Monday, October 15, 2007

കൊതുകുകള്‍.


പ്രതിരോധിക്കാന്‍
കഴിവില്ലാത്തവരെ മാത്രമല്ല
പുലഭ്യം പറഞ്ഞ്‌,
കയ്യോങ്ങി ആട്ടിയോടിക്കാന്‍
കഴിവുള്ളവരെയും
പതുങ്ങിവന്ന് കുത്തും
ചെവിയിലൊരു
മുരളുന്ന മുദ്രാവാക്യം.
മയങ്ങിയില്ലെങ്കില്‍,
ഇരുട്ടിലൂടെ പതുങ്ങിവന്ന്
വിഷം മുക്കിയ സൂചികളാല്‍
പരാഗരേണുക്കള്‍
കുത്തിയിറക്കി കടന്നുപോകും.
അറിയുകയേയില്ല,
ഇന്ദ്രിയങ്ങള്‍ കണ്ണ്‍ പൂട്ടി
ഉറക്കമായിരിക്കുമപ്പോള്‍.

പിന്നെയെപ്പോഴോ
ഞരമ്പുകള്‍ പിടയും
പ്രത്യയശാസ്ത്രം ചൊറിയുന്നുവെന്ന്
ത്വക്ക്‌ മുന്നറിയിപ്പ്‌ തരും
തെളിമയുള്ള കാഴ്ചകളില്‍
പതിയെ ഇരുട്ടുവന്നുമൂടും.
തെളിമമാഞ്ഞ്‌
മലിനമാക്കപ്പെട്ട ചോരയുമായി
പിന്നെയെക്കാലവും
വിറച്ച്‌ പനിപിടിച്ച്‌
കിടക്കേണ്ടിവരും.

പലപ്പോഴും ഒന്നില്‍ക്കൂടുതല്‍
പേരുണ്ടാകും
വെറുതേ നിന്നുകൊടുക്കാനേ
കഴിയുകയുള്ളൂ
ദയനീയമായി കേണുനോക്കിയാലും
ഫലിക്കില്ല,
മതിയാകുവോളം ഊറ്റിക്കുടിച്ചേ
മടങ്ങുകയുള്ളൂ,
അപൂര്‍വ്വമായി കുടിച്ചു
വീര്‍ത്ത്‌ വഴിമറന്ന്
മയങ്ങിയിരിക്കുമ്പോള്‍
കണ്ണില്‍പ്പെട്ടിട്ടുണ്ട്‌.
പകല്‍വെളിച്ചത്തില്‍
പിടിക്കപ്പെട്ടവന്റെ ജാള്യതയോടെ
മുഖംമൂടിയണിയാന്‍
ശ്രമിക്കുന്നതിന്നിടയില്‍
വേണമെങ്കില്‍ ഞെരിച്ചുകൊല്ലാം
കരഞ്ഞുകാലുപിടിക്കുമപ്പോള്‍
പരിഹാസപ്പാട്ടും തോറ്റകളും
എവിടെപ്പോയെന്ന്
അതിശയിച്ചുപോകും
കരഞ്ഞുകൈകൂപ്പുന്നവരെ
കൊല്ലരുതെന്ന പാഴ്‌
വേദാന്തം ഒഴുകിവരുമപ്പോഴും!

ഉദരം പിളര്‍ന്ന് നോക്കിയാല്‍
ചോരയുടെ നിറമുള്ള
തെളിഞ്ഞ സ്വപ്നങ്ങള്‍
ഒരിക്കല്‍ക്കൂടി പിടയുന്നത്‌
കാണാന്‍ കഴിയും,അന്നേരവും!

17 comments:

ശിശു said...

വളരെ നാളുകള്‍ക്ക്‌ ശേഷം കുറിപ്പുകളില്‍ ഒരു കവിത. എന്തെങ്കിലും കുത്തിക്കുറിക്കാന്‍ എന്നും സ്നേഹപൂര്‍വ്വം ഓര്‍മ്മിപ്പിക്കുന്ന സുമേഷ്‌ ചന്ദ്രന്‍ എന്ന സുഹൃത്തിന്‌ സ്നേഹത്തോടെ സമര്‍പ്പിച്ചുകൊള്ളുന്നു.

krish | കൃഷ് said...

കൊതുകുകടി കൊണ്ട് മനുഷ്യന്‍ പനിപിടിച്ച് തുള്ളിവിറയ്ക്കുമെന്ന് കേട്ടിട്ടുണ്ട്. കൊതുകുകടിയേറ്റ് കവിതയുമാകുമോ.. രാത്രി നല്ല ഉറക്കം കിട്ടിയില്ലെന്നു തോന്നുന്നു. കടിച്ച കൊതുകിനെ ഞെരിച്ചുകളഞ്ഞിട്ടും ദേഷ്യം മാറിയില്ലാല്ലേ.
കൊതുകു വിരോധ കവിത നന്നായിട്ടുണ്ട്.

(ഓ.ടോ: കൊതുകു തിരി കത്തിക്കുക, കൊതുകുവല ഉപയോഗിക്കുക, അല്ലെങ്കില്‍ ഗുഡ്‌നൈറ്റ് )

ശ്രീ said...

ശിശുവേട്ടാ...
ഇഷ്ടമായി.
“ഉദരം പിളര്‍ന്ന് നോക്കിയാല്‍
ചോരയുടെ നിറമുള്ള
തെളിഞ്ഞ സ്വപ്നങ്ങള്‍
ഒരിക്കല്‍ക്കൂടി പിടയുന്നത്‌
കാണാന്‍ കഴിയും,അന്നേരവും!”

:)

കാളിയമ്പി said...

ആ പ്രത്യയശാസ്ത്രത്തിന്റെ ചൊറി....വടുക്കളിനിയും മാഞ്ഞിട്ടില്ല.
അത്യുഗ്രന്‍ തന്നെ..

കുറച്ച്കൂടി എഡിറ്റ് ചെയ്യാമയിരുന്നോ എന്നു തോന്നിപ്പോകുന്നു..എങ്കില്‍ എണ്ണം പറഞ്ഞ കവിതകളിലൊന്നാവും ഇത്..

ക്രിസ്‌വിന്‍ said...

ഉദരം പിളര്‍ന്ന് നോക്കിയാല്‍
ചോരയുടെ നിറമുള്ള
തെളിഞ്ഞ സ്വപ്നങ്ങള്‍
ഒരിക്കല്‍ക്കൂടി പിടയുന്നത്‌
കാണാന്‍ കഴിയും,അന്നേരവും!


കലക്കി

ഗിരീഷ്‌ എ എസ്‌ said...

ഇഷ്ടമായി
അഭിനന്ദനങ്ങള്‍

സഹയാത്രികന്‍ said...

മാഷേ ... നന്നായിരിക്കുന്നു...

:)

വേണു venu said...

കൊതുമയം തന്നെ ലോകം.
ശിശുവേ,
രക്തവും രക്ത സാക്ഷീകളുമൊക്കെ മാറി.
മറിമായങ്ങളുടെ ഈ ലോകത്തു്.:)

വല്യമ്മായി said...

പഴയ കവിതകളില്‍ നിന്നും ശൈലിയിലും ആശയത്തിലും വ്യത്യാസമുള്ളൊരു കവിത

sandoz said...

ശിശൂ...കൈകൂപ്പലൊന്നും കണക്കാക്കരുത്‌...കൊല്ലേണ്ടതിനെ കൊല്ലണം....
കുറേയൊക്കെ ചത്തും കൊന്നും തിന്നും തീരട്ടെ...
മനുഷ്യനു മനസ്സമാധാനം കിട്ടുമോന്നു നോക്കാല്ലോ....ഇതൊക്കെ ഒതുങ്ങിയാല്‍...
കവിതയെക്കുറിച്ച്‌ കൂടുതലൊന്നും പറയാന്‍ ഞാന്‍ ആളല്ലാ...
എന്നാലും എന്തൊക്കെയോ..എവിടെയെക്കെയോ....

മുക്കുവന്‍ said...

kollu kolloooo.. athalley ippol nattu nadappu

ശിശു said...

കവിത വായിച്ച
ക്രിഷ്,
ശ്രീ,
അംബി,
ക്രിസ്‌വിന്‍,
ദ്രൌപതി,
സഹയാത്രികന്‍,
വേണു,
വല്യമ്മായി,
സാന്റോസ്,
മുക്കുവന്‍ എന്നിവര്‍ക്ക് വളരെ വളരെ നന്ദി.
കമന്റാതെ വായിച്ചവര്‍ക്കും നന്ദി.

[ nardnahc hsemus ] said...

എന്റമ്മേ... ഇങനൊരു സംഭവം നടന്നത് ആരറിഞു? നാലഞ്ചുദിവസം ഇവിടില്ലായിരുന്നു എന്നുവച്ച്,എടാ ശിശുവേ, പണി പറ്റിച്ചല്ലോ...

ജനിച്ചവയുടെ ധര്‍മ്മമാണ് വയര്‍നിറയ്ക്കുക എന്നത്..
മാരകരോഗം പരത്തുന്ന കാര്യത്തില്‍ ഇവറ്റകള്‍ മനുഷ്യനോളം മാരകരോഗം പരത്തുന്നില്ലല്ലോ!

ദിലീപ് വിശ്വനാഥ് said...

കൊതുകു ഒരു വലിയ പ്രശ്നമായല്ലൊ. വരികള്‍ നന്നായിട്ടുണ്ട്.

തീക്കൊള്ളി said...

ശിശു, അസ്സലായിട്ടുണ്ട്!
പ്രത്യയശാസ്ത്രങളുടെ ആ കടിയ്ക്കും അവയുടെ ചൊറിച്ചില്‍തന്ന വീണ്ടുവിചാരങള്‍ക്കും നന്ദി !

ഇങനൊരു കൊതുകുകടി എനിയ്ക്കു പണ്ടുകിട്ടിയിട്ടുണ്ട്. കലാലയജീവിതത്തിനിടയില്‍. രണ്ടുമൂന്നുവര്‍ഷം വിറച്ച് പനിപിടിച്ച് തന്നെ കിടന്നു. ഇടയില്‍, കൊല്ലരുതെന്നുതന്നെ പറയേണ്ടിയും വന്നിരുന്നു.പാഴ്വേദാന്തംകൊണ്ടല്ല, പൂര്‍വ്വികരുടെ സുകൃതഗുണം കൊണ്ടായിരിയ്ക്കാം, ദാ ഇന്ന് ഇവിടെ, ചോരപുരണ്ട് പിടയുന്ന സ്വപ്നങളെ വകഞുനിര്‍ത്തി, കമന്റിടുന്നു, പനിയും ചൊറിയുമില്ലാതെ...!

അപ്പു ആദ്യാക്ഷരി said...

മാഷേ നല്ല കവിത.

വാളൂരാന്‍ said...

വരികള്‍ നന്ന്‌...