ആവനാഴിയില്‍ ഊഴം കാത്തിരിക്കുന്ന
അമ്പുകളെപ്പോലെയാണ് വാക്കുകള്‍
സഞ്ചരിക്കുന്ന വേഗതയില്‍
അമ്പിനോളവും
കൊള്ളുന്ന ലക്ഷ്യത്തിലും
നശീകരണ ക്ഷമതയിലും
അമ്പിനേക്കാളും
കൃത്യത വാക്കുകള്‍ക്കുണ്ട്.
പ്രയോജനപരതയുടെ
വര്‍ത്തമാന കാലത്തില്‍
വാക്കുകള്‍ക്കുള്ളത്ര സാധ്യത
അമ്പുകള്‍ക്കില്ല.
വാക്കുകളെ
ഊന്നുവടികളാക്കാം
നേര്‍വഴി തെളിക്കാന്‍
ചെറുനാളമാക്കാം
സുഗന്ധം പരത്താന്‍
പുകയ്കാനെടുക്കാം
നീറി നീറിയെരിയുന്ന
കനല്‍ക്കട്ടയാക്കാം
മുറിവിന്റെ പുറം കാഴ്ചകളവശേഷിപ്പിക്കാതെ
ശത്രുവിനെ (മിത്രത്തെയും)
എയ്തു വീഴ്‌ത്താം.
നിര്‍ത്താതെ പൊരുതേണ്ടപ്പോള്‍
ലഭ്യതയുടെ ഒഴിയാത്ത
അക്ഷയപാത്രമാക്കാം.
വാക്കുകള്‍
ചിലവേതുമില്ലാത്ത
ആയുധങ്ങളാകുന്നു.
Wednesday, November 22, 2006
Subscribe to:
Post Comments (Atom)
15 comments:
വാക്കുകളെപ്പറ്റി ഒരു ചെറു കവിത
“നിര്‍ത്താതെ പൊരുതേണ്ടപ്പോള്‍
ലഭ്യതയുടെ ഒഴിയാത്ത
അക്ഷയപാത്രമാക്കാം.“
അതെ വാക്കുകള്‍ അക്ഷയം തന്നെ.
-സുല്‍
കൈവിട്ട അമ്പും വായ്‌വിട്ട വാക്കും തിരിച്ചെടുക്കാനാവില്ലെന്ന ചൊല്ല് എത്ര പരമാര്‍ത്ഥം. നല്ല വാക്കുകള്‍ ഹൃദയങ്ങളെ അടുപ്പിക്കുമ്പോള്‍ ചീത്ത വാക്കുകള്‍ ഹൃദയങ്ങളെ അകറ്റുന്നു. അതുകൊണ്ട് നല്ലതു മൊഴിയാം.. എപ്പോഴും.
കൃഷ് | krish
കവിത വായിച്ചിട്ട് കുറേനേരമായി. കമന്റാന്‍ പറ്റിയ ഒരമ്പ് തെരയുകയായിരുന്നു ഇതുവരെ. എന്റെ ശുഷ്കമായ ആവനാഴിയില്‍ നിന്ന്.....
നല്ല നിരീക്ഷണങ്ങള്‍. നല്ല കവിത. ആശംസകള്‍.
മറ്റുള്ളവരെ നോവിക്കുമെന്നു തോന്നുന്ന വാക്കുകളാണെങ്കില്‍ ഒരിക്കലും അത് തൊടുത്തുവിടാതിരിക്കാന്‍ മര്‍ത്യന്‍ ശ്രമിച്ചിരുന്നെങ്കില്‍..
‘ദൈവത്തിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ നീ നല്ലത് പറയുക;അല്ലെങ്കില്‍ മിണ്ടാതിരിക്കുക’ എന്ന പ്രവാചകവചനത്തെ ഓര്‍മിപ്പിച്ചു ഈ കവിത
വാക്കുകള്‍ ആയുധമാണ്.
മുറിവേല്‍ക്കാതിരിക്കാന്‍ തടയാനും,
മുറിവേല്‍പ്പിക്കാനും, ഒരുപോലെയുള്ള ആയുധം.
ശിശൂ :) വാക്കുകള്‍ നിധികളുമാണ്. കാത്ത് സൂക്ഷിച്ച് വെക്കേണ്ടവ.
വാക്കുകള്‍ക്ക് മര്‍മ്മം പിളര്‍ക്കാനുള്ള ശക്തിയുണ്ട്. വാക്കുകള്‍ക്ക് ഹൃദയതകര്‍ക്കാന്നുള്ള ശേഷിയുണ്ട്.
വാക്കുകള്‍ക്ക് മനസ്സിനെ സ്വാധീനിക്കാനുള്ള കരുത്തുണ്ട്..... അങ്ങനെയങ്ങനെ പറഞ്ഞ് തീര്‍ക്കാനാവാത്ത ഒത്തിരി വിശേഷണങ്ങളുമായി വാക്ക് ജനിക്കുന്നത്...
ശിശുവിന്റെ ചിന്ത അസ്സലായിരിക്കുന്നു.
"വാക്കുകള്‍ ചിലവേതുമില്ലാത്ത ആയുധങ്ങളാകുന്നു"..
സുല്‍:) വാക്കുകള്‍ അക്ഷയപാത്രങ്ങള്‍ തന്നെ, തുടച്ചു മിനുക്കിയെടുത്ത വാക്കുകള്‍.
കൃഷ്:) തീര്‍ച്ചയായും, എപ്പോഴും.
തനിമ:) തിരഞ്ഞുകൊണ്ടിരുന്ന അമ്പ് ഒളിയമ്പല്ലല്ലോ ഇല്ലെ?
മിന്നാമിനുങ്ങ്:) യോജിക്കുന്നു. ആശിക്കാം, നമുക്ക്
സു:) തീര്‍ച്ചയായും, ചിലവേതുമില്ലാത്ത ആയുധങ്ങളാണ് വാക്കുകള്‍, മുറിവേല്‍പ്പിക്കാനും മുറിവേല്‍കാതിരിക്കാനും ഉള്ള ആയുധങ്ങള്‍, അതുകൊണ്ടുതന്നെ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യേണ്ടവയും.
ഇത്തിരിവെട്ടം:) ശരിയാണ്, വാക്കുകള്‍ക്ക് അപാരമായ കഴിവുകളുണ്ട്, സൃഷ്ടിക്കും സംഹാരത്തിനും ഉതകുന്നവ
കമന്റിയവര്‍ക്കും കമന്റാതെ വായിച്ചവര്‍ക്കും ഒരുപാടൊരുപാട് നന്ദി.
പുകഞ്ഞ് പുകഞ്ഞ് സുഗന്ധമാകുവാനുള്ള വാക്കിന്റെ സാധ്യതയെക്കുറിച്ചെഴുതിയത് ഇഷ്ടമായി..വാക്കുകള്‍ പുകയുന്നുവെങ്കില്‍ അതിനുള്ള ഊര്‍ജ്ജത്തിനുവേണ്ടി എരിയുന്നത് എന്താവാം? ഭാഷ? ജീവിതം? ഇനി കവിത തന്നെയോ?
ലാപുട:) ആദ്യമായ് കുറിപ്പുകളില്‍ എത്തിയതിന് നന്ദി. പിന്നെ എഴുത്തിലെ ശിശുവിന്റെ കവിതക്ക് അടയാളം വെച്ചതിന്.
വാക്കുകള്‍ പുകഞ്ഞ് പുകഞ്ഞ് സുഗന്ധം തരും, പക്ഷെ അതിനൂര്‍ജ്ജം തരുന്നത് തീര്‍ച്ചയായും ജീവിതം തന്നെയായിരിക്കുമെന്നാണ് ശിശുവിന്റെ അഭിപ്രായം. പ്രസാദാത്മകമായ ഒരു ജീവിതത്തെ നിലവിളക്കായി ഉപമിച്ചാല്‍ അതിനെ എരിയാന്‍ സഹായിക്കുന്ന ഇന്ധനമായ എണ്ണയാണ് വാക്കുകള്‍. എണ്ണയില്‍ മായം ചേര്‍ന്നാല്‍ ഇടയ്ക്ക് ചില പൊട്ടിത്തെറികള്‍ കേള്‍ക്കാറില്ലെ, അതുതന്നെ നല്ല ഭാഷയുടെ ആവശ്യകത. തിരി അറിവാണ്, അതിന്റെ കനം കൂടിയാലും കുറഞ്ഞാലും പ്രകാശം ഉണ്ടാകുകതന്നെ ചെയ്യും.
പിന്മൊഴികള്‍:) നന്ദി ആദ്യമായ് കുറിപ്പുകളിലെത്തിയതിനും കവിത നല്ലതെന്ന് അഭിപ്രായം അറിയിച്ചതിനും.
ശിശൂ, വാക്കുകളെപ്പറ്റി പറഞ് പറഞ് തോറ്റു! വാക്കുകള്‍ വെറും പ്രതീകങള്‍ മാത്രം. അല്ലെങ്കില്‍ അമ്പുകള്‍. പക്ഷെ അതിന്റെ പിന്നിലെ ജീവിതം തന്നെ പ്രധാനം. ജീവിതം പ്രധാനമായാല്‍, പ്രതീകവല്‍ക്കരിക്കാന്‍ വാക്കുകള്‍ തന്നെ വേണമെന്നുണ്ടോ? അതിനാല്‍ വാക്കുകള്‍ മാത്രമല്ല, വാക്കുകളെപോലെയുള്ള കര്‍മ്മങ്ങള്‍ കൂടെ ഒരേ പ്രാധാന്യം അര്‍ഹിക്കുന്നില്ലേ? കര്‍മ്മത്തില്‍നിന്നുണ്ടാകുന്ന സൃഷ്ടികള്‍ ആണ് വാക്കുകള്‍. വികാരത്തെ പ്രതീകവല്‍ക്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ ആണ് വാക്കുകള്‍ ഉണ്ടാകുന്നത്. വികാരവും അതിന് കാരണവും ആണ് പ്രധാനം.(ഇപ്പോഴും ഉദ്ദേശിച്ചത് പറയാന്‍ പറ്റ്യോന്നൊരു ശങ്കയുണ്ടേ.)-സു-
സുനില്‍:) വേറിട്ടൊരു കാഴ്ചപ്പാടിന് നന്ദി. ശിശുവിന്റെ നേരത്തെയുള്ള കമന്റ് ശ്രദ്ദിക്കുമല്ലോ?
ജീവിതം തന്നെയാണ് പ്രധാനം. വാക്കുകള്‍ ജീവിതത്തിന്റെ പ്രതീകം മാത്രമാണ്, സമ്മതിച്ചു. (നേരത്തെ തന്നെ!) പക്ഷെ ജീവിതത്തിന്റെ പ്രതിരോധശക്തിമുഴുവന്‍ തകര്‍ക്കുന്ന ഒരു HIV വൈറസ് പോലെയല്ലെ മോശം വാക്കുകള്‍? ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നതും അല്ലാതാക്കുന്നതും വാക്കുകളല്ലേ? മറ്റുള്ള കര്‍മ്മങ്ങള്‍ക്ക് ഇത്തരുണത്തില്‍ വാക്കുകളോളം തുല്യ പ്രാധാന്യമുണ്ടോ? ജീവിതത്തിലെ മറ്റുള്ളയെല്ലാകര്‍മ്മങ്ങളുടേയും അടിസ്ഥാനം ചിന്തകളാണല്ലോ,ചിന്തകളുടെ അടിസ്ഥാനമെന്താണ്, വാക്കുകളല്ലേ?നല്ല വാക്കുകളില്ലെങ്കില്‍ എവിടെ നല്ല ചിന്തകള്‍? എവിടെ നല്ല പ്രവൃത്തികള്‍?
വാക്കുകളെപ്പറ്റി പറഞ്ഞാലും പറഞ്ഞലും മടുക്കുമോ? എന്തോ ശിശുവിനറിയില്ല.
നന്ദി.
“വാക്കെന്നൊടുക്കത്തെ ആയുധം,
വാക്കിന് കുഴല് നിന്റെ നേര്ക്കു നീട്ടുന്നു ഞാന്‍...”
ആരെഴുതിയത് എന്നോര്‍മ്മയില്ല.
എങ്കിലും വാക്കെന്ന് കേള്‍ക്കുമ്പോള്‍ ഈ വരികളാണു മനസ്സിലെത്തുന്നത്.
കവിത നന്നായി.
*“വാക്കെന്നൊടുക്കത്തെ ആയുധം,വാക്കിന് കുഴല് നിന്റെ നേര്ക്കു നീട്ടുന്നു ഞാന്...” കുരീപ്പുഴ ശ്രീകുമാറിന്റേതാണ് ആ വരികള്‍.
ശിവപ്രസാദ്,
വളരെ നന്ദിയുണ്ട്.
കുരീപ്പുഴയുടെ വരികളാണെന്ന് ഓര്‍മ്മിപ്പിച്ചതിന്.
Post a Comment