ചെറുകാറ്റലപോലും താങ്ങുവാനാകാത്ത
കിഴവനാം പാഴ്മരമാകുന്നു ഞാന്‍
തടിപുഴുത്തിലകൊഴിഞ്ഞടവിയില്‍ ഞാന്‍വെറും
പഴയകാലങ്ങളുമോര്‍ത്ത് നില്പ്പൂ.
പരിഹാസമേറെസ്സഹിച്ചു ഞാന്‍ നില്‍ക്കവെ
യൊരു മോചകന്നായ് കൊതിച്ചുപോയി.
അവനേതുനാട്ടില്‍ പിറന്നുവോയെന്നുടെ
തരുശിഖരങ്ങളെ പൊന്നുചാര്‍ത്താന്‍!.
വരുമോനീ ഗായകാവൊരു പുല്ലാങ്കുഴലുമാ
യൊരുമാത്രയൊന്നെന്റെ നാട്ടിലേക്കും
ഒരു വേണുഗാനത്തിലെന്നുടെ സ്വപ്നങ്ങ-
ളറിയാതെ പൂത്തുവിടര്‍ന്നുപോകാം!!.
അറിയില്ലയൊരുപക്ഷെ,യന്നെന്റെ ചില്ലക-
ളൊരുമാത്ര കൂടി തളിര്‍ത്തിരിക്കാം!!
വിടചൊല്ലിപോയോരു പറവകള്‍ വീണ്ടു-
മെന്‍ശിഖരങ്ങളാകവേ കയ്യടക്കാം!!.
കിളിപാടും പാട്ടുകേട്ടറിയാതെ ചില്ലകള്‍
മുറതെറ്റി മൊട്ടുകള്‍ തീര്‍ത്തിരിക്കാം!!
അവയൊക്കെ പൂത്തുമധുചൂടിനില്‍ക്കില്ലേ
ഹൃദയം മറന്നു ഞാന്‍ നിന്നിടുമ്പോള്‍.
എവിടെ നിന്നറിയതെ മധുതേടി വണ്ടുകള്‍
കൊതിയരായാര്‍ത്തലച്ചെത്തിടുമ്പോള്‍
നവ യൌവ്വനത്തിന്റെ തേനിറ്റുനല്‍കുവാന്‍
ഒരുവേള ഞാന്‍ ചിലതോര്‍ത്തുപോകാം.
(ഓര്‍ത്തുപോകുന്നു ഞാന്‍, തേനറതേടുവോ-
രെന്നുടെ സ്വപ്നങ്ങളൂറ്റിക്കുടിക്കയാണാ-
യിരമായിരം പൂവുകള്‍ക്കുള്ളിലെ
പൊന്നും വിശുദ്ധിയുമൂറ്റുകയാണവര്‍)
അവര്‍ മൂളിപാട്ടുമായ് സ്വപ്നങ്ങള്‍കവരവെ
ഗതിമുട്ടി കൈകൂപ്പി കേണുപോകാം.
ഒരുനിര്‍വൃതിപോലും നുകരുവാനാകാതെ
അവര്‍നല്‍കും ബീജങ്ങളേറ്റുവാങ്ങാം
പാപത്തിന് വിത്തുകളുള്ളിലെ തീയില്‍ വെ-
ച്ചുരുകി സ്ഫുടംചെയ്തു ശുദ്ധമാക്കും
അവ പിന്നെ ഗര്‍ഭപാത്രത്തില്‍ തപസ്സുചെ
യ്തറിവുംവെളിച്ചവും സ്വന്തമാക്കും.
അവയെ ഞാന്‍ നോവും കിനാവും നിവേദിച്ച്
തല മുറ പോറ്റുവാന്‍ പാകമാക്കും
ഒടുവിലെന് പിടിവിട്ടു താഴേക്കു നിപതിച്ചു
പുനര്‍ജ്ജനിയായി ഞാന്‍ മുക്തിനേടും
ആഹാ! വെറുതെ കിനാവു കാണുന്നു ഞാ-
നൊന്നുമൊരിക്കലുമാകില്ലയെങ്കിലും.
ഇന്നുമെന്‍ തായ് വേരു ജീര് ണ്ണിച്ചിരിക്കുന്നു-
യെന്‍ തരുശിഖരങ്ങള്‍ നഗ്നങ്ങളും.
എങ്കിലുംഗായകാ നിന്മന്ത്രവേണുവിന്‍
നാദമെന്‍ ചില്ലയില്‍ പൂക്കളാകാം!!
ചിതല്‍തിന്നുതീര്‍ത്തൊരെന്‍ സ്വപ്നങ്ങളൊക്കെയു
മൊരുമാത്രകൂടി തളിര്‍ത്തിരിക്കാം!!.
Monday, March 26, 2007
Subscribe to:
Post Comments (Atom)
15 comments:
ഒരു കവിത പോസ്റ്റുചെയ്യുന്നു.
ശിശുവിന്റെ രണ്ടാമത്തെ സൃഷ്ടിയാണിത്. വളരെമുന്നേ എഴുതിയത്.
നേരത്തെ ജോലിചെയ്തിരുന്ന ഓഫീസിന്റെ ജനാലയിലൂടെ പുറത്തേക്ക് നോക്കുമ്പോള്‍ ഉണങ്ങി വീഴാറായ വലിയൊരു വൃക്ഷം കാണാമായിരുന്നു. അത് വീണ്ടും തളിര്ക്കുവാനും പൂവിടാനും ആഗ്രഹിക്കുന്നുണ്ടാകുമോ എന്ന ചിന്തയാണീ കവിതക്കാധാരം.
വിലയിരുത്തുമല്ലോ?.
വീണ്ടും തളിരിടട്ടെ എന്ന് പ്രാര്‍ത്ഥിക്കാം
nannayi...
my prayer to flourish again
ശിശൂ കവിത കൊള്ളാം. ആസ്വദിച്ചു. :) ഇടപ്പള്ളി ശൈലി . ചങ്ങമ്പുഴയുടെ ആരാധകനാണോ?
അരീക്കോടന്‍ മാഷെ) ആദ്യമായി കുറിപ്പുകളിലേക്ക് സ്വാഗതം. പാഴ്മരത്തിന്റെ സ്വപ്നങ്ങള്‍ കാണാനെത്തിയതിന് നന്ദിയും.
മനു,ജി:) കുറിപ്പുകളിലേക്ക് സ്വാഗതം. കവിത നന്നായി എന്നറിയിച്ചതില് നന്ദി.
നവന്:) കവിത ആസ്വദിച്ചതില്‍ നന്ദി സുഹൃത്തെ. ഇടപ്പള്ളിയുടെ ശെയിലി പോലെ അനുഭവപ്പെട്ടെങ്കില്‍ സന്തോഷം. മനപൂര്വ്വമല്ല് മാഷെ) അറിയാതെ വന്നുപോകുന്നതാകും.
തീര്‍ച്ചയായും ചങ്ങമ്പുഴയുടെ ആരാധകനാണ്. ആരാണ് അല്ലാതിരിക്കുക, അല്ലെ?.
നല്ല കവിത ശിശൂ...
“പിന്നെയും പിന്നെയും ആരോകിനാവിന്റെ
പടികടന്നെത്തുന്ന പദനിസ്വനം...” എന്ന സിനിമാഗാനം (എന്തുകൊണ്ടോ) ഓര്‍മ്മിപ്പിക്കുന്നു ഈ കവിത. ഇനിയും എഴുതുക.
പാപത്തിന് വിത്തുകളുള്ളിലെ തീയില്‍ വെ-
ച്ചുരുകി സ്ഫുടംചെയ്തു ശുദ്ധമാക്കും
അവ പിന്നെ ഗര്‍ഭപാത്രത്തില്‍ തപസ്സുചെ
യ്തറിവുംവെളിച്ചവും സ്വന്തമാക്കും.
നല്ല അര്‍ത്ഥഗര്‍ഭമായ വരികള്‍ ഒപ്പം ചേതൊഹരമായ ഭാവനയും............നന്ദി
സ്വപ്നങ്ങളൊക്കെ തളിര്‍ക്കട്ടെ.
കവിത നന്നായിട്ടുണ്ട്.
കൃഷേ.. എന്തു പറ്റി കാണുന്നില്ലല്ലൊ? നല്ല തിരക്കാണോ?
സമയം കണ്ടെത്തി പാഴ്മര സ്വപ്നങ്ങള്‍ കാണാനെത്തിയതിന് നന്ദി.
കവിത നന്നായിട്ടുണ്ട് ശിശൂ :)
അപ്പൂസ്: കുറിപ്പുകളില്‍ ആദ്യമായിട്ടാണില്ലെ?. സ്വാഗതം.
'പിന്നെയും പിന്നെയും' പോലെ തോന്നിപ്പിച്ചോ?, നന്ദിയുണ്ട്.
ഗുരുനാഥന്:) സ്വാഗതം. സു സ്വാഗതം..
പ്രോത്സാഹിപ്പിച്ചതിന്, നല്ലതെന്ന് അഭിപ്രായം അറിയിച്ചതിന് ഒത്തിരി നന്ദി.
സു:) സന്തോഷം. നന്ദി.
ശിശു
മനോഹരമീ കവിത.
-സുല്‍
ശിശു..നല്ല കവിത..വൃക്ഷം വീണ്ടും തളിര്‍ക്കുകയും,പൂക്കുകയും ചെയ്യും.അല്ലാതെവിടെ പോവാന്‍!
ശിശൂ, കവിത ഇഷ്ടപ്പെട്ടു.:)
നന്നായി
Post a Comment