Friday, November 24, 2006

ഒഴുകുന്ന പുഴ

പുഴ ഒഴുകിക്കൊണ്ടേയിരിക്കുന്നു.

തടിച്ചും മെലിഞ്ഞും, കൊണ്ടും കൊടുത്തും, ജീവനെടുത്തും ജീവന്‍ കൊടുത്തും, നിലയ്കാതെ ഒഴുകിക്കൊണ്ടേയിരിക്കുന്നു. പുഴയിലൂടെ എന്തെല്ലാം കടന്നുപോയിട്ടുണ്ടാകാം? പുഴ എന്തെല്ലാം ഉള്‍ക്കൊണ്ടിട്ടുണ്ടാകാം? ഉള്‍ക്കൊള്ളാതെയും എന്തെല്ലാം വഹിച്ചിട്ടുണ്ടാകാം? എങ്ങോട്ടാണീ പുഴ ഒഴുകിക്കൊണ്ടിരിക്കുന്നത്‌? എന്തിനു വേണ്ടി?

പുഴയുടെ ഒഴുക്ക്‌ ഒരു പ്രായശ്ചിത്തമല്ലേ? സ്വയം ശുദ്ധിയാകലല്ലേ? മോക്ഷത്തിനായ്‌ തന്നിലര്‍പ്പിതമാകുന്നതെല്ലാം ഒഴുക്കിക്കളഞ്ഞു, ശുദ്ധമായി, സ്വയം മോക്ഷം തേടിപ്പോകുകയല്ലേ പുഴ?

സമൃദ്ധിയുടെ മഴക്കാലങ്ങളില്‍, ലഹരിയുടെ നുരയും പതയുമായി അഹങ്കാരത്തോടെ തീരത്തേക്ക്‌ ആഞ്ഞടിച്ച്‌, സുരക്ഷയുടെ തിട്ടകളെല്ലാം കവര്‍ന്നെടുത്തമ്മാനമാടി നാശം വിതച്ചൊഴുകിയ ഇന്നലെകളെ, ഒഴുക്കിക്കളഞ്ഞ്‌ പ്രായശ്ചിത്തം ചെയ്യുകയല്ലേ പുഴ?

ഓരോ തുള്ളിയില്‍നിന്നും ഇന്നലെകളെ പുറംതള്ളി ഇന്നിനെമാത്രം പുണര്‍ന്നുകൊണ്ടൊഴുകുന്ന പുഴ, പക്ഷെ, ഒഴുകിവന്നെത്തുന്നതെല്ലാം തടഞ്ഞുനിര്‍ത്തി ശേഖരിച്ചുവെയ്ക്കുന്ന, അതുവഴി മലീമസമാകുന്ന, നമ്മുടെ ജീവിതത്തെ നിസ്സാരമാക്കിക്കളയുന്നില്ലേ?

പുഴയുടെ ഒഴുക്കുതന്നെയല്ലേ അതിന്റെ ജീവന്‍? ഒഴുക്കില്ലായ്മയല്ലേ മനുഷ്യന്റെ ശാപവും?

11 comments:

ശിശു said...

ഒഴുകുന്ന പുഴകളും ഒഴുകാത്ത ഡാമുകളും ദുരന്തങ്ങളായി മാറിക്കൊണ്ടിരിക്കുന്ന പുത്തന്‍ സാഹചര്യങ്ങളില്‍ പുഴയുടെ ഒഴുക്കിനെക്കുറിച്ചൊരു പോസ്റ്റ്‌. ഒഴുകുന്ന പുഴ.

Anonymous said...

ഇതു നന്നായിട്ടുണ്ടു്‌. പുഴ സ്വാതന്ത്ര്യത്തിന്റെ ആത്മാവാണു്‌.

സു | Su said...

ഇനിയും പുഴയൊഴുകും...

പുഴകള്‍ ഒഴുകിക്കൊണ്ടേയിരിക്കട്ടെ.

ശിശു said...

പുഴയുടെ ഒഴുക്ക്‌ ഒരു പ്രായശ്ചിത്തമല്ലേ? സ്വയം ശുദ്ധിയാകലല്ലേ? മോക്ഷത്തിനായ്‌ തന്നിലര്‍പ്പിതമാകുന്നതെല്ലാം ഒഴുക്കിക്കളഞ്ഞു, ശുദ്ധമായി, സ്വയം മോക്ഷം തേടിപ്പോകുകയല്ലേ പുഴ?

സമൃദ്ധിയുടെ മഴക്കാലങ്ങളില്‍, ലഹരിയുടെ നുരയും പതയുമായി അഹങ്കാരത്തോടെ തീരത്തേക്ക്‌ ആഞ്ഞടിച്ച്‌, സുരക്ഷയുടെ തിട്ടകളെല്ലാം കവര്‍ന്നെടുത്തമ്മാനമാടി നാശം വിതച്ചൊഴുകിയ ഇന്നലെകളെ, ഒഴുക്കിക്കളഞ്ഞ്‌ പ്രായശ്ചിത്തം ചെയ്യുകയല്ലേ പുഴ?

ഓരോ തുള്ളിയില്‍നിന്നും ഇന്നലെകളെ പുറംതള്ളി ഇന്നിനെമാത്രം പുണര്‍ന്നുകൊണ്ടൊഴുകുന്ന പുഴ, പക്ഷെ, ഒഴുകിവന്നെത്തുന്നതെല്ലാം തടഞ്ഞുനിര്‍ത്തി ശേഖരിച്ചുവെയ്ക്കുന്ന, അതുവഴി മലീമസമാകുന്ന, നമ്മുടെ ജീവിതത്തെ നിസ്സാരമാക്കിക്കളയുന്നില്ലേ?

വല്യമ്മായി said...

നമ്മളും ഒഴുകി കൊണ്ടിരിക്കുകയാണ്‌ അനുഭവങ്ങളുടെ പുഴയിലൂടെ,ഒരു പൊങ്ങു തടി പോലെ

മുസ്തഫ|musthapha said...

സ്വതത്രമായ ഒഴുക്കിന് വിഘ്നം വരുത്തി പുഴയുടെ ജീവനേയും കെടുത്തുന്നു മര്‍ത്ത്യന്‍.

ഇടിവാള്‍ said...

വളരേ ശരിയായ ചോദ്യങ്ങള്‍ !

thoufi | തൗഫി said...

പുഴ ഒഴുകുന്നു,അല്ല,ഒഴുകിക്കൊണ്ടെയിരിക്കുന്നു,അതുമല്ല,ഒഴുകിയിരുന്നു,ഒരിക്കല്‍..ഒരു കാലത്ത്.

ഇന്ന് പുഴ ഒഴുകിയിരുന്നേടത്ത് അവിടവിടെയായി ചില നീര്‍ച്ചാലുകളും മണല്‍ക്കൂനകളും പിന്നെ പുഴയുടെ മൃതശരീരത്തിനു മുകളിലൂടെ പാഞൊഴുകുന്ന കുറെ ലോറികളും മാത്രം.

Sona said...

ഒഴുകുന്ന പുഴയിലൂടെ തുഴഞു..ഞാന്‍‍ നാട്ടില്‍ പോയിവന്നു.ഭാരതപുഴയെ ഓര്‍ത്തുപോയി..

മുസാഫിര്‍ said...

നല്ല ആശയം , ഇഷ്ടമായി.

ശിശു said...

പുഴ ഒഴുകിക്കൊണ്ടിരിക്കട്ടെ!
ഒഴുക്ക്‌ ഒരു സചേതനാവസ്ഥയാണ്‌, പുഴയുടെതായാലും മനുഷ്യന്റേതായാലും. പുഴ ഒഴുകുന്നത്‌ ഇന്നലെയില്‍ നിന്ന് ഇന്നിലേക്കോ ഇന്നില്‍നിന്ന് നാളെയിലേക്കോ അല്ല.പുഴയുടെ ഒഴുക്കില്‍ ഇന്ന് മാത്രമേയുള്ളൂ. തന്നിലൂടെ ഒഴുകിവന്നെത്തുന്നതെല്ലാം ഒഴുക്കിക്കളഞ്ഞ്‌ ഒരോ തുള്ളിയേയും ശുദ്ധീകരിച്ചുകൊണ്ടുള്ള പുഴയുടെ ഒഴുക്കില്‍ എല്ലാകാലങ്ങളും ഇല്ലാതാകുന്നു, എല്ലാ ഓര്‍മ്മകളും ഇല്ലാതാകുന്നു. അങ്ങനെ പുഴ കാലത്തിനതീതമായ അമൂര്‍ത്തമായ ഒരു ബിംബമാകുന്നു. മനുഷ്യനോ, ഒഴുകാതെ കെട്ടിക്കിടക്കുന്നു, സ്വയം ശുദ്ധമാകല്‍ നടക്കുന്നുണ്ടോ, ഏതെങ്കിലുമൊരു കാലത്തിന്റെ തടവറയിലാണ്‌ നാമെല്ലാം ജീവിക്കുന്നത്‌, ഒന്നുകില്‍ ബാല്യത്തിന്റെ, യൌവ്വനത്തിന്റെ ഏതെങ്കിലുമൊരു കാലത്തിന്റെ ഓര്‍മ്മകളില്‍ കുരുങ്ങിക്കിടക്കുന്ന നമ്മുടെ ജീവിതത്തില്‍ അതുമൂലം വര്‍ത്തമാന കാലം നഷ്ടമാകുന്നില്ലേ? നാം എപ്പോഴും കഴിഞ്ഞുപോയ കാലത്തിലാണ്‌ ജീവിക്കാന്‍ ആഗ്രഹിക്കുന്നത്‌, കഴിഞ്ഞുപോയ കാലം ഒരിക്കല്‍ നമ്മുടെ വര്‍ത്തമാനകാലമായിരുന്നു എന്ന ബോധം പക്ഷെ നമുക്കുണ്ടാകുന്നുമില്ല, 2006 നവംബര്‍ 27 എന്ന ദിവസത്തില്‍ നാം ജീവിക്കുന്നത്‌ ഒരുപക്ഷെ അഞ്ചോ പത്തോ ദിവസത്തിനു ശേഷം മറ്റൊരു മധുരമുള്ളതോ അല്ലാത്തതോ ആയ ഓര്‍മ്മകളിലൂടെയായിരിക്കാം, ഇങ്ങനെ വര്‍ത്തമാന കാലം നമുക്കന്യമാകുന്നു. ഇതു തന്നെയല്ലേ മനുഷ്യന്റെ ദുര്യോഗവും?
പുഴ എല്ലാം ഒഴുക്കിക്കളയുമ്പോള്‍ ജീവിതത്തിലൂടെ ഒഴുകിവരുന്നതെല്ലാം സ്വരുക്കൂട്ടിവെക്കാനാണ്‌ മനുഷ്യനാഗ്രഹിക്കുന്നത്‌.പറഞ്ഞാല്‍ തീരാത്ത മറ്റൊരു ദുരന്തം?

(ചെറിയ പോസ്റ്റിന്‌ ഇത്രയും വലിയ വിശദീകരണമോ?)
കമന്റിയ എല്ലാവര്‍ക്കും നന്ദി.