Wednesday, October 25, 2006

രോഗത്തിന്റെ പിടിയില്‍

സാന്ത്വന വാക്കുകള്‍ കണ്ണുനീര്‍തുള്ളികളായ്‌ മാറുന്ന രാസപരിണാമ പ്രക്രിയകളില്‍, എന്റെ ഹൃദയം പതിവു പെരുമ്പറമുഴക്കങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. പക്ഷെ, എന്നെ സ്‌നേഹിക്കുന്നവര്‍ക്ക്‌ മഞ്ഞുനീര്‍ത്തുള്ളികളോളം നനുത്ത കൈവിരലുകളുണ്ട്‌. അതുകൊണ്ടാണ്‌ അവരെന്റെ പൊള്ളിവിയര്‍ത്തുകൊണ്ടിരുന്ന നെറ്റിത്തടവും,മിടിച്ചുകേഴുന്ന നെഞ്ചും തലോടിക്കൊണ്ടിരുന്നത്‌. ഞാനാ ചന്ദനസ്‌പര്‍ശത്താല്‍,സഹധര്‍മ്മിണിയുടെ കണ്ണീരുവീണുകുതിര്‍ന്ന തലയിണയില്‍, വേച്ചുവേച്ചുപോകുന്ന ശിരസമര്‍ത്തി ഒരല്‍പം മയങ്ങാന്‍ ശ്രമിക്കും. 'ഒന്നും ചിന്തിക്കാതെ കണ്ണടച്ചുറങ്ങണം' എന്ന സ്‌നേഹത്തില്‍ പൊതിഞ്ഞ ശാസനകള്‍ക്കുമുന്നില്‍ ഞാന്‍ കണ്ണുകളിറുക്കിയടക്കും,പിന്നെ മടിച്ചു മടിച്ചു കടന്നുവരുന്ന നിദ്രയില്‍ ഞാന്‍ കുന്നും മലകളും കയറിയിറങ്ങും, കുട്ടിക്കാലത്ത്‌ തെച്ചിപ്പഴങ്ങള്‍ പറിച്ചുതിന്ന കുറ്റിക്കാടുകള്‍ നിറയെ വിഷക്കായ്കള്‍ പഴുത്തുനില്‍ക്കുന്നു,ഒരെണ്ണം കയ്യെത്തിപ്പറിക്കാനൊരുങ്ങുമ്പോള്‍ അദൃശ്യതയില്‍നിന്നും വിലക്കാനായ്‌ നീണ്ടുവരുന്ന ഒരു കൈ, അതു അമ്മയുടെ കൈവിരലുകള്‍പോലെ നീണ്ടു മെലിഞ്ഞിരുന്നു.

എന്റെ പുറംലോകം തുറന്നിട്ട ജനാലക്കുമുന്നില്‍ ചുരുങ്ങിനിന്നു. അകലെ ആകാശത്തേക്ക്‌ തലയുയര്‍ത്തിനില്‍ക്കുന്ന മലനിരകള്‍, എന്റെ സ്വപ്നങ്ങളോളം ഉയരമുള്ളവ! ഒരു ചാറ്റല്‍മഴക്കു പിന്നാലെ വന്നെത്തിയ മൂടല്‍മഞ്ഞ്‌, അഹങ്കാരത്തോടെ തലയുയര്‍ത്തിനിന്ന മലനിരകളെ ക്ഷണനേരത്തേക്ക്‌ എന്നില്‍നിന്നും മറച്ചുപിടിക്കുന്നതില്‍ വിജയിച്ചു. ചിന്തകള്‍ കൊണ്ടൊരോട്ട പ്രദക്ഷിണംനടത്തി തിരിച്ചുവന്നപ്പോഴേക്കും മൂടല്‍മഞ്ഞപ്രത്യക്ഷമായിരിക്കുന്നു, ഇപ്പോള്‍ വീണ്ടുമെല്ലാം പഴയതുപോലെ!!.കാഴ്ചയെ കാഴ്ചക്കാരനില്‍നിന്നും മറച്ചുപിടിക്കുന്ന മൂടല്‍മഞ്ഞെന്ന 'അറിവ്‌'!. എല്ലാം ക്ഷണികമായ വെളിപ്പെടലുകളാണ്‌! എന്റെ ഭാവന,അറിവ്‌,അഹങ്കാരം,എന്നിലെ നന്മ,സുഖം,ദു:ഖം,വേദന,വിഷാദം..എല്ലാം ക്ഷണനേരത്തേക്കു വിരുന്നുവന്നെത്തുന്ന പുറംലോകവാസികള്‍,അവര്‍ വരുന്നു,വേഷംകെട്ടിയാടുന്നു, അനിവാര്യമായ തിരിച്ചുപോക്കിലേക്ക്‌ കൂപ്പുകുത്തുന്നു,പിന്നെ അവശേഷിക്കുന്നത്‌ വേറെയേതോ ഒരാള്‍.അയാളെ കുപ്പായമിടീച്ചുകൊണ്ട്‌ ഞാന്‍ ഇറങ്ങിനടക്കുന്നു,'കുറിപ്പുകളില്‍' തോന്ന്യാക്ഷരങ്ങള്‍ കുത്തിനിറക്കുന്നു.

എന്റെ 'കുറിപ്പുകള്‍' ജീവനോടെ ബ്ലോഗുലകത്തില വശേഷിക്കുന്നുണ്ടാവുമൊ?, ബൂലോഗത്തിന്റെ ഭിത്തിയില്‍ ആരെങ്കിലും ഈയിടെയായി നോട്ടീസൊട്ടിക്കുന്നുണ്ടാകുമൊ?, ഇപ്പോഴത്തെ കലഹം എന്തിനെപറ്റിയാകും?, ആരെങ്കിലും പുതിയ ക്ലബ്ബിനു രൂപംകൊടുത്തുകാണുമോ?, ശിശുവിന്റെയസാന്നിദ്ധ്യം ശ്രദ്ധിച്ചിട്ടുണ്ടാകുമോ? രോഗത്തിനു ഞാനെന്നെവിട്ടുകൊടുത്തിരുന്നെങ്കിലും മനസ്സിലൂടെക്കടന്നുപൊയ്കൊണ്ടിരുന്ന ചിന്തകളിതൊക്കെയാണ്‌, എല്ലാം ഞാനെന്റെ സുഹൃത്തിനോടന്വേഷിച്ചുകൊണ്ടേയിരുന്നു, സുഹൃത്തെന്നെ ആശുപത്രികളില്‍നിന്നും ആശുപത്രികളിലേക്ക്‌ കൊണ്ടുപോയിക്കൊണ്ടിരുന്നു, പരീക്ഷണനിരീക്ഷണങ്ങള്‍ക്ക്‌ ഞാന്‍ ചാഞ്ഞുംചരിഞ്ഞുമിരുന്നു, ഒടുവില്‍, 'ഒന്നുംകണ്ടെത്തുവാന്‍ കഴിയുന്നില്ല' എന്ന പതിവുപല്ലവികളില്‍ റിപ്പോര്‍ട്ടുകള്‍ ഒപ്പിട്ടവസാനിച്ചുകൊണ്ടിരുന്നു.

മകന്റെ അസുഖം ദു:സ്വപ്നമായ്‌ വെളിപ്പെട്ടുകിട്ടിയ അമ്മവിളിച്ചു.എനിക്കുപറയുവാന്‍ അസുഖത്തിനൊരുപേരില്ല,പെറ്റവയറിന്റെ വേദന പകര്‍ന്നുനല്‍കിയ ജ്ഞാനത്തില്‍ അമ്മ അസുഖത്തിനു പേരിട്ടു, 'കേതു',കേതുര്‍ ദശയുടെ അന്ത്യത്തില്‍ വീര്യം കൂടുമത്രെ,ആക്രമണവും.. അതിനു വൈദ്യശാസ്ത്രത്തില്‍ മരുന്നില്ല, മന്ത്രമാണ്‌ വേണ്ടതത്രെ!.അവിശ്വാസിയായ എനിക്കുവേണ്ടി സുഹൃത്ത്‌ സുനിലും കുടുംബവും ഉഗ്രമൂര്‍ത്തിക്ക്‌ വിളക്‌ക്‍കൊളുത്തിപ്രാര്‍ത്ഥിച്ചു.തോമസ്‌ അള്‍ത്താരയില്‍ മെഴുകുതിരികത്തിച്ചുവെച്ച്‌ മുട്ടുകുത്തി അപേക്ഷിച്ചു.അമ്മ അറിയാവുന്നയെല്ലാ അമ്പലങ്ങളിലും വഴിപാടുകള്‍ നേര്‍ന്നു.ഭാര്യ കരഞ്ഞുവീര്‍ത്ത കണ്ണുകളോടെ മകനെ നെഞ്ചോട്ചേര്‍ത്ത്‌ എനിക്ക്‌ കൂട്ടിരുന്നു.

എന്റെ നിശ്ചയദാര്‍ഢ്യംകൊണ്ടോ,മന്ത്രങ്ങളുടെ ശക്തികൊണ്ടോ,അസുഖം എന്നെവിട്ടൊഴിഞ്ഞു പൊയ്‌കൊണ്ടിരിക്കുന്നു,ഞാന്‍ പഴയതിലും ഊര്‍ജ്ജസ്വലനായ്‌ ജീവിതത്തെ നോക്കിക്കാണുന്നു.കേതു എനിക്കുമുന്നില്‍ തോല്‍വി സമ്മതിച്ചിരിക്കാം!!എനിക്കുവേണ്ടിയാകാം പുനത്തില്‍ കുഞ്ഞബ്ദുള്ള ഇങ്ങനെപറഞ്ഞത്‌ "ഇന്ന് വളരെയധികം രോഗങ്ങള്‍ ചികിത്സിച്ചുഭേദപ്പെടുത്തുന്നു; അര നൂറ്റാണ്ടിനുമുമ്പ്‌ കഴിഞ്ഞതിനുമധികം. എന്നാല്‍ ചികിത്സയ്കും ഒരു മറുപുറമുണ്ട്‌. അത്‌ ഡോക്ടര്‍മാരുടെ രഹസ്യമാണ്‌;അവരുടെ ഭാര്യമാര്‍ക്കുകൂടി അറിയാത്ത രഹസ്യം.പിന്നെ പൊതുജനങ്ങളുടെകാര്യം എന്തുപറയാന്‍! രോഗങ്ങളില്‍ മിക്കവയും തനിയെ ഭേദമാകുന്നു എന്നതാണ്‌ ആ രഹസ്യം"

16 comments:

ശിശു said...

രോഗത്തിന്റെ പിടിയിലായിപ്പോയ ഒരുമാസം,എല്ലാം നഷ്ടപ്പെട്ട ഒരുമാസം,
ശത്രുവായ്‌ കടന്നെത്തിയ രോഗത്തിന്‌വേണ്ടി ഒരു പോസ്റ്റ്‌.

ലിഡിയ said...

എന്താ ശിശൂ സംഭവിച്ചത്, ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പെന്ന് പറഞ്ഞതിന് ആദ്യം ദൈവത്തിന് നന്ദി പറയട്ടെ..

ഇ-ബുക്കിന്റെ വ്യര്‍ത്ഥതയെ ചോദ്യം ചെയ്യുമ്പോഴും അതിലൂടെ കിട്ടുന്ന മുഖമില്ലാത്ത ഒത്തിരി സ്നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും പകരം എന്തുണ്ട്, എല്ലാം ശരിയാവട്ടെ.

-പാര്‍വതി.

ടി.പി.വിനോദ് said...

ലോകം അതിന്റെ അനുരാഗിയുടെ മുന്നില്‍
സ്വന്തം വലിപ്പത്തിന്റെ മുഖംമൂടി മാറ്റിവച്ച്
ഒരു ഗാനം പോലെ,
നിത്യതയുടെ ഒരു ചുംബനം പോലെ
ചെറുതായി തീരുന്നു.
‌‌ - ടാഗോര്‍


ജീവിതത്തോടുള്ള പ്രണയം തന്നെയാണ് ദുരിത ദൂരങ്ങളെ ചെറുതാക്കി മാറ്റുന്ന ആ മാന്ത്രികത നടപ്പാക്കുന്നത്...
അക്ഷരങ്ങളെയും ആളുകളെയും സ്നേഹിക്കുന്ന നിങ്ങള്‍ക്ക് ആ ജീവിതപ്രേമം വേണ്ടുവോളമൂണ്ട്..
എല്ലാം ശരിയാകും...
ആ‍ശംസകള്‍...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇന്നു കാണുന്ന വൈദ്യാഭാസങ്ങളെ കഴിവതും ഒഴിവാക്കിയാല്‍ അവനവണ്റ്റെ ആരോഗ്യം കുറച്ചുകൂടി നന്നായിരിക്കും. ഏതായാലും സുഖമായല്ലൊ ഈശ്വരനു നന്ദി

വേണു venu said...

എല്ലാം ശരിയാകാന്‍ പ്രാര്‍ഥിക്കുന്നു ശിശൂ.

Aravishiva said...

സുഖപ്പെട്ടുവെന്നറിഞ്ഞതില്‍ സന്തോഷം..ബൂലോകത്തില്‍ വീണ്ടും സജീവമാകൂ..ഇനിയും നന്നായിട്ടെഴുതൂ..അനുഭവങ്ങളുടെ തീവ്രത തൂലികപിടിയ്ക്കുന്നവന്റെ വിരലുകള്‍ക്കാവശ്യമുണ്ടെന്ന് ദൈവം മുന്നേ അറിഞ്ഞിരുന്നു എന്നു കരുതാം..

സ്നേഹപൂര്‍വ്വം..

ദേവന്‍ said...

പാളയത്തിലെ പടയാണു രോഗം. അതിനെ ജയിച്ച ശിശുവിന്‌ അഭിവാദ്യങ്ങള്‍.

രാഗാതിരോഗാന്‍ സതനാനുഷക്താ-
നശേഷകായപ്രസൃതാനശേഷാന്‍
ഔത്സുക്യമോഹാരതിദാഞ്ജഘാന യോf പൂര്‍വ്വവൈദ്യായ നമോസ്തുതസ്മൈ [A.H1/1]


(വ്യാഖ്യാനിക്കാന്‍ ഹെറിറ്റേജു മാസ്റ്റരോ ഗുരുക്കളൊ റ്റീച്ചറോ തന്നെ വരേണ്ടി വരും.. എന്നാലും എതാണ്ട്‌ ഇങ്ങനെയാകും. ശരീരം മുഴുവന്‍ എപ്പോഴും വ്യാപിച്ചിരുന്ന് ഔത്സുക്യം മോഹം രാഗജന്യമായ രോഗങ്ങളെ ആദി വൈദ്യന്‌ -നമ്മുടെ ആദി അല്ല, ദൈവത്തിന്‌- നമസ്കാരം)

thoufi | തൗഫി said...

ശിശൂ,ജീവിത പരീക്ഷണങ്ങളുടെ മുമ്പില്‍ പതറാതെ മനക്കരുത്ത്‌ കൊണ്ട്‌ ആപത്ഘട്ടങ്ങളെ അതിജയിക്കാന്‍ ദൈവം തുണയേകട്ടെ.ആയുരാരോഗ്യം പ്രദാനം ചെയ്യട്ടെ,അവനെന്നുമെപ്പോഴും.

Unknown said...

ഒക്കെ ശരിയായില്ലേ ശിശൂ... ഇനി പണ്ടത്തേതിലും പുലിയായി വിലസൂ.... :-)

Anonymous said...

സുഹൃത്തേ,
അസുഖമൊക്കെ മാറിയല്ലോ?
എല്ലാം നേരെയാകും.
ഒരിക്കലും ഭാരമാകാത്ത സ്നേഹത്തിന്റെ ഭണ്ടാരമായി ജീവിതത്തെ താങ്കള്‍ കാണുമ്പോള്‍ ഈ വ്യാകുലതകളെല്ലാം പെട്ടെന്നു തന്നെ മാറും.

ഉമേഷ്::Umesh said...

എല്ലാം നന്നായല്ലോ. നന്നായി വരട്ടേ.

ദേവന്‍ ചൊല്ലിയ ശ്ലോകത്തില്‍ വാഗ്‌ഭടന്‍ നമസ്കരിക്കുന്നതു ധന്വന്തരിയാണു്-ദൈവത്തെയല്ല-എന്നാണു് എന്റെ ഓര്‍മ്മ.

“രാഗാദിരോഗാന്‍” എന്നല്ലേ?

ശിശു said...

ലോകത്തെവിടെയും മനുഷ്യന്റെ പ്രശ്നങ്ങള്‍ ഒന്നുതന്നെയാണ്‌. സഹജീവിയുടെ വേദനയില്‍ പങ്കുചേരുവാന്‍ അലിവാര്‍ന്ന ഹൃദയത്തിനു മാത്രമേ കഴിയൂ. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ദൂരവും രൂപവും എന്തിനു മുഖം പോലുമാവശ്യമില്ലെന്നു എന്നിലേക്കു വന്നെത്തുന്ന പ്രാര്‍ത്ഥനകളും, സന്ത്വന വാക്കുകളും അടിവരയിടുന്നു. അതെനിക്കു കൂടുതല്‍ കൂടുതല്‍ കരുത്തുപകരുന്നു.
എനിക്കായ്‌ ആശ്വാസവാക്കുകളും പ്രാര്‍ത്ഥനകളും നേര്‍ന്ന പാര്‍വതി, ലാപുട, india heritage, വേണു, അരവിശിവ, ദേവരാഗം, മിന്നാമിനുങ്ങ്‌, ദില്‍ബാസുരന്‍, നവന്‍, ഉമേഷ്‌ എന്നിവര്‍ക്ക്‌ ആത്മാര്‍ത്ഥമായ നന്ദി.

Rasheed Chalil said...

എല്ലാം ശരിയായില്ലേ ശിശൂ... അതിനായി പ്രാര്‍ത്ഥിക്കുന്നു.

വാളൂരാന്‍ said...

ശിശൂ..... രോഗങ്ങള്‍ നമ്മെ ശിശുക്കളാക്കുന്നു എന്നു തോന്നാറുണ്ട്‌. എങ്കിലും ആ രോഗവേളകളില്‍ കിട്ടുന്ന സാന്ത്വനങ്ങള്‍ രോഗാവസാനവും തുടര്‍ന്നെങ്കില്‍ എന്നും നമ്മള്‍ കൊതിക്കാറുണ്ട്‌. ക്ഷണനേരത്തേക്ക്‌ വേദനയുമായെത്തിയ കേതുവിനെ നമുക്കിനി മറക്കാം. ഇനി സ്വസ്ഥതയുടെ നാളുകളാവട്ടെ... കൂടുതല്‍ വാക്കുകളുമായി വരൂ.....

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വാഗ്ഭടന്‍ വന്ദിച്ചത്‌ 'ദൈവ'ത്തിനെയല്ല എന്ന്‌ പറയുമ്പോള്‍ അതിനെകുറിച്ച്‌ സ്വല്‍പ്പം കൂടി ആഴത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.

'ദൈവം' എന്ന പദം ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്നത്‌ 'പൂര്‍വജന്‍മാര്‍ജ്ജിതകര്‍മ്മഫലം' എന്ന അര്‍ത്ഥത്തിലാണ്‌.

ഒരു ജന്‍മത്തില്‍ ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലത്തിണ്റ്റെ ആകെത്തുകയും കൊണ്ടാണ്‌ ആത്മാവ്‌ ശരീരം വെടിഞ്ഞു പോകുന്നതെന്നും , അത്‌ അനുഭവിക്കാന്‍ തക്ക യോനിയിലാണ്‌ അടുത്ത ജന്‍മമെടുക്കുന്നതും എന്ന്‌ ഹൈന്ദവചിന്ത.

അപൂര്‍വവൈദ്യന്‍ എന്നത്‌ ധന്വന്തരി ആണ്‌ എന്നും പറയുവാന്‍ സാധിക്കില്ല. കാരണം
"ബ്രഹ്മാ സ്മൃത്വാ//യുഷോ വേദം പ്രജാപതിമജിഗ്രഹത്‌ "

എന്നിടത്ത്‌ ബ്രഹ്മാവ്‌ ആയുര്‍വേദത്തെ സ്മരിച്ചു അതായത്‌ സൃഷ്ടികര്‍ത്താവായ അദ്ദേഹത്തിനു മുമ്പും ആയുര്‍വേദം ഉണ്ടായിരുന്നു എന്നും പറയുന്നു. "ധന്വന്തരി" എന്ന മൂര്‍ത്തി പാലാഴിമഥനത്തില്‍ വെളിവായതാണ്‌.

ചരകം വിമാനസ്ഥനത്തില്‍ പറയുന്നു- "യാവന്തോ ഭാവവിശേഷോ ലോകേ താവന്തഃ പുരുഷേ, യാവന്ത പുരുഷേ താവന്തോഹി ലോകേ" അതിനാല്‍ പരമപുരുഷണ്റ്റെ വിരാട്സ്വരൂപസങ്കല്‍പം വച്ചിട്ട്‌ പരമസത്യമായ പരബ്രഹ്മം എന്ന തത്വത്തെ തന്നെയാണ്‌ ഇവിടെ സ്മരിച്ചിരിക്കുന്നത്‌. അങ്ങനെയായാലേ ബ്രഹ്മാവിന്‌ സ്മരിക്കാന്‍ കഴിയൂ.

ഇതേ വാഗ്ഭടന്‍ തന്നെ തണ്റ്റെ അഷ്ടാംഗസംഗ്രഹം എന്ന ഗ്രന്ഥതിണ്റ്റെ തുടക്കത്തില്‍ എഴുതിയ ശ്ളോകവും ഇത്തരുണത്തില്‍ ഓര്‍ക്കുന്നത്‌ നന്നായിരിക്കും. അവിടെ അദ്ദേഹം ബ്രഹ്മാവിനേയും ആദിയായ മറ്റുള്ളവരേയും നമിക്കുന്നുണ്ട്‌-
രാഗാദിരോഗാഃ സഹജാ സമൂലാഃ യേനാശു
സര്‍വേ ജഗതോപ്യപാസ്താ
തമേകവൈദ്യം ശിരസാ നമാമി
വൈദ്യാഗമജ്ഞാംശ്ച പിതാമഹാദീന്‍

Anonymous said...


രോഗങ്ങള്‍ നമ്മെ ശിശുക്കളാക്കുന്നു എന്നു തോന്നാറുണ്ട്‌. എങ്കിലും ആ രോഗവേളകളില്‍ കിട്ടുന്ന സാന്ത്വനങ്ങള്‍ രോഗാവസാനവും തുടര്‍ന്നെങ്കില്‍ എന്നും നമ്മള്‍ കൊതിക്കാറുണ്ട്‌.

ശരിയാണ്‌ സുഹൃത്തെ, പക്ഷെ നമുക്കെപ്പോഴും ശിശുക്കളായിരിക്കാന്‍ നിവൃത്തിയില്ലല്ലോ, നന്ദി, ഇവനാശ്വാസം പകര്‍ന്നുതന്നതിനു,
ഇത്തിരിവെട്ടം ഒത്തിരി നന്ദി, അതെ അസുഖം ഭേദപ്പെട്ടുവരുന്നു.

"'ദൈവം' എന്ന പദം ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്നത്‌ 'പൂര്‍വജന്‍മാര്‍ജ്ജിതകര്‍മ്മഫലം' എന്ന അര്‍ത്ഥത്തിലാണ്‌."

പ്രിയ india heritage വളരെ വിശദമായ താങ്കളുടെ വിശകലനത്തിനു നന്ദി പലതും അതുവഴി അറിയാന്‍ കഴിഞ്ഞു.