Thursday, May 03, 2007

വെറുതെ ചില ചോദ്യങ്ങള്‍

വിരിയുന്നതെന്തിനീ പൂവുകള്‍-അവസാന,
കരുണതന്‍ കണികയും വറ്റിയെങ്കില്‍?

അടരുന്നതെന്തിനീ കായുകള്‍, മണ്ണിതി
ലൊരു ജീവമന്ത്രമില്ലെങ്കില്‍ ?

പുലരുന്നതെന്തിനീ രാവുകള്‍
ജീവിത മിരുള്‍മാത്രമായിരുന്നെങ്കില്‍?

തിള ച്ചുരുകുന്നതെന്തിനീ സൂര്യന്‍,
ജീവനണയാതെ കാക്കുവാനല്ലയെങ്കില്‍?

തഴുകുന്നതെന്തിനീ തെന്നല്‍?, ഉണങ്ങാത്ത
മുറിവൊക്കെ മാറ്റുവാനല്ലയെങ്കില്‍?

കുയില്‍ വന്നു പാടുന്നതെന്തിനായ്‌
കുഞ്ഞിന്ന് സ്വരശുദ്ധി നല്‍കുവാനല്ലയെങ്കില്‍?

മയില്‍ പീലി നീര്‍ത്തുന്നതെന്തിനായ്‌
മാനത്തു മഴവില്ലു വിരിയിക്കാനല്ലയെങ്കില്‍?

പുതു മഴപെയ്തു നിറയുന്നതെന്തിനായ്‌
ഭൂമിതന്‍ കറയൊക്കെ കഴുകുവാനല്ലയെങ്കില്‍?

പുഴ പാടിയൊഴുകുന്നതെന്തിനായ്‌-
അനര്‍ഗ്ഗളം-, സ്വയശുദ്ധി ചെയ്യുവാനല്ലയെങ്കില്‍?

കടലേറ്റുവാങ്ങുന്നതെന്തിനീ കൈവഴികള്‍
ഒരുമിച്ചു ശക്തിയായ്‌ തീര്‍ന്നീടുവാന്‍?

തിരയോടിയെത്തുന്നതെന്തിനായ്‌, തീരത്തിന്‍
ചുടു ചുംബനങ്ങളില്‍ മധുരമില്ലേല്‍?

21 comments:

ശിശു said...


വിരിയുന്നതെന്തിനീ പൂവുകള്‍-അവസാന,
കരുണതന്‍ കണികയും വറ്റിയെങ്കില്‍?

അടരുന്നതെന്തിനീ കായുകള്‍, മണ്ണിതി
ലൊരു ജീവമന്ത്രമില്ലെങ്കില്‍ ?

ഒരു കവിത പൊസ്റ്റു ചെയ്യുന്നു.

വല്യമ്മായി said...

ചെയ്യാനുള്ളത് ചെയ്യുക,ഫലത്തെ പറ്റി ആകുലനാകാതെ.
അതു കൊണ്ട് തന്നെ എല്ലാ വരികളിലേയും ഇല്ല എന്നത് ആപേക്ഷികമായി തോന്നുന്നതാകും,കവിത നന്നായി

വേണു venu said...

ശിശുവേ,
ഇതെല്ലാം വരുന്നതു് തന്നെ ശിശുവിനു് ഉത്തരവുമായിട്ടാണു്. വെറുതേ അല്ല.
എല്ലാം വെറുതേ എന്നു് കരുതുന്നവരെ ഭാഷയില്ലാ ഭാഷയില്‍‍ വ്യക്തമാക്കുകയാണു്.
ഞാന്‍‍ പറഞ്ഞതു തന്നെ അമ്മാവി ചുരുക്കി പറഞ്ഞു.:)

ശിശു said...


എല്ലാ വരികളിലേയും ഇല്ല എന്നത് ആപേക്ഷികമായി തോന്നുന്നതാകും

വല്യമ്മായി, മനസ്സിലായില്ല. ഒന്നു വിശദമാംക്കാമോ, ഒരുവരിയിലും ഇല്ല എന്ന അര്‍ത്ഥത്തില്‍ ഒരു വാക്കും ഞാന്‍ ഉപയോഗിച്ചിട്ടില്ലല്ലോ? മറിച്ച്‌ പറഞ്ഞ എല്ലാ കാര്യങ്ങളിലേയും നന്മ കാണാനാണ്‌ ശ്രമിച്ചതും.

വല്യമ്മായി said...

ചിലപ്പോള്‍ ഞാന്‍ മനസ്സിലാക്കിയത് തെറ്റിയതാകും.മാനത്ത് മഴവില്ല് വിടരുമെന്ന പ്രതീക്ഷയില്‍ മയില്‍ പീലി വിടര്‍ത്തുന്നു.പക്ഷെ ഉറപ്പില്ല മഴവില്ല് വിരിയുമോ എന്ന്.പക്ഷെ മഴവില്ല് വരില്ല എന്നു കരുതി പീലി വിടര്‍ത്താതിരിക്കരുത് അത്ര മാത്രം.
qw_er_ty

ബയാന്‍ said...

കുറെ കാലം കൂടി ഒരു നല്ല കവിത വായിച്ചു: നല്ല പോസിറ്റീവ്‌ ചിന്ത. താങ്ക്‌ യു.

Pramod.KM said...

കവിത നന്നായിരിക്കുന്നു ശിശുവേട്ടാ..;)
അഭിനന്ദനങ്ങള്‍

സാരംഗി said...

കവിത ഇഷ്ടമായി ട്ടോ ശിശൂ..വല്യമ്മായി പറഞ്ഞതിനപ്പുറം ഒന്നുമില്ല പറയാന്‍...പോസ്റ്റിന്റെ സത്ത മുഴുവനും ഉള്‍ക്കൊണ്ട കമന്റ്‌..

ശിശു said...


വല്യമ്മായി said...
ചെയ്യാനുള്ളത് ചെയ്യുക,ഫലത്തെ പറ്റി ആകുലനാകാതെ.
അതു കൊണ്ട് തന്നെ എല്ലാ വരികളിലേയും ഇല്ല എന്നത് ആപേക്ഷികമായി തോന്നുന്നതാകും,

വേണു venu said...
ശിശുവേ,
ഇതെല്ലാം വരുന്നതു് തന്നെ ശിശുവിനു് ഉത്തരവുമായിട്ടാണു്. വെറുതേ അല്ല.
എല്ലാം വെറുതേ എന്നു് കരുതുന്നവരെ ഭാഷയില്ലാ ഭാഷയില്‍‍ വ്യക്തമാക്കുകയാണു്.
ഞാന്‍‍ പറഞ്ഞതു തന്നെ അമ്മാവി ചുരുക്കി പറഞ്ഞു.:

സാരംഗി said...
കവിത ഇഷ്ടമായി ട്ടോ ശിശൂ..വല്യമ്മായി പറഞ്ഞതിനപ്പുറം ഒന്നുമില്ല പറയാന്‍...പോസ്റ്റിന്റെ സത്ത മുഴുവനും ഉള്‍ക്കൊണ്ട കമന്റ്‌

വെറുതെ ചില ചോദ്യങ്ങള്‍ എന്ന എന്റെ ഈ കുഞ്ഞിക്കവിത തെറ്റിദ്ധരിക്കപ്പെട്ടൊ എന്നൊരു ആശങ്കയുണ്ടെനിക്ക്‌. ഏതൊരു കലാസൃഷ്ടിയും സ്വയം മനസ്സിലാക്കിച്ചുകൊടുക്കേണ്ടിവരുന്നതൊരു ഗതികേടാണെന്നു ഞാന്‍ വിശ്വസിക്കുന്നു. എന്നിട്ടും ചില കാര്യങ്ങള്‍ പറയാതെ നിവൃത്തിയില്ല. അതിനു കാരണമായതു വല്യമ്മായി, വേണു, സാരംഗി എന്നിവരുടെ കമന്റുകളാണ്‌.

ഞാന്‍ പറയാന്‍ ശ്രമിച്ചതു മനുഷ്യന്റെ ചെയ്തികളിലെ നല്ലതും ചീത്തയും വേണ്ടുവോളം അറിവുള്ളപ്പോള്‍ തന്നെ അതിനു സമാന്തരമായി നടന്നുകൊണ്ടിരിക്കുന്ന പ്രകൃതിയുടെ ചലനങ്ങള്‍/ചെയ്തികള്‍, അവയില്‍ മറഞ്ഞിരിക്കുന്ന നന്മകള്‍ കാട്ടാന്‍/കാണാനായിരുന്നു.

ഒരുപൂവിരിയുന്നത്‌ ഈ ഭൂമിയില്‍ ഇനിയും കരുണയുടെ അവസാന കണികയും വറ്റിയിട്ടില്ലാത്തതിനാലാണെന്നും ഒരു കായടര്‍ന്ന് ഭൂമിയിലേക്ക്‌ വീഴുന്നത്‌ ഈ മണ്ണില്‍ അതിനെ കിളിര്‍പ്പിക്കാന്‍ കാത്തിരിക്കുന്ന ഒരു ജീവമന്ത്രം ഉള്ളതുകൊണ്ടാണെന്നും വിസ്വസിക്കാനാണെനിക്കിഷ്ടം. കുയില്‍ പാടുന്നതും മഴപെയ്യുന്നതും സൂര്യന്‍ തിളച്ചുരുകുന്നതും, എല്ലാ കൈവഴികളും ഒന്നായി കടലിലെത്തുന്നത്‌ ഒരുമയെന്ന ശക്തി സംഭരിക്കാനാണെന്നും ചിന്തിച്ച്‌ എല്ലാ പ്രക്രിയകളുടെയും നല്ല വശങ്ങള്‍ മാത്രം കാണാന്‍ ശ്രമിച്ച്‌ എഴുതിയതാണീ വരികള്‍. ഇതില്‍ അപവാദമായി മാറിയോ എന്ന സംശയ്മുള്ള വരികള്‍ 'മയില്‍ പീലി നീര്‍ത്തുന്നതെന്തിനായ്‌..' എന്നതാണ്‌. അവിടെയും ശുഭാപ്തിവിശ്വാസമാണെനിക്കുള്ളത്‌.

പക്ഷെ ഞാന്‍ ഉദ്ദേശിച്ച ആശയം എന്റെ വരികളിലൂടെ വായിച്ചവര്‍ക്ക്‌ കിട്ടിയില്ലെങ്കില്‍ അതെന്റെ കഴിവില്ലായ്മ മൂലമാകാം.

നിരാശപ്പെടുത്തിയെങ്കില്‍ ക്ഷമചോദിക്കുന്നു.

പ്രമോദ്‌, ബയാന്‍,സാരംഗി എന്നിവര്‍ കുറിപ്പുകളിലാദ്യമായി വന്നു. മൂന്നുപേര്‍ക്കും നന്ദി. സ്വാഗതം.

വായിച്ച്‌ ക്രിയാത്മകമായി പ്രതികരിച്ചവര്‍ക്കെല്ലാം വളരെ വളരെ നന്ദി.

മുല്ലപ്പൂ said...

എല്ലാത്ത്ലും നന്മകാട്ടിത്തരുന്ന ഒരു നല്ല കവിത.
കൊള്ളാം.

സു | Su said...

നല്ല വരികള്‍. ഓരോന്നും ശുഭാപ്തിവിശ്വാസത്തോടെയാണ്, ജീവിക്കുന്നത് എന്നറിയിക്കുന്ന വാക്കുകള്‍.

സാജന്‍| SAJAN said...

ശിശു ചേട്ടാ, ഇതൊന്നുമില്ലെങ്കില്‍ ജീവിതം നിരര്‍ത്ഥകമാവില്ലേ?

ശെഫി said...

നന്നായി

Areekkodan | അരീക്കോടന്‍ said...

കവിത നന്നായി

ശിശു said...

മുല്ലപ്പൂ :) നന്ദി, സന്തോഷം കവിത നന്നെന്ന് പറഞ്ഞതിന്‌. വീണ്ടുമീവഴിവരിക.
സു:) നല്ല വാക്കുകള്‍ക്ക്‌ നന്ദി. സന്തോഷം.
സാജന്‍) തീര്‍ച്ചയായും മാഷെ) സന്തോഷം കവിത വായിച്ചതിന്‌
ശെഫി) ആദ്യമായി കുറിപ്പുകളിലെത്തുകയാണല്ലെ, സ്വാഗതം. നന്ദി.
അരീക്കോടന്‍)സന്തോഷം മാഷെ. വല്ലപ്പോഴും ഈ വഴി വരിക.

[ nardnahc hsemus ] said...

very very nice poem!

ജ്യോതിര്‍മയി /ज्योतिर्मयी said...

ശിശുമാഷേ :)
വളരെ ഇഷ്ടമായി വരികള്‍. ചൊല്ലിനോക്കാന്‍ നല്ലരസം! കുറേ പ്രാവശ്യം ചൊല്ലിനോക്കി, (താങ്കളും ഇനിയും പാടിനോക്കുമല്ലോ).

ചുറ്റുപാടുമുഴുവന്‍ കുറ്റവും കുറവും കാണാന്‍ മാത്രം ശീലിച്ചുകൊണ്ടിരിക്കുന്ന മനസ്സിന് ഈ ശുഭദൃഷ്ടി അറിവിന്റെ വെളിച്ചം തരുന്നു, ഒപ്പം ജീവിതപ്രതീക്ഷകളും.

ചുറ്റും ഇരുളാണല്ലോ എന്നു തോന്നുമ്പോള്‍, പുലരിയെ ചൂണ്ടിക്കാണിച്ചു ആശ്വസിപ്പിക്കുന്ന കവിയ്ക്കു നമസ്കാരം!
ജ്യോതിര്‍മയി.

ഗുപ്തന്‍ said...

ശരിയാണ് ശിശു... ഒരു പൂവുമാത്രമെങ്കിലും ഉണ്ടെങ്കില്‍ പ്രത്യാശ ബാക്കിയുണ്ടെന്നാണര്‍ത്ഥം. കൊച്ചു രാജകുമാരന്റെ കഥയില്‍ (Antoine de Saint-Exupéry's The Little Prince) ഇതുപോലെ കുറച്ച് മനോഹരങ്ങളായ അടയാളങ്ങള്‍ ചിതറിക്കിടപ്പുണ്ട്. വെറുതെ ഓര്‍ത്തുപോയി-

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ശിശു മാഷേ മനോഹരങ്ങളായ വരികള്‍ വളരെ ഇഷ്ടപ്പെട്ടു

അശോക് said...

Nicely written.
Action and its result are interrelated, no matter one wish for it or not. To me, that relations is what is being positively depicted here.

ശിശു said...

സുമേഷ്:) നന്ദി, കവിത നല്ലതെന്നു പറഞ്ഞതിന്.

ജ്യോതിര്‍മയി:) ടീച്ചര്‍,ഈ കമന്റ് ഇന്നാണ് കാണുന്നത്, പഴയ പോസ്റ്റുകളില്‍ വരുന്ന കമന്റുകള്‍ കാണാന്‍ വൈകുന്നു, ഇന്നതിനൊരു പോവഴിയിട്ടിട്ടുണ്ട്..
ഒരുപക്ഷെ സ്വമനസ്സാലെ ടീച്ചര്‍ കുറിപ്പുകളിലെ ഒരു കവിതക്ക് കമന്റെഴുതുകയാണ്.. ആദ്യം ഈ കവിത തെറ്റിദ്ധരിക്കപ്പെട്ടൊ എന്നുഞാന്‍ സംശയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ ആശങ്കമാറിക്കിട്ടി. ഇതിലെ നന്മകാണാന്‍ കഴിഞ്ഞത് എന്നിലെ കവിയുടെ അംഗീകാരമായി കാണുന്നു. ഒരുപാട് സന്തോഷം തോന്നി താങ്കളുടെ കമന്റ്.. നന്ദി.

മനു:) അതെ മാഷെ, ഒരു പൂവിരിയുന്നതും നന്മയുടെ അവസാനകണികയും വറ്റിയിട്ടില്ലെന്നു തെളിയിക്കാനാണെന്നു വിശ്വസിച്ചാല്‍ എത്ര നല്ലത് ഇല്ലെ?
നന്ദി. വൈകിയെങ്കിലും ഈ കവിത വായിക്കാനെത്തിയതില്‍.

ഇന്ത്യാഹെറിറ്റേജ്:) നന്ദി, പണിക്കര്‍ സര്‍. സന്തോഷം

അശോക്:) നന്ദി.. മാഷെ വളരെ നല്ല വിശകലനത്തിന്. സന്തോഷം.