ക്ക്‌
കൈ നീട്ടരുത്‌
ചിരിക്കുകയുമരുത്‌

ഒരു ഹസ്തദാനത്തിലും
ഒരു പുഞ്ചിരിയിലും
യുദ്ധങ്ങളൊഴിഞ്ഞു
പോയേക്കും.

12 comments:

ശിശു said...

എല്ലാം മറച്ചുവക്കാനൊരിടം
ഒരു കവിത പോസ്റ്റു ചെയ്യുന്നു

വിഷ്ണു പ്രസാദ് said...

ഒരു ഹസ്തദാനത്തിലും
ഒരു പുഞ്ചിരിയിലും
യുദ്ധങ്ങളൊഴിഞ്ഞു
പോയേക്കും...

ഈ വരികള്‍ ഇഷ്ടമായി.

SAJAN | സാജന്‍ said...

അതെ ശിശു.. എനിക്കും ഇഷ്ടപ്പെട്ടത് ആ അവസാന വരികള്‍ ആണ്...:)

ലാപുട said...

കവിത നന്നായി..അവസാനത്തെ വരികള്‍ പ്രത്യേകിച്ചും.
യുദ്ധങ്ങള്‍ക്ക് വാടകയ്ക്ക് കൊടുക്കുന്നു നമ്മുടെ അകംനേരുകളെ നമ്മള്‍..അല്ലേ...?

വല്യമ്മായി said...

എല്ലാം ഒളിച്ചുവെക്കാന്‍ എന്നും നമ്മുടെ മാത്രമായ മനസ്സ് അല്ലേ ,അവസാന വരികളും നന്നായി.

സു | Su said...

മറ്റൊരു മനസ്സിന് ചിലപ്പോള്‍, ഒക്കെ വായിച്ചെടുക്കാന്‍ കഴിഞ്ഞേക്കും.

“മനസ്സ്” നന്നായിട്ടുണ്ട്.

Sumesh Chandran said...

എന്റെ നേര്‍ക്ക്‌
കൈ നീട്ടരുത്‌
ചിരിക്കുകയുമരുത്‌

എന്നുപറയുന്നത്‌ സ്വയവിശ്വാസം നഷ്ടപെട്ടതിനാലായിരിക്കം.. ഒരു പക്ഷെ ആ കൈകള്‍ ഒരു ഹസ്തദാനത്തിലൂടെ, യുദ്ധങ്ങളെ തീര്‍ത്തു കളഞ്ഞാലോ, അല്ലെ...! നന്നായിരിക്കുന്നു...

വേണു venu said...

യുദ്ധവും സമാധാനവും ഒക്കെ മനസ്സിന്‍റേതാണു്.
ശിശൂ, കവിത ഇഷ്ടമായി.:)

ശിശു said...

വിഷ്ണുമാഷെ:) രണ്ടുവരികളെങ്കിലും ഇഷ്ടമായല്ലൊ, അതുതന്നെ വലിയ കാര്യം .സന്തോഷം.
സാജന്‍:)സന്തോഷം. നന്ദി.
ലാപുട:) തീര്‍ച്ചയായും സുഹൃത്തെ, എല്ലായുദ്ധങ്ങളും പിറക്കുന്നതും മരിക്കുന്നതും മനസ്സിന്റെ കോണുകളിലാണെന്നു ഞാന്‍ വിശ്വസിക്കുന്നു. അഭിപ്രായത്തിനു സന്തോഷം, നന്ദി.
വല്യമ്മായി:) അതെ മനസ്സിലാണ് എല്ലാം പിറക്കുന്നത്. അവിടെ എല്ലാം ഭംഗിയായി ഒളിപ്പിച്ചു വക്കാന്‍ സാധിക്കും. നല്ലതും ചീത്തയും. ആരും കാണാതിരിക്കാന്‍ ചതുരുപായങ്ങളും. നന്ദി
സു:)മറ്റൊരു മനസ്സിന് ചിലപ്പോള്‍ എല്ലാം വായിച്ചെടുക്കുവാന്‍ കഴിഞ്ഞേക്കുമൊ? എനിക്കു തോന്നുന്നില്ല. നാം കാട്ടുന്നത് മാത്രമെ അന്യന്‍ കാണുന്നുള്ളൂ എന്നു ഞാന്‍ വിശ്വസിക്കുന്നു. അഥവാ എന്തെങ്കിലും കണ്ടെന്നിരിക്കിലും അതിലുമെത്രയൊ കാണാതെ അവിടെ ഒളിഞ്ഞിരിക്കുന്നു.ഇല്ലെ. നന്ദി
സുമേഷ്:) സ്വാഗതം കുറിപ്പുകളിലേക്ക്. അഭിപ്രായത്തിനു നന്ദി.
അതെ മനസ്സിലിട്ടു യുദ്ധങ്ങള്‍ ഉണ്ടാക്കിയെടുക്കുന്ന മനസ്സിനു പെട്ടന്നതു തീര്‍ക്കുവാന്‍ മടിയുമായിരിക്കും. കേവലം ഒരു ഹസ്തദാനത്തിലൊ പുഞ്ചിരിയിലൊ അവ ഒടുങ്ങുമെന്നറിയുമ്പോള്‍പോലും.
വേണു:) അതെ മാഷ് എനിക്കങ്ങനെ വിശ്വസിക്കാനാണിഷ്ടം. നന്ദി.

Manu said...

ശിശു കവിത ഇഷ്ടമായി വളരെ ഇഷ്ടമായി.. മനസില്‍ വിരിയിക്കുന്ന വൈരത്തിന് രാഷ്ട്രീയമെന്നോ വ്യക്തിപരമെന്നോ വ്യത്യാസം കല്‍പ്പിക്കുന്നത് വെറുതെയാണ്. എല്ലാ വെറുപ്പിന്റെയും തത്വശാസ്ത്രം ഒന്നു തന്നെ...

എന്റെ നേര്‍ക്ക്‌
കൈ നീട്ടരുത്‌
ചിരിക്കുകയുമരുത്‌

ഒരു ഹസ്തദാനത്തിലും
ഒരു പുഞ്ചിരിയിലും
യുദ്ധങ്ങളൊഴിഞ്ഞു
പോയേക്കും

തന്റേതല്ലാ‍ത്തതിനോടുള്ള അകല്‍ച്ച... ഇടതു പക്ഷക്കാരനു അതല്ലാത്തവനോട് അകല്‍ച്ച... ബുദ്ധിജീവിക്ക് അതല്ലാത്തവനോട്... അങ്ങനെ.. സ്തുതിപാടല്‍ സംഘങ്ങളുണ്ടെങ്കില്‍ യുദ്ധത്തിനു കൊഴുപ്പുകൂടുകയും ചെയ്യും..

ശിശു said...

മനു:) സ്വാഗതം കുറിപ്പുകളിലേക്ക്. ഒപ്പം നന്ദിയും. വളരെ നല്ലയൊരു കമന്റിലൂടെ എന്നെ പ്രോത്സാഹിപ്പിച്ചതിന്. താങ്കള്‍ പറഞ്ഞതുപോലെ എല്ലാ വെറുപ്പിന്റെയും തത്വശാസ്ത്രം ഒന്നു തന്നെ. വീണ്ടും ഇതുവഴി വരിക.. നന്ദി.

കാകദൃഷ്ടി said...

'മനസ്സ്
'വെറുതെ ചില ചോദ്യങ്ങള്‍'
'ആത്മഹത്യാമുനമ്പില്‍'
'റേഡിയൊ'
‘വെളിപാട്‌ 'എല്ലാം നന്നായി.....
‘ഒഴുകുന്ന പുഴ‘ക്ക് വരികളോട് കിട പിടിക്കുന്ന താളമുണ്ടോ എന്ന് സംശയം.....
‘വാക്കുകള്‍‘ക്ക് ചില വക്കുകള്‍ നഷ്ടപ്പെട്ടിരിക്കുന്നു....
തത്വചിന്തകളും, നര്‍മ്മബോധവുമെല്ലാം സുരേഷേട്ടന് കൈമുതലാണെന്നതിന്റെ തെളിവുകളാണ് മറ്റ് രചനകള്‍......