Friday, September 01, 2006

വിനാശ കാലേ...

വായില്‍നിന്നും തെറിച്ചുപുറത്തേക്കുപോയ അവസാനവാക്കും, തെറ്റിദ്ധാരണപറത്തിപ്പറത്തി അപ്പൂപ്പന്താടിപോലെ അകലേക്കു പറന്നുപോയപ്പോള്‍, അയാള്‍ ഒന്നു തീരുമാനിച്ചു, ഇനിരക്ഷയില്ല, ഒന്നുകില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍പ്പോയി തലയില്‍ നെല്ലിക്കത്തളം വെച്ചു,ശിഷ്ടകാലം കഴിച്ചുകൂട്ടുക, അല്ലെങ്കില്‍....അല്ലെങ്കില്‍ ഇനിയെന്താണൊരു വഴി.. ചിന്തിച്ചു,ചിന്തിച്ച്‌ അയ്യാളുടെ തലയില്‍നിന്നും, ലാവാപ്രവാഹത്തിന്റെ മുന്നറിയിപ്പെന്നോണം ചൂട്‌നീരാവിപുറത്തേക്കൊഴുകി.അയാള്‍ നെല്ലിക്കയെ മനസ്സില്‍ ധ്യാനിച്ചു, ഒരുദീര്‍ഘനിശ്വാസം വിട്ടുനടന്നുകൊണ്ടിരുന്നു.

പെട്ടെന്നയ്യാള്‍ക്കൊരുള്‍വിളിയുണ്ടായി. പിന്നെ അമാന്തിച്ചില്ല, നേരെവെച്ചുപിടിച്ചു.കൊടുംകാട്ടിലെത്തി,കൂട്ടുവിളിക്കാനാരുമില്ലാത്തതിനാല്‍ ഒറ്റയ്‌ക്‍തന്നെ അടുപ്പുകൂട്ടി,തപസ്സിനുള്ളചിട്ടവട്ടങ്ങള്‍ പൂര്‍ത്തിയാക്കി,തപസ്സുതുടങ്ങി.

ദിവസങ്ങള്‍ അയാളെപരീക്ഷിച്ചുകൊണ്ടു കടന്നുപോയി, പറശ്ശിനിക്കടവു മുത്തപ്പന്‍ മറഞ്ഞുതന്നെ നിന്നു. തീയുംപുകയുമേറ്റ്‌ അയാള്‍ കറുത്തുതുടങ്ങി,വിശപ്പും ദാഹവും കൊണ്ട്‌ ക്ഷീണിച്ചുതുടങ്ങി, മുത്തപ്പനെത്താത്തതില്‍ ദേഷ്യവും വന്നുതുടങ്ങി..പക്ഷെ, പകുതിയാക്കിയിട്ട്‌ ഉപേക്ഷിച്ചു പോകാനും മനസ്സു വരുന്നില്ല.. എല്ലാ നഷ്ടങ്ങളെയുംകാള്‍ വലുതല്ലെ, തെറ്റിദ്ധാരണയുണ്ടാക്കതെ സംസരിക്കുവാന്‍ കഴിയുക എന്നതു. അയാള്‍ അതോര്‍ത്തു കോരിത്തരിച്ചുകൊണ്ടിരുന്നു. രോമങ്ങളൊന്നൊന്നായി എഴുന്നേറ്റുവന്ന് അയാളോട്‌ തങ്ങളുടെ സന്തോഷം രേഖപ്പെടുത്തി കടന്നുപോയി, അതില്‍ ചിലര്‍ക്കു മടങ്ങിപ്പോകുംവഴി പൊള്ളലേല്‍ക്കേണ്ടിയും വന്നു. കണ്ണടച്ചു ധ്യാനിച്ചു നില്‍ക്കിലും അയാള്‍ അവരെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു ."ഒന്നങ്ങടു ക്ഷമിച്ചോളൂ, ഒക്കെ തീരാന്‍പോകുവല്ലെ.."

എത്രദിവസങ്ങള്‍ കടന്നുപോയെന്നറിയില്ല..ഒടുവിലതു സംഭവിച്ചു..മുത്തപ്പനെത്തി,ആളും ആരവവുമില്ലാതെ,വേറെയാരെങ്കിലും പറ്റിക്കാനെത്തിയതാകാമെന്നു കരുതി അയാള്‍ വീണ്ടും തപസ്സു തുടര്‍ന്നു..മുത്തപ്പനു ദേഷ്യം വന്നിട്ട്‌ സഹിച്ചില്ല, "കണ്ണുതുറക്കെടാ കൂവേ" എന്ന ആക്രോശം കേട്ടപ്പോള്‍ അയാള്‍ക്കു വിശ്വസിക്കാന്‍ പ്രയാസം തോന്നിയില്ല.. അയാള്‍ ആദ്യം ഒളികണ്ണിട്ട്‌ ഒന്നു നോക്കി.. വീണ്ടും വിശ്വാസം വരാതെ "മുത്തപ്പന്‍? " എന്നു അര്‍ദ്ധോക്തിയില്‍ നിര്‍ത്തി. പെട്ടെന്നയാള്‍ക്കു ബുദ്ധി വീണ്ടുമുദിച്ചു പൊങ്ങി, അതിങ്ങനെ ഉപദേശിച്ചുകൊടുത്തു.. "വന്നിരിക്കുന്നയാള്‍ മുത്തപ്പന്‍ തന്നെയാണെങ്കില്‍, അദ്ദേഹത്തെ അവിശ്വസിക്കുന്നതു പാപമല്ലെ.."
അയാള്‍ ആകെ ചിന്താക്കുഴപ്പത്തിലായി.. ഈതപസ്സ്‌ ചെയ്യുന്നവരുടെ ഒരു ബുദ്ധിമുട്ടുകള്‍..ഇതൊക്കെ ആരോട്‌ പറയാന്‍..
മൌനം മുത്തപ്പന്‍ തന്നെ വലിച്ചുപൊട്ടിച്ചു..എന്നിട്ടിങ്ങനെ ചോദിച്ചു..
"മുട്ടാളാ നീയെന്തിനാണെന്നെ വിളിച്ചുവരുത്തിയത്‌, ഓരോ കാര്യങ്ങളോര്‍ത്തു നാം ടെന്‍ഷനടിച്ചിരിക്കുമ്പോഷാണവന്റെയൊരു തപസ്സ്‌,,നിനക്കെന്താണ്‌ വേണ്ടതെന്നു പറഞ്ഞു തുലക്കൂ"

പിന്നെ അയാള്‍ ഒന്നും ആലോചിക്കാന്‍ നിക്കാതെ മണിമണിയായിട്ട്‌ ഉള്ളകാര്യങ്ങള്‍ അവതരിപ്പിച്ചു.
മുത്തപ്പനതു കേട്ടപ്പോള്‍ ചിരിയാണു വന്നതു, ഒത്തിരിചിരിച്ചു ശ്വാസം കിട്ടാതെ വന്നപ്പോള്‍ മുത്തപ്പനിങ്ങനെ പറഞ്ഞു,
"പൊന്നു മോനെ, നിനക്കീ വരം മാത്രമേ കിട്ടിയൊള്ളൂ ചോദിക്കാനായി..വേറെവല്ലതും വേണമെങ്കില്‍.."
അയാള്‍ക്ക്‌ പക്ഷെ മറ്റൊരു വരവും വേണ്ടിയിരുന്നില്ല, ഒടുവില്‍ മുത്തപ്പന്‍ തോറ്റു..ഒരു മുന്നറിയിപ്പോടുകൂടി വരം നല്‍കാമെന്നേറ്റു..

"ഒരു വരം കൂടിയെന്നൊടു ചോദിക്കരുത്‌"
അയാള്‍ സമ്മതിച്ചു..അയാള്‍ അപ്പോള്‍ എന്തും സമ്മതിച്ചു പോകുമായിരുന്നു..
മുത്തപ്പന്‍ വരം ഇങ്ങനെ നല്‍കി
"ഇനി മേല്‍ നീ പറയുന്നതൊന്നും ആര്‍ക്കും തെറ്റിദ്ധാരണയുണ്ടാക്കാതിരിക്കട്ടെ!"

ആയാള്‍ സന്തോഷം കൊണ്ടു തുള്ളിച്ചാടി..
സന്തോഷം പാട്ടുപാടി പ്രകടിപ്പിക്കാന്‍ നോക്കി,

ശബ്ദം പുറത്തുവരുന്നില്ല, എത്ര ശ്രമിച്ചിട്ടും അയാള്‍ക്ക്‌ ശബ്ദിക്കാന്‍ കഴിഞ്ഞില്ല,, വികൃതമായ ഒച്ചയില്‍ ആ കാട്ടിലാകെ അയാള്‍ കരഞ്ഞു നടന്നു..

13 comments:

ലിഡിയ said...

അതെന്തിനാ മുത്തപ്പന്‍ അയാളെ പറ്റിച്ചേ..

എല്ലാരും കണക്കാ, അല്ലാതെന്താ??? :-(

-പാര്‍വതി

Appukkuttan said...

മുത്തപ്പനും കൊള്ളാം..
മുത്തപ്പ ഭക്തനും കൊള്ളാം..
ചൊദിച്ച വരവും കൊള്ളാം..

ശിശു said...

നമ്മള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യം കേള്‍ക്കുന്ന പത്തുപേര്‍ക്കും പത്തുരീതിയിലാണ്‌ മനസ്സിലാകുന്നത്‌ എന്നിരിക്കെ, ഏറ്റവും വലിയ മനുഷ്യന്റെ പ്രശ്നം, നമ്മുടെ വാക്കുകളെ അതേരീതിയില്‍ മനസ്സിലാക്കുന്ന ഒരു കേള്‍വിക്കാരനെ കിട്ടുക എന്നുള്ളതാണെന്നാണ്‌ ശിശുവിന്റെ അഭിപ്രായം. ഇവിടെയാണ്‌ കഥയിലെ 'അയാളുടെ' തപസ്സിന്റെ പ്രസക്തി.

സഞ്ചാരി said...

എന്താണ് ഇതില്‍ നിന്നും ഞാന്‍ പഠിച്ചെടുക്കെണ്ടത്.മൌനം വിദ്വാനുഭൂഷണമെന്ന ചൊല്ലുപോലെ.മൌനം ഈ കാല്‍ഘട്ടത്തില്‍ നല്ലതെന്നൊ അതല്ല.വിശ്വസിക്കുന്നവന്‍ ചതിക്കപ്പെടും എന്നാണോ.

Anonymous said...

കര്‍ത്താവേ! എന്നാ എഴുത്താണിതു കുഞ്ഞെ? അലക്കിപൊളിക്കുവാണല്ലൊ. മീശപുരാണത്തില്‍ വിശ്വേട്ടന്‍ അനുഗ്രഹിച്ചപ്പോഴേ ഞാന്‍ ഓര്‍ത്തു ഇത് വെറും പുലിയല്ലായിരിക്കുമെന്നു....
പുലിക്കുട്ടികളക്കാണൊ ശൌര്യം കൂടുതല്‍?

നമോവാകം! ഞാന്‍ ഫാനായി...ഫാനായി....!
ഒരിക്കല്‍ എന്നേയും ഇങ്ങിനെ എഴുതാന്‍ പഠിപ്പിക്കണേ...

Rasheed Chalil said...

നന്നായിട്ടുണ്ട്. പിന്നെ ഇതുതന്നെയാണ് മനുഷ്യന്റെ ശാപവും അനുഗ്രഹവും. നല്ലകഥ.

വല്യമ്മായി said...

ഒരാള്‍ പറയുന്നത് മറ്റുള്ളവര്‍ ശരിയായി മനസ്സിലാക്കിയാല്‍ ഇവിടുത്തെ പകുതി പ്രശ്നങ്ങളും തീരും.നല്ല ചിന്തകള്‍

Visala Manaskan said...

അപ്പുകുട്ടന്‍ പറഞ്ഞത് ഒന്ന് മോഡിഫൈ ചെയ്ത് മാടട്ടെ.

‘മുത്തപ്പനും ഭക്തനും ചൊദിച്ച വരവും എഴൂത്തും എല്ലാം അടിപൊളി!‘

ശിശുവേ, സ്വാഗതം. എഴുത്ത് ഗംഭീരമാകുന്നുണ്ട്. തകര്‍ത്താലും!

Unknown said...

ശിശൂ.. നന്നായിരിക്കുന്നു!

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍പ്പോയി തലയില്‍ നെല്ലിക്കത്തളം വെച്ചു

ശിശൂ.. വൈദ്യശാലയില്‍ നെല്ലിക്കാ തളം വെച്ചതായി കേട്ടിട്ടില്ല. ഉണ്ടാവാം. പല പരീക്ഷണങ്ങളും നടത്താറുണ്ടേയ്... എങ്കിലും മാനസികമായ രോഗങ്ങള്‍ വൈദ്യശാലയില്‍ വെച്ച് ചികിത്സിക്കുക പതിവില്ല.

(ഓടോ: വിശാലേട്ടാ.. അപ്പുകുട്ടന്‍ പറഞ്ഞത് ഒന്ന് മോഡിഫൈ ചെയ്ത് മാടട്ടെ മാടി കാണിക്കുക എന്ന് പറഞ്ഞാല്‍ തന്നെ കന്നഡയില്‍ ചെയ്ത് കാണിക്കുക എന്നാണ് അര്‍ത്ഥം. ഉമേഷേട്ടന്‍ പറഞ്ഞ പോലെ ദ്വിത്വം ദ്വിത്വം!) :-)

ശിശു said...

പാര്‍വതി:)അപ്പുക്കുട്ടന്‍:) വിനശകാലേ, വായിച്ചു കമന്റിയതിനു നന്ദി..
അപ്പോള്‍ ദമനകന്‍:) jim carry-യുടെ കഥാപാത്രത്തെ ഒരു നിമിഷം ഓര്‍മ്മപ്പെടുത്താന്‍ കഴിഞ്ഞതില്‍ ശിശു കൃതാര്‍ത്ഥനായി.
സഞ്ചാരി:)ഇതില്‍നിന്നും മനസ്സിലാക്കേണ്ടത്‌ ശിശു പിന്നാലെ എഴുതാം.ഇപ്പോള്‍ എന്തെങ്കിലും എഴുതുന്നത്‌ പുതിയ വായനക്കും അഭിപ്രായപ്രകടനത്തിനും തടസ്സമാകുമെന്നു ശിശു ഭയക്കുന്നു. ഏതായാലും താങ്കള്‍ ഭയപ്പെട്ടതുപോലെ ഏതെങ്കിലും ശക്തിയില്‍ വിശ്വസിക്കുന്നവന്‍ വഞ്ചിതനാകും എന്നല്ല ശിശു ഉദ്ദേശിച്ചതെന്നു, തത്ക്കാലം അറിയുക.

inji_penne): ശിശുവിന്റെ blog-ലെത്തി കമന്റി ധന്യനാക്കിയതിനു ഒത്തിരി നന്ദി..സത്യം പറഞ്ഞാല്‍ ഭവതി (ഭവാനോ?) യുടെ കാലടിപ്പാടുകള്‍ പിന്തുടരുന്ന ഒരു ഏഴയാണീ ശിശു..തുടക്കം മുതലേ, ബ്ലോഗ്‌ സെറ്റിംഗ്‌സും,മറ്റുകാര്യങ്ങളും പറഞ്ഞുതന്ന് കൈപിടിച്ചു നടക്കാന്‍ പഠിപ്പിച്ചിട്ട്‌,ഇപ്പോള്‍ ശിശുവിന്റെ ഫാനാണെന്നു പറയുന്നതു, കളിയാക്കലായി കരുതിപ്പോയാല്‍ തെറ്റെന്നു പറയാന്‍ പറ്റുമോ?. ബ്ലോഗുലകത്തിലാകെ,പടര്‍ന്നു പന്തലിച്ചു,ഒരുപിടികൊന്നപ്പൂക്കളും ചൂടിനില്‍ക്കുന്ന,inji_pennuനെ, ഈ ശിശു എഴുതാന്‍ പഠിപ്പിക്കുകയോ?, തീക്കട്ടയിലുറുമ്പരിക്കുകയോ?.
ഇതിരിവെട്ടമേ:) വല്യമ്മായി:)നന്ദി,അതെ, അധുനാതുന മാനവ സമൂഹത്തിന്റെ ആസുരകാല സമസ്യകളില്‍, ഒരുകടുകുമണിയോളം ഇതും ഒരുപ്രശ്നമാകാം. എത്രയൊക്കെ പൊന്‍തൂവലുകള്‍ നമ്മുടെ കിരീടങ്ങളില്‍ ചാര്‍ത്തിക്കിട്ടിയാലും,നാമൊക്കെ നിസ്സാരന്മാരാണെന്നോര്‍മ്മിപ്പിച്ചുകടന്നുപോകുന്ന ചില നിമിഷങ്ങളുണ്ട്‌.ആ നിമിഷങ്ങളില്‍ നിന്നും ഊര്‍ജ്ജമാവാഹിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ സക്ഷാല്‍ പറശ്ശിനിക്കടവു മുത്തപ്പനുപോലും നമ്മെ രക്ഷിച്ചെടുക്കാന്‍ കഴിയില്ലെന്നുള്ള ഉള്‍വിളി താനേ തെളിഞ്ഞുവരും, നിശ്ചയം.

റീനി said...

ശിശു....വായിക്കാന്‍ രസമുള്ള കഥ. നന്നായി എഴുതിയിരിക്കുന്നു.
ശിശു പറയുവാന്‍ ശ്രമിച്ചത്‌ ഞാന്‍ ശരിയായ രീതിയില്‍ മനസ്സിലാക്കിയോ, എന്തോ?

ഇടിവാള്‍ said...

ഹാ ഹാ.. ശിശുവേ,, ഇതും ഉഗ്രന്‍ !

എഴുതിത്തെളിഞ്ഞ ഒരു പുപ്പുലിതന്നെയേണെന്നു തീര്‍ച്ച !

രാജാവു് said...

മിണ്ടാതിരുന്നവന്‍ പെണ്ണും കൊണ്ടു പോയി എന്നൊക്കെ കേട്ടിട്ടുണ്ടു്.മിണ്ടാതിരിക്കാനൊട്ടു പറ്റുന്നുമില്ലാ.എങ്കില്‍ പിന്നെ ഇടിവാളു പറഞ്ഞതു പോലെ എഴുതിത്തെളിഞ്ഞ ഒരു പുപ്പുലിതന്നെയേണെന്നു തീര്‍ച്ച !
രാജാവു്.