Wednesday, September 20, 2006

കളിക്കൂട്ടുകാരിക്ക്‌ സ്‌നേഹപൂര്‍വ്വം.


വെറുതെയീ ജാലകവാതില്‍കല്‍ നില്‍ക്കവെ
അറിയാതെ നിന്നെ ഞാനോര്‍ത്തുപോയി
ഒരുവേളപഴയൊരാ ചിത്രങ്ങളൊക്കെയെന്‍
മനതാരില്‍ മിന്നിത്തെളിഞ്ഞു നിന്നു.

ബലമുള്ള തത്വശാസ്ത്രത്താല്‍ കുരുക്കിലും
കനമുള്ള താഴിനാല്‍ കൂടടച്ചീടിലും-
മിഴിയൊന്നടച്ചിറ്റു വിശ്രമിച്ചീടുകില്‍
വരികയായോര്‍മ്മ കിളികുഞ്ഞു പാടുവാന്‍.

മഴപെയ്തുതോരാന്‍ കൊതിക്കുന്നബാല്യത്തില്‍-
കടലാസു തോണിക്കു കൂട്ടായി നിന്നവള്‍
മഴയില്‍ കുതിര്‍ന്നെന്റെ തോണിപോയീടിലും
നനയാതെന്നോര്‍മ്മയില്‍ കൂട്ടിരിപ്പൂ.

തൊടിയിലെ കുഴമണ്ണിലോടിത്തളര്‍ന്നു നാം
ഒരു മഷിത്തണ്ടിനായ്‌ കലഹിച്ചുനില്‍ക്കവെ-
കനിവോലുമൊരു കൊച്ചുകാറ്റന്നുവീഴ്‌ത്തിയ
ചെറുമാമ്പഴത്തില്‍ നാമെല്ലാം മറന്നതും.

ഒരു മുളംതണ്ടിനാല്‍ കളിവീട്‌തീര്‍ത്തു ഞാ-
നൊരു കൊച്ചു'നാഥ'നായ്‌ നിന്നിടുമ്പോള്‍-
ഇലയിട്ടു പശമണ്ണിന്‍ ചോറിറ്റുനല്‍കുവാന്‍
തൊടിയിലെ പൂവിനാല്‍ കറിവെച്ചതും.

വിതകൊയ്യാനെത്തുന്ന പറവക്കു കാവലായ്‌
വെറുതെ നീയെന്നൊപ്പമെത്തിടുമ്പോള്‍-
വയല്‍വരമ്പത്തന്നു കേഴും കിളിക്കുഞ്ഞി-
നരികില്‍ നീ മിഴിവാര്‍ത്തു നിന്ന നാളും.

ഒരുമിച്ചു നട്ടൊരാ തൈമുല്ല പൂത്തനാള്‍
അരികില്‍നീയോടി വന്നറിയിച്ചതും
അതില്‍ നിന്നൊരഞ്ചാറു പൂവിറുത്തന്നു നിന്‍
ചുരുള്‍മുടിക്കെട്ടില്‍ ഞാനണിയിച്ചതും.

അറിയുന്നു, നിന്മുഗ്‌ദ്ധസൌരഭ്യസാമീപ്യ
മനുഭവിച്ചീടാത്ത ശിഷ്ടകാലം
വെറുതെ വലിച്ചെറിഞ്ഞൂഴിയില്‍ ചേര്‍ന്നുപോം
വിലയറ്റ കടലാസു തുണ്ടുപോലെ

പ്രിയസഖീ, തീര്‍ത്തു ഞാനൊരു കൊച്ചു-
കൊട്ടാര,മതിലിന്നു രാജാവായ്‌ വാണീടിലും
വിലയറ്റ 'കളിവീടി'നുള്ളില്‍ തുളുമ്പിയ
നറുനിലാപുഞ്ചിരിക്കെന്തു ചെയ്‌വൂ?

38 comments:

ശിശു said...


"വെറുതെയീ ജാലകവാതില്‍കല്‍ നില്‍ക്കവെ
യറിയാതെ നിന്നെ ഞാനോര്‍ത്തുപോയി
ഒരുവേളപഴയൊരാ ചിത്രങ്ങളൊക്കെയെന്‍
മനതാരില്‍ മിന്നിത്തെളിഞ്ഞു നിന്നു."

ശിശുവിന്റെ ഒരു കവിത (അങ്ങനെ വിളിക്കട്ടെ!) പോസ്റ്റ്‌ ചെയ്യുന്നു. വൃത്തവും ചതുരവും, കോണും മൂലയുമൊന്നും ശിശുവിന്‌ വഴങ്ങുന്നതല്ല, ചൊല്ലിനോക്കുമ്പോള്‍ ഒരു താളം കിട്ടണം അത്രമാത്രമേ അറിയാവൂ, വായിക്കുമല്ലോ? അഭിപ്രായം അറിയിക്കുമല്ലോ?

Rasheed Chalil said...

അറിയുന്നു, നിന്മുഗ്‌ദ്ധസൌരഭ്യസാമീപ്യ
മനുഭവിച്ചീടാത്ത ശിഷ്ടകാലം
വെറുതെ വലിച്ചെറിഞ്ഞൂഴിയില്‍ ചേര്‍ന്നുപോം
വിലയറ്റ കടലാസു തുണ്ടുപോലെ

കാലത്തിന്റെ തീരത്തെവിടെയോ നഷ്ടപെട്ട സുവര്‍ണ്ണകാലവും കളിത്തോഴിയും...

മനോഹരമായ വരികള്‍. കവിതയെ പറ്റി (ആ പേരുള്ള ആരും അല്ല) എനിക്കറിയില്ല. എനിക്കിഷ്ടമായി. നഷ്ടബാല്യത്തിന്റെ ഓര്‍മ്മകള്‍ തുടിച്ചുനില്‍ക്കുന്ന വരികള്‍.

വല്യമ്മായി said...

ഒരുപാടോര്‍മ്മകളിലേക്ക് കൂട്ടി കൊണ്ട്പോയി തങ്കളുറ്റെ വരികള്‍.നന്നായിരിക്കുന്നു.

സു | Su said...

എനിക്കിഷ്ടമായി. :) ശിശുവിന്റെ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ ആവും അല്ലേ?

thoufi | തൗഫി said...

ബാല്യകാലത്തേക്ക്‌ തിരിച്ചു പറക്കാന്‍ കൊതിക്കാത്തവരാരുണ്ട്‌..?
മനോഹരം ഈ വരികള്‍
നന്ദി,ബാല്യകാലം വീണ്ടുമോര്‍മ്മിപ്പിച്ചതിനു
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും

Physel said...

മനോഹരമായ ഈ കവിതയ്ക്ക് ഹ്ര്‌ദയപൂര്‍വം നന്ദി..

കുഞ്ഞിരാമന്‍ said...

നല്ല വരികള്‍,ഞാന്‍ താങ്കള്ളുടെ അയല്‍ക്കാരന്‍ ആണ്.

ശിശു said...

ഹായ്‌, ഒരു ശൂരനാട്ടുകാരന്‍, ശൂരനാട്ട്‌ എവിടെയാണെന്നു പറയൂ, ഇവിടെയുമുണ്ട്‌ ശൂരനാട്ടുകാര്‍, എന്റെ മെയിലില്‍ മറുപടി അയക്കുമോ?

kusruthikkutukka said...

വിലയറ്റ 'കളിവീടി'നുള്ളില്‍ തുളുമ്പിയ
നറുനിലാപുഞ്ചിരിക്കെന്തു ചെയ്‌വൂ?
ബാല്യകാല സഖി..ഇഷ്ടപെട്ടു.....നഷ്ടപ്പെടുമ്പോള്‍ വില തിരിച്ചറിയുന്ന ബന്ധങ്ങളില്‍ ഒന്നു കൂടി....

മുസ്തഫ|musthapha said...

നല്ല വരികള്‍ ശിശുവേ...!
കുട്ടിക്കാലം മൊത്തമായും ഓര്‍മ്മയിലോടിയെത്തി.
നന്നായിരിക്കുന്നു.

എടുത്ത് ക്വാട്ടാന്‍ പറ്റിയ വരികള്‍ തപ്പിയിട്ട്
ഒഴിവാക്കാന്‍ പറ്റിയ വരികളൊന്നും കണ്ടില്ല.

എല്ലാം എനിക്ക് പ്രിയപ്പെട്ടവ തന്നെ.

സ്വാര്‍ത്ഥന്‍ said...

നല്ല വരികള്‍, ഇഷ്ടമായി...

അനംഗാരി said...

ശിശു നന്നായിരിക്കുന്നു. ഇനിയും എഴുതുക.കഥയും കവിതയും.

ഓ:ടോ: ആട്ടെ ഏതാ ഈ ശൂരനാട്ടുകാരി?.ഒള്ളതു തന്നേ?.

കുഞ്ഞിരാമന്‍ said...

ശൂര്നാട്ട് ചേട്ടന്റ്റെ കൂട്ടുകാരിയുടെ വീടിനടുത്തു തന്നെ...ഞാന്‍ mail ച്ചെയ്യാം.

വാളൂരാന്‍ said...

വരമായിക്കിട്ടിയ വാക്കുകളാണിത്‌, ഇത്‌ പാഴാക്കരുത്‌, വീണ്ടും എഴുതണം. ബാല്യത്തിലേക്ക്‌ ഒരു ലിങ്ക്‌ ഇല്ലാത്ത ചിന്തകള്‍ വളരെ കുറവാണ്‌. വളരെ നല്ലത്‌. വരികളുടെ ഒതുക്കം പ്രത്യേകം പ്രസ്താവ്യം.
പിന്നെ ശിശു എന്ന പേര്‌ ഒട്ടും ചേരുന്നില്ല, എഴുതിത്തെളിഞ്ഞയാളുടെ വരികള്‍ പോലെയാണ്‌ സംവദിക്കുന്നത്‌

ശിശു said...

പ്രിയ മുരളി വാളൂര്‍, ശിശുവിന്റെ എഴുത്തിനു കിട്ടിയ ഏറ്റവും നല്ല അംഗീകാരമായ്‌ ഇതിനെ കാണുന്നു,താങ്കളുടെ വാക്കുകള്‍ അക്ഷരങ്ങളുടെ ലോകത്തു പിച്ചവെയ്ക്കുന്ന ശിശുവിനെ സന്തോഷത്തിലാറാടിച്ചു എന്നു പറയട്ടെ!. ഹൃദയം നിറഞ്ഞ നന്ദി.

Shiju said...

നല്ല വരികള്‍. ഒരു കവിതയെ വിലയിരുത്താനുള്ള അറിവൊന്നും ഇല്ലേങ്കിലും ഈ കവിത മനസ്സില്‍ തട്ടി.

അറിയുന്നു, നിന്മുഗ്‌ദ്ധസൌരഭ്യസാമീപ്യ
മനുഭവിച്ചീടാത്ത ശിഷ്ടകാലം
വെറുതെ വലിച്ചെറിഞ്ഞൂഴിയില്‍ ചേര്‍ന്നുപോം
വിലയറ്റ കടലാസു തുണ്ടുപോലെ


ഇതാണ് എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ടത്‌. നന്ദി. തുടര്‍ന്നും ഇതുപോലുള്ള വരികള്‍ പ്രതീക്ഷിക്കുന്നു.

കരീം മാഷ്‌ said...

നന്നായിട്ടുണ്ട്‌
ആസ്വദിച്ചു വായിച്ചു.
ടെമ്പ്ലേറ്റു തകറാറായിട്ടുണ്ട്‌. ശരിയാക്കുമല്ലോ !

ശിശു said...

ഷിജു അലക്സ്‌:) ശിശുവിന്റെ കവിത താങ്കളുടെ മനസ്സില്‍ തട്ടി എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു, അതെന്നെ വീണ്ടും എഴുതുവാന്‍ പ്രേരിപ്പിക്കുന്നു, നന്ദി.
കരീം മാഷ്‌;) ഒത്തിരി നന്ദി, കഥയുടെ ആത്മാവു കണ്ടെത്തിയ താങ്കള്‍ ഇതുവഴി വന്നതിനു, ശിശുവിനെ പ്രോത്സാഹിപ്പിച്ചതിന്‌:

ശിശു said...

ഒരു കൈ സഹായിക്കുമോ, കരീം മാഷ്‌ ചൂണ്ടിക്കാണിച്ചതുപോലെ പിന്മൊഴികളില്‍നിന്നും link ല്‍ ക്ലിക്കി എന്റെ ബ്ലോഗില്‍ കയറിയാല്‍ പ്രൊഫെയില്‍ ഏറ്റവും അടിയിലായാണ്‌ വരുന്നത്‌, കാരണം കമന്റ്‌ display ആകുന്നതിന്‌ right margin fix ചെയ്തതു കൂടിപോയതിനാലാകാം എന്നു തോന്നുന്നു, template check ചെയ്തിട്ട്‌ ഇത്‌ എവിടെയാണ്‌ കുറക്കേണ്ടതെന്നു മനസ്സിലാകുന്നില്ല, ആരെങ്കിലും ഒന്നു സഹായിക്കൂ, please

Anonymous said...

ശ്രീജിത്തെന്ന ബ്ലോഗറോട് ചോദിക്കൂ..
പുള്ളിക്കാരനാണ് സാധാരണ ഇവിടെ ടെമ്പ്ലേറ്റ് ഫിക്സ് കോണ്ട്രാക്റ്റ് എടുത്തിരിക്കുന്നത് :) കുളമായാല്‍ അദ്ദേഹത്തിന് ഒരു പോസ്റ്റ് ഫ്രീ ആണ് ഫീസിനത്തില്‍ :)

Adithyan said...

ശിശു പേടിക്കണ്ട.
ടെമ്പ്ല്ലെറ്റിന്റെ പ്രശ്നം കൊണ്ടല്ല...

ശിശു 2:06 PM, September 21, 2006 ന് ഇട്ട കമന്റിലെ "
ഇത്തിരിവെട്ടം,വല്യമ്മായി,സു:Su, മിന്നാമിനുങ്ങ്‌,ഫൈസല്‍,കുഞ്ഞിരാമന്‍,കുസൃതിക്കുടുക്ക,അഗ്രജന്‍,സ്വാര്‍ത്ഥന്‍,അനംഗാരി എന്നിവര്‍ക്കു അളവറ്റ നന്ദി.
" എന്ന വാചകം കൊണ്ടാണിത് സംഭവിച്ചത്. ആ കമന്റ് അങ്ങ് ഡിലിറ്റ് ചെയ്യുകയോ അല്ലെങ്കില്‍ എഡിറ്റ് ചെയ്ത് എല്ലാ കോമ കഴിഞ്ഞും ഒരു സ്പെയ്‌സ് കൊടുക്കുകയോ ചെയ്താല്‍ സംഭവം ശരിയാകും. എങ്ങനെ എഡിറ്റ് ചെയ്യും എന്ന് എന്നോട് ചോദിക്കരുത് ;)

ശിശു said...

പ്രിയപ്പെട്ടവരെ, നഷ്ടബാല്യത്തിന്റെ ഓര്‍മ്മകളിലേക്കു കൂട്ടിക്കൊണ്ടുപോകാന്‍ കഴിഞ്ഞു എന്നറിഞ്ഞതില്‍ അളവറ്റ സന്തോഷം. ബാല്യകാലത്തിന്റെ ഓര്‍മ്മകള്‍ പറഞ്ഞാല്‍തീരാത്തതാണ്‌, എല്ലാവരും പറയാന്‍ ശ്രമിച്ചിട്ടുള്ളതുമാണ്‌.അതിനാല്‍ തന്നെ അനുകരണമാകാതിരിക്കുക എന്നതു ശിശുവിനെപ്പോലെ എഴുതിത്തുടങ്ങുന്നയൊരാള്‍ക്ക്‌
ലേശംവെല്ലുവിളിയും.
അതിനാല്‍ തന്നെ ശ്രമകരമായ്‌ ഈ ദൌത്യം പരിമിതമായ ഭാഷാപരിജ്ഞാനത്തിലൊതുങ്ങിനില്‍ക്കുന്ന ഒന്നല്ല എന്നു തുറന്നു സമ്മതിക്കുന്നു. ഉമേഷ്ജിയെ പോലുള്ള പണ്ഡിതന്മാര്‍ക്ക്‌ മാത്രം വഴങ്ങുന്ന കാര്യമായിരിക്കുമതു.
എന്നിരുന്നാലും, ഈ ചെറുകവിത നന്നായി എന്നറിയുന്നതില്‍ ഈ കുഞ്ഞുമനസ്സ്‌ ഒത്തിരി സന്തോഷിക്കുന്നു.
അഭിനന്ദിച്ച;) ഇത്തിരിവെട്ടം,വല്യമ്മായി,സു:Su, മിന്നാമിനുങ്ങ്‌,ഫൈസല്‍,കുഞ്ഞിരാമന്‍,
കുസൃതിക്കുടുക്ക,അഗ്രജന്‍,സ്വാര്‍ത്ഥന്‍,
അനംഗാരി എന്നിവര്‍ക്കു അളവറ്റ നന്ദി.

ശിശു said...

എല്‍ ജീ:) template-പൊട്ടി തലകുത്തനെ നിന്നാലും, ബ്ലോഗ്‌ കണാതായാലും ശിശു ശ്രീജിത്തിനോട്‌ നോക്കാന്‍ പറയില്ല, പറഞ്ഞവരൊക്കെ തലയില്‍ കൈവെച്ചു കരഞ്ഞു നടന്നതു നാം കണ്ടതാണല്ലോ? പോരെങ്കില്‍ ശിശുവിനെ പറ്റി ഒരു പോസ്റ്റും 'കുറിപ്പുകളില്‍' ഇട്ടുകളയും, കാശ്‌ കൊടുത്തു കടിക്കുന്ന ****യെ ആരെങ്കിലും വാങ്ങുമോ?, ഹ.. ഹാ. ഹാ ഹാ

രാജാവു് said...

വരമായിക്കിട്ടിയ വാക്കുകളാണിത്‌.
ആ വരം തന്ന, ആ മഹാശക്ത്തിയ്ക്കു മുന്നില്‍ വാദ്യഘോഷാങ്ങള്‍ ഉണരട്ടേ.വായ്ത്താരികള്‍ കേള്‍ക്കട്ടെ.
രാജാവു്.

ശിശു said...

ഇഞ്ഞി പെണ്ണ്‌:)ആദിത്യന്‍:) നിര്‍ദ്ദേശങ്ങള്‍ക്ക്‌ നന്ദി,
രാജാവെ:) തിരുമനസ്സിന്‌ ഈ കുഞ്ഞു കവിത ഇഷ്ടമായി എന്നറിഞ്ഞതില്‍, പ്രോത്സാഹിപ്പിച്ചതില്‍, നന്ദി.

Santhosh said...

നല്ല വരികള്‍ ശിശൂ. മുരളി പറഞ്ഞതാണ് ശരി. താങ്കള്‍ ഇനിയുമെഴുതേണ്ടയാളാണ്.

വയല്‍വരമ്പത്തന്നു കേഴും കിളിക്കുഞ്ഞി-
നരികില്‍ നീ മിഴിവാര്‍ത്തു നിന്ന നാളും.

എന്നത് അല്പം കൃത്രിമമായി തോന്നിയെങ്കിലും,

ഒരുമിച്ചു നട്ടൊരാ തൈമുല്ല പൂത്തനാള്‍
അരികില്‍നീയോടി വന്നറിയിച്ചതും
അതില്‍ നിന്നൊരഞ്ചാറു പൂവിറുത്തന്നു നിന്‍
ചുരുള്‍മുടിക്കെട്ടില്‍ ഞാനണിയിച്ചതും.

ഈ വരികള്‍ മനോഹരങ്ങളാണ്.

വൃത്തവും ചതുരവും വശമല്ല എന്നെഴുതിക്കണ്ടു. വൃത്തത്തിലും ചതുരത്തിലുമെഴുതാന്‍ താല്പര്യമുണ്ടെങ്കില്‍ സഹായിക്കാന്‍ ഇവിടെ ഒരുപാടാളുണ്ടെന്നോര്‍ക്കുമല്ലോ.

ശിശു said...


വയല്‍വരമ്പത്തന്നു കേഴും കിളിക്കുഞ്ഞി-
നരികില്‍ നീ മിഴിവാര്‍ത്തു നിന്ന നാളും.

എന്നത് അല്പം കൃത്രിമമായി തോന്നിയെങ്കിലും,

പ്രിയ സന്തോഷ്‌:) കവിത വായിച്ച്‌ ക്രിയാത്മകമായി പ്രതികരിച്ചതിനു നന്ദി, സത്യത്തില്‍ ഇത്തരം വായനക്കരനെയാണ്‌ ഒരെഴുത്തുകാരന്‍ നോക്കിയിരിക്കുന്നത്‌, തെറ്റുകള്‍ ചൂണ്ടിക്കാട്ടിയാല്‍ മാത്രമേ ശിശുവിനെ പോലുള്ള എഴുതിത്തുടങ്ങുന്നവര്‍ക്ക്‌ സ്വന്തം തെറ്റുകള്‍ തിരുത്തി വളരുവാന്‍ കഴിയൂ, മുകളിലെ വരികളില്‍ കൃത്രിമത്വം നിറഞ്ഞതാണെന്നു എഴുതിക്കണ്ടു, വിശദമാക്കുമോ?,
വൃത്തത്തില്‍ എഴുതേണ്ടതാവശ്യമാണോ? സഹായിക്കാന്‍ ഇവിടെ പലരുമുണ്ടെന്നറിഞ്ഞതില്‍ വളരെ സന്തോഷം,
വൃത്തം കവിതയ്ക്‌ അനിവര്യമണോയെന്ന സംശയം നിലനില്‍ക്കുന്നില്ലേ?,
ചില വരികള്‍ ഇഷ്ടമായിയെന്നറിഞ്ഞതിലും സന്തോഷിക്കുന്നു.

Santhosh said...

ശിശൂ: ചെറുതായിരിക്കുമ്പോള്‍ത്തന്നെ വിളഞ്ഞു നില്‍ക്കുന്ന പാടത്തു നിന്ന് പറവകളെ ആട്ടിപ്പായിക്കാനാണ് എന്നെയൊക്കെ നിയോഗിച്ചിട്ടുള്ളത്. കളിക്കൂട്ടുകാരിയോടൊപ്പം പാടത്തെത്തുമ്പോള്‍ പറവയെ ആട്ടിയോടിക്കുന്നതിനു പകരം അവയ്ക്കു കൂട്ടായി ആ കലപില ഗാനത്തിലലിഞ്ഞിരിക്കുന്നതില്‍ തെറ്റൊന്നും കാണുന്നില്ല. എങ്കിലും കേഴും കിളിക്കുഞ്ഞിനു വേണ്ടി മിഴി വാര്‍ത്തു എന്നു പറയുമ്പോള്‍, കവിതയില്‍ പറയുന്ന മറ്റു കാര്യങ്ങള്‍ ചെയ്തു എന്ന് സങ്കല്പിച്ച പ്രായത്തില്‍ ഇതും ചെയ്യുമോ എന്ന സംശയമായി. അതിനാല്‍ അവിടം നന്നായി മുഴച്ചു നില്‍ക്കുന്നതായും തോന്നി.

വൃത്തത്തിലെഴുതേണ്ടത് ആവശ്യമൊന്നുമല്ല. താളത്തിലെഴുതി എന്നു പറഞ്ഞപ്പോള്‍ വൃത്തത്തിലാക്കാന്‍ താങ്കള്‍ക്ക് താല്പര്യമാണോ എന്ന് ആരാഞ്ഞന്നേയുള്ളൂ. വൃത്തമെന്നത് താളമാണല്ലോ.

qw_er_ty

ജ്യോതിര്‍മയി /ज्योतिर्मयी said...

ശിശൂ
നല്ല ഒഴുക്കുള്ള കവിത.

8-ാ‍ം വരിയില്‍ ..."ഓര്‍മ്മക്കിളിക്കുഞ്ഞു, പാടുവാന്‍" എന്നാക്കിയാല്‍ ചൊല്ലാന്‍ കുറച്ചുകൂടി സുഖം അനുഭവപ്പെടുന്നു.
9-ാ‍ം വരി, ...'കൊതിയ്ക്കുന്ന ബാല്യ, മെന്‍-' എന്നാക്കുമ്പോഴും ചൊല്ലാന്‍ നല്ല സുഖം.

അതുപോലെ, അവസാനത്തെ സ്റ്റാന്‍സ..
"പ്രിയസഖീ തീര്‍ത്തു ഞാനൊരുകൊച്ചു കൊട്ടാര-
മതിലിന്നു രാജാവായ്‌ വാണീടിലും" എന്ന് അക്ഷരങ്ങളെ ക്രമീകരിയ്ക്കുകയുമാവാം.

ഞാനീക്കവിത ഉറക്കെ ചൊല്ലിനോക്കി, പണ്ട്‌, സുഗതകുമാരിയുടെ "ഒരു പാട്ടുപിന്നെയും പാടിനോക്കുന്നിതാ
ചിറകൊടിഞ്ഞുള്ളൊരീക്കാട്ടുപക്ഷി" എന്ന മട്ടില്‍:-)

വീണ്ടും വീണ്ടും ചൊല്ലിനോക്കിയാല്‍ ഒളിച്ചിരിയ്ക്കുന്ന താളപ്പിഴ(ഉണ്ടെങ്കില്‍) കൂടി ശരിയാക്കി ഇത്‌ ഇനിയും മനോഹരമാക്കാം എന്നും ഒരു തോന്നല്‍.

കവിയും കവിതയും എന്നോടു ക്ഷമിയ്ക്കട്ടെ( പ്രാര്‍ഥന:-)
qw_er_ty

Anonymous said...

please visit-www.malayalam-top10.blogspot.com

അപ്പൂസ് said...

ശിശുമാഷേ,
ബഹുവിന്‍റെ പോസ്റ്റ് വഴിയാണിങ്ങെത്തിയത്.
തിരക്കഭിനയിച്ച് ബ്ലോഗ് വായനയില്‍ നിന്നും മാറി നില്‍ക്കുമ്പോഴത്തെ നഷ്ടങ്ങള്‍..
നല്ല ഒഴുക്കുള്ള വരികള്‍. അഭിനന്ദനങ്ങള്‍!

അപ്പു ആദ്യാക്ഷരി said...

ശിശു, ബഹുവ്രീഹിയുടെ പാട്ടു കേട്ടാണ് ഇങ്ങെത്തിയത്.
നല്ല സുന്ദരമായ വരികളാണ് കേട്ടോ.
സൂപ്പര്‍ കവിത. ഈ ഗദ്യകവിതാ കാലഘട്ടത്തിലും ഇതുപോലെ ശുദ്ധസംഗീതം എഴുതാന്‍ കഴിവുള്ള താങ്കള്‍ക്ക് എല്ലാ ആശംസകളും.

“ഞാനൊരു കൊച്ചു'നാഥ'നായ്‌ നിന്നിടുമ്പോള്‍-
ഇലയിട്ടു പശമണ്ണിന്‍ ചോറിറ്റുനല്‍കുവാന്‍
തൊടിയിലെ പൂവിനാല്‍ കറിവെച്ചതും“

വളരെ ഇഷ്ടമായി ഈ വരികള്‍!

ശിശു said...

അപ്പൂസ്:) ബഹുവ്രീഹി വഴി ഇവിടെവന്നെത്തിയതിനും കവിത വായിച്ചതിനും വളരെ നന്ദി. വായന താങ്കള്‍ക്കുമാത്രമല്ല മാഷെ എനിക്കും ഇല്ലാതായിരിക്കുന്നു. കാരണങ്ങള്‍ അനവധി പറയാമെങ്കിലും.

അപ്പു:) നന്ദി സുഹൃത്തെ, താങ്കളെഴുതിയതുപോലെ ഗദ്യകവിതാ കാലഘട്ടത്തിലും ഈണത്തിലും താളത്തിലും ഒക്കെ എഴുതുന്നത് വായിക്കാനും ആള്‍ക്കാരുണ്ടെന്നറിയുന്നതിലും വളരെ വളരെ സന്തോഷം. സത്യം പറഞ്ഞാല്‍ എഴുത്തിനു തന്നെ തീരെ താല്പര്യമില്ലാ‍തായിരിക്കുന്നു. ഇങ്ങനെയും കവിതയെഴുതാമൊയെന്ന് ആരുമൊട്ട് പറഞ്ഞുതരുന്നുമില്ല. അതുകൊണ്ട് നിര്‍ത്തി..
സന്തോഷം തോന്നുന്നു ഒരു സമാനഹൃദയനെ കാണുന്നതില്‍. നന്ദി,നന്ദി.

Mr. X said...

വളരെ നന്നായിരിക്കുന്നു.
കളിക്കൂട്ടുകാരിയും ബാല്യവുമെല്ലാം നമ്മള്‍ പല തവണ വായിച്ചിട്ടുണ്ടെങ്കിലും, ഈ കവിതയുടെ ഭാഷയില്‍, അവതരണത്തില്‍ ഉള്ള ആ ഒരു ഫ്രെഷ്നെസ്, പിന്നെ, മറ്റു പലരും എഴുതി പിടിപ്പിക്കുന്ന പോലെ അല്ലാത്ത, കാവ്യഭംഗിയുള്ള, അര്‍ത്ഥമുള്ള വരികള്‍ - അവയാണ് എനിക്കിഷ്ടപ്പെട്ടത്.
വീണ്ടും കാണാം!

Mr. X said...

ഇനിയും എഴുതണേ...

Dr. Rajan said...

oru vattam koodi aa ormakal meyyunna thirumuttathethuvaan moham.wow, it was a nice poem

Bijith :|: ബിജിത്‌ said...

Veruthe irikkumbol orkkunna koottukari thanneyanu innum koodeyullathennu karuthatte... Ozhukkode vaayikkavunna, oru punchirikkulla vaka tharunna, rasamulla anubhavam. Oru kavithayil othukkano ithellam...

Dhanesh Kaattooppaadath said...

കവിത വായിച്ചപ്പോള്‍ ജീവിത യാത്രയിലെ ഓര്‍മ്മകളില്‍ കൂട്ടിരിക്കാന്‍ ഇതുപോലൊരു കളിക്കൂട്ടുകാരി ഉണ്ടായിരുന്നെങ്കില്‍ എന്ന് ഒരു മാത്ര ആശിച്ചു പോയി..മനോഹരമായ വാക്കുകള്‍.എഴുത്ത് വീണ്ടും തുടങ്ങുക.ജീവിതം ശൂന്യമാക്കി പടിയിറങ്ങിപ്പോകുമ്പോള്‍ ബാക്കി വച്ചിട്ടുപോകാന്‍ നമുക്ക് ഇത്തരം വരികള്‍ എങ്കിലും ഉണ്ടാകണം.മഴപെയ്തു തോരാന്‍ കാത്തിരിക്കുന്ന ബാല്യ ജീവിതങ്ങള്‍ ഇന്ന് അന്യം നിന്ന് പോയിരിക്കുന്നു എന്നോര്‍ക്കുമ്പോള്‍ ഒരു വിഷമം.യാത്ര തുടരട്ടെ.