Saturday, November 15, 2008
അഞ്ച് കുഞ്ഞിക്കവിതകള്
പ്രവാസി.
മനസ്സുകൂടെയില്ലാത്തൊരു ദേഹവും
നിറയെസ്വപ്നങ്ങൾ പേറുന്ന ഭാണ്ഡവും
ചിരികുതിർത്ത് തൻ പശിയടക്കീടുമാ-
മനുജനത്രെ പ്രവാസി, നിസംശയം!!.
പൊതുപ്രവർത്തകൻ
പലനാളും വൃഥമാറ്റിവച്ചു പാരിൽ
നടമാടുന്നൊരഴുക്കതൊക്കെ മാറ്റാൻ
ഒരുനാളും മമഹൃത്തിനുള്ളിലുള്ളോ
രഴുകുന്നൊരു ചിന്ത കണ്ടതില്ല!!
അറിവ്എന്ന ഭാരം
പൊള്ളയാമകമുള്ള പുല്ലാങ്കുഴലതിൽ
നിന്നല്ലയോ വരും ഗന്ധർവ്വഗീതികൾ!!
വിജ്ഞാനഭണ്ഡാരമുള്ളിൽ നിറച്ചോരു
വിത്തനിൽനിന്നും വരില്ല പാൽപുഞ്ചിരി!
നിസ്സാരനായ മനുഷ്യൻ!
പലനാരുകൾ ചേർത്തുവച്ചു ചേലിൽ
ചിതമാർന്നൊരു കൂടൊരുക്കിടും കുരുവീ
തവ ഗേഹമതിന്റെ മുന്നിൽ നിൽക്കെ
ചെറുതാകുന്നു ഞാൻപഠിച്ചതെല്ലാം!.
മന:ശാന്തി
പലകോടിസൂക്തങ്ങളുരുവിടും മർത്യന്നു
മന:ശാന്തി തെല്ലും വരാത്തതെന്തേ?
ക്ഷണനേരമുള്ളിൽ മറഞ്ഞിരിക്കുന്ന തൻ
പ്രതിരൂപമവനൊട്ടു കാണായ്കിലോ??
Subscribe to:
Post Comments (Atom)
5 comments:
അഞ്ച് കുഞ്ഞിക്കവിതകള്..
ഈ കുഞ്ഞിക്കവിതകള് വളരെ ഇഷ്ടപ്പെട്ടു.
അര്‍ത്ഥസമ്പുഷ്ടമായ വരികള്‍.
അഞ്ച് കുഞ്ഞിക്കവിതകളിലെ അഞ്ചാമനെനിയ്ക്ക് രസിച്ചു!!
:)
കുഞ്ഞിക്കവിതകള് കൊള്ളാം
എല്ലാം കൊള്ളാം...
Post a Comment