Tuesday, November 13, 2007

സുഹൃത്തിനൊരു കത്ത്‌.

നിഴലുപോലുമകന്നൊരീ സന്ധ്യയി-
ലെരിയുമെന്‍മനം നീയറിയുന്നുവോ?
ഹൃദയരക്തംകുടിച്ചു പുളക്കുവാനൊ-
ഴുകിയെത്തുന്നൊരായിരം നോവുകള്‍!

പലരുമോടിവന്നീടുമെന്‍ ചുണ്ടിലെ
ചിരിപകുത്തെടുത്തൊപ്പമിരിക്കുവാന്‍
കനലുപോലെരിഞ്ഞുള്ളുപൊള്ളിക്കുമീ
കദനഭാരമതൊറ്റക്ക്‌ പേറണം!
പകരുമോവൊരു വാക്കെനിക്കിന്നു നീ
പകരമെങ്കില്‍ ഞാനെന്നെ പകുത്തിടാം
മരണമാകുന്നൊരീ മൗനമെത്രനാള്‍
വ്രണിതചിത്തനായ്‌ കോരിക്കുടിക്കണം?

അറിയുകില്ലേ നിനക്കെന്റെ നൊമ്പര
ക്കടല്‍ തിളക്കുന്നൊരുള്ളിലെ ചിന്തയെ?
ഹൃദയഭിത്തികള്‍ക്കുള്ളില്‍ കടന്നുനിന്‍
മിഴികള്‍വായിച്ചെടുത്ത ചിത്രങ്ങളെ!.
ചിതറിവീണൊരെന്‍ ഹൃത്തടംവാക്കിനാല്‍
തിരികെനല്‍കി നീ ജീവനേകീടവെ
ചിരപരിചിതമേതോ സ്മരണകള്‍
ജനിമൃതികളുംതാണ്ടിവന്നെത്തിടാം.

ഉലകില്‍വാഴ്‌വെത്രസങ്കീര്‍ണ്ണപൂര്‍ണ്ണമാണു-
യിരുതാങ്ങലൊന്നല്ലതിന്‍ സാര,മന്നി-
തുനിനക്കെത്ര ബോധമുണ്ടാകണ,മതു-
നിമിത്തമോ നാംപിരിഞ്ഞീവിധം?
അകലെയെങ്കിലും കാണാത്തതെന്തുനീ
അലറിയെത്തുമീ പടയൊരുക്കങ്ങളെ?
പലവശങ്ങളില്‍ നിന്നവരൊന്നുപോല്‍
പൊരുതിയെത്തവെ എന്നൊപ്പമെത്തുമോ?
അനുജനാണിവന്‍,നീകൈപിടിക്കുകില്‍
ചുവടുറപ്പിച്ചു ഞാന്‍ നടന്നെത്തിടും
കുടിലതന്ത്രങ്ങള്‍ മുള്ളുകള്‍ പാകുമീ
കഠിനയാത്രയില്‍ കൂട്ടില്ലവേറൊരാള്‍.
ചപലമാകുമെന്‍ മാനസത്തേര്‍തെളിച്ച-
രനിമിഷമെന്‍ സാരഥിയാകുമോ?
വഴിയില്‍ ഞാന്‍പകച്ചൊന്നുനിന്നീടുകില്‍
ഒരുസ്മിതത്തിനാല്‍ ഗീതചൊല്ലീടുമൊ?

പരിചയംകൊണ്ടുനീ വിരിയിക്കുമാ
പരമസത്യപ്രകാശസ്മിതത്തിനാല്‍
തഴുകിമുഗ്ദം മുകര്‍ന്നുനിന്നീടുകില്‍
കനലിനുള്ളിലും നീരൂറിനിന്നിടും!

[എന്നിലെ എന്നെക്കാട്ടിത്തന്ന നല്ലവനായ സുഹൃത്തിന്‌ സ്നേഹപൂര്‍വ്വം..]

15 comments:

ശിശു said...

കുട്ടിക്കവിതകളുടെ ഈ വസന്തകാലത്ത് ഒരു ശിശുക്കവിത..
സുഹൃത്തിനൊരു കത്ത്.

Sumesh Chandran said...

അടിപൊളി, 10001 തേങ!
എന്തിറ്റാ ഭാഷ... ഹൊ അസൂയ അസൂയ..

എന്നാലും എന്നെക്കുറിച്ച് ഇത്രെം എഴുതുമെന്ന് ഞാന്‍ കരുതിയില്ല... (ഹഹ)

സൂപ്പര്‍!

മഴത്തുള്ളി said...

ശിശുമാഷേ,

“അനുജനാണിവന്‍,നീകൈപിടിക്കുകില്‍
ചുവടുറപ്പിച്ചു ഞാന്‍ നടന്നെത്തിടും
കുടിലതന്ത്രങ്ങള്‍ മുള്ളുകള്‍ പാകുമീ
കഠിനയാത്രയില്‍ കൂട്ടില്ലവേറൊരാള്‍.“

വളരെ ഹൃദയസ്പര്‍ശിയായിരിക്കുന്നു ഇതിലെ വരികളെല്ലാം. താങ്കളുടെ മനസ്സ് ഇവിടെ തുറന്നുകാണിച്ചിരിക്കുന്നു. ഇനിയുമെഴുതൂ ഇത്തരം കവിതകള്‍. :)

കൃഷ്‌ | krish said...

വളരെ അര്‍ത്ഥവത്തായ വരികള്‍. നന്നായിട്ടുണ്ട്. (ചില ഹൃദയവേദനകള്‍ നിഴലിക്കുന്നണ്ട് വരികളില്‍. )

അപ്പു said...

ശിശുമാഷേ,
താങ്കളുടെ കവിതകള്‍ക്കുള്ള പ്രത്യേകത അതില്‍ ഒളിച്ചിവച്ചിരിക്കുന്ന ബിംബങ്ങളോ, ദുര്‍ഗ്രാഹ്യമായ അര്‍ത്ഥതലങ്ങളോ അതിലൊരിടത്തും ഇല്ല എന്നതു തന്നെയാണ്. അഭിനന്ദനങ്ങള്‍!

സ്വന്തമായൊരു ഈണത്തിലായിരിക്കുമല്ലോ ഇതെഴുതിയിരിക്കുന്നത്. അപ്പോള്‍ അതങ്ങ് പാടി ഇട്ടിരുന്നെങ്കില്‍ ........... കേള്‍ക്കാമായിരുന്നു.

ഹരിശ്രീ said...

അനുജനാണിവന്‍,നീകൈപിടിക്കുകില്‍
ചുവടുറപ്പിച്ചു ഞാന്‍ നടന്നെത്തിടും
കുടിലതന്ത്രങ്ങള്‍ മുള്ളുകള്‍ പാകുമീ
കഠിനയാത്രയില്‍ കൂട്ടില്ലവേറൊരാള്‍.
ചപലമാകുമെന്‍ മാനസത്തേര്‍തെളിച്ച-
രനിമിഷമെന്‍ സാരഥിയാകുമോ?
വഴിയില്‍ ഞാന്‍പകച്ചൊന്നുനിന്നീടുകില്‍
ഒരുസ്മിതത്തിനാല്‍ ഗീതചൊല്ലീടുമൊ?

Mashe, nalla varikal,

aashamsakal..

ശ്രീ said...

നല്ല വരികള്‍‌ ശിശുവേട്ടാ...

:)

വാല്‍മീകി said...

നല്ല വരികള്‍. ഒരുപാടു ഇഷ്ടമായി.

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

അപാരം...:)

വേണു venu said...

ശിശുവേ....ഈ നല്ല വരികളുതിര്‍ന്നു വീഴുവാന്‍ കാരണക്കാരനായ ആ സുഹൃത്തിനു് എന്‍റെ അനുമോദനങ്ങള്‍‍ നല്‍കുന്നു.:)
ഓ.ടോ.
താള നിബദ്ധം, ലയ സമ്മിശ്രം.ശബ്ദം നല്‍കൂ.കേള്‍ക്കാനിമ്പമുള്ളതാണു്.!

KUTTAN GOPURATHINKAL said...

പ്രിയ സുരേഷ്‌, ശ്വാസമടക്കിപ്പിടിച്ചാണ്‌ ഞാതു വായിച്ചുതീര്‍ത്തത്‌.
ഈശ്വരാ, ചിലര്‍ക്കു മാത്രം എഴുതാനുള്ള സിദ്ധി നീകൊടുത്തു. പേനത്തുമ്പില്‍ അക്ഷരങ്ങള്‍ എത്ര അനായാസമായാണു ഒഴുകിയെത്തുന്നത്‌. അസൂയയും, ആദരവും തോന്നി. അഭിനന്ദനങ്ങള്‍. ഈ സൃഷ്ടിയെ വിലയിരുത്താന്‍ ഞാനാര്‌. നേരുന്നു, എല്ലാ ഭാവുകങ്ങളും

ശിശു said...

കുറിപ്പുകളിലെത്തിയവര്‍ക്കും, കവിത നല്ലതെന്നു പറഞ്ഞ എല്ലാവര്‍ക്കും നന്ദി.

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

നല്ല വരികള്‍. Thanks & congrats

Maheshcheruthana/മഹി said...

ശിശുമാഷേ,
കവിത ഇഷ്ടമായി!ആശംസകള്‍!

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

എവിടെ പോയി? കാണുന്നില്ലല്ലൊ കുറേ നാളായി