Thursday, October 23, 2008

ചന്ദ്രയാൻ!പാലുപോലെയൊഴുകിപ്പരക്കുമീ
തൂവെളിച്ചവുമായി വന്നെത്തിടും
ശാരദേന്ദു, നിന്മാറില്‍ മയങ്ങുവാന്‍
കോടിദൂരങ്ങള്‍ താണ്ടി ഞാനെത്തിടും!


മുത്തശ്ശിക്കഥയായി നീ ബാല്യത്തി-
ലെത്തിയെന്നുടെ ചിത്തം നിറച്ചതും
ഇങ്കുചോദിച്ചന്നു വാവിട്ടുകേഴുകില്‍
"അമ്പിളിക്കിണ്ണം ഉണ്ണിക്കെ"ന്നമ്മയും
യെത്രവശ്യം പ്രശോഭിതം നിന്നുടെ
മുഗ്ദഹാസത്തിലാരും മയങ്ങിടും!
പൂനിലാവ്‌ പൊഴിച്ചുനീ നില്‍ക്കുകില്‍
ഭൂമിയെത്ര നിസ്സാരമെന്നോര്‍ത്തിടും!!

അന്നു ചങ്കില്‍ക്കുറിച്ചിട്ടു വാക്കുകള്‍
"ചാന്ദ്രശോഭതന്‍ ചാരെവന്നെത്തിടും"
പേര്‍ത്തുമാശ്വസിപ്പിച്ചാലടങ്ങില്ല
മൂര്‍ത്തമാമൊരു ചോദനയെന്നുമേ.
കാത്തിരുന്നു ഞാനേറ്റം വിവശനായ്‌
നേര്‍ത്തതില്ലൊട്ടു കൂടിയെന്മോഹങ്ങള്‍
പാട്ടുപാടിയും വര്‍ണ്ണിച്ചുമിത്ര നാളാശ
തീര്‍ക്കാന്‍ ശ്രമിച്ചതുമായ്‌ വൃഥാ!

ഇന്നു ഞാനത്ര നിസ്സാരനല്ല, യെന്‍
ചിന്തകള്‍ക്കൊത്തതെന്തും നടത്തിടും
ഒന്നുരണ്ടു നിമിഷങ്ങള്‍കൊണ്ടെനി-
ക്കിന്നു നിന്നടുത്തെത്തുവാനായിടും
കോടിവര്‍ഷങ്ങള്‍കൊണ്ടുനീ കാട്ടാതെ
മൂടിവച്ചൊരു സത്യങ്ങളൊക്കെയും
നേടി, മര്‍ത്യന്റെ വെന്നിക്കൊടിക്കൂറ
കോടിവട്ടം പറത്തുവാനായിടും!!.

തോന്നിടല്ലേ അഹങ്കാര വാക്കുപോല്‍
മാപ്പുനല്‍കിയനുഗ്രഹിച്ചീടണെ!
കാത്തിരുന്നോരു കുഞ്ഞുവരുന്നേരം
ചേര്‍ത്തു മൂര്‍ദ്ധാവില്‍ചുംബിച്ചിടുംവിധം

കാതമിത്രയും താണ്ടി ഞാനെത്തവെ
ദാഹനീരിറ്റു നല്‍കുവാനാകുമോ?
കാലമിത്രയും നെഞ്ചില്‍ചുമന്നതാം
മാതൃവാല്‍സല്യ തേനില്‍നിന്നിത്തിരി?

അത്തെളിനീരൊരിത്തിരി കിട്ടുകില്‍
വിട്ടുപോകില്ലനിന്നെ ഞാനേകയായ്‌
മണ്ണിതില്‍നിന്നു കൊണ്ടു ഞാന്‍നട്ടിടും
ജീവിതത്തിന്റെ ചെമ്പനീര്‍പ്പൂവുകള്‍!!

15 comments:

ശിശു said...

അമ്പിളിമാമന്‍..എന്നും മനുഷ്യനെ മയക്കിയ ഒരു മിഥ്യ.. ഇന്നതിന്നടുത്തേക്ക് നാം യാത്രതിരിച്ചിരിക്കുന്നൂ. എന്തൊക്കെയോ കണ്ടുപിടിക്കാന്‍!. ജലമോ അതിന്റെ കണികയോ ഉണ്ടെന്നറിഞ്ഞാല്‍ എന്താകും പിന്നീടുള്ള അവസ്ഥ? എന്നിലെ കവി ചിന്തിച്ചതങ്ങനെ.. ചന്ദ്രയാന്‍-1, അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ നല്ല മനസ്സുകളുക്കും എന്റെ സല്യൂട്ട്.. ദൌത്യം വിജയകരമാകട്ടെ!

krish | കൃഷ് said...

“കാതമിത്രയും താണ്ടി ഞാനെത്തവെ
ദാഹനീരിറ്റു നല്‍കുവാനാകുമോ?
കാലമിത്രയും നെഞ്ചില്‍ചുമന്നതാം
മാതൃവാല്‍സല്യ തേനില്‍നിന്നിത്തിരി?“

കവിഭാവന അതിമനോഹരം.

നന്നായിരിക്കുന്നു ഈ കവിത.

ബഹുവ്രീഹി said...

Very Nice!!

ചന്ദ്രകാന്തം said...

മനോഹരം..
"യാമിനീദേവിയെ ചന്ദനം ചാര്‍ത്തിച്ച പൂര്‍ണ്ണേന്ദു"വിന്റെ സുഖശീതളിമ നിറഞ്ഞുനില്‍ക്കുന്നു ഈ വരികളില്‍.

nardnahc hsemus said...

കവിതൈ സൂപ്പര്‍!,

കോടിവര്‍ഷങ്ങള്‍കൊണ്ടുനീ കാട്ടാതെ
മൂടിവച്ചൊരു സത്യങ്ങളൊക്കെയും
നേടി, മര്‍ത്യന്റെ വെന്നിക്കൊടിക്കൂറ
കോടിവട്ടം പറത്തുവാനായിടും!!.

അങനെ ആവാതിരിയ്ക്കട്ടെ!!!

(എന്തിനാ വെറുതെ ഒരു ഗ്രഹം കൂടി നശിപ്പിയ്ക്കുന്നത്)

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

നന്നയി! വരിയും ഭാവവും.
തൊട്ട് മുകളിലെ അഭിപ്രായത്തിലൊരു ചിന്ത്... ഗ്രഹോ??? എപ്പൊആക്കി ???

nardnahc hsemus said...

മിസ്റ്റര്‍ കു. ക. ഒ. കു. കെ,
താങ്ക് യൂ...
ഉപഗ്രഹം എന്ന് ചേര്‍ത്ത് വായിയ്ക്കാനപേക്ഷ

സാജന്‍| SAJAN said...

സത്യായിട്ടും അടുത്ത ശാസ്ത്ര പോസ്റ്റാണെന്നാ കരുതിയത്!
ഇതിപ്പോ നന്നായി ശിശു, സൂപ്പെര്‍ബ്!

KUTTAN GOPURATHINKAL said...

സുരേഷ്,
അസൂയതോന്നിപ്പിയ്ക്കുംവിധം ഹൃദയഹാരിയായ രചന.
അതീവസുന്ദരമായ ചെറുവാക്കുകളുടെ ലാസ്യമാര്‍ന്ന പദചലനം..
മനോഹരമെന്നൊക്കെപ്പറഞ്ഞാല്‍‌പോര..
അഭിനന്ദനങ്ങള്‍..

വേണു venu said...

പാലുപോലെയൊഴുകിപ്പരക്കുമീ
തൂവെളിച്ചവുമായി വന്നെത്തിടും
ശാരദേന്ദു, നിന്മാറില്‍ മയങ്ങുവാന്‍
കോടിദൂരങ്ങള്‍ താണ്ടി ഞാനെത്തിടും!
:)

മാണിക്യം said...

"ചാന്ദ്രശോഭതന്‍ ചാരെവന്നെത്തിടും"
മണ്ണിതില്‍നിന്നു കൊണ്ടു ഞാന്‍നട്ടിടും
ജീവിതത്തിന്റെ ചെമ്പനീര്‍പ്പൂവുകള്‍!!
ഞാനിന്നു ചങ്കില്‍ക്കുറിച്ചിട്ടീവാക്കുകള്‍
ശിശു ആയിട്ട് വാക്കുകള്‍ക്ക് ഇത്ര ശക്തി ..
അപ്പോ വളര്‍ന്നാലോ! :) ഒത്തിരി ഇഷ്ടായി..

കുമാരന്‍ said...

കാലിക പ്രസക്തിയുള്ള വിഷയം തിരഞ്ഞെടുത്തതില്‍ അഭിനന്ദങ്ങള്‍. കവിത വളരെ നന്നായി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വളരെക്കാലം കൂടിയാണെങ്കിലും ഒരു കവിത കാണുവാനൊത്തല്ലൊ. സന്തോഷം.
നല്ല ഭാവന അഭിനന്ദനങ്ങള്‍

മഴത്തുള്ളി said...

“കാതമിത്രയും താണ്ടി ഞാനെത്തവെ
ദാഹനീരിറ്റു നല്‍കുവാനാകുമോ?
കാലമിത്രയും നെഞ്ചില്‍ചുമന്നതാം
മാതൃവാല്‍സല്യ തേനില്‍നിന്നിത്തിരി?“

മനോഹരം എന്നു പറഞ്ഞാല്‍ കുറഞ്ഞുപോകും. അതിമനോഹരം. ശിശു ഒരു സകലകലാവല്ലഭന്‍ തന്നെ. അഭിനന്ദനങ്ങള്‍ മാഷേ.

nardnahc hsemus said...

ഹാപ്പി ശിശുദിനം!!