Monday, June 04, 2007

തോരാത്തതെന്തീ മഴ!

തോരാത്തതെന്തീ മഴ?

പുകവിങ്ങി നിറയുന്നൊരമ്മതന്‍ കണ്ണുപോല്‍

‍തോരാത്തതെന്തീ മഴ?

അറിക നീ, ഇന്നു ഞാനച്ഛന്റെ

കൈപിടിച്ചകലേക്ക്‌ പോകുന്ന നേരം

വഴിവക്കില്‍ നിന്നെനിക്കിന്നലെ തുന്നിച്ച

പുതുവസ്‌ത്രമണിയുന്ന നേരം

'പരദേവത വന്നുതഴുകട്ടെ'യെന്നമ്മ

നെറുകയില്‍ മുകരുന്ന നേരം

നെടുകെപിളര്‍ന്നു മണക്കുകില്‍

പുതുഗന്ധ,മൊഴുകുന്ന പുസ്‌തകത്താളും

അരികില്‍ കിലുങ്ങും പളുങ്കുകള്‍

ചേര്‍ത്തൊരു പിടിയുള്ളൊരുടയുന്ന സ്ലെയിറ്റും

നിധിപോലെ നെഞ്ചോട്‌ ചേര്‍ത്തു ഞാന്‍ നില്‍ക്കെ

മുത്തശ്ശിതന്‍ മിഴികളും ജലതീര്‍ത്ഥമാകെ

പഴമകള്‍ കൈമാറി വന്ന കാല്‍പ്പെട്ടിതന്‍

‍ചെറിയൊരു കള്ളിതുറന്ന്

അതിനുള്ളിലെവിടെയൊ ഭദ്രമായ്‌ സൂക്ഷിച്ച

ചെറിയ പഞ്ചാംഗമെടുത്ത്‌

ശുഭയാത്ര ചെയ്യുവാന്‍ നേരമിതില്‍പ്പര

മിനിയില്ലയെന്നു ഗണിക്കെ

എവിടെനിന്നെത്തിനീ,നനയിക്കുവാനെന്റെ

മൃദുല മോഹങ്ങളെ കരയിക്കുവാന്‍?

അരുത്‌..ഇറ്റു നേരം നിലക്ക-

വന്നിട്ടു ഞാന്‍ ഒരുമാത്ര നിന്നൊപ്പമെത്താം

ഒരുപാടു ഞാന്‍കൊതിക്കുന്നൊരെന്‍

‍ഭോജ്യങ്ങളൊക്കെയും കാഴ്ചവെച്ചീടാം

ഒരുപാട്‌ കെട്ടിമറിഞ്ഞതല്ലെ, നമ്മളൊ-

രുപാട്‌ ചേര്‍ന്നു നനഞ്ഞതല്ലെ

കടലാസു വഞ്ചി തുഴഞ്ഞു നിന്നൊപ്പ

മന്നൊരുപാടു നേരമിരുന്നതല്ലെ.

അറിയുക നീ നിലക്കാതെ പെയ്തീടുകിലൊ

രുമാത്രയച്ഛനും തേങ്ങും

ഒരുവേള നനയാതെയെന്നൊപ്പമെത്തുവാന-

വനില്ല ഒരുകുടക്കീഴ്‌

കുടവാങ്ങിനല്‍കുവാന്‍ കരുതിയതൊക്കെയും

അരി വാങ്ങുവാനായെടുത്തു

ഒരു വാഴയിലകൊണ്ടു കുടപിടിച്ചീടുവാന-

വനെത്ര ശീലമുണ്ടെന്നൊ!

കരയില്ല, ഇനിയെത്ര കലിതുള്ളിയാലും നീ

നനയുവാന്‍ ഞങ്ങള്‍ നിനച്ചൂ

തളരില്ല, വഴിനീ മുടക്കിയെന്നീടിലും

തളരുവാനാകില്ല തന്നെ!.

[സ്‌കൂളുകള്‍ തുറക്കുമ്പോള്‍ എന്നും മഴയെത്തും!, ആരൊ പറഞ്ഞേല്‍പ്പിച്ചതുപോലെ, കടമനിര്‍വ്വഹിക്കാനായി മഴ തോരാതെ പെയ്തുനില്‍ക്കും, ഇങ്ങനെ ഒരുമഴക്കാലത്തായിരുന്നല്ലൊ ഞാനും ആദ്യമായി അച്ഛന്റെ കൈപിടിച്ച്‌ സ്‌കൂളിലേക്ക്‌ പോയിരുന്നതെന്നോര്‍ത്തു പോകുന്നു,കുടചൂടി അന്നൊന്നും സ്‌കൂളില്‍ പോയിരുന്നില്ല, ഒന്നുകില്‍ വാഴയില കൊണ്ട്‌ കുടപിടിച്ചും അല്ലെങ്കില്‍ ചേമ്പില കൊണ്ട്‌ നനയാന്‍ വേണ്ടി മറപിടിച്ചും ആയിരുന്നു പോയിരുന്നത്‌, അതൊക്കെ ഒരു കൗതുകത്തിനോര്‍ത്തുപോകുന്നു]

12 comments:

ശിശു said...

സ്‌കൂളുകള്‍ ഇന്ന് തുറക്കുന്നു, മഴ, പുത്തനുടുപ്പ്‌, പുസ്തകത്താളിന്റെ പുതുഗന്ധം, ഹായ്‌ നൊസ്റ്റാള്‍ജിയ!!

പുതിയ പോസ്റ്റ്

വല്യമ്മായി said...

"കരയില്ല, ഇനിയെത്ര കലിതുള്ളിയാലും നീ

നനയുവാന്‍ ഞങ്ങള്‍ നിനച്ചൂ

തളരില്ല, വഴിനീ മുടക്കിയെന്നീടിലും

തളരുവാനാകില്ല തന്നെ!."


ഈ നിശ്ചയദാര്‍ഢ്യമാണ് ജീവിതത്തിനേറ്റവും വേണ്ടത്.നല്ല കവിത.

തറവാടി said...

:)

G.manu said...

:)

കൃഷ്‌ | krish said...

ശിശുവേ.. (ദേ ഞാനെത്തിട്ടോ...)
വേനലവധി കഴിഞ്ഞ്‌സ്കൂള്‍ തുറക്കുന്ന ദിവസം പുത്തനുടുപ്പിട്ട്‌ സ്കൂളില്‍ പോകുമ്പോള്‍ തോരാത്ത മഴ.. എല്ലാ വര്‍ഷവും പതിവുള്ളതാണ്‌.. പക്ഷേ ഈ വര്‍ഷം സ്കൂള്‍ തുറന്നപ്പോള്‍ കേരളത്തില്‍ മഴയില്ല.

സ്കൂള്‍ കാലം ഓര്‍മ്മയിലെത്തുന്ന നല്ല ഒരു കവിത.
"ഒരുകുടക്കീഴ്‌കുടവാങ്ങിനല്‍കുവാന്‍ കരുതിയതൊക്കെയുംഅരി വാങ്ങുവാനായെടുത്തുഒരു വാഴയിലകൊണ്ടു കുടപിടിച്ചീടുവാന-വനെത്ര ശീലമുണ്ടെന്നൊ!.."
.. ഈ വരികള്‍ നന്നായി.

കൃഷ്‌ | krish

SAJAN | സാജന്‍ said...

ശിശു നല്ല കവിത
ഇത്തവണ മണ്‍സൂണ്‍ വൈകിയാണെന്നാണ് തോന്നുന്നത്!

ശ്രീ said...

ശിശുവേട്ടാ....

നല്ല കവിത...
:)

സാരംഗി said...

നല്ല കവിത. ഓര്‍മ്മകളില്‍ മഴനനയുന്ന ബാല്യവും സ്കൂളും പരിഭവങ്ങളും എല്ലാം ഒരു വട്ടം കൂടി കടന്നുവരുന്നു..

ശിശു said...

വല്യമ്മായി:) നന്ദി. പ്രോത്സാഹനങ്ങള്‍ക്ക്, വളരെസന്തോഷം, ഇവിടെ വന്നതില്‍, ശിശുവിന്റെ വാക്കുകള്‍ കേള്‍ക്കുന്നതില്‍.

തറവാടി:) ഒരു ചിരിയിലെല്ലാം ഒതുക്കിയൊ?, “നമുക്കെന്തെങ്കിലും ഉരിയാടുകയെങ്കിലും ചെയ്യാം..!!”

മനുജി:) ചിരിമാത്രം ?, സന്തോഷം അടയാളമിട്ടതിനും, ചിരിപങ്കിട്ടതിനും.

ക്രിഷ്:) ഹായ്, എത്തിയൊ?, ഞാന്‍ നോക്കിയിരിക്കുകയായിരുന്നു, ഓര്‍ക്കൂട്ടില്‍ കണ്ടു.
സന്തോഷം, എന്റെ കവിത കണ്ടിട്ടാവുമൊ, ഇത്തവണ നാട്ടില്‍ സ്കൂള്‍ തുറപ്പിന് മഴയെത്താഞ്ഞത്?, ആകാം!! നന്ദി, ചിലവരികള്‍ ഇഷ്ടമായിയെന്നറിഞ്ഞതില്‍. കാണാം..

സാജന്‍:) അതെ സുഹൃത്തെ, ഇത്തവണ മണ്‍സൂണ്‍ വൈകിയാണെന്ന് കേട്ടു..
എങ്കിലും ബ്ലോഗില്‍ എല്ലായിടത്തും മണ്‍സൂണ്‍ എത്തിയല്ലൊ, കവിതയായും, ഫോട്ടൊയായും ഒക്കെ,
സന്തോഷം, നന്ദി.

ശ്രീ:) ഇവിടെ വന്നതില്‍ സന്തോഷം, സുഹൃത്തെ, നന്ദി. വീണ്ടും വരിക.

സാരംഗി:) ചേച്ചി, സന്തോഷം, നല്ലവാക്കുകള്‍ക്ക്, അതെ, ഒരിക്കലും മറക്കാത്ത ചില ഓര്‍മ്മകളിലേക്ക് പോയെന്നുമാത്രം. അത് പലര്‍ക്കും അനുഭവമുള്ളതാകുമ്പോള്‍ നല്ലതെന്നു തോന്നിയേക്കാം. നന്ദി.

Kattaalan said...

നമുക്ക് പിന്നെ, സ്കൂളിന്റെ പടി കയറേണ്ടി വന്നിട്ടില്ലാത്തതുകൊണ്ട്, ഇതൊന്നും മനസ്സിലാവില്ല...!

Ettukannan said...

കൊള്ളാവുന്നത് വായിക്കാനും കമന്റിടാനും ഇവിടൊരുത്തനും സമയമില്ലാ എന്നുള്ളതിന്‍്‌ തെളിവായാണ്‌ ഈ പോസ്റ്റിവിടെ കിടക്കുന്നത്, കഷ്ടം!

ശ്രീ said...

കാണാന്‍ കുറച്ചു വൈകി...
ഇഷ്ടമായി വരികള്‍